നവരാത്രി മഹാത്മ്യം

ഡോ. മിനി നരേന്ദ്രന്‍ - പ്രപഞ്ചത്തിലെ പഞ്ചഭൂതാത്മകമായ ഏത് വസ്തുവിലും,ശക്തിയിലും,പ്രാണനിലും എപ്രകാരം ആ അമ്മയുടെ ആദിപരാശക്തിയുടെ ചേതന മറഞ്ഞിരിക്കുന്നുവോ, അതേ ചൈതന്യം അമ്മ സ്ഥാനത്ത് തന്നിലും കുടിയിരിക്കുന്നുവെന്ന മഹനീയ സത്യം സ്വായത്തമാക്കലാണ് നവരാത്രി

നവരാത്രി  മഹാത്മ്യം

  ഡോ. മിനി നരേന്ദ്രന്‍

    -----------------------------------------------

വരാത്രി വെറും ഒമ്പത് രാത്രി മാത്രമല്ല അത് സ്ത്രീത്വത്തെ,മാതൃത്വത്തെ,യുവതിയെ , ബാലികയെ,ശിശുവിനെ ആരാധിക്കുന്ന മഹനീയ ദിനരാത്രങ്ങള്‍ കൂടിയാണ്. 

പ്രപഞ്ച കാരണിയായ മൂല പ്രകുതിയെ അടുത്തറിയലാണ്.എല്ലാ പ്രകൃതി പ്രതിഭാസങ്ങളും ആ പ്രജ്ഞയുടെ സത്താണെന്നറിയലാണ്.

ഭൂമിയും'പ്രകൃതിയും,കാടും, കടലും,നദിയും,ഒക്കെ അമ്മയായി കണ്ട ആ ആദി പരാശക്തിയുടെ മക്കളുടെ സ്വയം സമര്‍പ്പിത ദിനങ്ങളാണവ.അമ്മയെ ഭഗവതിയായി കാണാന്‍ പറഞ്ഞ ഗുരുപരമ്പരകളിലൂടെ ആര്‍ജിച്ച അറിവിന്റെ വികാസ പ്രക്രീയ നവീകരിക്കേണ്ട  ദിനങ്ങളാണ്. 

ഏതെല്ലാം വിദ്യകള്‍ നാം സ്വായത്തമാക്കിയോ അതെല്ലാം ആ വിദ്യാസരസ്വതിയുടെ ഭാനങ്ങളാണ്.ഏതെല്ലാം കര്‍മ്മങ്ങള്‍ നാം ചെയ്യുന്നുവോ അവ ആ ശക്തിസ്വരൂപിണിയുടെ അനുഗ്രഹം കൊണ്ടാണ്. 

പ്രപഞ്ചത്തിലെ പഞ്ചഭൂതാത്മകമായ ഏത് വസ്തുവിലും,ശക്തിയിലും,പ്രാണനിലും എപ്രകാരം ആ അമ്മയുടെ ആദിപരാശക്തിയുടെ ചേതന മറഞ്ഞിരിക്കുന്നുവോ, അതേ ചൈതന്യം അമ്മ സ്ഥാനത്ത് തന്നിലും കുടിയിരിക്കുന്നുവെന്ന മഹനീയ സത്യം സ്വായത്തമാക്കലാണ്.നവരാത്രി കാലത്ത് മനസ്സം ബുദ്ധിയും ചിന്തയുമെല്ലാം സ്വയം ശുചീകരിക്കാന്‍ നവീകരിക്കാന്‍ യജ്ഞിക്കേണ്ട ദിനങ്ങളായി മാറ്റാന്‍ കഴിയണം..

ഈ കാണുന്നതിലെല്ലാം അമ്മയുണ്ട്.അമ്മയില്ലാതൊന്നുമില്ല നവരാത്രിയെ കുറിച്ചു ചില പുണ്യ കാര്യങ്ങള്‍ കൂടി ഇവിടെ കുറിക്കട്ടെ .

വിദ്യയില്ലെങ്കില്‍ മനുഷ്യര്‍ മൃഗതുല്യരാകും. സകല കലകളുടെയും മൂര്‍ത്തി ഭാവമാണ് വിദ്യാകരണിയായ മഹാസരസ്വതി. വിദ്യയുടെ ആരാധനയാണ് നവരാത്രി കാലത്ത് നടക്കുന്നത്. മഹാനവമിക്ക് ഉപവാസത്തോടു കൂടി വിദ്യാ വ്യസനികള്‍ ദേവിയെ പൂജിക്കുന്നു. പൂജവെയ്പ് (ദുര്‍ഗ്ഗാഷ്ടമി ), മഹാനവമി, വിജയദശമി ,ഈ മൂന്ന് ദിവസങ്ങള്‍ക്കാണ് വിദ്യാധിദേവതയുടെ ആരാധനയില്‍ ഏറ്റവും അധികം പ്രാധാന്യം കല്‍പ്പിക്കപ്പെട്ടുന്നത് - എല്ലാ തൊഴില്‍ കാരും നവരാത്രി കാലത്ത് താന്താങ്ങളുടെ കര്‍മ്മോപകരണങ്ങള്‍ ഭക്തിയോടെ പൂജിക്കുന്നു.

കേരളത്തില്‍ മാത്രമല്ല ഭാരതഖണ്ഡത്തിലാകെ നവരാത്രി കാലം ദേവി പൂജക്ക് പ്രാധാന്യം കല്‍പ്പിക്കുന്നു.പല രൂപത്തിലും ഭാവത്തിലുമാണ് വിവിധ ഭാഗങ്ങളില്‍ നവരാത്രി കൊണ്ടാടുന്നത്.

വംഗ ദേശത്ത് കാളിയാണ് ആരാധനാമൂര്‍ത്തി,മൈസൂരില്‍ ചാമുണ്ഡേശ്വരി പൂജയാണ് മുഖ്യം. മറ്റു പല ഭാഗത്തും ആയുധപൂജക്കാണ് പ്രാധാന്യം.മൈസൂര്‍ 'ദസറ ' പേര് കേട്ടതാണ്. വര്‍ണശബളമാണ് മൈസൂര്‍ ദസറ.മഹിഷപുരം എന്നായിരുന്നു മൈസൂറിന്റെ പുരാതന നാമം .അതില്‍ നിന്നു തന്നെ ദസറയുടെ മാഹാത്മ്യം ഊഹിക്കാം. കേരളത്തില്‍ സരസ്വതി പൂജക്കാണ് പ്രാധാന്യം. 

ദുര്‍ഗ്ഗ എന്ന അഭിധാനത്തോടു കൂടി പരാശക്തി ദേവന്മാരുടെ മുമ്പില്‍ പ്രത്യക്ഷമായത് അഷ്ടമി'ക്കാണത്രെ. നവരാത്രിയിലെ എട്ടാം ദിവസമാണിത്. അത് കൊണ്ടു തന്നെ ഈ ദിവസത്തിന് ദുര്‍ഗ്ഗാഷ്ടമി എന്നു പേര് വന്നു. ഈ ദിവസമാണ് ഗ്രന്ഥങ്ങള്‍, പുസ്തകങ്ങള്‍' മുതലായവ പുജക്ക് വക്കുന്നത്- പൂജവെച്ചാല്‍ എഴുത്തും വായനവും ഉപകരണങ്ങളുപയോഗിച്ചുള്ള മറ്റു കര്‍മ്മങ്ങളും ദേവി ഉപാസനക്കായി ഒഴിവാക്കുന്നു. വിജയദശമി ദിവസമാണ് വിദ്യാരംഭം. 

നവരാത്രി വ്രതം ആദ്യം അനുഷ്ടിച്ചത് അവതാര പുരുഷനായ സാക്ഷാല്‍ ശ്രീരാമനാണ്. സീതാപഹരണത്തിനു ശേഷം കിഷ്‌കിന്ധയില്‍ വച്ചാണ് ദാശരഥി വ്രതം ആദ്യം തുടങ്ങിയതെന്ന് ദേവി ഭാഗവതത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ആ വ്രതം എല്ലാവരും വരും നാളുകളില്‍ അനുഷ്ടിക്കണമെന്ന് നിര്‍ബന്ധമാക്കിയത് 'സുദര്‍ശന്‍ '' എന്ന രാജാവായിരുന്നുവത്രെ! പലനാമങ്ങളിലായി സരസ്വതി ദേവിയെ ഭക്തര്‍ ഈ ദിവസങ്ങളില്‍ ആരാധിക്കാറുണ്ട്.

വീണാ സരസ്വതി, താണ്ഡവ സരസ്വതി, ഭാരതി, ബ്രാഹ്‌മി, വാഗീശ്വരി, ഗായത്രി ഇവ ഇതില്‍ ചില ഭാവങ്ങളാണ് മയില്‍ വാഹനയായും, ഹംസ വാഹനയായും ദേവിയെ പൂജിക്കാറുണ്ട്. നവരാത്രിക്കാലം സംഗീതാര്‍ച്ചനക്കാലവുമാണ്. ഓരോ ദിവസവും ആലപിക്കേണ്ട കീര്‍ത്തനങ്ങള്‍ ശ്രീ സ്വാതി തിരുനാള്‍ ചിട്ടപ്പെടുത്തിയതാണ് പില്‍ക്കാലത്ത് ആചാരമായത്. 

കേട്ടാലും, കേട്ടാലും മതിവരാത്ത ' 'പാഹി പര്‍വ്വത നന്ദിനി ' എന്ന കീര്‍ത്തനം മഹാനവമിക്ക് ചൊല്ലുന്നു. നവരാത്രി മാഹാത്മ്യം എത്ര പറഞ്ഞാലും തീരില്ല. ത്രിമൂര്‍ത്തികളും, അവതാര ദേവതകളും ആരാധിച്ച ആ മഹാശക്തിയുടെ മുമ്പില്‍ ഈ നവരാത്രി കാലം  സ്വയമര്‍പ്പിക്കാം.

നാം നേടിയ എല്ലാ വിദ്യകളും ആ പരാശക്തിയുടെ ദാനമാണ് എന്ന വലിയ സത്യം മറക്കാതിരിക്കുക. നവരാത്രി സ്ത്രീത്വത്തെ പൂജിക്കുന്ന,ആരാധിക്കുന്ന സ്ത്രീത്വത്തെ ആഘോഷിക്കുന്ന ഒമ്പത് ദിനങ്ങള്‍ ആണ്.

പ്രപഞ്ചത്തിലെ ഓരോ അണുവും ഏതു ശക്തിയ്ക്ക് അടിമപ്പെട്ട് ധര്‍മ്മം പാലിക്കുന്നുവോ, ആ പരാശക്തി സ്ത്രീത്വമെന്ന് അറിഞ്ഞ് ആരാധിക്കുന്ന വലിയ സംസ്‌കാര മഹിമ. ദൈവത്തെ ആണായി മാത്രമല്ല ഇവിടെ കാണുന്നത് '

ലോകത്ത് മതങ്ങള്‍ പിറക്കുന്നതിന്  മുമ്പേ പ്രപഞ്ചശക്തിയെ അമ്മയെന്ന് വിളിച്ച് പൂജിച്ച പ്രാചീന സംസ്‌കൃതിയുടെ തുടര്‍ച്ചയായി സനാതന സംസ്‌കൃതിയിലൂടെ ഇന്നും തുടരുന്ന   ഗുരുപരമ്പരയ്ക്ക് മുഴുവന്‍ ആത്മ പ്രണാമം.