യശോദ മുരളി അവണൂർ

മാധവിക്കുട്ടി... എന്ന സ്വപ്ന സഞ്ചാരിണി.! കഥകൾ ഇഷ്ടപ്പെടുന്ന., കഥകൾ കേൾക്കാൻ നാട്ടുമ്പുറത്തെ അയൽവാസികളുടെയും വാല്യക്കാരുടെയും മുന്നിൽ സ്വപ്നം മയങ്ങുന്ന നക്ഷത്രക്കണ്ണുകൾ മിഴിച്ചുവെച്ച് ആകാംഷകളോടെ ഇരുന്ന നിഷ് കളങ്കയായ കഥാകാരി.! സ്വന്തം കഥ പറഞ്ഞ് ഒരു കടംകഥ പോലെ കൊഴിഞ്ഞുപോയ നീർമാതളപ്പൂവ്!!!
കൽക്കത്തയിൽനിന്ന് നാട്ടിലെത്തുമ്പോൾ മണ്ണിന് നോവുമോ എന്നപോലെ പതിയെ നടന്നുപോവുന്ന ആ സൗന്ദര്യത്തെ കോളാമ്പിപ്പൂക്കൾ നിറഞ്ഞ വേലിപ്പടർപ്പിൽ മറഞ്ഞു നിന്ന് കണ്ട ബാല്യം.. വാഹനമുണ്ടായിട്ടും നടക്കാനായിരുന്നത്രെ അവർക്ക് ഇഷ്ടം. നാലാപ്പട്ടെ ദേഹണ്ഡ ക്കാരനും എന്റെ അയൽക്കാരനുമായ "കലി നാരായണൻ നായർ" പറയും. ഒപ്പമുള്ളവർ അത്രയൊന്നും ഇഷ്ടമില്ലാതെ കൂടെ നടക്കും.
എന്റെ വീട്ടുപടിക്കൽ എത്തിയാൽ അല്പമൊന്ന് തല നീട്ടിനോക്കും. അന്വേഷിക്കുന്നത് അച്ഛനെയാണ്. മിക്കവാറും അച്ഛൻ വീട്ടിൽ അപ്പോൾ ഉണ്ടാവാറില്ല. എന്നാൽ മാധവിക്കുട്ടിയുടെ അച്ഛനും( വി. എം. നായർ )കൂടി വന്ന സമയമാണെങ്കിൽ അച്ഛൻ നാലാപ്പട്ടിൽ പോകും.അല്ലെങ്കിൽ അദ്ദേഹം ഞങ്ങളുടെ വീട്ടിൽ വരും.സർവോദയം എന്നായിരുന്നു അവരുടെ വീടിന്റെ പേര്.ഒരുപ്രാവശ്യം നാട്ടിൽ വന്നപ്പോൾ ഞങ്ങളുടെ സ്കൂളിൽ ( രാമരാജ ) വന്നു. വെളുത്ത വസ്ത്രമുടുത്ത്, നിറയെ ആഭരണങ്ങൾ ധരിച്ച്, സമൃദ്ധമായ തലമുടി അഴിച്ചു പരത്തിയിട്ടുകൊണ്ട്. ഞ ങ്ങൾ കുട്ടികൾ അത്ഭുതത്തോടെ ആ രൂപം നോക്കിനിന്നു.
പിന്നീട് എത്രയോ തവണ പല വേഷത്തിൽ കണ്ടെങ്കിലും ഇന്നും മനസ്സിൽ മായാതെ കിടക്കുന്നത് ആ രൂപമാണ്. കഥകളുടെയും, കവിതകളുടെയും സാഗരങ്ങളിൽ മുങ്ങിപ്പൊങ്ങി. എന്റെ കഥയും കൊണ്ട് പൊങ്ങിയപ്പോൾ നാട്ടുകാരായ പലരുടെയും നെറ്റി ചുളിഞ്ഞു.
അഭിനയം അറിയാത്ത, നുണപറയാനറിയാത്ത., സ്നേഹിക്കുന്നവർക്ക് എന്തും വരിക്കോരിക്കൊടുക്കുന്ന ആ സ്നേഹത്തെ ശരിക്കും ആരെങ്കിലും മനസ്സിലാക്കിയോ എന്തോ..? മുതിർന്നപ്പോൾ.. എന്നിലും അക്ഷരങ്ങൾ നൃത്തം വെച്ച് തുടങ്ങിയപ്പോൾ ആ വരവ് നിന്നിരുന്നു. സർവോദയം പുല്ല് മൂടിക്കിടന്നു. ഞങ്ങൾ ഓടിക്കളിച്ച ആ പറമ്പും, ഇലഞ്ഞിപ്പഴം പെറുക്കിനടന്ന പാമ്പിൻകാവും അനാഥമായി. ഇന്ന്, അവിടെ ചെറുതായി തല ഉയർത്തി നിൽക്കുന്ന ആ സാംസ്കാരിക മണ്ഡപത്തിൽ തന്റെ കട്ടിലും, എഴുത്ത് മേശയും പേനയും. വിവിധ പോസിലുള്ള ഫോട്ടോകളുമായി നീർമാതള ച്ചുവട്ടിൽ തന്റെ ഏകാന്ത ധ്യാനം തുടരുന്നു. ചാർത്തിക്കിട്ടിയ പുതിയ പേരുമായി........