ഗലി

ഗലി

കഥ

ധന്യ ഷംജിത്ത്

......................................................

ഒര് നൂറ് റുപ്യ തരോ?

പെട്ടെന്നുള്ള ചോദ്യമായതുകൊണ്ടും ചുറ്റുവട്ടത്തൊന്നും ആരുമില്ലായിരുന്നതുകൊണ്ടുമാവണം അയാളൊന്ന് ഞെട്ടിയത്.എണ്ണ പുരളാത്ത ചെമ്പന്‍മുടിയും എന്തിനോ പ്രതീക്ഷിച്ചിട്ടെന്ന പോലെ തിളങ്ങുന്ന കണ്ണുകളുമായി നരുന്ത് പോലൊരു പയ്യന്‍.

സാര്‍ ഒരു നൂറു റുപ്യ തരുമോ?

കൈ നീട്ടി ഒരു മടിയുമില്ലാതെയുള്ള ചോദ്യം കേട്ട് അയാള്‍ മുഖം കനപ്പിച്ചു.

നീയേതാ,മറ്റുള്ളവരോട് ഇങ്ങനെ കാശ് ചോദിക്കാന്‍ നാണമില്ലേ?

മറുപടിയായി അവന്‍ മുഖം കുനിച്ചു ഒന്നും മിണ്ടാതെ അയാളെ മറികടന്നു നടക്കാന്‍ തുടങ്ങി.

ആ,നില്‍ക്ക് പോകാന്‍ വരട്ടെ. അയാളവനെ തടഞ്ഞു നിര്‍ത്തി.

നിനക്ക് എന്തിനാ ഇപ്പോ നൂറ് രൂപ ?

അവന്‍ അയാളെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. 

ശരി പറയണ്ട. കാശ് ഞാന്‍ തരാം.അയാള്‍ പോക്കറ്റില്‍ കയ്യിട്ട്  നൂറിന്റെ ഒരു നോട്ടെടുത്ത് നീട്ടി.

അവന്റെ നോട്ടം നിലത്തു നിന്നും പതിയെ നോട്ടിലേക്കായി,പ്രതീക്ഷയോടെ അവനയാളുടെ കണ്ണുകളിലേക്ക് നോക്കി.

ദാ നീ ചോദിച്ച പൈസ.ഞാനിത് നിനക്ക് തരാം പക്ഷേ പകരം നീ എനിക്കും ഒരു സഹായം ചെയ്യണം.ഈ ചുവന്ന തെരുവിലെ ഏറ്റവും സുന്ദരിയായ പെണ്ണിനെ നീ കാണിച്ചു തരണം. 

വികലമായ ചിരിയോടെ അയാളവന്റെ തോളില്‍ കയ്യിട്ടു ചേര്‍ത്തു പിടിച്ചു.

സാര്‍,ഞാന്‍.... അവന്‍ ദയനീയതയോടെ അയാളെ നോക്കി.

ബുദ്ധിമുട്ടാണോ?എങ്കില്‍ വേണ്ട.ഈ നൂറ് രൂപയ്ക്ക് വേറെ അവകാശികള്‍ ഇവിടുത്തെ തെരുവില്‍ ഒരുപാടുണ്ടാവും.

അയാള്‍ ആ നോട്ട് തിരികെ പോക്കറ്റിലേക്കിട്ടു.

ഞാന്‍... ഞാനിതുവരെ... അവന്റെ സ്വരം മുറിഞ്ഞിരുന്നു.

നീയിതുവരെ ഇപ്പണി ചെയ്തിട്ടില്ലന്നാണോ? ഹ ...ഹ ....ഹ ...ഹ .....

ചെങ്കല്ലടര്‍ന്ന ചുവരുകളില്‍ തട്ടിയലയ്ക്കുമാറ് അയാള്‍ പൊട്ടിച്ചിരിച്ചു.

കൊള്ളാം,അഴുക്കുചാലില്‍ വളരുന്നവന് അഴുക്കെന്താണെന്ന് അറിയില്ലന്ന് പറഞ്ഞപോലെ,

പത്തു രൂപയ്ക്ക് വേണ്ടി തുണിയുരിയുന്നവരുടെ കൂടെ കഴിഞ്ഞിട്ടും നിനക്ക് ഇതൊന്നും അറിയില്ലെന്ന് പറയുന്നത് തന്നെ വിഡ്ഢിത്തം.

എത്രയോ പേരേ ഞാന്‍ കണ്ടിരിക്കുന്നു സ്വന്തം കൂടപ്പിറപ്പിന്റെ ശരീരം പോലും പോക്കറ്റിലിട്ട് വിലപേശുന്നവര്‍.അവര്‍ക്കു മുന്നില്‍ ഒരു ലക്ഷ്യമേ ഉള്ളൂ... പണം..

ഇരുന്നു വാങ്ങാതെ സമ്പാദിക്കുന്നു എന്ന് മാത്രം.ഒരു മനുഷ്യന് ശമിപ്പിക്കാന്‍ കഴിയാത്ത ഒരേയൊരു വികാരമേ ഉള്ളൂ.

അയാള്‍ പറഞ്ഞതു കേട്ട് അവന്റെവരണ്ട ചുണ്ടുകളില്‍  പുച്ഛത്തോടെയുള്ള ഒരു ചിരി വിരിഞ്ഞു.

ശരി സാര്‍, ഞാന്‍ സമ്മതിച്ചു.

ഇത് ചുവന്ന തെരുവാണ്,

ഇവിടത്തെ ഓരോ ചുമരുകള്‍ക്കുള്ളിലും നിറയുന്ന നിശ്വാസങ്ങള്‍ ഓരോന്നിനും ഓരോ അര്‍ത്ഥങ്ങളുണ്ട്.എണ്ണി തീരാന്‍ കഴിയാത്ത ഗലികളില്‍ ഊഴം കാത്തു കിടക്കുന്ന നൂറായിരം ഉടലുകളുണ്ട്,പക്ഷേ അവയിലൊന്നും ആരും സൗന്ദര്യം തിരയാറില്ല.ഈ തെരുവിലെ ഏറ്റവും സുന്ദരിയായവളെ അല്ലേ സാറിനാവശ്യം? ഞാനവിടേക്ക് എത്തിക്കാം.

അവന്റെ വാക്കുകള്‍ കേട്ട് അയാളൊരു നിമിഷം തറഞ്ഞു നിന്നു പിന്നെ മുന്‍പേ നടക്കാന്‍ തുടങ്ങിയ അവനു പിന്നാലെ അയാളും നടക്കാന്‍ തുടങ്ങി.

ഇവിടൊന്നും വെട്ടോം വെളിച്ചോം ഇല്ലേ? 

ഇരുളിന്റെ കുത്തുന്ന കറുപ്പിനിടയില്‍ എവിടെയോ കാല്‍ തട്ടിയതും അയാള്‍ സ്വയം ചോദിച്ചു.

രാവും പകലും ഒരു പോലുള്ളവര്‍ക്കെന്തിനാണ് സാര്‍ വെളിച്ചം.അവന്‍ ചുണ്ടു കോട്ടി.

തൊട്ടുരുമ്മിയിരിക്കുന്ന ചെങ്കട്ടകള്‍ക്ക് നടുവിലൂടെ നടക്കുമ്പോള്‍ ഇടയിലേതോ ചുവരിനുള്ളില്‍ നിന്നും  ഉയര്‍ന്ന ശ്വാസോച്ഛ്വാസങ്ങളില്‍ അയാളുടെ ഉച്ഛ്വാസത്തിനും വേഗത കൂടി,തിങ്ങി ഞെരുങ്ങിയ മുറിയിലെന്നപോലെ അയാള്‍ക്ക് ശ്വാസം മുട്ടാന്‍ തുടങ്ങി.

കുറേ നേരമായല്ലോ ഇപ്പഴെങ്ങാനും എത്തുമോ അതോ വേറെ എന്തെങ്കിലും മനസില്‍ വച്ചിട്ടുണ്ടോ?അയാള്‍ സംശയിച്ചു.

സാറ് പേടിക്കാതെ വാ... ഇനി അധികദൂരമില്ല.

പറഞ്ഞു കൊണ്ട് മുന്നിലെ ഓവുചാല്‍ ചാടിക്കടന്ന് അവന്റെ നിഴല്‍ ഒഴിഞ്ഞ ഒരു കുടിലിനെ ലക്ഷ്യമാക്കി നീങ്ങി.

അല്‍പ്പദൂരം ചെന്നതും കുമ്മായമടര്‍ന്ന് തൂങ്ങിയ ഒരു വാതിലിനു മുന്നില്‍ അവന്‍ നിന്നു.

ഇതാണ് സാര്‍ അന്വേഷിക്കുന്ന സ്ഥലം. 

ഛോട്ടീ...... വാതില്‍ തുറക്ക്....

അവനാ വാതിലില്‍ തട്ടി വിളിച്ചു.

തുരുമ്പിച്ച വാതിലിന്റെ കരകര ശബ്ദത്തോടൊപ്പം എല്ലിച്ച ശരീരം പുറത്തേക്കു വന്നു. അവരുടെ മുഷിഞ്ഞ സാരി തുമ്പില്‍ മുഖമൊളിപ്പിച്ച് മറ്റൊരു നിഴല്‍ കൂടി ഉണ്ടായിരുന്നു.

ഛോട്ടി.... വിശക്കുന്നുണ്ടോ?. ഭയ്യ ഇപ്പോ തന്നെ റൊട്ടി കൊണ്ടുത്തരാം കേട്ടോ... അവനവളുടെ നെറുകില്‍ തലോടി.

ഈ സാറ് കാശ് തരാമെന്ന് പറഞ്ഞിട്ടുണ്ട്.

സാറേ.... അകത്തേക്ക് പൊക്കോ..

അവന്‍ ചിരിച്ചു.

അയാളാ എല്ലിച്ച രൂപത്തെ നോക്കി നിന്നു.

ഇത്...?? സംശയത്തോടെയുള്ള ചോദ്യം കേട്ട് അവന്‍  വീണ്ടും ചിരിച്ചു.

സാറല്ലേ പറഞ്ഞത് ഏറ്റവും സുന്ദരിയായവളെ കാണിച്ചു തരാന്‍... ദാ..... ഈ തെരുവിലെ ഏറ്റവും സുന്ദരിയായവള്‍.... ഇവരാണ്.. 'ദേവ്മാ'

എന്റെ അമ്മ.

ആരോ അഴുക്കുചാലില്‍ വലിച്ചെറിഞ്ഞു പോയ എന്നെ നായ്ക്കള്‍ക്കു കൊടുക്കാതെ സ്വന്തം ചോരയൂറ്റിത്തന്ന് വളര്‍ത്തിയ എന്റെ അമ്മ.എന്റെ കണ്ണില്‍ സ്വന്തം അമ്മയേക്കാള്‍ സൗന്ദര്യമുള്ള മറ്റൊന്നുമില്ല.പിന്നെ സാറ് പറഞ്ഞില്ലേ... മനുഷ്യന് ശമിപ്പിക്കാന്‍ കഴിയാത്ത വികാരം ഒന്നേയുള്ളൂ എന്ന്,ശരിയാണ്.പക്ഷേ ഞങ്ങള്‍ക്കത് വിശപ്പാണെന്ന് മാത്രം..സാറ് പറഞ്ഞ പോലെ ആ വികാരത്തിന്റെ ശമനത്തിന് വേണ്ടിയാ പലരും നെഞ്ചില്‍ നീറ്റുന്ന മുറിപ്പാടുണ്ടാക്കി സ്വന്തം കൂടപ്പിറപ്പിനേയും അമ്മയേയും വിലപേശുന്നത്..സാറെനിക്ക് നീട്ടിയ നൂറിന്റെ നോട്ടിന് ഞങ്ങളുടെ രണ്ടു ദിവസത്തെ വിശപ്പിന്റെ വിലയുണ്ട്..

അവന്റെ ചിതറിയ ശബ്ദത്തില്‍ കണ്ണീരിന്റെ ഉപ്പ് ചുവച്ചത് അയാളറിയുന്നുണ്ടായിരുന്നു.

കൈയില്‍ ചുരുട്ടിപ്പിടിച്ച നൂറിന്റെ നോട്ട് ഊര്‍ന്നുവീണതറിഞ്ഞിട്ടും അയാളൊരു നിമിഷം അതേ നില്‍പ്പ് തുടര്‍ന്നു,ഒട്ടിയ വയറിന്റെ മുഴക്കത്തില്‍ അയാള്‍ക്ക് തന്റെ ബാല്യമോര്‍മ്മ വന്നു.അതിലെപ്പഴോ വെളിച്ചെണ്ണ പുരണ്ട ചോറുരുളയുടെ മണം ചുറ്റും നിറയുന്നതറിഞ്ഞ് അയാള്‍ കാലുകള്‍ നീട്ടി വലിച്ചു നടന്നു.അങ്ങ് ദൂരെ നാട്ടില്‍ ഏറ്റവും സുന്ദരിയായവളുടെ അരികിലേക്ക്.