പ്രകൃതിയുടെ കൗതകങ്ങള്‍ - തുപ്പല്‍ തുള്ളന്‍

പ്രകൃതിയുടെ കൗതകങ്ങള്‍ - നമ്മുടെ വീട്ടുമുറ്റത്തുള്ള ചെടികളുടെ ഇലയില്‍ ആരോ തുപ്പി കൂട്ടിയത് പോലെ ഒരു പത കാണാത്തവര്‍ ആരും ഉണ്ടാവില്ല. പാമ്പ് തുപ്പിയതാണെന്ന് പറഞ്ഞ് അതില്‍ തൊടാന്‍ എല്ലാവര്‍ക്കും ഭയമാണ്

പ്രകൃതിയുടെ കൗതകങ്ങള്‍  -   തുപ്പല്‍ തുള്ളന്‍

തയ്യാറാക്കിയത്

ഒരിടം വെബ് ഡെസ്‌ക്‌

മ്മുടെ വീട്ടുമുറ്റത്തുള്ള ചെടികളുടെ ഇലയില്‍ ആരോ തുപ്പി കൂട്ടിയത് പോലെ ഒരു പത കാണാത്തവര്‍ ആരും ഉണ്ടാവില്ല. പാമ്പ് തുപ്പിയതാണെന്ന് പറഞ്ഞ് അതില്‍ തൊടാന്‍ എല്ലാവര്‍ക്കും ഭയമാണ്.അഥവാ അബദ്ധത്തില്‍ തൊട്ടുപോയാല്‍ പേടിച്ചു വിറച്ച് കൈ സോപ്പും ഡെറ്റോളും ഉപയോഗിച്ച് കൈ വൃത്തിയാക്കും

സത്യത്തില്‍ എന്താണ് ഈ വസ്തു.

'കൂളിത്തുപ്പ്'എന്നാണ് ചിലനാടുകളില്‍ ഇതിന് പേര്.രാത്രി സഞ്ചാരികളായ 'കാളാം, കൂളി'എന്നി നാട്ട് പ്രേതങ്ങള്‍ തുപ്പിയിട്ടതെന്ന വിശ്വാസത്തിലാവാം അങ്ങിനെ പേര് വന്നത്.കൂളിവിശ്വാസം ഇല്ലാത്ത നാടുകളില്‍ ഇത് പാമ്പിന്‍ തുപ്പ്,തവളത്തുപ്പ് കിളിത്തുപ്പ് എന്നൊക്കെ പലവിധത്തില്‍ കരുതുന്നു.ഇതെന്താണെന്ന് ഒരു അന്തവും കുന്തവും കിട്ടാത്ത നമ്മള്‍ കൂളിത്തുപ്പ് എന്നും പേരിട്ടില്ലെങ്കിലേ അത്ഭുതമുള്ളു.എന്തോ ഒരു തരം പേടിയും അറപ്പും ഉള്ളതിനാല്‍ ആ പത തൊടാന്‍ പലരും മടിയ്ക്കും.എന്നാല്‍ സൂക്ഷിച്ച് നോക്കിയാല്‍ തുപ്പല്‍ പതക്കുള്ളില്‍ ചിലര്‍ സുഖിച്ച് കഴിയുന്നത് കാണാം Sp-i-ttl-e bu-g എന്ന് പേരുള്ള തുപ്പല്‍ പ്രാണികളുടെ കുഞ്ഞുങ്ങളായ നിംഫുകളുടെ സുരക്ഷിത കൂടാണത്. 

 സെര്‍കൊപൊയിഡെ(C-er-copo-i-d-e-a)വിഭാഗത്തില്‍ പെട്ട ഹെമിപ്‌റ്റെറ (H-em-ip-ter-a) ഓര്‍ഡറിലുള്ള  മുതിര്‍ന്ന ഈ പ്രാണികള്‍  ഉഗ്രന്‍ ചാട്ടക്കാരാണ്.ഒരിഞ്ചിന്റെ കാല്‍ഭാഗം മാത്രം വലിപ്പമുള്ള ഇവര്‍ ശരീരവലിപ്പത്തിന്റെ നൂറ് ഇരട്ടി നീളത്തില്‍ വരെ ചാടും.കാലുകള്‍ അതിശക്തമായി പെടുന്നനെ നിവര്‍ത്തിയാണ് ഒരു ചെടിയില്‍ നിന്ന് മറ്റൊന്നിലേക്ക് സ്പ്രിങ്ങ് ഘടിപ്പിച്ചപോലെ ഇവര്‍ തെറിച്ച് നീങ്ങുന്നത്.ഇവരുടെ ഈ ചാട്ടം പ്രാണിലോകത്തെ ഒരു അത്ഭുതം തന്നെയാണ്. കുനിഞ്ഞുള്ള തവളരൂപത്തിലുള്ള നില്‍പ്പും ഈ സൂപ്പര്‍ചാട്ടവും മൂലമാണ് തവളത്തുള്ളന്മാര്‍ (Fro-g-hopp-er)എന്ന് പേര് വന്നത് 

തുപ്പല്‍ ശീലം കൊണ്ട് തന്നെയാണ്.ഇവര്‍ക്ക് തുപ്പല്‍ പ്രാണി (sp-i-ttl-e bu-g) എന്ന മാനഹാനിയുണ്ടാക്കുന്ന പേര് കൂടി വന്നത്.ഇതിന്റെ  മുട്ട വിരിഞ്ഞുണ്ടാകുന്ന നിംഫുകളാണ് ചെടികളില്‍ തുപ്പല്‍ ഉണ്ടാക്കുന്നത്. വെള്ള, ഇളംമഞ്ഞ,തളിര്‍പ്പച്ച നിറങ്ങളിലാണ് സാധാരണയായി ഈ പീക്കിരികളെ കാണുക.

 ഈ പഹയര്‍ ചെടിയുടെ ഇളം തണ്ടില്‍ നിന്നും മരനീര് (xy-l-em sap) തുരു തുരാ വലിച്ച് അകത്താക്കും.വിശപ്പ് മാറിയാലും ആര്‍ത്തി പിടിച്ച ഈ പിള്ളേര് തനിക്ക് വേണ്ടതിലും അധികം വലിച്ച് അകത്താക്കും എന്നിട്ട്.ശരീരത്തിലെ ചില ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന സ്രവങ്ങളും ചേര്‍ത്ത് അടിഭാഗത്തൂടെ പുറത്തേക്ക് വിടും.അത് പുറത്തേക്ക് വിടുമ്പോള്‍ പിന്‍ഭാഗം കൊണ്ട് ഇളക്കലും മറിക്കലും ചെയ്തുകൊണ്ടിരിക്കും.ദ്രാവകത്തിനുള്ളില്‍ വായുകുമിളകള്‍ നിറയും.വെളുവെളുത്ത സോപ്പ് പതപോലുള്ള വിസര്‍ജ്ജ്യം കണ്ടാല്‍ മനുഷ്യര്‍ തുപ്പിവെച്ചതാണെന്നേ തോന്നു.ഒരു തുപ്പ്ക്കൂടിനുള്ളില്‍ ഒന്നിലധികം നിംഫുകള്‍ ചിലപ്പോള്‍ ഉണ്ടാകും.പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതു വരെ നിംഫുകള്‍ ഇതിനുള്ളില്‍ സുരക്ഷിതരായി കഴിയും. മുതിര്‍ന്ന് തവളത്തുള്ളനായി മാറുന്നതിന് മുമ്പേ അഞ്ചു തവണയോളം ഉറപൊഴിക്കല്‍ നടത്തും.ലോകത്താകമാനം എണ്ണൂറ്റിയന്‍പതോളം തുപ്പല്‍ പ്രാണി സ്പീഷിസുകളുണ്ട്.ഈ പതയുടെ കവചത്തിനുള്ളിലെ നിംഫിനെ ഒളിച്ചിരിക്കല്‍ വളരെ രസകരമാണ്.ശത്രുക്കളില്‍ നിന്നും രക്ഷ നേടുന്നതിനും ചൂടില്‍ നിന്നു രക്ഷനേടി ഈര്‍പ്പം നിലനിര്‍ത്താനും ആണ് ഇങ്ങനെ പത ഉണ്ടാക്കുന്നത്.

ഇനി മുതല്‍ പുല്ലിലോ ഇലകളിലോ തുപ്പല്‍ കൂട് കണ്ടാല്‍ പേടിക്കണ്ട കേട്ടോ.പാമ്പ് തുപ്പിയതും,കാളിയും കൂളിയും പിശാചുമൊന്നുമല്ല.നമ്മുടെ ഈ പാവം തുപ്പല്‍ തുള്ളന്റേതാണ്. 

എന്തെല്ലാം അത്ഭുതങ്ങളാണ് ഈ പ്രകൃതിയില്‍ അല്ലേ