നല്ല വായനാനുഭവം നല്‍കുന്ന വ്യത്യസ്തമായ ആത്മകഥ -ഏകരാഗം
ആരെയും കുറ്റപ്പെടുത്താത്ത ആശേച്ചിയുടെ നിലപാടുകളെ ശരിവച്ച് കൊണ്ട് പല ജീവിതാനുഭവങ്ങളില്‍ നിന്നും ആശേച്ചി വളരെ വിദഗ്ധമായി രക്ഷപ്പെട്ടിരിക്കുന്നു എന്ന് തോന്നുന്നു വായനയില്‍.

രാജന്‍ കിണറ്റിങ്കര
ഏകരാഗം - ആസ്വാദനക്കുറിപ്പ്
പുസ്തകം : ഏകരാഗം
രചന : ആശാലത, ഗായിക, റേഡിയോ അവതാരക
പേജ് : 124
വില : 200
പ്രസാധകര്‍ : ലോഗോസ് ബുക്‌സ്
ജീവിതയാത്രയിൽ ധൈര്യവും പ്രചോദനവും പകരുന്ന ഈ പുസ്തകം സ്വന്തമാക്കാനായി
താഴെയുള്ള ആമസോൺ ലിങ്കിലോ,വാട്സാപ്പ് ലിങ്കിലോ ക്ലിക് ചെയ്ത് ഓർഡർ ചെയ്യുക.
ആമസോൺ ലിങ്ക്
വാട്സാപ്പ് ലിങ്ക്

ആശേച്ചി എന്ന ആശാലതയുടെ ഏകരാഗം വായിച്ചു.പല രാഗങ്ങളുടെ നോവും ചിരിയും സംഗീതവും അഭിമാനവും നിറഞ്ഞ ഏകരാഗം.സാധാരണ ഒരു ആത്മകഥ എഴുതുമ്പോള്‍ അതില്‍ മറ്റുള്ളവരെ നോവിക്കുന്ന ചില കയ്പ്പ് അനുഭവങ്ങള്‍ ഉണ്ടായെന്ന് വരും.പക്ഷെ,ആരെയും കുറ്റപ്പെടുത്താത്ത ആശേച്ചിയുടെ നിലപാടുകളെ ശരിവച്ച് കൊണ്ട് പല ജീവിതാനുഭവങ്ങളില്‍ നിന്നും ആശേച്ചി വളരെ വിദഗ്ധമായി രക്ഷപ്പെട്ടിരിക്കുന്നു എന്ന് തോന്നുന്നു വായനയില്‍.
ചിരി ഒരു അനുഗ്രഹമാണ്,പക്ഷെ സ്വയം ചിരിക്കുമ്പോഴല്ല അത് അനുഗ്രഹമാകുന്നത്.നമ്മുടെ ചിരി മറ്റുള്ളവരെ ചിരിപ്പിക്കുമ്പോഴാണ് നമ്മള്‍ അനുഗ്രഹീതരാകുന്നത്.ആശേച്ചി ചിരിക്കുന്നതൊക്കെയും തനിക്ക് വേണ്ടിയല്ല,മറിച്ച് ചിരിക്കാന്‍ മറന്നവര്‍ക്കു വേണ്ടിയാണ് .
പ്രത്യാശകളാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം.പ്രത്യാശകള്‍ക്ക് പ്രചോദനങ്ങളുടെ കുട ചൂടിക്കുകയാണ് ആശേച്ചി ഏകരാഗം എന്ന ഈ പുസ്തകത്തിലൂടെ.
എല്ലാവരുടേയും ആത്മകഥയുടെ തുടക്കം ജനിച്ച് 10-15 വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും.പക്ഷെ ആശേച്ചിയുടെ ആത്മകഥ തുടങ്ങുന്നത് ഭ്രൂണാവസ്ഥയില്‍ നിന്നാണ്.അത് തന്നെയാണ് ആശേച്ചിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും.
ഒരാത്മകഥ എഴുതണം എന്ന് ആശേച്ചി ഒരിക്കലും ആഗ്രഹിച്ചതല്ലെങ്കിലും അതിനുള്ള ഒരു നിയോഗം കാലം എവിടെയോ എഴുതി വച്ചിരുന്നു എന്ന് വേണം കരുതാന്‍.അല്ലെങ്കില്‍ പുസ്തകത്തിന്റെ താളുകളില്‍ നമ്മള്‍ കാണുന്ന പഴയ ആശേച്ചിയുടെ ചിത്രങ്ങള്‍ നമുക്ക് കാണാന്‍ കഴിയുമായിരുന്നില്ല.
അച്ഛനോടുള്ള അടുപ്പവും സ്‌നേഹവും അച്ഛന്റെ വിയോഗം തീര്‍ത്ത ശൂന്യതയും നമ്മുടെ നെഞ്ചില്‍ ഒരു നെരിപ്പോട് തീര്‍ക്കുന്നുണ്ട്.പിന്നെയുള്ള യാത്രകള്‍, അച്ഛന്റെ അദൃശ്യ സാന്നിദ്ധ്യവും അനുഗ്രഹവും പേറി ലക്ഷ്യത്തിലേക്കുള്ള പ്രയാണങ്ങള്‍,വഴികളില്‍ തറച്ച മുള്ളുകള്‍ ചിരിച്ചു കൊണ്ട് പിഴുതു മാറ്റിയത്, എല്ലാം ഒരു തിരശ്ലീലയില്‍ എന്ന പോലെ തെളിയുന്നുണ്ട് ഏകരാഗത്തില്‍.
ആശേച്ചിയുടെ ജീവിതം എല്ലാം നിമിത്തങ്ങളായിരുന്നു, സംഗീതലോകത്തും ആ നിമിത്തങ്ങളുടെ വിരല്‍പ്പാടുകള്‍ നമുക്ക് കാണാം.മലയാള സംഗീതലോകത്തെ പ്രഗത്ഭരുടെ മനസ്സിലേക്ക് ഒരു മൂളിപ്പാട്ടും പാടി ഒരല്‍പ്പം സങ്കോചത്തോടെ നടന്നുകയറിയ പാവാടക്കാരിയുടെ യാത്രകള്‍.
ആശാലത-പ്രത്യാശയുടെ സ്‌നേഹവചനങ്ങളുമായി ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ ആ നാമം നമ്മളിലേക്ക് മഞ്ഞുതുള്ളികളായ് പെയ്തിറങ്ങുകയാണ്.വായിക്കുക,നല്ല വായനാനുഭവം നല്‍കുന്ന ഏകരാഗം



