എലന്തിപ്പഴം ( ഓര്‍മ്മക്കുറിപ്പ്....)

രുഗ്മണിസുരേഷ്- എലന്തി മരത്തിന്റെ തൊട്ടരുകില്‍ ഒരു വലിയ പാമ്പിന്റെ പുറ്റുണ്ട്.ആ പുറ്റില്‍ വലിയ പാമ്പുണ്ട് ഒരേ സമയം പതിനാറു പേരെ കടിക്കുന്ന അതി ഭീകരന്‍ പാമ്പ്....

എലന്തിപ്പഴം (  ഓര്‍മ്മക്കുറിപ്പ്....)

രുഗ്മണിസുരേഷ് 

(പാലക്കാട് സ്വദേശിയായ സുരേഷ് പേസ്ട്രി ഷെഫ് ആണ്.എറണാകുളം, ചെന്നൈ,ബാംഗ്ലൂര്‍, തിരുവനന്തപുരം,തേക്കടി,മധുര,ദുബായ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്..ഇപ്പൊ ഊട്ടിയില്‍  Cocoty എന്ന പേരില്‍ ഒരു കഫെ നടത്തുന്നു.ചെറിയ രീതിയില്‍  മൂന്ന് മാസികകളില്‍ രുഗ്മണിസുരേഷ് എന്ന പേരില്‍ എഴുതുന്നുണ്ട്. തൂലിക നാമത്തിലെ രുഗ്മണി അമ്മൂമ്മയാണ്.അച്ഛന്‍ കൃഷ്ണന്‍കുട്ടി,അമ്മ ശകുന്തള,സഹോദരങ്ങള്‍-സുധിഷ് കൃഷ്ണന്‍കുട്ടി,സുഭാഷ് കൃഷ്ണന്‍കുട്ടി,ഭാര്യ-പ്രജിഷ, മകന്‍-ഋഷികേഷ്.)

സഞ്ചിയും തോളത്തിട്ട് ചിണുങ്ങി കൊണ്ട് ഞാന്‍ വീട്ടിലേക്ക് ഓടി ചെന്നു അമ്മയെ കണ്ടതും എന്റെ ചിണുങ്ങല്‍ ഉച്ചത്തിലുള്ള കരച്ചിലായ് രൂപാന്തരം പ്രാപിച്ചു.അമ്മ ഓടി വന്ന് എന്റെ കരച്ചിലിന്റെ കാരണം തിരക്കി. ഞാന്‍ തിരിഞ്ഞ് നിന്ന് വലത് കാല്‍ കാണിച്ച് കൊടുത്തു.അമ്മ ഒന്ന് ഞെട്ടി പാവം അമ്മയും സങ്കടപ്പെട്ടു.എന്റെ വലത് കാലിന്റെ ബാക്ക് അതായത് വണ്ണക്കാലില്‍ ഒരു ചെറിയ പാട്.എന്ത് പറ്റി എന്ന ചോദ്യത്തിന് സത്താര്‍ മാഷ് പച്ച നൊച്ചി കൊണ്ട് പൊതിരെ തല്ലിയെന്നു കരഞ്ഞുകൊണ്ട് പറഞ്ഞു

.അച്ഛന്‍ വീട്ടില്‍ ഇല്ലായിരുന്നു.തൊട്ടപ്പുറത്താണ് മുത്തപ്പന്‍ താമസിക്കുന്നത്.അവിടെ ചെന്ന് മുത്തപ്പനോട് അമ്മ കാര്യം പറഞ്ഞു.മുത്തിയമ്മയും മുത്തപ്പനും വന്നു. എന്റെ കരച്ചിലും കാലും ഒരുമിച്ച് കണ്ടു.രണ്ടുപേര്‍ക്കും സങ്കടമായി.മുത്തപ്പന്‍ വേഗം വേഷം മാറിവന്നു. അമ്മയെയും മുത്തിയമ്മയെയും വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞു.നേരെ സ്‌കൂളിലേക്ക് പോയി.മുത്തപ്പനെയും എന്നെയും കണ്ടതും ക്ലാസ്സിലെയും സ്‌കൂളിലെയും മുഴുവന്‍ പിള്ളേര്‍സും ഞങ്ങടെ പിന്നാലെ കൂടി. മുത്തപ്പനും മുത്തപ്പന്റെ വലതു കയ്യില്‍ ഞാനും ഞങ്ങടെ പുറകില്‍ പിള്ളേര്‍സും അങ്ങനെ ഞങ്ങള്‍ ആ വലിയ ജാഥ നയിച്ച്‌കൊണ്ട് ഹെഡ് മാഷിന്റെ ഓഫീസ് വാതില്‍ക്കല്‍ ലാന്‍ഡ് ചെയ്തു.

എവിടെ സത്താര്‍ മാഷ്.കുട്ടികള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ലേ ഇങ്ങനെയാണോ പെരുമാറേണ്ടത്.

എന്നും പറഞ്ഞു മുത്തപ്പന്‍ നടരാജ് മാഷിനോട് ചോദിച്ചു.ശാന്ത ടീച്ചറും,ഐശ്വര്യ ടീച്ചറും സത്താര്‍ മാഷും അന്തോണി മാഷും പിയൂണ്‍ കുമാരേട്ടനും കഞ്ഞി വയ്ക്കുന്ന ചേച്ചിയും എല്ലാരും സ്‌പോട്ടില്‍ ഹാജരായി..മുത്തപ്പന്‍ എന്നെ തിരിച്ച് നിര്‍ത്തിയിട്ട് എന്റെ വണ്ണക്കാലിലുള്ള അതി സുന്ദരന്‍ പച്ച നൊച്ചി കൊണ്ടതിന്റെ 'പാട്' കാണിച്ച് കൊടുത്തു.

എല്ലാരും ഒന്ന് മുഖത്തോട് മുഖം നോക്കി.നടരാജ് മാഷ് സത്താര്‍ മാഷിനെ ശരിക്കും നോക്കി.സത്താര്‍ മാഷിന്റെ മുഖം ചെറുതായിട്ട് ഒന്ന് ചെറുതായി. ഇത് ശരിയാകില്ല ഇങ്ങനെയാണെങ്കില്‍ എന്റെ പേരക്കുട്ടി ഇവിടെ പഠിക്കാന്‍ വരില്ല ഇങ്ങനെ തല്ലാന്‍ എന്താണ് അവന്‍ ചെയ്തത് മുത്തപ്പന്‍ മാഷിനോട് ചോദിച്ചു.സത്താര്‍ മാഷ് ഫ്‌ലാഷ്ബാക്ക് പറഞ്ഞു തുടങ്ങി. 

ഉച്ചക്കഞ്ഞിക്ക് ശേഷവും അല്ലാത്തപ്പോഴും ആരും പുറത്ത് പോകരുതെന്നും പ്രത്യേകിച്ച് മുള്ളുവേലി ചാടരുതെന്നും അവിടെ ഒരു അപകടം ഉണ്ടെന്നും പറഞ്ഞിരുന്നു.അതിന് തക്കതായ കാരണവും ഉണ്ട്.പ്രത്യേകിച്ച് നിങ്ങടെ പേരക്കുട്ടിയോട്.ആര് എത്ര പറഞ്ഞാലും അവന്‍ അനുസരിക്കുന്നില്ല. എന്ത് ചെയ്യാന്‍ പറ്റും.. സത്താര്‍ മാഷ് ഫ്‌ലാഷ്ബാക്ക് പറഞ്ഞ് കൊണ്ടിരിക്കെ ഞാനും ശെരിക്കും നടന്ന ഫ്‌ലാഷ് ബാക്കിലൂടെ പോയി.ഉച്ചക്കഞ്ഞിയും പയറും വയറ് നിറയെ കുടിച്ച് ഏമ്പക്കവും വിട്ട്.ടിഫിന്‍ ബോക്‌സ് മുട്ടായി മുത്തിയുടെ വീടിന്റെ മുന്നിലുള്ള പൈപ്പില്‍ പോയി കഴുകി കൊണ്ട് വന്ന് സഞ്ചിയില്‍ വച്ചു. ഞാനും ശക്തിസ്‌ക്വയറും (ക്ലാസ്സില്‍ രണ്ട് ശക്തിയുണ്ട്)വിനീഷും സുജിയും രാജുവും ഹരിയും എല്ലാം കൂടി സ്‌കൂളിന്റെ മുള്ളുവേലി ചാടി എലന്തി പഴം വലിച്ച് പെറുക്കാന്‍ പോയി. 

സ്‌കൂളിന്റെ തൊട്ട് പുറകില്‍ എപ്പോഴും നിറഞ്ഞൊഴുകുന്ന വലിയ ചാലുണ്ട് ശകലം ഡൈഞ്ചറസ് ആണ് ആ ചാല്. ചാലിന് കുറുകെ പനഞ്ചട്ടം കൊണ്ട് തീര്‍ത്ത ഒരു ചെറിയ പാലം.അതിലൂടെ വേണം ചാല് മുറിച്ച് കടക്കാന്‍.ഇച്ചിരി ടാസ്‌ക്കാണ് അത്.ചെറിയൊരു ഇളക്കം ഉണ്ട് ആ പാലത്തിന്.ഓരോരുത്തര്‍ ആയിട്ടേ പോകാന്‍ പറ്റു.ചാലിലേക്ക് വീണാല്‍ ആള് ക്ലോസ്.അതുകൊണ്ട് സൂക്ഷിച്ച് ഓരോരുത്തര്‍ പാലം ക്രോസ്സ് ചെയ്തു.എലന്തി മരത്തിന്റെ തൊട്ടരുകില്‍ ഒരു വലിയ പാമ്പിന്റെ പുറ്റുണ്ട്.ആ പുറ്റില്‍ വലിയ പാമ്പുണ്ട് ഒരേ സമയം പതിനാറു പേരെ കടിക്കുന്ന അതി ഭീകരന്‍ പാമ്പ്.( ഇത് നടരാജ് മാഷ് അസംബ്ലിയില്‍ പറഞ്ഞതാണ്. ആരും അങ്ങോട്ട് പോകാതിരിക്കാന്‍. പക്ഷെ ഞങ്ങളാരാ മോന്‍ ) അതുകൊണ്ട് ആ ഭാഗത്ത് പോകരുതെന്ന് സത്താര്‍ മാഷ് നേരത്തെ പറഞ്ഞതാണ്. 

പക്ഷെ എലന്തി പഴം അത് എന്റെ ഒരു വീക്‌നെസ് ആണ് എന്റെ മാത്രമല്ല ഞങ്ങള്‍ എല്ലാരുടെയും. ഞങ്ങള്‍ മുള്ള് വേലി ചാടി ചാലും കടന്ന് നേരെ പോയി ആ പുറ്റിനെയും വലം വച്ചു. ശക്തി എലന്തി മരത്തില്‍ വലിഞ്ഞു കയറി. മരത്തിലെ മുള്ളൊന്നും ശക്തിക്ക് നോ പ്രശ്‌നം. എല്ലാരുടെ ട്രൗസറിന്റെ കീശയിലും നിറയെ എലന്തി പഴം നിറഞ്ഞു.ഞാന്‍ ഒരഞ്ചാറെണ്ണം അവിടെ വച്ചെന്നെ മുണുങ്ങി. കുമാരേട്ടന്‍ ബെല്ലടിച്ചു. ശക്തി വേഗം ഇറങ്ങി എല്ലാരും ധൃതി വച്ച് സ്‌കൂളിലേക്ക് ഓടി. സ്‌കൂളിന്റെ ഗേറ്റിന്റെ മുന്നില്‍ എത്തി. ഓരോരുത്തര്‍ ആയി ചാടി ഓടി പുറകിലൂടെ ക്ലാസില്‍ കയറി.അവസാനം ഞാന്‍ ചാടിയതും സത്താര്‍ മാഷ് റോന്ത് ചുറ്റാന്‍ വന്നതും ഒരുമിച്ച്.ചുണ്ടെലി കണ്ടന്‍ പൂച്ചയുടെ മുന്നില്‍ പെട്ട പോലെയായി.ഞാന്‍ നിന്ന് വിയര്‍ത്തു.വേലിയില്‍ നില്‍ക്കുന്ന പച്ച നൊച്ചി പറിച്ച് ഒരൊറ്റയടി തന്നു.ആ അടിയും കൊണ്ടാണ് ഞാന്‍ എന്റെ സഞ്ചിയും തൂക്കി മുത്തപ്പനെയും കൂട്ടിക്കൊണ്ട് വന്നത്.എന്റെ ഫ്‌ലാഷ് ബാക്ക് തീര്‍ന്നു.അപ്പോഴും സത്താര്‍ മാഷ് ആ ചാലിന്റെ അപകടത്തെ കുറിച്ചും ആ പുറ്റിനെ കുറിച്ചും മുള്ളുവേലിയെ കുറിച്ചും ഒക്കെ ഫ്‌ലാഷ് ബാക്കിലൂടെ മുത്തപ്പന് ക്ലാസ്സ് എടുത്ത് കൊണ്ടിരിക്കുകയായിരുന്നു.ഞാന്‍ ഉടനെ പറഞ്ഞു സാര്‍ ഞാന്‍ മാത്രമല്ല അവരും ഉണ്ട്.അവരോ അത് ആരൊക്കെയാണ്.നേരെ ക്ളാസില്‍ ചെന്ന് നോക്കി.ഞങ്ങള്‍ക്ക് ഒന്നും അറിയില്ല ഞങ്ങള്‍ വെറും പാവങ്ങളാണ് എന്ന ഭാവത്തില്‍ വിനേഷും,ശക്തിസ്‌ക്വയറും സുജിയും ഹരിയും രാജുവും ഇരിക്കുന്നു. 

ഓരോരുത്തരുടെ പേര് പറഞ്ഞു.അവര്‍ ഓരോരുത്തരായി എഴുനേറ്റു.അവര്‍ എന്നെ എടാ എന്ന മട്ടില്‍ നോക്കി.ഞാന്‍ അവരോട് ആംഗ്യ ഭാഷയില്‍ പറഞ്ഞു അങ്ങനെ നിങ്ങ മാത്രം തപ്പിക്കണ്ടാ. അവരും വരി വരിയായി ഹാജരായി. ഞങ്ങള്‍ ആറ് പേരെയും അറ്റെന്‍ഷനായി വടിപോലെ നിര്‍ത്തി. നടരാജ് മാഷ് ഞങ്ങളെ ചോദ്യം ചെയ്തു.ക്ലാസ്സ് ലീഡര്‍ വിജയകുമാറും ബിനുവും, ഷിബുവും അപ്പുവും സതീഷും രമേഷും രമണിയും ഷീജയും സ്മിതയും സൗജത്തും റെജിനയും എല്ലാരും നിങ്ങള്‍ക്ക് അങ്ങനെതന്നെ വേണം എന്ന മട്ടില്‍ മുഖത്ത് ഭാവം വരുത്തി.

എലന്തി പഴം കൊടുക്കാത്തതിന്റെ ചൊരുക്കാണ് അവര്‍ക്ക്. ബ്ലഡി ഫുള്‍സ്. ഇനി മേലാല്‍ അവര്‍ക്ക് ഒന്നും കൊടുക്കരുത് ഞാന്‍ തീരുമാനിച്ചു. നടരാജ് മാഷ് പിയൂണ്‍ കുമാരേട്ടനെ നോക്കി .കുമാരേട്ടന്‍ ഉടനെ ഓഫീസില്‍ പോയി വെളിച്ചെണ്ണ തടവി വെയിലത്ത് വാട്ടിയെടുത്ത മുളവടി കൊണ്ട് വന്ന് നടരാജ് മാഷിന് കൊടുത്തു. മാഷ് അത് സത്താര്‍ മാഷിന് കൊടുത്തു.ചക്രവര്‍ത്തി പട നായകന് ഉടവാള്‍ അര്‍പ്പിക്കും പോലെ.സത്താര്‍ മാഷ് ഇരു കയ്യും നീട്ടി ഉടവാള്‍ സ്വീകരിച്ചു എല്ലാരേയും കൈ നീട്ടാന്‍ പറഞ്ഞു.വലത് കൈ വെള്ളയില്‍ ഈരണ്ട് ചൂടുള്ള അടി വച്ച് കൊടുത്തു.ഞാന്‍ നേരത്തെ അടി കാലില്‍ സ്വീകരിച്ചത് കൊണ്ട് എനിക്ക് കിട്ടിയില്ല. വീടെത്തിയാല്‍ മുത്തപ്പന്‍ അച്ഛനോടും അമ്മയോടും നടന്നത് വള്ളി പുള്ളി തെറ്റാതെ പറയും അച്ഛന്റെയും അമ്മയുടെയും ചീത്തയും കേള്‍ക്കണം അച്ഛന്റെ വക അടി എന്തായാലും കിട്ടും ഉറപ്പ്.എന്നൊക്കെ ആലോചിച്ചുകൊണ്ട് ഞാന്‍ നിന്നു.എന്റെ സങ്കടം അതൊന്നും അല്ലായിരുന്നു. അവര്‍ക്ക് വെളിച്ചെണ്ണ തേച്ച് വെയിലത്ത് വാട്ടിയെടുത്ത മുളവടി കൊണ്ട് അടി കൊടുക്കാതെ പച്ച നൊച്ചി വടികൊണ്ട് വലത് കാലില്‍ കൊടുത്താല്‍ മതിയായിരുന്നു..