റേഡിയോയും ഞാനും

ലോക റേഡിയോ ദിനത്തോട് അനുബന്ധിച്ച് ഇന്ദുമാരാത്ത് എഴുതി റേഡിയോ അനുഭവം

റേഡിയോയും ഞാനും

ഇന്ദു മാരാത്ത്

ചെറുപ്പത്തില്‍ വീട്ടില്‍ ഉണ്ടായിരുന്നത് കറണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഉമ്മറത്ത് മേശപ്പുറത്തെ വലിയൊരു റേഡിയോയാണ്.യുവവാണിയില്‍ പാലക്കാട് കുഴല്‍മന്ദത്തെ അയല്‍പക്കത്തെ എന്റെട്ടന്റെ കൂട്ടുകാരനായ ശെല്‍വേട്ടനെഴുതുന്ന കത്ത് വായന കേള്‍ക്കാനായി എല്ലാരും റേഡിയോ ഓണാക്കിയിരിക്കും.ആദ്യം പ്ലഗ് കുത്തി സ്വിച്ചിട്ടാല്‍ ര്‍ര്‍ ന്നൊരു ശബ്ദമാവും കേള്‍ക്കുക. അച്ഛന്‍ ആ റേഡിയോക്ക് മുകളില്‍ ഏഴെട്ട് ഇടിയിടിക്കും,ഹാര്‍ട്ട് പേഷ്യന്റെ നെഞ്ചില്‍ ഡോക്ടര്‍ടെ പ്രയോഗംപോലെ.അപ്പഴതൊന്ന് ഉറങ്ങിയെണീറ്റവര്‍ കോട്ടുവായിടും മട്ടില്‍ നീണ്ടൊരു ശബ്ദണ്ടാക്കും.. പിന്നെയേ അതിലെ ചേട്ടന്റെയും ചേച്ചിടെയും വര്‍ത്തമാനങ്ങള്‍ തുടങ്ങുള്ളൂ.

 

എന്തായാലും'ശെല്‍വന്‍ കുഴല്‍മന്തത്തിന്റെ കത്ത് ' എന്ന് കേക്കുമ്പോ സന്തോഷപുളകവും ഒപ്പം മന്ദത്തിനെ മന്തനാക്കിയ കുഞ്ഞിവിഷമവും തോന്നും..

 

പിന്നെ ലളിതഗാനം, ചെറുകഥ, കഥാപ്രസംഗം, കണ്ടതും കേട്ടതും,ചലച്ചിത്ര ശബ്ദരേഖകള്‍, ബാലലോകം, തുടങ്ങിയവയെല്ലാം കേള്‍ക്കാന്‍ താല്പര്യമായി.പക്ഷേ റേഡിയോടെ സ്റ്റാര്‍ട്ടിങ് ട്രബിള്‍ കാരണം തുണ്ടും പൊട്ടുമായി മാത്രാവുമ്പോ ആസ്വാദനം കഷ്ടത്തിലായി.. എന്നാലും അച്ഛന്‍ തല്ലിയനുസരിപ്പിച്ച് സുഭാഷിതം,വയലും വീടും,പ്രാദേശിക - കാര്‍ഷിക വാര്‍ത്തകള്‍, ശാസ്ത്രീയ സംഗീതക്കച്ചേരികള്‍ തുടങ്ങിയവ കേള്‍ക്കും.. ഇടക്ക് കറണ്ട് പോയാല്‍ ദേഷ്യംഞങ്ങളോടാവും, നല്ലതൊന്നും കേള്‍ക്കാനിഷ്ടമില്ലെന്ന് പറഞ്ഞ്..

പിന്നീട് അഞ്ചിലെത്തിയപ്പോഴാണ് വലിയേട്ടന്‍ ഗള്‍ഫില്‍ നിന്നും ലീവില്‍ വന്നപ്പോള്‍ ട്രാന്‍സിസ്റ്റര്‍ വേണം ന്ന ശാഠ്യത്തിന് പരിഹാരായത് .മര്‍ഫി ന്നാ തോന്നുന്നു പേരതിന്റെ..

പാഛ പുസ്തകവും ഒപ്പം ചലച്ചിത്രഗാനങ്ങളും.അതിന് ന്യായം ഇന്ന പാട്ടു കേക്കുമ്പോ ഇന്നത് പഠിച്ചൂന്ന് ഓര്‍മിണ്ടാവും എന്നും ..!എന്നും ചീത്ത കേക്കലായിരുന്നു ട്രാന്‍സിസ്റ്റര്‍ പാട്ടഡിക്ഷന് ..

നാടകോത്സവം തുടങ്ങിയാല്‍ പറയുകയും വേണ്ട. അങ്ങനങ്ങനെ കുറെയുണ്ട് അവസാനിക്കാത്ത റേഡിയോ ഓര്‍മകള്‍...

5 മക്കളില്‍ ഇളയതയിരുന്നു ഞാന്‍.ചെറ്യേട്ടനേക്കാള്‍ 11 വയസിന് താഴെയും..

ഓര്‍മ വെക്കുമ്പഴക്കും അവരൊക്കെ ജോലിയായി ഓരോ സ്ഥലങ്ങളിലേക്ക് പോയി.വീട്ടില്‍ അമ്മയുമച്ചനും ഞാനും മാത്രം..കറണ്ട് റേഡിയോ പുരാവസ്തു പോലായീ.. അപ്പഴാ ഏട്ടന്‍ കുഞ്ഞു ട്രാന്‍സിസ്റ്റര്‍ വാങ്ങിത്തരുന്നത്..ഇത്ര നല്ലൊരു കൂട്ട് ജീവിതത്തില്‍ വേറെ കിട്ടീട്ടില്ലാ.. ആരുമില്ലാത്ത യവസ്ഥയില്‍ കുറെപ്പേര്‍ കൂടെയുള്ള ഫലമാണത്- ബലമാണത്..

വന്ദേമാതരം...... എന്ന റേഡിയോ സ്റ്റേഷന്‍ തുറക്കുന്ന ഈണത്തിന്റെ ആകര്‍ഷണീയത മനസില്‍ മയില്‍ പീലിവിടര്‍ത്തും പോലെയാണ്.വലിയൊരു ലേഖനമായിത്തന്നെ റേഡിയോ അനുഭവങ്ങള്‍ എഴുതാനുണ്ട്...

ഓര്‍മവെച്ച തൊട്ട് കേക്കുന്ന എത്രയോ ആകാശവാണി പരിപാടികള്‍ സമയം മാറ്റിയാലും അതേ പാറ്റേണില്‍ 43 വര്‍ഷം കഴിഞ്ഞും കേള്‍ക്കുമ്പഴും പുതുമ മായുന്നില്ല ..

സുഭാഷിതം, കാവ്യാഞ്ജലി,ലളിതസംഗീത പാഛീ,വയലുംവീടും, യുവവാണി, വനിതാവേദി

ബാലമണ്ഡലം ലരേ...രാവിലെ 7.30നുള്ള വാര്‍ത്തകള്‍ക്ക് ശേഷം 7.35 മുതല്‍ 7.53 വരെയുള്ള ചലച്ചിത്രഗാനങ്ങള്‍ കഴിയുന്നതും മുടങ്ങാതെ കേള്‍ക്കും.

സ്‌കൂളില്‍ പോവുമ്പോള്‍ ആ പാട്ടുനേരത്താണ് അമ്മ ദോശയോ ഇഡലിയോ പൊട്ടിച്ചുവായില്‍ തരുന്നത്.അതുകഴിഞ്ഞ് 8 മണിക്ക് വീട്ടില്‍ നിന്ന് ഒറ്റയോട്ടമാണ് പത്താം ക്ലാസ് വരെയും സ്‌കൂളിലേക്ക് .. 

പിന്നെ കോളേജില്‍ പോവുമ്പഴക്കും അമ്മയില്ല,പകരം അമ്മയുടെ ട്രാന്‍സിസ്റ്റര്‍ പാട്ടിനൊപ്പം ഏടത്തിയമ്മമാര്‍ ആരെങ്കിലുമാണ് പ്രാതലൂട്ടല്‍.കൃത്യം 8 ന് എസ് പി ട്രാവല്‍സ് എത്തുമ്പോഴെക്കും സ്‌കൂളിലെ പോലെ അതേ ഓട്ടം തന്നെ മന്ദം ബസ്സ്‌റ്റോപ്പിലേക്കും.അങ്ങനെ 5 വര്‍ഷങള്‍.

കല്യാണപ്പെട്ടിയില്‍ ഏട്ടന്‍ ഗിഫ്റ്റായി തന്ന ടേപ്‌റിക്കാര്‍ഡര്‍ വിത്ത് റേഡിയോ 16 വര്‍ഷത്തോളം ഉപയോഗിച്ചു.അവിടെ അച്ഛനും റേഡിയോ ആരാധകനായതാണ് എന്റെ ഭാഗ്യം..പാട്ടിന്റെ ഇടക്ക് പരസ്യങ്ങള്‍ വരുന്നതായിരുന്നു അച്ഛനിഷ്ടമില്ലാതിരുന്നത്. 

അച്ഛന്റെ റേഡിയോയുടെ അവകാശി പിന്നെ ഞാനായി. 

ഇപ്പോഴുള്ള ട്രാന്‍സിസ്റ്ററും ഒരു ഫ്രണ്ടിന്റെ സമ്മാനമാണ്.ത്രിശൂര്‍ ആകാശവാണി മാത്രം ട്യൂണ്‍ ചെയതു വെച്ചിരിക്കുകയാണ്..തകരാറായതു കൊണ്ട് ബാന്റും നീഡിലും മാറ്റിയാല്‍ പിന്നെ ആള്‍ മിണ്ടാതാവും..കൊറോണ ലോക് ഡൗണ്‍ ആകാശവാണിയില്‍ കാലങ്ങളായി കൃത്യസമയ പ്രക്ഷേപണങ്ങളായ പരിപാടികള്‍ ചിലതിലൊക്കെ മാറ്റങ്ങളുണ്ടായി.