ആദ്യമഴ!!

രാത്രിക്ക് കട്ടി കൂടി വന്നു, കടകളുടെ ഷട്ടറുകൾ ഓരോന്നായി താഴ്ന്ന് തുടങ്ങി, വഴിയോര കച്ചവടക്കാർ മഴയെ ശപിച്ച് അവരുടെ ഭാണ്ഡങ്ങൾ മുറുക്കി മടക്കയാത്രക്ക് തയ്യാറെടുക്കുന്നു.

ആദ്യമഴ!!

രാജൻ കിണറ്റിങ്കര

മുംബൈയിലും പരിസരങ്ങളിലും ഈ വേനലിലെ ആദ്യ മഴ പെയ്തു ഇന്നലെ സന്ധ്യക്ക്.  ആകാശം രാവിലെ മുതൽ മേഘാവൃതമായിരുന്നു. എന്നിട്ടും ആരും കുടയെടുക്കാതെയാണ് പുറത്തിറങ്ങിയതും ജോലിക്ക് പോയതും .  തലയിൽ ചക്ക വീഴുന്നത് കണ്ടാലും അത് വഴിമാറിപ്പോകും എന്ന് അവസാന നിമിഷം വരെ പ്രതീക്ഷികുന്ന മുംബൈ വാസികളുടെ ശുഭാപ്തി വിശ്വാസത്തിന് പക്ഷെ പ്രകൃതി കൂട്ടുനിൽക്കാറില്ല.  അവിചാരിതമായ മഴയും തണുപ്പും ഇടിയും മിന്നലും കൊണ്ട് അത് നഗരവാസികളിൽ സംഭ്രമം സൃഷ്ടിക്കും.

ട്രെയിനിറങ്ങിയ ആളുകൾ റെയിൻവേ ഓവർ ബ്രിഡ്ജിന് മുകളിൽ മഴ തോരാൻ കാത്ത് നിന്നു.  മഴ തുടങ്ങിയാൽ പിന്നെ റിക്ഷകളും സ്റ്റാൻ്റിൽ നിന്ന് അപ്രത്യക്ഷമാകും. കാരണം നടന് പോയിരുന്നവരൊക്കെ റിക്ഷയിലേക്ക് താൽകാലികമായി യാത്ര മാറ്റും.  അല്ലെങ്കിൽ വീടെത്തുമ്പോൾ ചെളിവെള്ളം തെറിച്ച് പാൻ്റ്സിൽ മുട്ടുവരെ മോഡേൺ ആർട്ടുകൾ കൊത്തിവച്ചിട്ടുണ്ടാകും.

മഴയ്ക്കൊപ്പം വീശുന്ന തണുത്ത കാറ്റിൽ നഗരത്തിൻ്റെ വേനൽച്ചൂടിന് അൽപ്പം ആശ്വാസം.  തലയിൽ കൈ വച്ച് കോരിച്ചൊരിയുന്ന മഴയിൽ കുതിർന്ന്  ചിലർ ലക്ഷ്യത്തിലേക്ക് നടക്കുന്നു.  ഒരു കൈപ്പടത്തിന് ഒരു മഴയെ തടുക്കാനുള്ള കെൽപ്പില്ല എന്നറിഞ്ഞിട്ടും വെറുതെ ഒരു വിശ്വാസം.  രാവിലെ പോയാൽ വൈകീട്ട് വീടെത്താം,  ട്രെയിനെത്തും മുന്നെ ട്രാക്ക് മുറിച്ച് കടക്കാം, ബോണസ് കിട്ടിയാൽ ലോണടക്കാം, എല്ലാം മഹാനഗരത്തിൻ്റെ പാഴ് വിശ്വാസങ്ങൾ മാത്രമാണ് എന്നറിഞ്ഞിട്ടും മുടങ്ങാതെ തുടരുന്ന ആചാരങ്ങൾ.

വഴിയോര കച്ചവടക്കാർ തങ്ങളുടെ സാധനങ്ങൾ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി മഴയിൽ കുതിർന്ന് നിൽക്കുന്നു. അവർക്ക് അവരേക്കാൾ പ്രിയപ്പെട്ടതാണ് വിൽപ്പനക്ക് വച്ച സാധനങ്ങൾ, സ്വയം നനഞ്ഞാലും സാധനങൾ കേടുവന്നുകൂടാ.  ഒരു കുടുംബത്തിൻ്റെ അന്നവും പ്രതീക്ഷയും സ്വപ്നങ്ങളുമാണ് മഴത്തുള്ളികളുടെ നഗരതാളം ചെവിയോർത്ത്  പ്ലാസ്റ്റിക് ഷീറ്റിനടിയിൽ തണുത്ത് വിറച്ച്  കിടക്കുന്നത്.

ഇരുൾ വീണ ആകാശത്ത് നനഞ്ഞ ചിറകുമായ് കൂട്ടം തെറ്റിയ ഒരു രാപക്ഷി കരഞ്ഞു കൊണ്ട് പറന്നകലുന്നു.  നനഞ്ഞ ചിറകുകൾ കോതിയൊതുക്കാൻ ഏതോ മരച്ചില്ലയിൽ ഉറങ്ങാതെ കാത്തിരിക്കുന്ന തൻ്റെ ഇണയെ തേടി. നീർച്ചാലുകൾ ജലരാഗങ്ങൾ തീർത്ത വഴിയോരങ്ങളിൽ കരിയിലകൾ ഒഴുകി നടന്നു.  ആദ്യമഴയുടെ പ്രണയ നോവിലേക്ക് വഴിയറിയാതെ തുഴയില്ലാത്ത യാത്രകൾ.

രാത്രിക്ക് കട്ടി കൂടി വന്നു, കടകളുടെ ഷട്ടറുകൾ ഓരോന്നായി താഴ്ന്ന് തുടങ്ങി,  വഴിയോര കച്ചവടക്കാർ മഴയെ ശപിച്ച് അവരുടെ ഭാണ്ഡങ്ങൾ മുറുക്കി മടക്കയാത്രക്ക് തയ്യാറെടുക്കുന്നു.  മഴയുടെ നോവറിയാത്ത  ഒരു കുഞ്ഞ് രാവിലെ പടിയിറങ്ങിയ അച്ഛൻ്റെ വരവും കാത്ത് ഏതോ കുടിലിൽ വഴിക്കണ്ണുമായി ഇരിപ്പുണ്ട്.   

മഴയൽപ്പം ശമിച്ചിരിക്കുന്നു, നനഞ്ഞ വഴികളിലേക്ക്  പ്രതീക്ഷകളുടെ വർണ്ണക്കുടയുമായി ഞാനും പടിയിറങ്ങട്ടെ.   ബാല്യം തട്ടിത്തെറിപ്പിച്ച ഗ്രാമവഴികളിലെ കറുകപ്പുല്ലിലെ ജലകണങ്ങൾക്ക് ഓർമ്മകൾ കുട ചൂടട്ടെ. ആദ്യമഴയിൽ കിളിർത്ത മഷിത്തണ്ടിനാൽ അലങ്കോലമായ മനസ്സിലെ അക്ഷരത്തെറ്റുകൾ മായ്ച്ചു കളയട്ടെ !!