കാണാതെ പോയ പുസ്തകം

കാലു വെന്ത നായെപ്പോലെ അയാൾ അകത്തെല്ലാം ചുറ്റി നടന്നു. അലമാരയിലെ സാധനങ്ങളൊക്കെ ഒതുക്കുകയാണെന്ന മട്ടിൽ അരിച്ചു പെറുക്കി.ഷോക്കേയ് സും വൃത്തിയാക്കി. ഒരു കാര്യവും ഉണ്ടായില്ല. എന്നാലും അത് എവിടെ പോയി.....

കാണാതെ പോയ പുസ്തകം

യശോദ മുരളി അവണൂർ

 കുറെ നേരമായി അയാൾ അത് തിരയുന്നു. എവിടെയും കാണുന്നില്ല. ഭാര്യയുടെ സ്വകാര്യ സ്വത്താണ് ആ പുസ്തകം. അടുക്കളയിൽ പൊരിഞ്ഞ പണിയിലാണ് അവൾ. ഈയിടെ കല്യാണം കഴിഞ്ഞ പെങ്ങളുടെ മകനെയും, ഭാര്യയെയും ഉച്ചക്ക് വിരുന്നിനു  വിളിച്ചിട്ടുണ്ട്.  സാധാരണയായി അത് അടുക്കളയിലെ റേഡിയോ സ്റ്റാൻഡിൽ ആണ് വയ്ക്കാറ്.  കൂടെ ഒരു പേനയോ,  പെൻസിലോ ഉണ്ടാവും.അവൾ ആകാശവാണിയുടെ ആരാധിക ആയതു കൊണ്ട് എന്തെങ്കിലും പ്രത്യേകമായി കേട്ടാൽ എഴുതാൻ ഉള്ളതാണ് ആ ബുക്ക്. അതാര് എടുത്തു കൊണ്ടുപോയി.? ചോദിക്കാം എന്നുവെച്ചാൽ അവളെന്നെ കടിച്ചുകീറും.!!! അല്ലെങ്കിൽ തന്നെ ഒരു കാര്യത്തിനും അവളെ താൻ സഹായിക്കില്ല എന്നും പറഞ്ഞുള്ള പരിഭവം പണ്ടേയുണ്ട്.

   എന്നാലും ഒന്നുമറിയാത്ത പോലെ അടുക്കളയിൽ കടന്ന് അയാൾ അവിടെയും ഇവിടെയുമൊക്കെ തപ്പി. 

  " എന്താ മനുഷ്യാ...നി ങ്ങൾക്ക് കാണാതായിരിക്കണെ"?

 പെട്ടെന്ന് തിരിഞ്ഞ ഭാര്യ കലിപ്പോടെ തന്നെ ചോദിച്ചു.

   " നിന്റെ....നിന്റെ ആ പുസ്തകം എവിടേ.,.ഡി..",? 

 അയാൾ വിക്കി, വിക്കി ചോദിച്ചു.

 ചീനച്ചട്ടിയിൽ കടുകിട്ടുകൊണ്ട് ഒരു മറുചോദര്യം അവളും ചോദിച്ചു.

  " ഏതു പുസ്തകം"..?

 " നീയ് പരിപാടികളെ പറ്റി എഴുതാറില്ലേ.....അത്.

" ഉം....അതെന്തിനാപ്പോ നിങ്ങൾക്ക്..?അതും ഈ നേരത്ത്..?ആ പിള്ളേരിപ്പോ വരും! അവിടൊക്കെ ഒന്ന് അടുക്കി പെറുക്കി വെക്ക് എന്റെ മനുഷ്യാ ആദ്യം. ഒരു വരി വായിക്കോ, എഴുതോ ചെയ്യാത്ത ആൾക്ക് ഈ നേരത്തൊരു പൊ സ്തകം തിരച്ചില്.!!!!

 ഇവള് ശരിയാവില്ല.... അയാൾ പല്ല് ഞെരിച്ചു.എന്നാലും.... അത് ആരു കൊണ്ടുപോയി....,,?  അയാൾ തന്നോട് തന്നെ ചോദിച്ചു.

   ആത്മഗതം പുറത്തുവന്നോ ആവോ. മുന്നിലെത്തിയ മോള് പെട്ടെന്ന് ചോദിച്ചു.

" ഏതു പുസ്തകാ അച്ഛാ കാണണ്ടായേ..? 

 ഇനി അവളുടെ വായിലെയും കേൾക്കണം . "ഒന്നൂല്ല്യ..".അയാൾ ഒന്നുറച്ചു പറഞ്ഞു കൊണ്ട് ഉമ്മറത്തേക്ക് നടന്നു. ചാരുകസേരയിൽ ഒരു സെക്കൻഡ് നേരം കിടന്നു. ഇല്ലഅത് കിട്ടിയേ തീരു.! കാലു വെന്ത നായെപ്പോലെ അയാൾ അകത്തെല്ലാം ചുറ്റി നടന്നു. അലമാരയിലെ സാധനങ്ങളൊക്കെ ഒതുക്കുകയാണെന്ന മട്ടിൽ അരിച്ചു പെറുക്കി.ഷോക്കേയ് സും വൃത്തിയാക്കി. ഒരു കാര്യവും ഉണ്ടായില്ല. എന്നാലും അത് എവിടെ പോയി.....

  ഇനി അന്വേഷിക്കാൻ ഒരു സ്ഥലവും ബാക്കിയില്ലെന്ന് ഉറപ്പിച്ച്  അശാന്തമായ മനസ്സോടെ മുറ്റത്തേക്ക് ഇറങ്ങിയ അയാൾക്ക് മുന്നിൽ വന്നു നിന്ന്കൊണ്ട് ഭാര്യ ചോദിച്ചു.

" ഇതാണോ നിങ്ങളു തെരയണ പുസ്തകം"...?

 കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളും വിധം വിടർന്ന മുഖത്തോടെ അയാൾ ആ പുസ്തകം ചാടിപ്പിടിച്ചു. പിന്നെ അത് പകുത്തുകൊണ്ട്  അതിൽനിന്ന് ഇളം ചുവന്ന നിറമുള്ള ഒരു കോഴിത്തൂവൽ പുറത്തെടുത്തു. ആദ്യം അതിനെ അരുമയോടെ ഒന്ന് തലോടി. പിന്നെ ആ തൂവലിന്റെ ഇരുഭാഗത്തുനിന്നും പതുക്കെ കീറിയെറിഞ്ഞു. മുകളിൽ ഒരല്പം മാത്രം നിർത്തിക്കൊണ്ട്. ഒരു നിമിഷം അതിന്റെ ഭംഗി ആസ്വദിച്ചു, പിന്നീട് അതിനെ സാവധാനം തന്റെ ചെവിയിൽ കടത്തി പതുക്കെ കറക്കാൻ തുടങ്ങി. ഏതോ ഒരു ഉന്മാദ വികാരം അയാളുടെ മുഖത്ത് പരന്നു. കണ്ണുകൾ കൂമ്പിയടഞ്ഞു. ഇത്രനേരവും തെരഞ്ഞു നടന്ന ആ പുസ്തകം അയാളുടെ കാൽക്കൽ അനാഥമായി പതിഞ്ഞുകിടന്നു....!!!