വടിവാള്‍

ദിവസങ്ങള്‍ ആഴ്ചകള്‍ക്ക് വഴിമാറവേ ഒരു കാര്യം മനസ്സിലായി.താന്‍ ശക്തി പ്രാപിച്ചിരിക്കുന്നു.പൊള്ളലുകള്‍ക്കും വേദനകള്‍ക്കുമൊടുവില്‍ തന്റെ മനസ്സും ശരീരവും മരവിച്ചിരിക്കുന്നു

വടിവാള്‍

രചന: മായാദേവി

അഗ്‌നിനാളങ്ങള്‍ മേല്‍പ്പോട്ട് ഉയരുന്ന തീചൂളയില്‍ തിരിച്ചും മറിച്ചും ചുട്ട് എടുക്കുമ്പോള്‍  

കൈവിട്ടു പോകാതിരിക്കാന്‍ ഒരുഭാഗം ഇറുകെ പിടിച്ചിരിക്കുന്നു.  

വെന്തുവെന്ത്  ഒരു പരുവത്തിലായ ലോഹം ആയതിനാലാവാം  ആശ്വാസം തോന്നി.   അധികം നീണ്ടു നിന്നില്ല,പുറത്തെടുത്ത് വല്ലാത്ത പ്രഹരം.ഇതിലും ഭേദം തീച്ചുള്ള തന്നെ. വീണ്ടും കനലിലേക്ക്.അവിടെത്തന്നെ കിടക്കാന്‍ തോന്നി.ചുറ്റും കനലുകള്‍. നല്ല പ്രകാശം. കനല്‍ക്കട്ടകള്‍ക്ക് മഞ്ഞിന്റെ കുളിര്‍മ.  കണ്ണടച്ച് കിടന്നു. സമ്മതിക്കുന്നില്ല.പുറത്തേക്കെടുത്ത് വീണ്ടും പ്രഹരിക്കുന്നു.വലിച്ചു നീട്ടാനുള്ള ശ്രമഫലമായി  വേദന കൊണ്ട് പുളഞ്ഞു.

വീണ്ടും കനല്‍.അല്ലല്ല....ഒരു മഞ്ഞിന്റെ കുളിര്‍മയിലേക്ക്...

ഒന്ന് ആശ്വസിക്കുന്നതിന്  മുന്‍പേ വീണ്ടും പ്രഹരം. 

വേദനയില്‍ നിന്നും സ്തംഭനാവസ്ഥയിലേക്കുള്ള പരിവര്‍ത്തനം വല്ലാത്ത ഭയമുളവാക്കിയെങ്കിലും കണ്ണടച്ചു കിടന്നു.കാതടപ്പിക്കുന്ന ശബ്ദ കോലാഹലങ്ങള്‍. എന്തിനാണ് ഇത്രയും ക്രൂരത? ആരെയും ഉപദ്രവിക്കാതെ വെറും ഒരു ലോഹ കഷണമായിരുന്ന തന്നെ തീക്കനലുകള്‍ക്കിടയിലേക്ക് തള്ളിയിട്ടും വലിച്ചു നീട്ടി അടിച്ചു പരത്തുന്നതും എന്തിനുവേണ്ടി? 

ഓ! വയ്യ.. സഹികെട്ടു. രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല.നിലവിളി പുറത്തേക്കു വരാതെ തൊണ്ടയില്‍ കുരുങ്ങി.അവസാനം ഒന്നു തീരുമാനിച്ചു,കാത്തിരിക്കുക.

 

ദിവസങ്ങള്‍ ആഴ്ചകള്‍ക്ക് വഴിമാറവേ ഒരു കാര്യം  മനസ്സിലായി.താന്‍ ശക്തി പ്രാപിച്ചിരിക്കുന്നു.പൊള്ളലുകള്‍ക്കും വേദനകള്‍ക്കുമൊടുവില്‍ തന്റെ  മനസ്സും ശരീരവും മരവിച്ചിരിക്കുന്നു.ശരീരത്തിന് മൂര്‍ച്ച കൈവന്നിരിക്കുന്നു,  എങ്കിലും എന്റെ  ശരീരം എനിക്ക്  സ്വന്തമായിരുന്നില്ല.ഒരു കൈപ്പിടിയാല്‍ അവര്‍ എന്നില്‍ ഒരു ബന്ധനം കൂടി തീര്‍ത്തിരുന്നു.  ആളുകള്‍ എന്നെ ഭയപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.പക്ഷെ എന്റെ ചലനം  അവരുടെ  നിയന്ത്രണത്തിലാണെന്നു മാത്രം.

എനിക്ക് അവര്‍ ഒരു ഓമന പേരിട്ടു  'വടിവാള്‍' മനുഷ്യരക്തം കൊണ്ട് ശരീരവും മനസ്സും തണുപ്പിക്കാന്‍ ഞാന്‍ പഠിച്ചു,അല്ല അവര്‍  എന്നെ പഠിപ്പിച്ചു.പച്ചയായ മനുഷ്യന്റെ തിളക്കുന്ന രക്തത്തിലേക്ക് പാഞ്ഞു കയറുമ്പോള്‍  ചീറ്റിത്തെറിക്കുന്ന രക്തം എനിക്ക് ഹരമായി.അതിന്റെ  ഗന്ധം എനിക്ക് ലഹരിയായി മാറി.

കാണുമ്പോള്‍ എല്ലാവരും  ഭയന്നുവിറയ്ക്കുന്നെങ്കിലും വെറുപ്പോടെ നോക്കുന്നെങ്കിലും എനിക്ക് എന്നോട് വല്ലാത്ത സ്‌നേഹമാണ്.ഏറെ കഷ്ടതകള്‍ അനുഭവിച്ച് ഒടുവില്‍ നേടിയെടുത്ത ഈ ശക്തിക്കു മുന്നില്‍ ഞാന്‍ അഹങ്കരിക്കുന്നു.

ഞാന്‍ എന്നെ ഇഷ്ടപ്പെടുന്നു.  എന്നെ മാത്രം,ഒരുതരം ഭ്രാന്തമായ ഇഷ്ടം!