അവള്‍.
അവന്‍ യാത്ര പറഞ്ഞു പോയിട്ടും അവള്‍ക്കൊരു തീരുമാനം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു പുരുഷനൊപ്പം സമയം ചിലവഴിക്കാന്‍ പോവുകയാണ്.
കഥ

നീതു പോള്‍സണ്‍
.........................
'എനിക്കെന്തോ പേടിയാവുന്നുണ്ട്.'
അവള്‍ അവനോടു പറഞ്ഞു.രണ്ടു പേരും ഒരു കോഫി ഷോപ്പിന്റെ അരണ്ട വെളിച്ചത്തില്‍ മേശയ്ക്കിരുവശവുമായി.ഇരിക്കുകയായിരുന്നു.സമയം നാലുമണി കഴിഞ്ഞതേയുള്ളു. ആകാശം ഇരുണ്ടു മൂടിയിരുന്നു.പുറത്തെ റോഡിലേയ്ക്ക് അവളൊരു നിമിഷം നോക്കി.ഏതു നിമിഷവും മഴ പെയ്‌തേക്കാം.
അവളുടെ മുഖം വിയര്‍ത്തും പരിഭ്രമിച്ചും കാണപ്പെട്ടു.പരിചയമുള്ള മുഖങ്ങളുടെ മുന്‍പില്‍ പെടാതെയിരിക്കനാവണം അവള്‍ മുഖം ഒരു കൈയ്യാല്‍ മറച്ചിരുന്നു.
അവന്‍, അവളുടെ കൈത്തലം ഉള്ളം കൈയില്‍ വെച്ച് വിരല്‍ കൊണ്ട് മെല്ലെയമര്‍ത്തി.
'എന്തിന്...' ? അവന്റെ മുഖത്തൊരു തരം കുസൃതി നിറഞ്ഞു.ശബ്ദം,പ്രേമാതുരമായിരുന്നു. അരണ്ട വെളിച്ചത്തില്‍ അവളുടെ കമ്മല്‍ തിളങ്ങുന്നത് അവന്‍ കൗതുകത്തോടെ നോക്കി... ഒരു ചുവന്ന ചുരിദാര്‍ ആയിരുന്നു അവളുടെ വേഷം.മുടി അലസമായി കെട്ടിവെച്ചിരുന്നു. പുരികങ്ങള്‍ക്ക് നടുവില്‍ ഒരു കറുത്ത പൊട്ട്....
അവള്‍ അല്പാല്പമായി കാപ്പി കുടിച്ചിറക്കി കൊണ്ട് പറഞ്ഞു.
'അതല്ല... ഇതൊക്കെ ആരെങ്കിലും അറിഞ്ഞാലോ....
അവളുടെ ശബ്ദം പതറിയിരുന്നു.കോഫി ഷോപ്പിലേയ്ക്ക് ആളുകള്‍ വരികയും പോവുകയും ചെയ്തു.മൊരിഞ്ഞ ബ്രഡിന്റെയും ചീസിന്റെയും കൊതിപ്പിക്കുന്ന മണം അവിടമാകെ നിറഞ്ഞിരുന്നു.മേശകളില്‍ കുട്ടികളുടെ ശാഠ്യം പിടിക്കലുകള്‍,സുഹൃത്തുക്കളുടെ ആവേശം നിറഞ്ഞ പൊട്ടിച്ചിരികള്‍...കമിതാക്കളുടെ അടക്കം പറച്ചിലുകള്‍...
ആള്‍ക്കൂട്ടത്തിന് മധ്യേ താന്‍ തനിച്ചാണെന്നവള്‍ക്ക് തോന്നി പോയി.മുന്‍പില്‍ പലവിധ വഴികള്‍ നെടുകയും കുറുകയും കടന്നു പോവുന്നു.പ്രേമത്തിനും രതിയ്ക്കും മധ്യേ ജീവിതമെന്ന വളരെ ചെറിയൊരു നീര്‍കുമിള....
'ഇവ... അത്ര പേടിക്കാനൊന്നുമില്ലെടോ, രാവിലെ നീ കോളജില്‍ വരുന്നു.ഏകദേശം പത്ത് മണിയാവുമ്പോള്‍,നിനക്ക് തലവേദനയാണെന്ന് സാറിനോട് പറഞ്ഞു വീട്ടിലേക്ക് പോകാന്‍ അനുവാദം മേടിക്കുന്നു..പക്ഷേ നീ വീട്ടിലേക്ക് പോകുന്നില്ല...നമ്മള്‍ നേരെ കാറെടുത്ത് റ്റാറ്റാ പോകുന്നു....പിന്നെ...'
അവന്റെ പ്രണയം നിറഞ്ഞ ശബ്ദം അവളെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി.അവന്റെ കണ്ണുകള്‍ തന്റെ ശരീരത്തിന്റെ തുടിപ്പുകളിലാണെന്നറിഞ്ഞ് അവള്‍ക്ക് ലജ്ഞ തോന്നി.അവന്റെ കൈകള്‍ക്കുള്ളില്‍ നിന്നും കൈത്തലം മെല്ലെ വലിച്ചെടുത്തു അവള്‍ മെല്ലെ പറഞ്ഞു.
'ഇവിടിരുന്ന് ഒത്തിരി സംസാരിക്കണ്ട.ബാക്കി വാട്‌സാപ്പ് ചെയ്യാം.'
അവന്‍ യാത്ര പറഞ്ഞു പോയിട്ടും അവള്‍ക്കൊരു തീരുമാനം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു പുരുഷനൊപ്പം സമയം ചിലവഴിക്കാന്‍ പോവുകയാണ്.കണ്ണില്‍ കണ്ണില്‍ നോക്കി സംസാരിച്ചിരിക്കല്‍ അല്ല ലക്ഷ്യം,എന്നത് പകല്‍ പോലെ വ്യക്തമാണ്.അല്ലെങ്കില്‍ ഡേറ പറഞ്ഞത് പോലെ,ഒന്ന് കുളിച്ചാല്‍ തീരാവുന്നതായി ആ യാത്രയെ പരിഗണിക്കണം.
മഴ ചാറി തുടങ്ങിയിരുന്നു.അവള്‍ റോഡരികിലെ ഒരു കടയിലേക്ക് കയറി നിന്ന് ഡേറയെ വിളിച്ചു.രണ്ടാമത്തെ ബെല്ലിന് തന്നെ ഡേറയുടെ സ്വരം അവളുടെ കാതില്‍ വീണു.
'എന്തായി നിന്റെ ഹണിമൂണ്‍ യാത്ര...'
ഡേറയുടെ ചോദ്യം കേട്ട് അവള്‍ വല്ലാതെയായി.
'എനിക്കെന്തോ നല്ല ടെന്‍ഷനുണ്ട്.വീട്ടിലെ കാര്യം ഒക്കെ ഓക്കെയാണ്.പക്ഷേ....'
അവര്‍ക്കിടയില്‍ കനത്തൊരു നിശബ്ദത പടര്‍ന്നു.മൗനത്തിന്റെ അങ്ങേയറ്റത്തു നിന്ന് ഡേറയുടെ നേര്‍ത്ത ശബ്ദം അവള്‍ കേട്ടു.
'Are you afraid of getting pregnant?'
അവളുടെ ശബ്ദം തൊണ്ടയില്‍ തടഞ്ഞു നിന്നു.വയറില്‍ നിന്നും ഒരാളല്‍ ഉടലാകെ കത്തി പടരുന്നത് പോലെ.ശബ്ദം വീണ്ടെടുത്തവള്‍ പറഞ്ഞു.
' Yup...പക്ഷേ അവന്‍ പറയുന്നത് നമ്മള്‍ മാരീഡാകാന്‍ പോകുന്നവരല്ലെ...എന്നാണ്...'
'ഓഹ്...എങ്കില്‍ പിന്നെ.... എനിക്ക് ഇമ്മാതിരി പറച്ചില്‍ കേട്ടാല്‍ ദേഷ്യം വരും ഇവ... പ്രഗ്‌നന്റ് ആവാതെ നോക്കേണ്ടത് നിന്റെ മാത്രം ഉത്തരവാദിത്വമാണ്.ആണുങ്ങള്‍ക്ക് യൂട്രസും ഗര്‍ഭവും ഇല്ലാത്തത് കൊണ്ട് അവന്‍മാര്‍ക്ക് ഇതൊരു വിഷയമേ അല്ല.ഡിഗ്രി ഫസ്റ്റ് ഇയറാണ് നീ. നിന്റെ പഠിത്തം, ഭാവി...ഇതൊക്കെ നീ ഓര്‍ക്കണം.പണി കിട്ടാതെ നോക്കണം.അവന്‍ അവന്റെ കാര്യം നോക്കി പോയാല്‍ എന്തു ചെയ്യും.?'
'ഏയ്.'ശരീരം ദുര്‍ബലമാവുന്നതായി അവള്‍ക്ക് തോന്നി.
രണ്ടു വര്‍ഷത്തെ സ്‌നേഹബന്ധമാണ്...ഹൃദയത്തില്‍ എഴുതി ചേര്‍ത്തതാണ്... ഒരുവേള അവളുടെ മനസ്സിലൂടെ ആ രണ്ടു വര്‍ഷക്കാലങ്ങള്‍ വസന്തം പോലെ ചിരിച്ചാര്‍ത്തു കടന്നു പോയി.അതിന്റെ തരളിതമായ ഓര്‍മ്മകളില്‍ ഒരു നിമിഷം നിന്ന് കൊണ്ട് അവള്‍ പതിയെ പറഞ്ഞു.
'അവന് സ്‌നേഹം ഒക്കെ ഉണ്ട്..'
'There are many contraceptives available in the market. നീ ഏതായാലും റിസ്‌ക് എടുക്കരുത്.'
ഡേറ യാതൊരു മയവുമില്ലാതെ പറഞ്ഞത് കേട്ടു,അവള്‍ ഉരുകി പോയി.
'അവനെന്ത് കരുതും....ഞാന്‍ ഇതൊക്കെ പറഞ്ഞാല്‍.....' അവളുടെ സ്വരം ദയനീയമായിരുന്നു.
'എങ്കില്‍ പിന്നെ ഒരു കുട്ടിയെ കൂടി വളര്‍ത്താനുള്ള മാര്‍ഗമോ അബോര്‍ഷന്‍ സാധ്യതയോ ഒക്കെ അന്വേഷിച്ചു വെച്ചേക്കു.ചിലപ്പോള്‍ ആവശ്യം വന്നാലോ.'
ഫോണ്‍.ഡിസ്‌കണക്ടായി. വീണ്ടും ഒരിക്കല്‍ കൂടി ഡേറയെ വിളിക്കാനുള്ള ധൈര്യം അവള്‍ക്ക് ഇല്ലായിരുന്നു.
മഴ തകര്‍ത്തു പെയ്തു കൊണ്ടേയിരുന്നു.ചിന്തകളുടെ കനത്ത ഭാരവും പേറി നില്‍ക്കുമ്പോള്‍ അവള്‍ക്ക് പരവേശം ഇരട്ടിച്ചു.ഡേറയുടെ വാക്കുകള്‍ വീണ്ടും കാതില്‍ മുഴങ്ങുന്നതായി അവള്‍ക്ക് തോന്നി.
'There are many contraceptives available in the market.'
രണ്ടു ദിവസങ്ങള്‍ക്ക് ശേഷം,അവള്‍ വീണ്ടും അവനെ കണ്ടു.തുടുത്ത മുഖത്തോടെ, തങ്ങളുടെ പ്രണയ നിമിഷങ്ങള്‍ക്കായി ബുക്ക് ചെയ്തിട്ട റൂമിന്റെ ഫോട്ടോ അവന്‍ അവള്‍ക്ക് കാണിച്ചു കൊടുത്തു.റോസാദലങ്ങള്‍ വിതറിയ കിടപ്പ് മുറി.വെളുത്ത നിറമുള്ള കര്‍ട്ടനുകള്‍ വിരിച്ച ജാലകങ്ങള്‍...
ഫോണില്‍ നിന്നും നോട്ടം മാറ്റി കൊണ്ട് അവള്‍ പറഞ്ഞു.
'എനിക്ക് ഇതൊന്നും കാണണ്ട...'അവളുടെ കവിളുകളില്‍ ചുവപ്പു രാശി പടരുന്നതവന്‍ കണ്ടു.
'എന്റെ സെലക്ഷന്‍ എങ്ങനെയുണ്ട്....?
അവള്‍ക്ക് ഒരേ സമയം നാണവും ഭീതിയും തോന്നി.അവന്റെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റി. പതര്‍ച്ചയോടെ അവള്‍ പറഞ്ഞു.
'We need contraception.. I can't take the risk.'
അവളുടെ ഉത്കണ്ഠ നിറഞ്ഞ കണ്ണുകളിലേയ്ക്ക് അവന്‍ അമ്പരപ്പോടെ സൂക്ഷിച്ചു നോക്കി.
'ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം...'
ആ ചോദ്യം അവള്‍ക്ക് ഇഷ്ടമായില്ല.അവള്‍ ചുളിഞ്ഞ മുഖത്തോടെ പറഞ്ഞു.
'മണ്ണാങ്കട്ട...വല്ലതും പറ്റി പോയാല്‍ പിന്നെന്തോ ചെയ്യും...വല്ല മെഡിക്കല്‍ ഷോപ്പിലും പോയി, ഇതൊക്കെ നീ വാങ്ങി വെച്ചിട്ട് എന്നെ വിളിക്ക്...'
'പിന്നെ...എനിക്ക് വയ്യ നാണം കെടാന്‍.'അവന്‍ ഇഷ്ടക്കേടോടെ മുഖം തിരിച്ചു.
'ഈ നീയാണോ, എന്നെ എന്തു വന്നാലും സംരക്ഷിക്കുന്നയാള്‍....Like you, I cant only crave for sex. I need safety measures. ...So.... ഇതിനൊരു പരിഹാരം കണ്ടിട്ടാവാം ട്രിപ്പും കറക്കവും എല്ലാം...'
'നീയെന്റെ സ്‌നേഹത്തെ തീരെ വിലകുറച്ചു കാണുന്നത് കൊണ്ടാണ്,എന്നെ വിശ്വാസം ഇല്ലാത്തത്...' അവന്‍ പറഞ്ഞു.അവളെന്തോ പറയാന്‍ തുടങ്ങിയെങ്കിലും അവനത് കേള്‍ക്കാന്‍ നിന്നതുമില്ല.അവള്‍ അന്ന് രാത്രി കുറച്ചേറെ കരഞ്ഞു.പൊടുന്നനെയുള്ള അവന്റെ അകല്‍ച്ച തന്റെ മനോനിലയെ ബാധിക്കുന്നതായി അവള്‍ക്കനുഭവപ്പെട്ടു.ഉണര്‍വിലും ഉറക്കത്തിലും വിരല്‍ തുമ്പിനപ്പുറമുള്ളരാള്‍....പെട്ടെന്ന് ഒരു ദിവസം മിണ്ടാതെയാവുന്നത് അവള്‍ക്ക് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല.പക്ഷേ ആ പിണക്കം അധികം നീണ്ടുനിന്നില്ല.അവര്‍ക്കിടയില്‍ വീണ്ടും പ്രേമം പൂക്കുകയും പടരുകയും ചെയ്തു.ഏറെ സ്വകാര്യത നിറഞ്ഞ ആ നിമിഷങ്ങളോര്‍ത്തു അവളില്‍ മഞ്ഞു പെയ്തു.പോകുന്നതിന്റെ തലേ രാത്രി.അവന്‍ വീണ്ടും വിളിച്ചു.രസം നിറഞ്ഞ സംസാരത്തിനൊടുവില്‍ അവന്‍ ആ യാത്രയെ കുറിച്ച് പറഞ്ഞു തുടങ്ങിയതും,തനിക്ക് മീതെ ആധിയുടെ നീല വല വന്നു വീഴുന്നതും മനസ്സതില്‍ കുരുങ്ങി പോകുന്നതും അവളറിഞ്ഞു.വീണ്ടും അവളില്‍ അസ്വസ്ഥത പെരുകാന്‍ തുടങ്ങി.'ഞാന്‍ എല്ലാം റെഡിയാക്കിയിട്ടുണ്ട്.നാളെ...പോകണം.നീ ഓക്കെയല്ലേ....'
ഫോണിലൂടെ,അവന്റെ ശബ്ദം വിദൂരതയിലെന്ന വണ്ണം അവള്‍ കേട്ടു അവള്‍ക്ക് പരിഭ്രാന്തി തോന്നി.എത്ര വേണ്ടെന്ന് വെച്ചിട്ടും അവള്‍ക്കത് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
'Oh, what if I get pregnant?'
ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം അവന്‍ പറഞ്ഞു.
' no never. C\n BbmÂ....There is also an option called abortion...സത്യം പറഞ്ഞാല്‍ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്....ലോകത്ത് ആരും ഇതൊന്നും ചെയ്യാതെയിരിക്കുവല്ലേ....നീയെന്തിനാ ഒരുപാട് കാട് കേറി ചിന്തിക്കുന്നത്....'അവന്റെ സ്വരത്തില്‍ അനിഷ്ടം നിറഞ്ഞു.
'നിനക്ക് എന്നെ തീരെ വിശ്വാസം ഇല്ല. അല്ലേ...?അവള്‍ക്ക് സങ്കടം വന്നു പോയി.
ജീവനെ പോലെ, സ്‌നേഹിച്ചൊരുവനാണ് വിശ്വാസം അളക്കുന്നത്.വിതുമ്പുന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു.
'ഇതിനുമപ്പുറം ലൈഫ് എന്നൊരു സംഭവം ഉണ്ടല്ലോ....എനിക്ക് നിന്നെ ഇഷ്ടമാണ്...ഒരുപാട് ഇഷ്ടമാണ്...പക്ഷേ എന്റെ ജീവിതം തുലഞ്ഞു പോകാന്‍ നൂറു ശതമാനം സാധ്യത ഉണ്ടെന്നറിയാവുന്ന ഒരു കാര്യം ഞാന്‍ ചെയ്യുമ്പോള്‍ കാട് കേറി തന്നെ ചിന്തിക്കും...'
അവളുടെ ശബ്ദം ഇടറിയിരുന്നു.
പ്രേമമോ,ജീവിതമോ അതോ അവനോ എന്നൊരു ചോദ്യം അവളുടെ മുന്‍പില്‍ തൂങ്ങിയാടി. ജീവിതമാണ് അപ്പോഴും മുന്‍പില്‍.നാളെയൊരിക്കല്‍ അവന്‍,ബൈ പറഞ്ഞു പോയാലും മനസ്സിലെ മുറിവ് കാലതാമസം കൊണ്ടുണങ്ങുമായിരിക്കും...പക്ഷേ ശരീരമോ...അവന്റെ ..ഓരോ സ്പര്‍ശനങ്ങളുടെയും ഓര്‍മ്മകള്‍,ജീവിതം മുഴുവനും പുഴു വരിക്കുന്നതിന് സമമായാലോ...
അവള്‍ക്ക് തീരുമാനമെടുക്കാന്‍ അധിക സമയം വേണ്ടി വന്നില്ല.
ഒരു ദീര്‍ഘ നിശ്വാസത്തോടെഅവള്‍ പറഞ്ഞു.
'ആ യാത്രയ്ക്ക്,ഞാനില്ല പവന്‍....നിന്നോടു സ്‌നേഹം ഇല്ലാഞ്ഞിട്ടാണ്,ഞാനിത് പറയുന്നതെന്ന് ചിലപ്പോള്‍ നീ പറയും.എനിക്ക് അത് വിഷയമല്ല...I can't do this.....ചില സമയങ്ങളില്‍ നമുക്ക് നമ്മളെ കാണു.....മനസ്സിലായോ....'
മറുവശത്ത് ഫോണ്‍ ഡിസ്‌കണക്ടായത് അവളറിഞ്ഞു....പുറത്ത് രാത്രി നിലാവേറ്റ് തിളങ്ങി.... ജനാലയിലൂടെ പടര്‍ന്നു കയറിയ പാതിരമുല്ല.തന്റെ വെളുത്ത പൂക്കളുതിര്‍ത്ത് അവളെ നോക്കി ചിരിച്ചു.അഞ്ചോ പത്തോ മിനിറ്റിന് ശേഷം വാട്‌സാപ്പില്‍ അവന്റെ ഒരു മെസേജ് വന്നു.....
'Sorry Eva....'
ഇപ്പോള്‍ അവളുടെ കണ്ണുകളിലായിരുന്നു,പൂക്കള്‍ വിരിഞ്ഞത്.




