ചോര മണക്കുന്ന ബാല്യം
ഭക്ഷണം കഴിക്കണ സമയമാകുമ്പോഴേക്കും മിക്ക ദിവസങ്ങളിലും കലഹം ആരംഭിക്കും.മക്കളും ഞാനും കഴിക്കാതെ കിടക്കും.ചില ദിവസങ്ങളില്‍ ഭക്ഷണവും മടിയില്‍ വച്ച് കണ്ണുനീര്‍ വാര്‍ത്ത് ആ കണ്ണുനീര്‍ കലര്‍ന്ന കഞ്ഞി ഒരുപാട് കുടിച്ചിട്ടുണ്ട്.
സിന്ധു ജോര്‍ജ്, മൈലക്കൊമ്പ്.
ഞാന്‍ ഓരോന്ന് എഴുതുമ്പോളും വിചാരിക്കും ഇ ന്നെങ്കിലും സന്തോഷ മുള്ളതോ,അല്ലെങ്കില്‍ എനിക്ക് സന്തോഷം തന്നിട്ടുള്ളതോ ആയ എന്തിനെ ക്കു റിച്ചെങ്കിലും എഴുതണമെന്ന്.പക്ഷെ എത്ര ശ്രമിച്ചിട്ടും എന്റെ ജീവിതത്തില്‍ അങ്ങനെ ഒരു ഓര്‍മ്മ, അല്ലെങ്കില്‍ അനുഭവം എനിക്ക് ഓര്‍ത്തെടുക്കാന്‍ സാധിച്ചിട്ടില്ല.
ഇന്ന് നമ്മള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന കാര്യം ജന്മം നല്‍കിയവര്‍ തന്നെ മക്കളെ കൊലക്കത്തിക്കിരയാക്കുന്നു എന്നതാണ്.പക്ഷെ അതിന്റെ യൊക്കെ പിന്നാമ്പുറങ്ങളിലേക്ക് കാരണമന്വേഷി ച്ചാല്‍ നമുക്ക് കിട്ടുന്നതോ,ഒരു സംസാരം കൊണ്ടോ,നമ്മുടെ വീണ്ടു വിചാരം കൊണ്ടോ തീരാവുന്ന പ്രശ്‌നത്തിനാണ് മനുഷ്യന്‍ ഈ കടും കൈ ചെയ്യുന്നതെന്നാണ്.ഇപ്പോള്‍ ആരോട് കാരണം ചോദിച്ചാലും ഒറ്റ ഉത്തരമേയുള്ളു കുടുംബപ്രശനം.ഈ പ്രശ്‌നത്തിന്റെയൊന്നും കാരണക്കാര്‍ നമ്മുടെ മക്കള്‍ അല്ലെന്നുള്ള സത്യം നാം തിരിച്ച റിയണം.
ഇനി ഞാന്‍ എന്നെക്കുറിച്ച് പറയാം,ഇരുപത്തി എട്ടു വര്‍ഷത്തെ ദാമ്പത്യത്തേക്കുറിച്ച് ഓര്‍ത്താല്‍ ഉമിത്തിയില്‍ ചവിട്ടി നില്‍ക്കുന്ന അനുഭവമാണ്.ഞാനും കുഞ്ഞുങ്ങളും അനുഭവിച്ച യാതനകള്‍ ഇപ്പോഴും അനുവാദം കൂടാതെ കടന്നു വരും.സത്യം പറഞ്ഞാല്‍ ആ സമയം എന്റെ ഹൃദയമിടിപ്പ് കൂടും എന്തോ വെപ്രാളവും,വേദനയും,ഞാനറിയാതെ എന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ കുതിച്ചൊഴുകും.
ഇടയ്ക്കിടയ്ക്ക് ഞാന്‍ പുറകോട്ടു തിരിഞ്ഞു നോക്കും.ഞാനും കുഞ്ഞുങ്ങളും ഇപ്പോഴും ജീവിച്ചിരിക്കുന്ന തു തന്നെ എനിക്ക് അത്ഭുതമാണ്.കാരണം എന്റെ ദൈവത്തിന്റെ അനുഗ്രഹത്താലാണ് ഇന്നും ജീവിച്ചിരിക്കുന്നത്.പതിനാറ് വയസ്സില്‍ തുടങ്ങിയ ദാമ്പത്യം,അന്നുമുതല്‍ ചിരിക്കാന്‍ മറന്നു,ബന്ധുക്കളെ മറന്നു,സ്‌നേഹിതരെ മറന്നു ജീവിക്കാന്‍ മറന്നു.
പക്ഷെ എന്റെ കര്‍ത്തവ്യം ഞാന്‍ മറന്നില്ല.എന്റെ വേദനകള്‍ ക്കിടയിലും ഞാന്‍ ഒരു നല്ല ഭാര്യയായിരിക്കണമെന്നും നല്ല അമ്മയായിരിക്കണമെന്നും എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.എന്റെ ജീവിതത്തില്‍ കലഹമില്ലാത്ത ഒരു രാത്രി പോലും ഉണ്ടായിട്ടില്ല.ഒരു വഴക്ക് കഴിയുമ്പോള്‍ തമ്പുരാനോട് പ്രാര്‍ത്ഥിക്കും പേടി കൂടാതെ ഇന്നെങ്കിലും ഉറങ്ങാന്‍ സാധിക്കണേന്ന്.പക്ഷെ കഴിഞ്ഞതിനേക്കാള്‍ പതിന്‍ മടങ്ങ് ആയിരിക്കും അന്നത്തെ കോലാഹലങ്ങള്‍.രാത്രി മുതല്‍ നേരം വെളുക്കുന്നതു വരെ ശാരീരിക ഉപദ്രവം ഏറ്റിട്ടുണ്ട്.
അപ്പോഴും എനിക്ക് വേദനിച്ചിട്ടില്ല. പക്ഷെ എന്റെ കുഞ്ഞുങ്ങളുടെ നിസ്സഹായത എന്നെ വല്ലാതെ വേദനിപ്പിച്ചു ഞാന്‍ സ്വയം തിരഞ്ഞെടുത്ത ഒരു ജീവിതം മൂലമാണല്ലോ എന്റെ കുഞ്ഞുങ്ങള്‍ സങ്കടപ്പെട്ടതെന്ന് ഇന്നും ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹൃദയത്തിലൊരു വിങ്ങല്‍ ആണ്.എന്റെ കുഞ്ഞുങ്ങളുടെ ബാല്യകാലത്തിലേക്കു ഞാന്‍ ഇടക്ക് തിരിച്ചു പോകും.വലിയ ബഹളത്തിനിടയില്‍ പേടിച്ചു ഭയന്ന് കൈകോര്‍ത്തു കെട്ടിപ്പിടിച്ചു നില്‍ക്കുന്ന രണ്ടു മാലാഖ കുഞ്ഞുങ്ങളെ.എന്റെ കുഞ്ഞുങ്ങളുടെ മുഖത്തു കണ്ട ദൈന്യതയെ ക്കുറിച്ച് ഇന്ന് ഞാനോര്‍ക്കുമ്പോള്‍ ഹൃദയം നുറിങ്ങി പോകുന്ന വേദനയാണ്.മരണ ഭയത്താ ല്‍ എന്റെ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ച് ഉറങ്ങാതെയിരുന്ന എത്രയോ രാത്രികള്‍ കടന്നു പോയിരിക്കുന്നു.
അതു പോലെ തന്നെ ഭക്ഷണത്തിന്റെ വില ഞാന്‍ ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്. കാരണം രുചികരമായ ഭക്ഷണം ഉണ്ടാക്കിവച്ചിട്ടു പട്ടിണി കിടന്ന ഒരു പാടു രാത്രികളും ദിവസങ്ങളും ഞങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്.ഭക്ഷണം കഴിക്കണ സമയമാകുമ്പോഴേക്കും മിക്ക ദിവസങ്ങളിലും കലഹം ആരംഭിക്കും.മക്കളും ഞാനും കഴിക്കാതെ കിടക്കും.ചില ദിവസങ്ങളില്‍ ഭക്ഷണവും മടിയില്‍ വച്ച് കണ്ണുനീര്‍ വാര്‍ത്ത് ആ കണ്ണുനീര്‍ കലര്‍ന്ന കഞ്ഞി ഒരുപാട് കുടിച്ചിട്ടുണ്ട്.
പലവട്ടം മരണത്തെക്കുറിച്ച് ഞാനും ചിന്തിച്ചിട്ടുണ്ട്. പക്ഷെ അതില്‍ നിന്ന് എന്റെ മക്കളെ ഞാന്‍ ഒരു ഭാഗത്തേക്ക് മാറ്റി നിര്‍ത്തും.കാരണം അന്നും ഇന്നും എത്ര കഠിന പരീക്ഷണങ്ങളായിരുന്നാലും എന്റേ മക്കള്‍ വേദനിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നില്ല.എന്റെ മരണത്താല്‍ അവര്‍ക്കുണ്ടാകുന്ന അനാഥത്വം എന്നെ പേടിപ്പെടുത്തി.
എന്റെ മക്കള്‍ദൈവത്തിന്റെ ദാനമാണെന്നും എനിക്ക് അവരെ കൊല്ലാന്‍ അവകാശമില്ലന്നും അവര്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹതയുണ്ടെന്നുള്ള സത്യം തിരിച്ചറിഞ്ഞു.ഒരുപാടു പ്രാവശ്യം എന്റെ തമ്പുരാനോട് പരാതിപ്പെട്ടിട്ടുണ്ട്.പിന്നെ പിന്നെ ഞാന്‍ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു, തമ്പുരാന് ഏറ്റവും ഇഷ്ടമുള്ളവര്‍ക്കേ ഇതുപോലെ കഷ്ടപ്പാടും ദുരിതവും നല്‍കുകയുള്ളുവെന്നും, എനിക്കായ് എന്റെ തമ്പുരാന്‍ ഒരു നല്ലതു കാത്തുവച്ചിട്ടുണ്ടെന്നുള്ള വലിയ സത്യം.ആ ദൈവത്തിന്റെ ഒറ്റ അനുഗ്രഹത്താലാണ് വീണുപോകാതെ പിടിച്ച് നില്‍ക്കുന്നത്.
എന്തായാലും നമ്മുടെ ജീവിതത്തില്‍ ഉചിതമായ ഒരു തീരുമാനമെടുക്കാന്‍ വൈകരുത്.നമ്മുടെ സ്വാര്‍ത്ഥതക്കു വേണ്ടി സ്വന്തം മക്കളെ എങ്ങനെ ഒഴിവാക്കാം എന്നതിനെ ക്കുറിച്ച് പി. എ ച്ച്. ഡി എടുക്കുന്ന മാതാപിതാക്കളെയാണ് ഇന്നത്തെ സമൂഹത്തില്‍ കൂടുതല്‍ കണ്ടു വരുന്നത്.
മാതാപിതാക്കളോടൊരു വാക്ക്,
നമ്മുടെ കുഞ്ഞുങ്ങളെ കൊലക്കത്തിക്കിരയാക്കരുത്.കുഞ്ഞുങ്ങളല്ല മറിച്ച് അവര്‍ക്കു ജന്മം നല്‍കിയ നാം തന്നെയാണ് തെറ്റെന്നു ള്ള സത്യം നാം ഓരോരുത്തരും തിരിച്ചറിയുക.ആ തിരിച്ചറിവ് നമ്മളിലുണ്ടാകുമ്പോള്‍ ഇത്രയും വലിയൊരു പാതകം ചെയ്യാന്‍ നമ്മള്‍ തുനിയുകയില്ല






