പവിഴമല്ലിപ്പൂവ്

ഒന്നു കാണണം എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടെങ്കിലും പാത്തുമ്മ പറഞ്ഞിട്ടുണ്ട് പെണ്ണുങ്ങളെ മരിച്ചതിനു ശേഷം മാത്രമേ അവിടെ കടത്തുകയുള്ളു എന്ന്.

പവിഴമല്ലിപ്പൂവ്

കഥ

നിര്‍മ്മല പിള്ള

......................................

വൈക്കം മുഹമ്മദ് ബഷീറിന്റെയും എം.ടി.വാസുദേവന്‍ നായരുടേയുംകഥകളിലും നോവലുകളിലും ഞാന്‍ എന്റെ കൊച്ചുഗ്രാമത്തെ കണ്ടിട്ടുണ്ട്.വിശേഷിപ്പിക്കാന്‍ വലുതായൊന്നും ഇല്ല എങ്കിലും പറയാന്‍ ധാരാളമുണ്ടുതാനും.മമ്മൂഞ്ഞും പാത്തുമ്മയും ആയിഷയും ഒക്കെയായിരുന്നു അയല്‍ക്കാര്‍.

പ്രകൃതി ഭംഗി ചാരുത പകരാന്‍ മലകളോ കുന്നുകളോ നദികളോ ഒന്നുമില്ല.പച്ചപ്പ് നിറഞ്ഞു നില്ക്കുന്ന നെല്‍പ്പാടങ്ങളും തോടുകളും അവയുടെ കരകളില്‍ അങ്ങിങ്ങായി കാണുന്ന കുടിലുകളും പിന്നെ കുറെ ഒറ്റപ്പെട്ട വീടുകളും.ഒരു ക്രിസ്ത്യന്‍ പള്ളി കുറേ അകലത്തില്‍.മുസ്ലിം പള്ളി വീട്ടിനു തൊട്ടടുത്ത്.അവിടെ നിന്നുള ബാങ്കുവിളിയും ദിവസത്തില്‍ രണ്ടു പ്രാവശ്യം എത്തുകയും തിരികെ പോകുകയും ചെയ്യുന്ന ഒരേ ഒരു ബസ്സിന്റെ ശബ്ദവും ആണ് നാടിനെ ശബ്ദമുഖരിതമാക്കുന്നത്.അങ്ങകലെ ചന്തയിലേക്ക് പോകുന്ന കാളവണ്ടികളുടെ ചക്രത്തിന്റെ ശബ്ദവും കാളകളുടെ കുടമണി ശബ്ദവും കേള്‍ക്കണമെങ്കില്‍ രാത്രിയാവണം.

ഇടതൂര്‍ന്നു വളരുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെയുള്ള ഒറ്റയാന്‍ ബസ്സിന്റെ വരവ് കാത്തിരിക്കുന്ന ചായപ്പീടികകളും മാടക്കടകളും.അവന്‍ വന്നാലേ പകല്‍ സമയങ്ങളില്‍ ചന്തയില്‍ നിന്ന് സാധനങ്ങള്‍ എത്തൂ.അങ്ങിനെയിരിക്കെ ഒരു ദിവസം നാട്ടിലൊക്കെ പരന്ന ഒരു വിശേഷ വര്‍ത്തമാനം. കോഴിക്കോടു നിന്ന് ഒരു മുസലിയാര്‍ കുടുംബസമേതം മാളികവീട്ടില്‍ താമസത്തിനെത്തുന്നു.നാട്ടിലുള്ള ഒരേ ഒരു മാളികവീടാണ് അത്.അകത്തു കയറി ഒന്നു കാണണം എന്നു പലവട്ടം മോഹം തോന്നിയിട്ടുണ്ട്.ആ വീടിന്റെ മുറ്റത്തെ പവിഴമല്ലിച്ചെടിയായിരുന്നു എന്നെ ഏറെ കൊതിപ്പിച്ചത്.പുറത്തുനിന്നു തന്നെ നിറയെ സുന്ദരികള്‍ കാറ്റിലാടുന്നതു കാണാമായിരുന്നു.സൗന്ദര്യം നഷ്ടപ്പെടാതെ താഴെ വീണു കിടക്കുന്ന പൂക്കള്‍ ഗേറ്റിന്റെ അഴികള്‍ക്കിടയിലൂടെ ദിനവും കണ്ടിട്ടായിരുന്നു സ്‌ക്കൂളിലേക്കുള്ള യാത്ര.

കുറച്ചു പൂക്കള്‍ കിട്ടിയിരുന്നു എങ്കില്‍ എന്ന് പലപ്പോഴും ആശിച്ചിരുന്നു.പക്ഷേ അവിടെ പോകാനോ പൂ എടുക്കാനോ ഒരു കുട്ടിയായ എനിക്ക് ധൈര്യം ഇല്ലായിരുന്നു.മുസലിയാര്‍ എന്നു കേട്ടിട്ടേയുള്ളു. അദ്ദേഹത്തിനായിരിക്കും ഇനിയുള്ള കാലം പള്ളിയുടെ ചുമതല.അങ്ങിനെയുള്ള ഒരാളുടെ വീട്ടിലേക്ക് എങ്ങിനെ കയറിച്ചെല്ലും.പളളിയും ഒന്നു കാണണം എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടെങ്കിലും പാത്തുമ്മ പറഞ്ഞിട്ടുണ്ട് പെണ്ണുങ്ങളെ മരിച്ചതിനു ശേഷം മാത്രമേ അവിടെ കടത്തുകയുള്ളു എന്ന്.

മാളികവീടിന്റെ അകത്തളം വഴിയില്‍ നിന്നു കണ്ട് കൊതിച്ചിട്ടുണ്ട്.അന്നൊക്കെ അവിടെ പള്ളിയിലെ ആരൊക്കെയോ ആയിരുന്നു കാവല്‍ കിടപ്പ്.സ്‌ക്കൂളില്‍ പോകുന്നത് മാളികയുടെ പടിക്കല്‍ കൂടെയാണങ്കിലും ചുറ്റുമതിലുള്ളതിനാല്‍ അകവശം ഒന്നും കണ്ടിരുന്നില്ല. ഒരു ദിവസം വൈകിട്ട് സ്‌ക്കൂള്‍ വിട്ടു വരുമ്പോള്‍ അതാ മാളികയുടെ ഗേറ്റ് തുറന്നു കിടക്കുന്നു.എത്തി നോക്കിയപ്പോള്‍ ആദ്യം കണ്ടത് ഒരു വെള്ളനിറത്തിലുള്ള കാര്‍.അച്ഛന്റെ നാട്ടില്‍ പോകുമ്പോഴാണ് കാര്‍ കണ്ടിട്ടുള്ളത്.ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ കാറാണ് ഇത്.മുസലിയാര്‍ക്ക് കുട്ടികള്‍ ഉണ്ടങ്കില്‍ കൂട്ടുകൂടിയിട്ടു വേണം അതിനകത്ത് കയറി ഒന്നിരിക്കാന്‍. പക്ഷേ അച്ഛന്‍ സമ്മതിക്കും എന്നു തോന്നുന്നില്ല. വീട്ടില്‍ എത്തി വിവരം അമ്മയോടു പറഞ്ഞപ്പോഴേ അമ്മയുടെ താക്കീത്. 'സ്‌ക്കൂളില്‍ പോകുന്ന വഴി എങ്ങും കയറാതെ നേരേ വീട്ടില്‍ വന്നോണം'.

അടുത്ത ദിവസം ശനിയാഴ്ച.ആടിന് പ്ലാവില എടുക്കാന്‍ വന്ന പീരുമ്മ അമ്മയോടു പറയുന്നത് കേട്ടു മുസലിയാരുടെ വീട്ടിലെ വിശേഷം.കുട്ടികള്‍ ഇല്ലത്രെ.മുസലിയാരും ഭാര്യയും മാത്രം. ഭാര്യയെ അദ്ദേഹം പുറത്ത് വീടില്ലത്രെ.പീരുമ്മയുടെ മകള്‍ അയിഷയാണ് അവിടെ മുറ്റമടിക്കാന്‍ പോകുന്നത്.അയിഷ പോലും അവരെ കണ്ടിട്ടില്ല.മാളികവീടിനകം കാണുക എന്ന ആഗ്രഹം അങ്ങിനെ ഉപേക്ഷിച്ചു.ഒരു ദിവസം സ്‌ക്കൂള്‍ വിട്ടു വരുമ്പോള്‍ കണ്ടു അവരുടെ മുറ്റം നിറയെ ആള്‍ക്കൂട്ടം.

വീട്ടില്‍ ചെന്ന് അമ്മയോടു പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു മുസലിയാരുടെ ഭാര്യ മരിച്ചു,ക്യാന്‍സര്‍ ആയിരുന്നുവത്രെ.പേരു പോലും അറിയാത്ത അവര്‍ ആ പവിഴമല്ലിപ്പൂക്കളെപ്പോലെ ആയിരുന്നിരിക്കാം.ഒന്നു നേരില്‍ കാണണമെന്ന ആഗ്രഹവും അങ്ങിനെ അസ്തമിച്ചപ്പോള്‍ പല പല ചോദ്യങ്ങളും വെറും ചിഹ്നങ്ങളായി അവശേഷിച്ചു.