പ്രകൃതിയും പരദേവതയും ഒരുമിക്കുന്ന അത്ഭുതക്ഷേത്രം ; ശാന്തുകാട് ശ്രി ദുര്‍ഗ്ഗാ ഭദ്രാ ശാസ്ത, നാഗ ക്ഷേത്രം നാഗപ്പുഴ
അനവധിയായ ഐതിഹ്യങ്ങള്‍ കൊണ്ടും ചരിത്രപരമായ പ്രത്യേകതകള്‍ കൊണ്ടും ആരാധനയിലെ സവിശേഷത കൊണ്ടും വളരെ പ്രാധാന്യമുള്ള ഒരു ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്ക് അടുത്തുള്ള നാഗപ്പുഴ ശാന്തകാട് ദേവീക്ഷേത്രം .
തയ്യാറാക്കിയത് - ഗീതാദാസ്
അനവധിയായ ഐതിഹ്യങ്ങള്‍ കൊണ്ടും ചരിത്രപരമായ പ്രത്യേകതകള്‍ കൊണ്ടും ആരാധനയിലെ സവിശേഷത കൊണ്ടും വളരെ പ്രാധാന്യമുള്ള ഒരു ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്ക് അടുത്തുള്ള കല്ലൂര്‍ക്കാട് പഞ്ചായത്തിലുള്ള നാഗപ്പുഴ ശാന്തകാട് ദേവീക്ഷേത്രം .നാഗപ്പുഴയിലും പരിസരപ്രദേശങ്ങളിലും ഐശ്വര്യം പ്രധാനം ചെയ്തു വിരാജിക്കുന്ന ഈ പുണ്യ ക്ഷേത്രം നൂറ്റാണ്ടുകളായി ഈ നാട്ടിലെ ഈശ്വര വിശ്വാസികള്‍ക്ക് ആശ്രയവും അഭയവുമായി നിലകൊള്ളുന്നു.
വിശ്വ ജനനിയായ ശ്രീ ദുര്‍ഗ്ഗയും ശിവനന്ദിനിയായ മഹാകാളിയുമാണ് ഇവിടുത്തെ പ്രധാന മൂര്‍ത്തികള്‍. കലിയുഗ വരദനായ ശ്രീധര്‍മ്മശാസ്താവും നാഗദേവതകളും രക്ഷസും ഈ പുണ്യ ക്ഷേത്രത്തില്‍ കുടികൊള്ളുന്നു.നൂറ്റാണ്ടുകളുടെ ആരാധന പാരമ്പര്യവും, വളര്‍ച്ചാ തകര്‍ച്ചകളിലൂടെയുള്ള ദീര്‍ഘകാലത്തെ ചരിത്രവുമാണ് നാഗപ്പുഴ ശാന്തുകാട് ദേവി ക്ഷേത്രത്തിനുള്ളത്.

ഐതിഹ്യം
നാഗപ്പുഴ എന്ന ഈ പ്രദേശത്തെ കുറിച്ച് ഒട്ടേറെ ഐതിഹ്യങ്ങള്‍ ഈ നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്.മുമ്പ് നാഗങ്ങളുടെ അധിവാസം ഏറെയുണ്ടായിരുന്ന ഘോര വനം ആയിരുന്നു നാഗപ്പുഴ. ശ്രീ പരമേശ്വരനെ ഭര്‍ത്താവായി ലഭിക്കാന്‍ പാര്‍വതി ദേവി അതികഠിനമായ തപസ്സില്‍ മുഴുകി ഇടമാണ് ശാന്തകാടെന്നും പാര്‍വതി ദേവിയുടെ സംരക്ഷണാര്‍ത്ഥം പരമശിവന്‍ തന്റെ ആഭരണങ്ങളായ നാഗങ്ങളെ ഇവിടെയ്ക്ക് ധാരാളമായി അയക്കുകയും അങ്ങനെ നാഗങ്ങളുടെ അതിവാസം എറെയുളള ഈ പ്രദേശത്തിന് നാഗപ്പുഴ എന്ന് പേരു ലഭിച്ചതായും ഐതിഹ്യം ഉണ്ട്.

അക്കാലത്ത് ഒരു മഹായോഗി സസ്യസമൃദ്ധിയുള്ള, പ്രശാന്ത സുന്ദരമായ ഈ സ്ഥലം തപസ് അനുഷ്ഠിക്കാനായി തെരഞ്ഞെടുക്കുകയും, ഫലവൃക്ഷങ്ങളും, പൂമരങ്ങളും, വള്ളി പടര്‍പ്പുകളും നിറഞ്ഞ ശാന്ത സുന്ദരമായ ഈ സ്ഥലത്ത് ദുര്‍്ഗ്ഗാ ദേവിയെ ഉപാസിച്ച് ഏറെ നാള്‍ തപസു ചെയ്തു പോന്നതായും പറയപ്പെടുന്നു. ഈ താപസ യോഗിയാണ് ഇവിടെ ദേവി ചൈതന്യത്തെ കുടിയിരുത്തിയതെന്നും വിശ്വസിക്കപ്പെടുന്നു.

ചരിത്രം
ഒമ്പതാം നൂറ്റാണ്ട് മുതല്‍ കേരളത്തില്‍ ഭരണം നടത്തിയ കുലശേഖര സാമ്രാജ്യത്തിന്റെ ഭരണ പ്രദേശമായ കീഴ്മല നാടിന്റെ അധീനതയിലായിരുന്നു നാഗപ്പുഴ. എഡി 1600ല്‍ വടക്കന്‍കൂര്‍, കീഴ്മല നാടിനെ കീഴടക്കുകയും പിന്നീട് 1854ല്‍ വടക്കന്‍കൂര്‍, തിരുവിതാംകൂര്‍ രാജ്യത്തോട് ചേര്‍ക്കപ്പെടുകയും ചെയ്തു. ഇക്കാലത്ത്് അധികാരികളും പ്രദേശ വാസികളും ചേര്‍ന്ന് നാഗപ്പുഴ ശാന്തകാട് ക്ഷേത്രം പരിപാലിച്ചു പോന്നു.
പിന്നീട് ഒരു ബ്രാഹ്‌മണകുടുംബത്തിന്റെ അധീനതയിലേക്ക് ക്ഷേത്രവും സ്വത്തുക്കളും വന്നുചേര്‍ന്നു. ബ്രാഹ്‌മണ കുടുംബം വനദുര്‍ഗ്ഗാ സങ്കല്പത്തില്‍ ആണ് ആരാധന നടത്തിവന്നത്. വനദുര്‍ഗയോടൊപ്പം നാഗയക്ഷിയെയും ആരാധിച്ചു പോന്നു. പിന്നീട് ശത്രുക്കളെ ഭയന്ന് നാട്ടില്‍ നിന്നും പലായനം ചെയ്ത ബ്രാഹ്‌മണകുടുംബം തങ്ങളുടെ പരദേവതമൂര്‍ത്തിയായ വനദുര്‍ഗയുടെ വിഗ്രഹം തങ്ങളോടൊപ്പം കൊണ്ടുപോയി എന്നും പറയപ്പെടുന്നു. പിന്നീട് കാലങ്ങളോളം പൂജയോ ആരാധനയോ പരിപാലനമോ ഇല്ലാതെ ക്ഷേത്രപരിസരം കാടും മൂടി കിടന്നു. കാലങ്ങള്‍ക്കു ശേഷം ജീര്‍ണ്ണാവസ്ഥയിലായ ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിലെ പീഠത്തില്‍ ആരോ ഒരാള്‍ ഒഴികുശില പ്രതിഷ്ഠിച്ച് ആരാധിച്ചതോടെ ക്ഷേത്ര ചൈതന്യം വീണ്ടെടുക്കപ്പെട്ടു.അതോടെ പ്രദേശവാസികള്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിത്തുടങ്ങി.സര്‍പ്പ ദോഷ പരിഹാരത്തിനായി നാഗയക്ഷിത്തറയില്‍ നാട്ടുകാര്‍ മഞ്ഞള്‍പ്പൊടി സമര്‍പ്പിച്ച പ്രാര്‍ത്ഥിച്ചു പോന്നു.എന്നാല്‍ ക്ഷേത്രമൂര്‍ത്തി ദുര്‍ഗ്ഗാ ദേവിയാണെന്നു തിരിച്ചറിയാതെ ഭക്തജനങ്ങള്‍ ഭദ്രകാളി സങ്കല്പത്തിലാണ് ആരാധന നടത്തിവന്നത്.
ക്ഷേത്ര പുനരുദ്ധാരണം

1984 ഒക്ടോബറില്‍ മണ്ഡലകാലമായ പൂജയ്ക്കും പാനകത്തിനുമായി ഒത്തുചേര്‍ന്ന ഭക്തജനങ്ങള്‍ ക്ഷേത്ര പുനരുദ്ധാരണത്തെക്കുറിച്ച് ആലോചിക്കുകയും ശാന്തകാട് ദേവി ക്ഷേത്ര പുനരുദ്ധാനസമിതി എന്ന പേരില്‍ സംഘടന രൂപീകരിക്കുകയും 9 അംഗ നിര്‍വാഹ സമിതിയെ തിരഞ്ഞെടുക്കുകയും ചെയ്തു.തുടര്‍ന്ന് 1986 ഫെബ്രുവരി മാസത്തില്‍ ക്ഷേത്രസന്നിധിയില്‍ നടന്ന അഷ്ടമംഗല്യ ദൈവപ്രശ്‌നത്തില്‍ ദേവ ചൈതന്യത്തെയും ഉപദേവതേയേയും സംബന്ധിച്ച് വെളിപ്പെട്ടു കിട്ടുകയുണ്ടായി. അതിനെ തുടര്‍ന്ന് ആദ്യപ്രതിഷ്ഠയായ ദുര്‍ഗ്ഗാദേവിയെയും, ഭദ്രകാളി ക്ഷേത്രം എന്ന് കരുതി കാലങ്ങളോളം ഭക്തജനങ്ങള്‍ ആരാധന നടത്തിയതിനാല്‍ ഭദ്രകാളി ദേവിയെയും, മണ്ഡലകാല അനുഷ്ഠാനങ്ങളും പാനക പൂജയും സ്ഥിരമായി നടന്നു വന്നതിനാല്‍ ശാസ്താവിനെയും പ്രതിഷ്ഠിച്ചു.നാഗരാജാവിനെയും നാഗയക്ഷിയെയും അഖില സര്‍പ്പ ചൈതന്യങ്ങളെയും ആവഹിച്ച് ചിത്രകൂടം സ്ഥാപിച്ച കുടിയിരുത്തി.മീനം രാശിയില്‍ പടിഞ്ഞാറു ഭാഗത്തായി രക്ഷനേയും പ്രതിഷ്ഠിച്ചു.
പൂജകളും തൊഴേണ്ട രീതിയും
ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തി ദുര്‍ഗ്ഗാദേവിയാണ് . ക്ഷേത്രോത്സവത്തില്‍ ദുര്‍ഗ്ഗാദേവിയുടെ നാളായ കാര്‍ത്തികനാളില്‍ താലപ്പൊലിയും ഭരണിനാളില്‍ ഭദ്രകാളിക്ക് കളമെഴുത്തും പാട്ടും മുടിയേറ്റം ഗുരുതിയും നടത്തിവരുന്നു.രക്ഷസിന് എല്ലാ വ്യാഴാഴ്ചയും പാല്‍പ്പായസം നിവേദ്യമായി നല്‍കുന്നു. ദുര്‍ഗ്ഗാദേവിക്കും ഭദ്രകാളിക്കും പൂജകളും നിവേദങ്ങളും തുല്യമായാണ് നടത്തി വരുന്നത്.ആദ്യം ദുര്‍ഗാദേവിയുടെ നട തുറക്കുന്നു, അതിനുശേഷം ഭദ്രകാളിയുടെ നടയും, തുടര്‍ന്ന് ശാസ്താവിന്റെ നടയും തുറക്കുന്നു. അതിനുശേഷം നാഗദൈവങ്ങള്‍ക്കും രക്തസിനും വിളക്ക് തെളിയിക്കണം.ശാസ്താവിന്റെ നടയാണ് ആദ്യം അടയ്ക്കുന്നത്. രണ്ടാമതായി ഭദ്രകാളിയുടെ നട അടക്കുന്നു.ദുര്‍ഗദേവിയുടെ നടയാണ് അവസാനം അടക്കേണ്ടത്.
ദര്‍ശനത്തിന് എത്തുന്ന ഭക്തന്മാര്‍ ആദ്യം ദുര്‍ഗദേവിയുടെ നടയിലും പിന്നീട് രക്ഷസിന്റെ നടയിലും ദര്‍ശനം നടത്തണം. രണ്ടാമതായി ഭദ്രകാളിയുടെ നടയിലും, മൂന്നാമതായി ശാസ്താവിന്റെ നടയിലുമാണ് ദര്‍ശനം നടത്തേണ്ടതാണ്. തുടര്‍ന്ന് നാഗദേവതകളുടെ നടയിലും ദര്‍ശനം നടത്തി ദുര്‍ഗാദേവിയുടെ നടയില്‍ നിന്നും തീര്‍ത്ഥവും പ്രസാദവും നടത്തി വേണം മടങ്ങാന്‍
പ്രതിഷ്ഠാദിനം
ഉത്സവദിനമായ മകയിരം നാളിലാണ് ശാന്തകാട് ശ്രീ ദുര്‍ഗ ഭദ്ര ശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായി ആചരിക്കുന്നത്. മകയിരം നാളില്‍ അവസാനിക്കുന്ന വിധം ആറു ദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തില്‍ ആഘോഷിക്കുന്നത്. കളമെഴുത്തും പാട്ടും ഭരണിനാളില്‍ കലംകരിക്കല്‍, മുടിയേറ്റ്, ഗരുഡന്‍ തൂക്കം, കാര്‍ത്തിക നാളില്‍ ദുര്‍ഗാദേവിയുടെ ശ്രീകോവിലില്‍ കാര്‍ത്തിക ദര്‍ശനം എന്നിവയും നടത്തപ്പെടുന്നു.
വഴിപാടുകള്‍
ശ്രീദുര്‍ഗ്ഗ സന്നിധിയില്‍ കദളിപ്പഴം, പിഴിഞ്ഞു പായസം, പട്ടും താലിയും സമര്‍പ്പണം നാരങ്ങാ ദീപം ഇവയാണ് പ്രധാന വഴിപാടുകള്‍. ഭദ്രകാളിയുടെ നടയില്‍ മുടിയേറ്റ,് കളമെഴുത്തുപാട്ട്, ഗുരുതി, ഗരുഡന്‍ തൂക്കം, കലങ്കരിക്കല്‍, കടുംപായസം എന്നിവയാണ് പ്രധാന വഴിപാടുകള്‍ ശാസ്താവിന് നീരാജനം, എള്ളുപായസം, എള്ളുതിരി സമര്‍പ്പണം എന്നിവ നടന്നുവരുന്നു നാഗ രാജാവിനും നാഗയക്ഷിക്കും നൂറും പാലും, മഞ്ഞള്‍പ്പൊടി സമര്‍പ്പണവും പാല്‍പ്പായസവും രക്ഷസസിന് എല്ലാ വ്യാഴാഴ്ചയും പാല്‍പ്പായസം എന്നിവയുമാണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍. എല്ലാമാസവും ആയില്യം നാളില്‍ നാഗദേവതകള്‍ക്ക് ചിട്ട ഇപ്രകാരമുള്ള പൂജകള്‍ നടത്തിവരുന്നു.നാഗദേവതയ്്ക്ക് വളരെ ശക്തിയുള്ള ക്ഷേത്രമാണ് ശാന്തു കാട് ക്ഷേത്രം.ഭക്തരുടെ അനുഭവങ്ങള്‍ തന്നെ അതിനും സാക്ഷ്യം വഹിക്കുന്നു.
വിദ്യാരംഭത്തിന്റെ പ്രധാന്യം
വിദ്യാദേവതകളായ ദുര്‍ഗാദേവിയും ഭദ്രകാളിയും തുല്യപ്രാധാന്യത്തിലും വിദ്യാധിപതിയായ ശാസ്താവ് കന്നിരാശി പദത്തിലും അധിവസിക്കുന്നതിനാല്‍ വിദ്യാരംഭം കുറിക്കുന്നതിന് വിശിഷ്ടമാണ് ശാന്തുകാട് ക്ഷേത്രസന്നിധി.ആ കാരണം കൊണ്ടു തന്നെ വിജയദശമി നാളില്‍ അനേകം കുരുന്നുകളാണ് ക്ഷേത്രത്തിലെത്തി വിദ്യാരംഭം കുറിക്കുന്നത്.എല്ലാ ഞായറാഴ്ചകളിലും ക്ഷേത്രം കമ്മറ്റിയുടെ നേതൃത്വതത്തില്‍ കുട്ടികള്‍ക്ക് ചെണ്ട പരിശീലനവും,എല്ലാ ആദ്യ ഞായറാഴ്ചകളിലും മാതൃ സംഘടനകളുടെ നേതൃത്വത്തില്‍ നാമജപവും നടന്നു വരുന്നു.
കാവ് സംരക്ഷണം

ആരാധനയെ പ്രകൃതിയുമായി ചേര്‍ത്തിണക്കി കൊണ്ട് പ്രകൃതി സംരക്ഷണത്തിന്റെ വലിയൊരു സന്ദേശം പുതിയ തലമുറയ്ക്കു നല്കുന്നതിലും നാഗപ്പുഴ ശാന്തു കാട് ദേവി ക്ഷേത്രം മുന്നില്‍ തന്നെയാണ്്.അതിന് മകുടോദാഹരണമാണ് ക്ഷേത്രത്തിനു ചുറ്റുമുള്ള ഏക്കറു കണക്കിന് സ്ഥലത്ത വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന നിബിഡ വനം. അപൂര്‍വ്വം ഔഷധ സസ്യങ്ങളും കാലഹാരണപ്പെട്ടു കൊണ്ടിരിക്കുന്ന വൃക്ഷങ്ങളും ഈ കാവില്‍ തണല്‍ വിരിച്ച് നില്‍ക്കുന്നുണ്ട്. നക്ഷത്ര വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു കൊണ്ട് ഒരു നക്ഷത്രവനവും ക്ഷേത്രം സംരക്ഷിക്കുന്നുണ്ട്.
പുരാതനകാലം മുതല്‍ തന്നെ വനപ്രദേശമായി നിലനിന്നിരുന്നതാണ് ഈ ക്ഷേത്ര സങ്കേതം. പിന്‍കാലത്ത് ഈ ക്ഷേത്ര പരിസരത്തെ ഒട്ടേറെ വൃക്ഷങ്ങളും ചെടികളും വെട്ടിമാറ്റപ്പെടുകയും അപൂര്‍വ്വങ്ങളായ വനസനമ്പത്ത് നഷ്ടമാകുകയും ചെയ്്തു. ക്ഷേത്ര പുനരുദ്ധാരണതത്തിന് ശേഷം ശാന്തമായ കാനനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് വേണ്ടി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തില്‍ നടന്നു വരുന്നുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന വനം വകുപ്പിന്റെ കാവു സംരക്ഷണ പദ്ധതി 2011ല്‍ ഈ ക്ഷേത്രവും ഉള്‍പ്പെടുത്തുകയുണ്ടായി.
ഈ പദ്ധതി പ്രകാരം 800 അധികം വ്യത്യസ്തങ്ങളായ വൃക്ഷങ്ങളും 26 ഇനം ആല്‍മരങ്ങളും ക്ഷേത്രഭൂമിയില്‍ നട്ടു പരിപാലിച്ചു വരുന്നു. അനേകം പരിസ്ഥിതി പ്രവര്‍ത്തകരും മൂവാറ്റുപുഴ നിര്‍മ്മല കോളേജ്, തൊടുപുഴ ന്യൂമാന്‍ കോളേജ്, ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കല്ലൂര്‍ക്കാട് സരസ്വതി വിദ്യാമന്ദിര്‍, നാഗപ്പുഴ സെന്‍മേരിസ് ഹൈസ്‌കൂള്‍, കുമാരമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എന്നിവിടങ്ങളിലെ ജീവശാസ്ത്ര വിഭാഗം വിദ്യാര്‍ത്ഥികളും അധ്യാപകരും കാവ് സംരക്ഷണ സമിതി അംഗങ്ങളും ഈ ഉദ്യമത്തില്‍ പങ്കെടുത്ത് വരുന്നു. എല്ലാ വര്‍ഷവും കാവില്‍ സംഘടിപ്പിക്കുന്ന പരിസ്ഥിതി സെമിനാറില്‍ നൂറുകണക്കിന് പഠിതാക്കളും പങ്കെടുക്കുന്നു.
15 ഏറെ വിദ്യാര്‍ഥികള്‍ ശാന്തകാട് കാവിലെ മുന്‍നിര്‍ത്തി തയ്യാറാക്കിയ ഡോക്യുമെന്റുകളും പ്രബന്ധങ്ങളും കോഴിക്കോട് സര്‍വ്വകലാശാലയിലും മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലും ബിരുദ പഠനത്തിന് ഭാഗമായി സമര്‍പ്പിച്ച ബിരുദം നേടി കഴിഞ്ഞു. സംസ്ഥാന ഔഷധസസ്യ ബോര്‍ഡും ദേശീയ ഔഷധസസ്യ ബോര്‍ഡും ശാന്തകാട് കാവിനെ അംഗീകരിച്ച് രേഖകള്‍ നല്‍കിയിട്ടുണ്ട്.
പ്രകൃതിക്കും മനുഷ്യനും ഒരു പോലെ സംരക്ഷണം നല്്കി ശാന്തുകാട് മഹാദേവി, സകലര്‍ക്കും അമ്മയായി ശാന്തമായ ശാന്തു കാട്ടില്‍ സ്‌നേഹ സ്വരൂപിണിയായി കുടി കൊള്ളുന്നു. തന്നെ അഭയം തേടിയെത്തുന്ന മക്കളെ ഒരിക്കലും കൈ വടാതെ നെഞ്ചോടു ചേര്‍ത്ത വാത്സല്യം ചൊരിയുന്ന അമ്മയുടെ സന്നിധിയില്‍ എല്ലാ ദുഖങ്ങളും പരിഹരിക്കപ്പെടുകയും കണ്ണു നീര്‍ തുടയ്ക്കപ്പെടുകയും ചെയ്യുന്നു.



