ജീവിതത്തില്‍ ഏകാകിയായിപ്പോയൊരുവളുടെ ജീവിതവിജയത്തിന്റെ കഥ!
ഒറ്റയ്ക്കായിപ്പോവുന്ന പെണ്ണുങ്ങള്‍ക്ക് ജീവിതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിതം കരുപ്പിടിപ്പിക്കുവാന്‍ ഈ വായന പ്രചോദനമാവും!
ആസ്വാദനം: മായ ബാലകൃഷ്ണന്‍
........................................................
ഏകരാഗം ( ആത്മകഥ)
ആശാലത
പ്രസാധകര്‍ : ലോഗോസ് ബുക്‌സ്
പേജ് : 124
വില : 200
പുസ്തകത്തിനായ് ആമസോണിലും
മാതൃഭൂമി ബുക്‌സ്റ്റോളുകളിലും ബന്ധപ്പെടുക
........................................................................
ജീവിതത്തിന്റെ വിജനവീഥിയില്‍ ഏകാകിയായിപ്പോയൊരുവളുടെ ജീവിതവിജയത്തിന്റെ കഥ! അവള്‍ക്ക് തന്റെ ശബ്ദവും സംഗീതവും അടിപതറാത്ത ആത്മവിശ്വാസവും ഹൃദയത്തിലുരുക്കി ച്ചേര്‍ത്ത കൃഷ്ണഭക്തിയും എന്നും അവളെ കാത്തുപോന്നു!
ബാലപീഡകള്‍ ഏറെ നേരിടേണ്ടി വന്നു എങ്കിലും എല്ലാ സൗഭാഗ്യങ്ങളുടെയും നടുവില്‍ അച്ഛനുമമ്മയ്ക്കും സഹോദരനുമിടയിലേക്ക് ഓമനപ്പുത്രിയായ് കടന്നുവന്നവള്‍.മൂന്നാം വയസ്സില്‍ കുഞ്ഞുറേഡിയോക്കു മുന്നില്‍ കമിഴ്ന്നുകിടന്ന് ചെവിയോര്‍ത്ത് പാട്ടിനൊപ്പം വാക്കുകള്‍ ഉച്ചരിക്കാന്‍ അറിയാതെ ഈണം മൂളി സംഗീത ലോകത്തേക്ക് തന്റെ വരവറിയിച്ചവള്‍!സംഗീതം അറിയുന്ന അച്ഛനുമമ്മയും ആ വഴിയേ അവളെ കൈപിടിച്ച് നടത്തിച്ചു.മൂന്നാം ക്ലാസ്സില്‍ പഠിക്കു മ്പോള്‍ കോഴിക്കോട് പേരാമ്പ്രയിലെ നിറഞ്ഞ വേദിയില്‍ പ്രഫഷണല്‍ ഗാനമേളക്കാര്‍ ക്കൊപ്പം പാടി ആദ്യപ്രതിഫലം കൈപ്പറ്റി.
കുയില്‍പ്പാട്ടിനൊപ്പം കൂകി തോല്പിച്ച് അവളുടെ സംഗീതയാത്ര പത്താം ക്ലാസ്സിനുശേഷം സംഗീതകോളേജിലെത്തി. മകളെ വലിയൊരു ഗായികയാക്കിത്തീര്‍ക്കണമെന്ന അച്ഛന്റെ ആഗ്രഹം! തുടര്‍ന്ന് വരുന്ന അച്ഛന്റെ വേര്‍പാടില്‍ നിലയുറ ക്കാതെ വീണുപോയവള്‍. എന്നും തീരാനോവായി നില്‍ക്കുമ്പോഴും നമ്പ്യാര്‍ മാഷിന്റെ മകള്‍ എന്ന അഭിമാന ബോധവും നേര്‍വഴി തെളിച്ച ഓര്‍മ്മകളും അനുഗ്രഹം ചൊരിഞ്ഞ് തനിക്കുമേല്‍ ഉണ്ടെന്ന വിശ്വാസവും അവളെ ജീവിപ്പിച്ചു!
ഗര്‍ഭാവസ്ഥയിലെ കുഞ്ഞിന്റെ മനോവിചാരങ്ങളും ചലനങ്ങളുംകൊണ്ട് ആദ്യ അധ്യായം ഗംഭീരമാക്കി. രോഗബാധിതനായ അച്ഛനൊത്തുള്ള ഒരു രംഗം മാത്രം എഴുതി അച്ഛനെ കാണിച്ചുതന്ന് വായനക്കാ രുടെ മനസ്സ് കീഴടക്കി.
ആശേച്ചിയിലെ എഴുത്തുകാരി വേദനാനിര്‍ഭരമായ സന്ദര്‍ഭങ്ങളെ തന്മയത്വത്തോടെ വാക്കിന്റെ അരണി കടഞ്ഞ് വിഷയത്തിലൂന്നി ആശയത്തെ,സമൂഹത്തിനു വെളിച്ചം പകരുന്ന,ഊര്‍ജ്ജം നല്‍കുന്ന രീതിയിലാണ് വിഷയങ്ങളെ അവലംബി ച്ചിരിക്കുന്നത്!
ചെറിയ പ്രായത്തിലെ മ്യൂസിക് ആല്‍ബങ്ങളിലും ഗാനമേളകളിലും സ്വദേശത്തും വിദേശത്തും പ്രമുഖ ഗായകര്‍ക്കൊപ്പം പാടി കോഴിക്കോടിന്റെ വരദാനമെന്ന് അറിയപ്പെട്ടു തുടങ്ങിയവള്‍.
ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ വാത്സല്യവും ഉപദേശങ്ങളും ഏറ്റുവാങ്ങി തരംഗിണിയില്‍ റെക്കോഡിങ്ങ് റൂമില്‍ ആദ്യമായ് മൈക്കിനുമുന്നില്‍ നില്‍ക്കുന്ന ചിത്രം ഹൃദയസ്പര്‍ശിയായി.ഉണ്ണി മേനോന്‍,മാര്‍ക്കോസ്,കൃഷ്ണചന്ദ്രന്‍,പി ജയചന്ദ്രന്‍ , കെ എസ് ചിത്ര,ജി വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പംജനലക്ഷങ്ങള്‍ക്കു മുന്നില്‍നിന്ന് പാടി വളര്‍ന്നത്,ഒറ്റയ്ക്കുനിന്ന് ജീവിതം നേരിട്ട ഒരുവളുടെ ജീവിതത്തിനു പിന്നീട് വര്‍ദ്ധിച്ച ആത്മ വിശ്വാസമേകി.ഓരോരുത്തര്‍ക്കു മൊപ്പമുള്ള ഈ കൊച്ചു പെണ്‍കുട്ടിയുടെ സംഗീതാനുഭ വങ്ങള്‍ ഓരോ അദ്ധ്യായത്തിലും കണ്‍കുളിര്‍ന്ന് വായിക്കാം!കവികളായ ഇടശ്ശേരി,വൈലോപ്പിള്ളി,പി കുഞ്ഞി രാമന്‍ നായര്‍,ടാഗോര്‍ തുടങ്ങിയവരുടെ വരികള്‍ ഓരോ ജീവിതാവസ്ഥകളിലും എഴുത്തിനു മാറ്റുകൂട്ടുന്നു.
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ നെടുംതൂണായ നിര്‍മ്മാതാവ് പി വി ഗംഗാധരന്‍ സാറുമായുള്ള അച്ഛന്റെ സൗഹൃദം സിനിമയിലേക്ക് വഴികാട്ടിയായി! ഭരതനും പത്മരാജനും ഒരുമിക്കുന്ന,സംഗീതസംവി ധായകന്‍ ജോണ്‍സണ്‍ മാഷും ഗാനരചയിതാവ് കെ ജയകുമാര്‍ സാറും ചേര്‍ന്നൊരുക്കുന്ന 'ഒഴിവുകാലം' എന്ന സിനിമയിലെ ഗാനത്തില്‍ എത്തിച്ചേരാനുള്ള അസുലഭാവസരവുമാണു 17 ആം വയസ്സില്‍ ലഭിക്കുന്നത്! അവിടുന്ന് നിരവധി സിനിമാഗാനങ്ങള്‍ മലയാളത്തിലും തമിഴിലും തെലുങ്കിലുമായി സ്വന്തം പേരില്‍ ഇറങ്ങി.
ഒരവസരത്തില്‍ വിദേശ പ്രോഗ്രാമിനിടെ ശബ്ദം നഷ്ടപ്പെട്ടുപോയ നിമിഷത്തെ ഓര്‍ത്തുകൊണ്ട് എഴുതുന്നുണ്ട്.! പ്രാര്‍ത്ഥനയും കണ്ണീരുമായ് അവസാന നിമിഷത്തില്‍ വേദിയില്‍ സാന്നിധ്യ മറിയിക്കാന്‍ എത്തിയപ്പോള്‍ ഗുരുവായൂരപ്പന്‍ കനിഞ്ഞനുഗ്രഹിച്ച് ശബ്ദത്തിന്റെ ഉറവപൊട്ടി ആ നാദധാര കോരിത്തരിപ്പിച്ചതും തുടര്‍ന്ന് ഗുരുവായൂ രപ്പനു ശയനപ്രദക്ഷിണം നടത്തിയതും വായിക്കു മ്പോള്‍ നമ്മളും കൈകൂപ്പി തൊഴുതുപോവും.!
കാണക്കാണെ സംഗീതവീഥികള്‍ ഓരോന്നും കടന്ന് സിനിമാ പിന്നണിഗായികയെന്ന പ്രശസ്തിയിലേക്ക് കുതിക്കുന്ന ഘട്ടത്തില്‍ ചുവടു മാറി യാത്ര ചെയ്യുമ്പോള്‍ വേണായിരുന്നോ?അതെന്ന് നമ്മളും ചോദിച്ചുപോവും!വേണ്ടപ്പെട്ടവരുടെ വാക്കുകള്‍ക്ക് കാതുകൊടുക്കുന്നത് നമുക്കേവര്‍ക്കും ശീലമാണല്ലോ....
തുണയും കൂടും നഷ്ടപ്പെട്ട് ചെന്നൈയിലും ദുബായിലും മാറി മാറി വഴികള്‍ തേടിക്കൊണ്ടി രിക്കുമ്പോള്‍ തന്റെ ഏക സമ്പാദ്യമായ ഒരു കൈക്കുഞ്ഞുമുണ്ട്! സിനിമാലോകത്തെ കളവുകള്‍ തിരിച്ചറിയുകയും എന്നേക്കുമായി സംഗീതം ഉപേക്ഷിച്ച് നീങ്ങുമ്പോള്‍ നമ്മളിലും ഒരു ആധി പടരും. അവിടെയാണു നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തും ആര്‍ജ്ജിച്ചെടുത്ത ആത്മവിശ്വാസവും തുണയാവുന്നത്.
സിംഗിള്‍ പേരന്റെ്! ഏറ്റെടുത്ത മനോവീര്യം! മകനെ വളര്‍ത്തി ചാറ്റേര്‍ഡ് അക്കൗണ്ടന്റാക്കി, വീടുകള്‍ സ്വന്തമാക്കി. എല്ലാം സ്വന്തം അദ്ധ്വാനത്തിന്റെ ഫലം. കേവലം സംഗീതബിരുദം മാത്രം കൈമുതലാക്കി യൊരുവള്‍! മ്യൂസിക് അക്കാദമിയില്‍ പ്രഫസര്‍ ആയി, പിന്നീട് ദുബൈ റേഡിയോയില്‍ പ്രോഗ്രാം അവതാരകയും പ്രൊഡ്യൂസറുമായി, വന്‍ കിട ബിസിനസ് സ്ഥാപനത്തിന്റെ മാര്‍ക്കറ്റിങ് പ്രഫഷണല്‍ ആയി! ദുബായില്‍ സ്വന്തമായി ഏഷ്യാ വിഷന്‍ എന്ന അഡ്വര്‍ടൈസിങ് ഏജന്‍സി തുടങ്ങി, കൊച്ചിയില്‍ റേഡിയോ പ്രൊഡക്ഷന്‍ നടത്തുന്ന മീഡിയ വേവ്‌സ് എന്ന ഏജന്‍സിയും സ്ഥാപിച്ചു! ഇന്ന് ആര്‍ക്കുമുന്നിലും തലയുയര്‍ത്തി നില്‍ക്കാവുന്ന തലത്തില്‍, ഒരു ഘട്ടത്തില്‍ ഒന്നുമല്ലാതായ,ഏകയായൊരുവള്‍ എത്തിനില്‍ക്കുന്നു! നമിച്ചു പോകുന്നു ആശേച്ചീ......
ദീര്‍ഘ വര്‍ഷങ്ങളായി ദുബായിലും കേരളത്തിലും റേഡിയോ പ്രോഗ്രാം നടത്തുകയും ആ വാഗ്‌ധോര ണിയില്‍ ജനലക്ഷങ്ങളുടെ ആരാധികയായി,ശ്രോതാക്കളുടെ കാതിലുണ്ണിയായ് തീരുന്നതും അതിശയിപ്പിക്കുന്ന കാഴ്ചയാണ്.സഹപ്രവര്‍ത്ത കരെ സുഹൃത്തായും അവര്‍ക്ക് സഹോദരിയായും അമ്മയായും ചേര്‍ത്തുപിടിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്യുന്നു! തന്റെ വിജയം ഒരു ടീം വര്‍ക്കിന്റെ ഫലമാണെന്ന് തുറന്നുപറയാന്‍ മടികാണിക്കുന്നില്ല!
അടിയുറച്ച ഭക്ത എന്നതില്‍നിന്നും ഷൗക്കായുടെ പാതയില്‍ സഞ്ചരിച്ച് രമണ മഹര്‍ഷിയെ മാനസഗുരുവായിക്കണ്ട് അധ്യാത്മികതയുടെ ഔന്നത്യത്തില്‍ ആത്മീയതയുടെ പൊരുള്‍ തിരിച്ചറിയുന്നു.ആ തലത്തില്‍ എത്തിപ്പെടുന്നവര്‍ ചുരുക്കമാണ്.ഭഗവദ് ഗീത ഉദ്‌ഘോഷിക്കുന്ന സമച്ചിത്തഭാവമാണത്.എല്ലാത്തിലും ഈശ്വരനെ കാണുക!സമര്‍പ്പിക്കുക!നഷ്ടവും ലാഭവും,സുഖവും ദുഃഖവും എല്ലാം ഈ ലോകജീവിത സത്യങ്ങള്‍ എന്ന് തളരുന്നവനും കരയുന്നവനും ആശ്വാസമേകുന്ന വാക്കിന്‍ തലോടല്‍ നല്‍കുന്നു!
ഒറ്റയ്ക്കായിപ്പോവുന്ന പെണ്ണുങ്ങള്‍ക്ക് ജീവിതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിതം കരുപ്പിടിപ്പിക്കുവാന്‍ ഈ വായന പ്രചോദനമാവും!
അഷിതാമ്മയുടെ സാളഗ്രാമം സുരക്ഷിതമായി ഏല്പിക്കുന്നത് ആശേച്ചിയെയാണല്ലോ.സന്തോഷം തോന്നി. ആത്മാര്‍ത്ഥ തയും സമര്‍പ്പണബുദ്ധിയും ഉള്ള ആശേച്ചിയില്‍ അത് സുരക്ഷിതമായിരിക്കും!
ഒന്നില്‍ നിന്നല്ലേ എല്ലാം തുടങ്ങുന്നത്! വാക്കില്‍ സമ്പന്നയായ ആശേച്ചിക്ക് ആ അക്ഷയഖനിയില്‍ നിന്നും ഇനിയുമേറെ പുറത്തെടുക്കാനുണ്ടാവും.നമുക്ക് അവയ്ക്കായ് കാത്തിരിക്കാം! അവസാനമായ് ആശേച്ചിയുടെ അമ്മയുടെ വാക്കുകള്‍ പറഞ്ഞ് അവസാനിപ്പിക്കാം.'മരിക്കാന്‍ ആര്‍ക്കും കഴിയും ആശേ....അഭിമാനത്തോടെ ജീവിക്കാനാണ് പ്രയാസം!നീ അഭിമാനത്തോടെ ജീവിച്ചു വിജയിച്ച് കാണിച്ചുകൊടു ക്കണം!'ഏവര്‍ക്കും പ്രചോദനമാവട്ടെ ഈ വരികള്‍!
സ്‌നേഹപൂര്‍വ്വം
മായ ബാലകൃഷ്ണന്‍



