കാത്തിരിക്കുന്നു...നിനക്കായ്

രചന: സുനന്ദമഹേഷ്- നീ വരില്ലെന്ന് എല്ലാവരും പറയുന്നു, പക്ഷെ ഞാന്‍ ,കാത്തിരിക്കുകയാണ്, നോക്കിയിരിക്കുകയാണ്, രണ്ടും ഒന്നല്ലേ...കാത്തിരിപ്പും നോക്കിയിരിപ്പും, അക്ഷരങ്ങള്‍ക്ക് മാറ്റമുണ്ടാവാം,അര്‍ത്ഥം വ്യത്യസ്തമാവാം,എന്നിരുന്നാലും എനിക്ക് രണ്ടുമൊന്നാണ്.

കാത്തിരിക്കുന്നു...നിനക്കായ്

കഥ

രചന: സുനന്ദമഹേഷ്
.......................................................

'കുപ്പിവളത്തുണ്ടൊടിച്ചന്ന്

ഇഷ്ടമളന്നൊരു ബാല്യം'

രാഹുല്‍, കേട്ടിട്ടുണ്ടോ നീ ഈ വരികള്‍?

കേള്‍ക്കണ്ണം കേട്ടോ.!

രാജേഷ് അക്കിത്തത്തിന്റ കവിതയിലെ വരികളാണ്. ഇത് കേള്‍ക്കുമ്പോഴെല്ലാം എനിക്ക് നമ്മുടെ ബാല്യം ഓര്‍മ വരും.അതിലെ ഓരോ വരികളും നമുക്കായി എഴുതിയതാണെന്ന് തോന്നും.

ഇന്നത് കേട്ടപ്പോള്‍ നിനക്കൊരു കത്ത് എഴുതണമെന്ന് തോന്നി.സാധാരണ കത്തല്ലാട്ടോ! 'ഒരു പ്രണയ ലേഖനം.'സത്യം പറ, നീ ഇപ്പൊ  ചിരിച്ചില്ലേ, എനിക്കറിയാം നീ ചിരിക്കുമെന്ന്.

'നീ ഒരു കത്തെഴുതുക., അതും പ്രണയലേഖനം.'ഇതല്ലേ നീയിപ്പോള്‍ വിചാരിച്ചേ.ആദ്യം പോയി മലയാള അക്ഷരമാല പഠിച്ചിട്ട് വാ,എന്നിട്ടാവാം എഴുത്തൊക്കെ,ഇതല്ലേ നീ പറയാന്‍ ഉദേശിച്ചത്.

എന്നാല്‍ നിനക്ക് തെറ്റി മോനെ. ഈ കത്ത് വായിച്ചു കഴിയുമ്പോള്‍  നിന്റെയീ അഭിപ്രായംമാറും,നീ നോക്കിക്കോ.

ഡാ,രണ്ട് ദിവസം മുന്‍പ് ഞാന്‍ നമ്മുടെ നാട്ടിലേക്ക് പോയിരുന്നു.നിന്നെ ഞാന്‍ വല്ലാതെ മിസ് ചെയ്തു.

എന്താന്ന് അറിയില്ല,ഞാന്‍  ഈയിടെയായി ഇത്തിരി സെന്റി ആവുന്നുണ്ടോ എന്നൊരു സംശയം.ആ എന്താ ചെയ്യാ..

നാട്ടില്‍ നമ്മളോന്നിച്ച് നടന്ന ഇടവഴികളിലൂടെ നടന്നപ്പോള്‍

കുറെയേറെ ഓര്‍മ്മകള്‍ മനസ്സിലേക്ക് ഓടി വന്നു.

ജിമിക്കി പൂ പറിച്ച് നീയെനിക്ക് കമ്മലിട്ട് തന്നതും,

ഓണത്തിന്  പൂപറിക്കാന്‍ പോയതും,നിന്റെ തോളില്‍ കയറി ഞാന്‍ പവിഴമല്ലിയുടെ ചില്ലകള്‍ കുലുക്കി പൂക്കള്‍ വീഴ്ത്താറുള്ളതുമെല്ലാം.

മൂവാണ്ടന്‍ മാവിലെ പുളിയുറുമ്പ് എന്നെ കടിച്ചപ്പോള്‍ തുപ്പല്‍ തൊട്ട് നീ തടവി തന്നത് ഓര്‍മ്മയുണ്ടോ നിനക്ക്?അന്നുണ്ടായ അതേ നീറ്റല്‍ എനിക്ക് വീണ്ടും അനുഭവപ്പെട്ടു.ഓര്‍മകള്‍ക്ക് ഭാവങ്ങളെയും കൊണ്ടുവരാന്‍ കഴിയുമെന്നത് എത്ര ശരിയാണ്.

എന്ത് രസമായിരുന്നു നമ്മുടെ ബാല്യം.ഡാ നിന്റെ കൈ പിടിച്ച് ആ വഴികളിലൂടെ ഒന്നൂടെ നടക്കാന്‍ എനിക്ക് വല്ലാത്ത മോഹം.നിനക്കുമില്ലേ  അതുപോലേയുള്ള മോഹങ്ങള്‍.

അമ്പലപ്പറമ്പിലെ അരയാലിന്‍ ചുവട്ടില്‍ തോളോടുതോള്‍ ചേര്‍ന്നിരിക്കാനും,

പൂരത്തിന് ചുവന്ന കുപ്പി വളകള്‍ വാങ്ങി എന്നെ അണിയിക്കാനും നിനക്ക് മോഹമില്ലേ?

എന്റെ മോഹങ്ങള്‍ കേട്ട് നീ ചിരിക്കരുത്.ഞാന്‍ നിന്നോടല്ലാതെ വേറെ ആരോട് പറയാന്‍!

സൈക്കിളില്‍ നിന്റെ പുറകിലിരുന്ന് അങ്ങാടിയിലേക്ക് പോകണം.ആ പഴയ സിനിമാ കൊട്ടക 'ഭാരതി'നിനക്ക് ഓര്‍മ്മയുണ്ടോ അതൊക്കെ, ഇപ്പൊഴത് പൊളിച്ച് വലുതാക്കി.നമുക്കൊന്നിച്ച് വീണ്ടും അവിടെ പോയി , സിനിമ കാണണം.ഇന്റര്‍വെല്‍ സമയത്ത് പാലൈസ്,കഴിക്കണം.

പാടത്ത് പുഞ്ച ഇടുമ്പോള്‍ വയല്‍ വരമ്പില്‍ നിന്നോട് ചേര്‍ന്നിരുന്ന് പുഞ്ച പാട്ട് കേള്‍ക്കണം.തൊടിയിലെ അരളി മരച്ചോട്ടില്‍ നിന്റെ മടിയില്‍ തല വച്ച് കിടന്ന് നീ വായിച്ച പുസ്തകത്തിലെ കഥകള്‍ കേള്‍ക്കണം. പൂരത്തിന് ഒന്നിച്ച് കാവില്‍ തൊഴാന്‍ പോകണം നിന്റെ കരവലയത്തിനുള്ളില്‍ ചേര്‍ന്നിരുന്ന് കവിതകള്‍ കേള്‍ക്കണം.

നിനക്കൊരു കാര്യമറിയോ?പത്തിലെ വേനലവധിക്ക് കിളിമൂക്കന്‍ മാവില്‍ കയറിയിട്ട് ഇറങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞത് വെറും    പുളുവായിരുന്നു.ഇറക്കുമ്പോള്‍ നീ എന്നെ ചേര്‍ത്ത് പിടിക്കുമെന്ന് അറിയാം, ഇത്തിരിനേരം നിന്റെ മാറില്‍ ചേര്‍ന്നിരിക്കാന്‍ ഞാനെടുത്ത സൂത്രമായിരുന്നു അത്.ആ ഓര്‍മ്മകള്‍ക്കെല്ലാം എന്ത് സുഖമാണ്.

കഴിഞ്ഞ ദിവസം ഞാന്‍ നാട്ടില്‍ പോയപ്പോള്‍ അമ്പലപ്പറമ്പിലെ കുളക്കരയില്‍  കുറേ നേരമിരുന്നു.അവിടെ എവിടെയോ നീയുള്ളത് പോലെ       തോന്നിയെനിക്ക്.പിന്നില്‍ വന്ന് നീയെന്റെ കണ്ണുകള്‍ പൊത്തിയെങ്കിലെന്ന് ഞാന്‍ കൊതിച്ചു.കുളത്തിലെ ആമ്പല്‍ പൂക്കള്‍ എന്നെ മാടി വിളിച്ചൂ.നിന്നെ അവരാണല്ലോ ഒളിപ്പിച്ചു വച്ചിരിക്കുന്നത്.'മായക്ക് ആമ്പല്‍ പൂ പറിച്ചു തരാമെന്നു' പറഞ്ഞു പോയതല്ലേ നീ.പിന്നെ വന്നില്ലല്ലോ...?

അന്ന് നിന്റെ പേര് വിളിച്ച് ഞാനെത്ര കരഞ്ഞെന്നോ.എന്റെ കണ്ണൊന്നു നിറഞ്ഞാല്‍ സഹിക്കാന്‍ കഴിയാത്ത നീ കേട്ടില്ലെടാ അതൊന്നും?

ഞാന്‍ പിണങ്ങുമ്പോള്‍ നീയെനിക്ക് വാങ്ങി തന്നിരുന്ന തേന്‍മിഠായി ,അതിന്റെ മധുരം, നിന്നോടൊപ്പം അതും ഇല്ലാതായി.

നീ  വരില്ലെന്ന്  എല്ലാവരും പറയുന്നു, പക്ഷെ ഞാന്‍ 

കാത്തിരിക്കുകയാണ് നോക്കിയിരിക്കുകയാണ് 

രണ്ടും ഒന്നല്ലേ...കാത്തിരിപ്പും നോക്കിയിരിപ്പും, അക്ഷരങ്ങള്‍ക്ക് മാറ്റമുണ്ടാവാം,അര്‍ത്ഥം വ്യത്യസ്തമാവാം,എന്നിരുന്നാലും 

എനിക്ക് രണ്ടുമൊന്നാണ്.

വരുമെന്ന പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്..

മനസ്സില്‍ പതിഞ്ഞ മുഖം പ്രപഞ്ചത്തിലെ എല്ലാ ബിന്ദുവിലും എനിക്ക് കാണാം,ആ മുഖമാണ് നോക്കിയിരിക്കുന്നത്.

രണ്ടിനുമിടയില്‍  നീയുണ്ട്...

ആകാശത്തിലെ മേഘ കൂട്ടങ്ങള്‍ക്കുള്ളില്‍നിന്ന് നീയെന്നെ ഒളിഞ്ഞു നോക്കുന്നത് ഞാന്‍ അറിയുന്നില്ലെന്നാണോ നീ കരുതിയത്.

മഴയായ് എന്നെ പുണരുന്നതും, കാറ്റായി എന്നെ തലോടുന്നതും ഞാന്‍ അറിയാറുണ്ട്.

പ്രണയം അനിശ്ചിതമല്ലേ, ഒരാള്‍ ഇല്ലാതായാലും അത് ഉണ്ടാവും. പലപ്പോഴും പഴയതിനേക്കാള്‍ ശക്തിയോടെ.നിന്റെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും എനിക്ക് കഴിയില്ല രാഹുല്‍.

പരാതികള്‍ ഇല്ലാതെ, പരിഭവങ്ങള്‍ പറയാതെ നിന്റെ ഓര്‍മ്മയില്‍ ഞാന്‍ ജീവിക്കും.നിന്റെ ശരീരം മാത്രമേ നഷ്ടമായിട്ടുള്ളൂ,ആത്മാവ് എന്നും എന്റെ കൂടെയുണ്ട്.

ചിലപ്പോള്‍ ബാലിശമായ ചിന്തകള്‍ വരാറുണ്ട്.ഒന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍,ഒന്ന് മിണ്ടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നൊക്കെ...

അപ്പോഴൊക്കെ നീ അരികിലുണ്ടെന്ന വിശ്വാസത്തില്‍ ഞാന്‍ നിന്നോട് സംസാരിക്കും.

 

'ഡാ എത്ര നാളായി ഒന്ന് മിണ്ടീട്ട്.എനിക്ക് നിന്നെ കാണാന്‍ കൊതി ആവുന്നു.നിനക്കെപ്പോഴും തിരക്കാണല്ലോ ഇങ്ങോട്ട് നീ എന്നാണ് വരുന്നത്!!.

നീ വരില്ലെന്ന് അറിഞ്ഞിട്ടും, ഞാന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല രാഹുല്‍. പുറമേ നിന്നും നോക്കുന്നവര്‍ക്ക് ഇതൊരു ഭ്രാന്തായി തോന്നാം,പക്ഷെ അതല്ലെടാ പ്രണയം.

കൈയെത്തും ദൂരെ ഞാനുണ്ട്,വിരല്‍ തുമ്പൊന്ന് നീട്ടിയാല്‍ മേഘങ്ങള്‍ക്കിടയിലൂടെ നമ്മുക്ക് പാറി പറക്കാം.നക്ഷത്ര കമ്മലുകള്‍ തൊട്ടു തലോടാം.പൂ നിലാവില്‍ രാസകേളീ നൃത്തമാടാം. 

കാത്തിരിക്കുന്നു...നിനക്കായ് 

സ്‌നേഹത്തോടെ നിന്റെ മായ

.........................................................................................................

രചനകള്‍ അയക്കാനുള്ള വിലാസം : helloashachechi@gmail.com

ഒരിടം വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍

https://chat.whatsapp.com/J1aZN5BwF62Ad5tpXaQUrr

  

 

https://www.facebook.com/helloashechi?mibextid=ZbWKwL

https://youtube.com/c/Oridam