നീതു പോൾസൺ
തൊടുപുഴ
മെഡിക്കൽ കോളജിന്റെ പതിനൊന്നാം നമ്പർ മുറിയിൽ പച്ചവിരിപ്പിട്ട ജനാലയുടെ കീഴെയിരിക്കുമ്പോൾ ഡോക്ടർ ഭഗതിന് തുടരെ തുടരെ ഫോൺകോളുകൾ വന്നു കൊണ്ടിരുന്നു. ഏറ്റവും അവസാനമായി വിളിച്ചത് ടൗൺ എസ്പിയാണ്. ദൂരുഹസാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട പന്ത്രണ്ട് വയസ്സുള്ള ഒരു പെൺകുട്ടിയുടെ പോസ്റ്റ് മാർട്ടം സംബന്ധിച്ച കാര്യമാണ് എസ് പി പറഞ്ഞു കൊണ്ടിരുന്നത്. ഒടുവിൽ ഫോൺ വെയ്ക്കുമ്പോൾ എസ്പി യോഹന്നാൻ പറഞ്ഞു.
"ഡോക്ടറെ ഒരാൾ വിളിക്കും. കാര്യങ്ങൾ അയാൾ പറയും."
ഡോക്ടർ ഭഗത് ആലോചനയോടെ കസേരയിലേയ്ക്ക് ചാഞ്ഞു. പ്രാഥമിക നിഗമനം ബലാത്സംഗം ചെയ്തിനു ശേഷം കൊലപാതകം ചെയ്തുവെന്നാണ്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരെ ചിലരെ എല്ലാം പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഡോക്ടർ ഭഗത് പുറത്തേയ്ക്ക് നോക്കി. ആശുപത്രി വളപ്പിന്റെ അങ്ങേയറ്റത്ത് മോർച്ചറിയുടെ കെട്ടിടം. അതിനുള്ളിൽ അവളുണ്ട്. എന്തോ ഒരു അസ്വസ്ഥത തോന്നുന്നു. എത്രയെത്ര പോസ്റ്റ്മാർട്ടങ്ങൾ ചെയ്തിരിക്കുന്നു. ഇത്ര മേലൊരു ആധിയോ വിഷമമോ തോന്നിയിട്ടില്ല. അതിനെല്ലാം ഉപരിയായി ഇന്ന് ചെറിയ മകൾ മിലയുടെ പിറന്നാളാണ്. തിരക്കൊഴിഞ്ഞിട്ട് ചെല്ലാമെന്ന് അവളോട് വാക്ക് പറഞ്ഞതാണ്. അവൾ തീർച്ചയായും പ്രതീക്ഷിക്കുകയും ചെയ്യും.
ഫോൺ വീണ്ടും ശബ്ദിച്ചു. അരുണയാണ്.
"ഹലോ..."
"ഊണിന് ഉണ്ടാവില്ലേ ഭഗത്...മിലയുടെ ഫ്രണ്ട്സിനെ അവൾ പിറന്നാളിന് വിളിച്ചിട്ടുണ്ട്."
"അരുണ, ഒരു കേസുണ്ട്. ഞാൻ പറഞ്ഞില്ലേ മറ്റേയാ പെൺകുട്ടി. ഇന്ന് പതിനൊന്നിന് പോസ്റ്റ് മാർട്ടം ചെയ്യണം. റിപ്പോർട്ട് പോലീസിന് കൊടുക്കണം."
"എങ്കിൽ മിലയോട് കാത്തിരിക്കണ്ട എന്ന് പറയട്ടെ..."
"ഏയ്...ഞാൻ വരാൻ നോക്കാം..."
ഭഗത് ഫോൺ വച്ചു. അപ്പോഴെയ്ക്കും വാതിൽ തുറന്നു നഴ്സ് കയറി വന്നു.
"ഡോക്ടർ എല്ലാം റെഡിയാണ്."
ഭഗത് കൈകൾ കൂട്ടിത്തിരുമ്മി എഴുന്നേറ്റു. ഡോക്ടറുടെ മുഖത്ത് ഒരുതരം പരവേശം നിറഞ്ഞിരുന്നു. എസ്പി യോഹന്നാൻ പറഞ്ഞ ആൾ ഇനിയും വിളിച്ചില്ലല്ലോ എന്നോർത്തപ്പോഴെയ്ക്കും വീണ്ടും ഫോൺ ശബ്ദിച്ചു.
" ഡോക്ടർ ഭഗത്.?"
"യെസ്. പറഞ്ഞോളൂ... ആരാണ്."
മറുവശത്ത് ഒരു നിശബ്ദത നിറഞ്ഞു.
"അതുപിന്നെ...ഡോക്ടർ ഒരുപകാരം ചെയ്യണം. ഇന്നത്തെ പോസ്റ്റ്മാർട്ടം കഴിഞ്ഞു റിപ്പോർട്ട് ഒന്ന് തിരുത്തിയെഴുതണം. വല്ല ആത്മഹത്യ എന്നോ മറ്റോ...അല്ല ഡോക്ടറിന് എന്തുവേണമെങ്കിലും തരാം. അതിനൊന്നും ഒരു പ്രശ്നവും ഇല്ല."
"സാധ്യമല്ല. മെഡിക്കൽ എത്തിക്സിന് എതിരായി ഞാനൊന്നും ചെയ്യില്ല."
ഒരു പരിഹാസചുവയോടെ മറുതലയ്ക്കൽ നിന്നും വന്ന ശബ്ദം ഡോക്ടർ ഭഗതിന്റെ കാതടപ്പിച്ചു കളഞ്ഞു.
"ഡോക്ടർ എന്ന് മുതലാ നല്ലവനായത്. ഇപ്പോഴത്തെ കോടികൾ വിലയുള്ള വീട്ടിൽ ടാക്‌സ്കാര് കേറി നിരങ്ങണോ വേണ്ടയോ എന്ന് ആലോചിച്ചു നോക്കിയെ...കൈക്കൂലി കേസിൽ ഉണ്ട തിന്നു കിടക്കണോ അതോ കാശെണ്ണി മേടീക്കണോ എന്നൊക്കെ ചിന്തിച്ചു വേണം ഓരോന്ന് ചെയ്യാൻ."
ഡോക്ടർ ആകെ വിയർത്തു പോയി. ഇത്ര കൃത്യമായി തന്റെ വിവരങ്ങൾ അയാളെങ്ങനെ കണ്ടെത്തി.... ആ വീട് പാപത്തിന്റെ ശമ്പളമാണെന്ന് അരുണ പറയാറുള്ളത് ഓർത്തു...ഇപ്പോൾ തലയ്ക്ക് മീതെ തൂങ്ങുന്ന ഇരുതലമൂർച്ചയുള്ള വാളും.
മോർച്ചറിയുടെ വരാന്തയിൽ ഒരു സ്ത്രീ കരഞ്ഞു കൊണ്ടിരിപ്പുണ്ടായിരുന്നു. ആ പെൺകുട്ടിയുടെ അമ്മയാവണം. ഡോക്ടറെ കണ്ടതും അവർ കൈ കൂപ്പി കൊണ്ടെഴുന്നേറ്റു. കരഞ്ഞു കണ്ണീർ വറ്റിയ മുഖം. നരച്ച നൈറ്റി. പാറി പടർന്ന മുടി. അവർക്ക് ഭർത്താവ് ഇല്ലായിരുന്നു. കൂലിവേലയ്ക്ക് പോയി കുടുംബം നോക്കിയിരുന്ന ഒരു സാധാരണ സ്ത്രീ. ഒരുദിവസം വൈകുന്നേരം വരുമ്പോൾ അല്പ വസ്ത്രധാരിയായി മകൾ വീടിനുള്ളിൽ മരിച്ചു കിടക്കുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
മേശപ്പുറത്ത് കിടന്ന രൂപത്തിലേക്ക് ഡോക്ടർ ഭഗത് ഒന്നേ നോക്കിയുള്ളു. വല്ലാത്തൊരു മരവിപ്പ് ഡോക്ടറെ ബാധിച്ചു. മിലയെ ഓർമ്മ വരികയാണ്.ഏകദേശം അവളുടെ പ്രായമുള്ള ഒരു പെൺകുട്ടി...തകർത്തു കളഞ്ഞ ഉടൽ...ചോര കല്ലിച്ചും ചുവന്നും തിണർത്തുമങ്ങനെ....
ഡോക്ടർ ഭഗത് കണ്ണുകൾ ഇറുക്കിയടച്ചു കളഞ്ഞു. ഏകദേശം രണ്ടരമണിക്കൂറിന് ശേഷം പോസ്റ്റ്മാർട്ടം നടപടികൾ അവസാനിച്ചു. റിപ്പോർട്ട് എഴുതുന്നതിന് മുൻപ് ഡോക്ടർ അരുണയെ ഒന്ന് കൂടെ വിളിച്ചു.
"പെട്ടെന്ന് ഒരുദിവസം, ഡോക്ടർ ഭഗത് എന്ന നിന്റെ ഭർത്താവിനെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്താൽ എന്ത് തോന്നും."
അരുണയുടെ മറുപടി പെട്ടെന്ന് വന്നു.
"ആദ്യം കരയും...പിന്നെ സ്വയം ചോദിച്ചു മേടിച്ചതാണല്ലോ എന്നോർത്ത് സമധാനിക്കും....എന്തേ ഇപ്പോൾ ചോദീക്കാൻ...."
"ഒന്നുമില്ല..."
ഡോക്ടർ ഭഗത് ഫോൺ വച്ചു. കൈകൾ വിറയ്ക്കുകയാണ്...
ഒടുവിൽ ഡോക്ടർ ഭഗത് ഇങ്ങനെയെഴുതി.
"ഏറ്റവും ക്രൂരമായി ആ പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ടിരിക്കുന്നു. ഇതൊരു സ്വഭാവികമരണമല്ല. പീഡനത്തിന് ശേഷം ശ്വാസംമുട്ടിച്ച് കൊന്നതാണ്."
റിപ്പോർട്ട് വായിച്ചു എസ്പി യോഹന്നാൻ ഡോക്ടർ ഭഗതിന്റെ നേരെ നോക്കി.
"ഡോക്ടർ!!!"
"അതെ സാർ....അവളെ കണ്ടപ്പോൾ എനിക്ക് എന്റെ മിലയെ ഓർമ്മ വന്നു. ആ റിപ്പോർട്ട് തിരുത്താൻ എന്നേ കൊണ്ടാവില്ല.എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട്. ഇതു ചെയ്വനെ തൂക്കിലേറ്റുന്ന വകുപ്പുകൾ ചേർക്കണം."
'എനിക്ക് നല്ല പ്രഷർ ഉണ്ട്. ഡോക്ടർ. നിസാരക്കാരല്ല പ്രതിഭാഗം. നല്ല പിടിപാടുണ്ട്.ഇപ്പോൾ തന്നെ എനിക്ക് എത്ര ഫോൺകോളുകൾ വന്നു..."
"ഒരു പോലീസുകാരൻ വിചാരിച്ചാൽ ഇതൊന്നും ഒരു പ്രശ്നമേയല്ല
എസ്പി യോഹന്നാന്റെ മുഖത്ത് ഒരു ചിരി തെളിഞ്ഞു. മനസ്സിൽ വീണ്ടും ചാഞ്ഞ ചുമരുകളുള്ള വീട്ടിന്റെ നടുത്തളത്തിൽ പാതിതുറന്ന കണ്ണുകളുമായി കിടന്നൊരു പെൺകുട്ടിയുടെ രൂപം തെളിഞ്ഞു വന്നു. മൽപിടുത്തം നടന്നതിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ടായിരുന്നു. അവളുടെ മുഖത്ത് അടിയേറ്റ പാടുണ്ടായിരുന്നു. ആ പകലിൽ അവിടെ വന്നത് ഒരെയൊരാളാണ് പുതുപണക്കാരൻ കറിയാച്ചൻ. അയാളുടെ കാശിന്റെ മിടുക്ക് കൊണ്ടാവണം ആളുകൾക്ക് ഭയം....പക്ഷേ ഡോക്ടർ ഭഗത് പറഞ്ഞതു പോലെ ഒരു പോലീസുകാരൻ നെഞ്ചും വിരിച്ചിറങ്ങിയാൽ......
തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ ഡോക്ടർ ഭഗത് ഒന്നൂടെ പറഞ്ഞു.
"സാറിന്റെ പോലീസുകാർക്ക് ചിലപ്പോൾ ഒന്നുകൂടി വരേണ്ടി വരും. കൈക്കൂലി കേസിൽ എന്നെ അറസ്റ്റ് ചെയ്യാൻ... ഭീഷണി അങ്ങനെയാണ്... നോപ്രോബ്ലം....വിതച്ചതെ കൊയ്യു എന്നാണല്ലോ....എങ്കിലും അവൾക്ക് നീതി കിട്ടണം..."
ഡോക്ടറുടെ കുപ്പായം അഴിച്ചു വച്ചു ഭഗത് വീട്ടിലേക്ക് തിരിച്ചു.
അപ്പോഴെയ്ക്കും പൂഴ്ത്തിവെയ്ക്കാൻ ശ്രമിച്ച ആ പോസ്റ്റ്മാർട്ടം റിപ്പോർട്ട് ബ്രേക്കിംഗ് ന്യൂസായി ചാനലുകൾ തോറും സംപ്രേഷണം ചെയ്തു തുടങ്ങിയിരുന്നു.