വറ്റ്

രചന: ധന്യ ഷംജിത്ത് .പെരുമ്പാവൂര്‍ -കൊഴുക്കാത്ത വെള്ളത്തിന്റെ തുളുമ്പലില്‍ നിറഞ്ഞ പ്ലേറ്റില്‍ വിശപ്പിന്റെ അവസാനവറ്റുംമൂന്ന് കൈകളെയും പ്രതീക്ഷിച്ചിരുന്നു

വറ്റ്

രചന: ധന്യ ഷംജിത്ത് .പെരുമ്പാവൂര്‍

...........................................................................

ചേറിപ്പാറ്റിയ നാഴി പൊടിയരിയ്ക്കു മുന്നിലിരിക്കവേ മിഴികളുടെ നനവില്‍

പ്രതീക്ഷയുടെ രണ്ട് പ്രതിഛായകള്‍ ഉരുണ്ടുകൂടുന്നത് അവള്‍ കാണുന്നുണ്ടായിരുന്നു.കനത്ത നിശബ്ദതയെ മുറിച്ചുകേട്ട വയറിന്റെ പെരുക്കത്തില്‍  കഴുകിയരിച്ച അരി വടിച്ചിട്ട് നെടുവീര്‍പ്പിനാലവള്‍

അടുപ്പിനെയാഞ്ഞൂതി.നുരച്ചുപൊന്തിയ തട്ടിലെ രണ്ടു വറ്റിനേക്കൂടി തിളക്കുന്ന വെള്ളത്തിലേക്കിട്ട് വാര്‍ന്നു കോരി ഒരല്‍പ്പം മുറുക്കമില്ലാത്ത ചോറ്റും പാത്രത്തില്‍ പരത്തി നീട്ടി.

'ദിതിത്തിരി വല്യാമയ്ക്ക് കൊട്‌ത്തേച്ചും വാ, വയ്യാണ്ട് കെടക്കുമ്പഴേലും നാഴിവെള്ളം തൊണ്ടേലെറങ്ങട്ടെ'

ഞങ്ങള്‍ക്കോ എന്ന ശബ്ദമില്ലാത്ത നോട്ടത്തിന് ' വെള്ളുള്ളി ഞരടി വയ്ക്കാ പോയ് വന്ന് കഴിക്കാമെന്ന മറുപടിയില്‍ കാലോടിയതും  പടിയ്ക്കലെ വേലിപ്പത്തലിന്റെ തലപ്പു തട്ടി ചോറ്റുപാത്രം ചിതറി.നെടുനേരത്തില്‍ ഒഴുകിപരന്നതിനെ വലിച്ചുകുടിച്ച് ദാഹമാറ്റിയ മണ്ണിന്റെ വയറ്റില്‍

ദഹിക്കാതെ കിടന്ന വറ്റു നോക്കി നീര്‍ പൊഴിച്ച മിഴികളെ തുടച്ച് 

ഇനിയെന്തെന്ന നാലു നോട്ടത്തിലൊരുവള്‍ പതറിപ്പറഞ്ഞു

ന്റ പങ്ക് വല്യാമയ്ക്ക്  കൊട്ക്കാ ഞാനാ മനയ്ക്കലെ പറമ്പീന്ന് 

മൂവാണ്ടന്‍ തിന്നതാ.

കഴുകിയെടുത്ത ചോറ്റുംപാത്രമിത്തവണ ഒരു കഷ്ണം കടലാസു വച്ചു മുറുക്കാന്‍ അവള്‍ മറന്നില്ല.നിഴലു മറിഞ്ഞ ദൂരം നോക്കി 

ഇറ്റു വീഴാന്‍ മടിച്ച എണ്ണയെ വടിച്ചൊഴിച്ച് ഇത്തിരി മുളകുടച്ച വെള്ളുള്ളി 

വക്കുപൊട്ടിയ പ്ലേറ്റിന്റെ മൂലയില്‍ ഒതുക്കവേ മറ്റൊരുവള്‍ അവളുടെ കാതോരം പറഞ്ഞു,

'ഇച്ചിരി വെള്ളം കൂട്ടിയൊഴിച്ചാ എല്ലാര്ക്കും ഒരുമിച്ച് കഴിക്കാ, 

വല്യാമട ട്ത്ത്ന്ന് ഓളൂടി വന്നോട്ടെ, മൂവാണ്ടനിലപ്പടി പുഴുവരിച്ചത്

ഞാങ്കണ്ടതാ ' 

നീട്ടിയ കൈകളില്‍ നെഞ്ചോരം വീണ തണുപ്പ് അവളറിഞ്ഞു ,

 

കൊഴുക്കാത്ത വെള്ളത്തിന്റെ തുളുമ്പലില്‍ നിറഞ്ഞ 

പ്ലേറ്റില്‍ വിശപ്പിന്റെ അവസാന വറ്റും മൂന്ന് കൈകളെയും

പ്രതീക്ഷിച്ചിരുന്നു