നൂറ്റാണ്ടുകളുടെ ചരിത്രം പേറി വള്ളിയാനിക്കാട്

പാര്‍വ്വതി നന്ദനനായ സുബ്രമണ്യന്റെ പത്നി വള്ളി ദേവി ഊഞ്ഞാല്‍ ആടി രസിച്ചിരുന്ന ഈ പ്രദേശത്തിന് വള്ളിയാടികാട് എന്ന് പേരു വന്നുവെന്നും പിന്നിട് വള്ളിയാടികാട് വള്ളിയാനിക്കാടായി മാറിയെന്നും മറ്റൊരു ഐതിഹ്യം കൂടി നിലവിലുണ്ട്.

നൂറ്റാണ്ടുകളുടെ ചരിത്രം പേറി വള്ളിയാനിക്കാട്

ഇടുക്കി ജില്ലയില്‍  തൊടുപുഴ നഗരത്തിനോട് ചേര്‍ന്ന് ഗ്രാമീണ ഭംഗിയും പ്രകൃതി സൗന്ദ്യര്യവും ഒത്തു ചേര്‍ന്ന ഒരു ഗ്രാമമാണ് കുമാരമംഗലം.ശിവപാര്‍വ്വതി പുത്രനായ സുബ്രമണ്യന്റെ വിവാഹം നടന്ന സ്ഥലമാകായാലാണ് ഈ ഗ്രാമത്തിന് കുമാരമംഗലം എന്ന പേരു വന്നത് എന്നാണ് ഐത്യഹ്യം 

നാനാ ജാതി മതസ്ഥരായ ജനങ്ങള്‍ ഒത്തൊരുമയോടെ വസിക്കുന്ന നന്മനിറഞ്ഞ ഈ പ്രദേശത്തിന്റെ സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണഭൂതയായി ഗ്രാമ ഹൃദയത്തില്‍ വസിക്കുന്ന അമ്മയാണ് വള്ളിയാനിക്കാട് ഭഗവതി. 

ആദിപരാശക്തിയായ ഭദ്രകാളി ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഉപദേവതയായി ദുര്‍ഗ്ഗാദേവിയും കുടി കൊള്ളുന്നു.ഭദ്രകാളി ദേവി കിഴക്ക് ദിശയിലേയ്ക്കും ഉപദേവതയായ ദുര്‍ഗ്ഗാ ദേവി പടിഞ്ഞാറു ദിശയിലേയ്ക്കും ദര്‍ശനം നല്കുന്നു എന്ന പ്രത്യേകതയും ഇവിടെയുണ്ട്.കലിയുഗ വരദനായ ശാസ്താവും മുജ്ജമ്മ പാപപരിഹാരകനായ രക്ഷസും നാഗദേവതകളും ഈ ക്ഷേത്രത്തില്‍ കുടികൊള്ളുന്നു.വൃക്ഷരാജാവായ ആല്‍മരത്തിന് ഇവിടെ പ്രത്യേകം പ്രാധാന്യം നല്കുന്നു.ആല്‍ വൃക്ഷത്തെ ഭക്തിപൂര്‍വ്വം വണങ്ങി വലം വയ്ക്കുന്നവരുടെ ജീവിതത്തിലെ ദോഷങ്ങളെല്ലാം മാറിപോകുമെന്നാണ് വിശ്വാസം. 

മഹാകാളിയുടെ ഈ ക്ഷേത്രം കുമാരമംഗലത്ത് കുടിയരുത്തപ്പെട്ടതിന് നൂറ്റാണ്ടുകളുടെ കാലപഴക്കം ഉണ്ട്.ചരിത്രരേഖകളില്‍ ഈ ക്ഷേത്രത്തിന് ഏകദേശം 800 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു,വടക്കുംകൂര്‍ രാജാവിന്റെ അധീനതയിലായിരുന്ന, കീഴ്മലൈനാട് എന്ന നാട്ടുരാജ്യത്തിന്റ ഭാഗമായിരുന്നു ഈ പ്രദേശം.ഒരിക്കല്‍ ശത്രു രാജ്യത്തിന്റെ ആക്രമണത്തില്‍ സര്‍വ്വതും നശിച്ചപ്പോള്‍,ഉത്തരദിക്കില്‍ നിന്നും വന്ന ദേവീ ഭക്തനായ ഒരു ബ്രാഹ്‌മണ ശ്രേഷ്ഠന്‍ തന്റെ ഉപാസനാമൂര്‍ത്തിയായ ദേവീ വിഗ്രഹം സുരക്ഷിതമായി കുടിയിരുത്തുവാനുള്ള ഒരിടം തേടി നടന്നുവെന്നും അങ്ങനെ അതിഘോര വന പ്രദേശമായിരുന്ന ഈ സ്ഥലത്ത് എത്തി ചേര്‍ന്നുവെന്നും പറയപ്പെടുന്നു , 

വന്യജീവികളുടെ വിഹാര കേന്ദ്രമായിരുന്ന ആ വനത്തിനുള്ളിലൂടെ ദേവീ വിഗ്രഹം സുരക്ഷിതമായി കുടിയിരുത്തുവാനുള്ള ഒരിടം തേടി നടക്കുമ്പോള്‍ വള്ളിപ്പടര്‍പ്പുകള്‍ ചുറ്റിക്കിടന്ന ഒരു വന്‍ ആനി വൃക്ഷം കണ്ടെന്നും,ദേവീ സാന്നിധ്യം അനുഭവപ്പെട്ട ആ വൃക്ഷച്ചുവട്ടില്‍ വിഗ്രഹം പ്രതിഷ്ഠിച്ചുവെന്നും ആ സമയം  ആദിപരാശക്തി സര്‍വ്വാലങ്കാര വിഭൂഷിതയായി ആ ബ്രാഹ്‌മണ ശ്രേഷ്ഠന് ദര്‍ശനം കൊടുത്തുവെന്നുമാണ് ഐതിഹ്യം .

പാര്‍വ്വതി നന്ദനനായ സുബ്രമണ്യന്റെ പത്നി വള്ളി ദേവി ഊഞ്ഞാല്‍ ആടി രസിച്ചിരുന്ന ഈ പ്രദേശത്തിന് വള്ളിയാടികാട് എന്ന് പേരു വന്നുവെന്നും പിന്നിട് വള്ളിയാടികാട് വള്ളിയാനിക്കാടായി മാറിയെന്നും മറ്റൊരു ഐതിഹ്യം കൂടി നിലവിലുണ്ട്. 

മീന മാസത്തിലെ മകം പൂരം പ്രാധാന്യമാക്കിയാണ് ഇവിടെ ഉത്സവം നടത്തുന്നത്.ക്ഷേത്രത്തിന്റെ ഉത്സവം ഒരു നാടിന്റെ മുഴുവന്‍ ദേശിയ ഉത്സവമായിട്ടാണ് കൊണ്ടാടുന്നത്. ജാതിമത ഭേദമന്യേ ഈ നാട്ടിലേ മുഴുവന്‍ ജനങ്ങളും അമ്മയുടെ അനുഗ്രഹം തേടിയെത്തുന്നു.  

 

എല്ലാ ദിവസവും ഗുരുതി നടക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിന് ഉണ്ട്, തിരുനാളില്‍ അഞ്ചുദിവസം മുടിയേറ്റ് ഉള്ള ക്ഷേത്രമാണ്  വള്ളിയാനിക്ക്ട്

ദാരിക വധത്തിനായി ശ്രിേേകവിലില്‍ നിന്നും പുറപ്പെടുന്ന ഭദ്രകാളി ദേവിയുടെ എഴുന്നെള്ളത്തിന്റെ പ്രൗഡിയില്‍ ഈ പ്രദേശം മുഴുവന്‍ പ്രകാശപൂരിതമാക്കും.ചെണ്ടമേളങ്ങളുടെ അകമ്പടിയില്‍ ഭക്ത ജനങ്ങളുടെ ശരണമന്ത്രങ്ങളാലും ആര്‍പ്പുവിളികളാലും ആമോദയായ ദേവി സകലരേയും അനുഗ്രഹിച്ചു കൊണ്ട് ഭക്തരായ മക്കളോടൊപ്പം താണ്ഡവ നൃത്തമാടി ദാരിക വധത്തിനായി പുറപ്പെടുമ്പോള്‍ പ്രപഞ്ചം സാംഷ്ടാംഗം നമിച്ചു നില്‍ക്കും

അനുഷ്ഠാനകലയായ കാളകളിയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.പ്രത്യേക ജനവിഭാഗക്കാരുടെ നേതൃത്വത്തില്‍ ഉത്സവനാളുകളില്‍ വീടുകള്‍ തോറും കാളയെ എതിരേല്‍ക്കുകയും സമാപന ദിവസം മുടിയേറ്റില്‍ ദാരിക വധത്തിന് ശേഷം കാളകളി അവസാനിപ്പിക്കുകയും ചെയ്യുന്നു.

സാക്ഷാല്‍ ആദിപരാശക്തിയായ ദേവി സര്‍വ്വാലങ്കാര വിഭൂഷിതയായി  ബ്രാഹ്‌മണ ശ്രേഷ്ഠന് ദര്‍ശനം കൊടുത്തത് മീനമാസത്തിലെ മകം നാളിലായിരുന്നു എന്നാണ് ഐതിഹ്യം

അതു കൊണ്ടു തന്നെ  മകം തൊഴല്‍ ദര്‍ശനത്തിന് ഇവിടെ എറെ  പ്രാധാന്യമുണ്ട്. 

മീനമാസത്തിലെ മകം നാളില്‍, ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകളും,കലശാഭിഷേകങ്ങളും നടത്തി വിശേഷപ്പെട്ട ആഭരണങ്ങളും ചാര്‍ത്തി, നട തുറക്കുമ്പോള്‍ ആദി പരാശക്തി സര്‍വ്വാലങ്കാര വിഭൂഷിതയായി ഭക്തര്‍ക്ക് ദര്‍ശനം കൊടുക്കുന്നു എന്നാണ് വിശ്വാസം.പ്രാര്‍ത്ഥനയോടെ , ആത്മ സമര്‍പ്പണത്തോടെ ,മകം നാളില്‍ അമ്മയുടെ സന്നിധിയില്‍ എത്തുന്ന ഓരോ ഭക്തനും , നിറഞ്ഞ മനസ്സോടെ അടുത്ത വര്‍ഷവും ദര്‍ശന ഭാഗ്യം നല്‍കണേ എന്ന പ്രാര്‍ത്ഥനയുമായാണ് മടങ്ങുന്നത്.എല്ലാ മാസവും ആയില്യം, മകം, നാളുകളില്‍  വിശേഷാല്‍ പൂജകളും  മകം ഊട്ടും ഈ ക്ഷേത്രത്തില്‍ നടക്കുന്നു.

സൃഷ്ടിയുടെ അടിസ്ഥാനം സ്ത്രീയാണ് എന്ന കാഴ്ചപ്പാടില്‍ നിന്നാണ് ആദിമൂല ഭഗവതിയായ ആദിപരാശക്തിയുടെ പ്രതീകമായി കാളിയെ ആരാധിച്ചു തുടങ്ങിയത്. ശാക്തേയ സമ്പ്രദായത്തില്‍ സ്ത്രീക്ക് നല്‍കുന്ന പ്രാധാന്യം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹൈന്ദവ വിശ്വാസപ്രകാരം ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളില്‍ ഒന്നായി മഹാകാളിയെ കണക്കാക്കുന്നു. കാളി എന്നാല്‍ 'കാളുന്നവള്‍, കറുത്തവള്‍, രാത്രി, കാലത്തെ  നിയന്ത്രിക്കുന്നവള്‍, കാരുണ്യത്തിന്റെ ഭഗവതി' എന്നൊക്കെ അര്‍ത്ഥമുണ്ട്. 'ഭദ്രമായ കാലത്തെ നല്കുന്നവള്‍, മംഗളമായ കാലത്തെ നല്‍കുന്നവള്‍' എന്നതാണ് ഭദ്രകാളി എന്ന വാക്കിന്റെ അര്‍ത്ഥം.കുമാരമംഗലത്തെ ഭക്തജനങ്ങളെ സംബന്ധിച്ചടുത്തോളം തങ്ങളെ ഭദ്രമായി കാക്കുന്ന, നാടിന് മംഗളം നല്കുന്ന വാത്സല്യനിധിയായ അമ്മയാണ് വള്ളിയാനിക്കാട് ഭഗവതി ക്ഷേത്രത്തിലെ ഈ മംഗളമൂര്‍ത്തി...