റേഡിയോപ്പെട്ടിയില്‍ ഒളിച്ചിരിക്കുന്നവര്‍
ലോക റേഡിയോ ദിനത്തോട് അനുബന്ധിച്ച് യശോദാമുരളി എഴുതിയ അനുഭവം

യശോദ മുരളി അവണൂര്‍
ഒരു റേഡിയോ ആദ്യമായി കാണുന്നത്,എനിക്ക് എട്ടോ ഒന്‍പതോ വയസ്സുള്ളപ്പോഴാണ്. അന്ന് കല്‍ക്കത്തയില്‍ ജോലി ചെയ്തിരുന്ന എന്റെ രണ്ടാമത്തെ സഹോദരന്‍ (ചെറിയോപ്പ) ലീവിന് വരുമ്പോള്‍ കൊണ്ടുവന്ന അത്ഭുതപ്പെട്ടി.അമ്മയുടെ മുറുക്കാന്‍ ചെല്ലത്തോളം വലിപ്പമുള്ള ബിസ്‌ക്കറ്റ് നിറത്തിലുള്ള ഒരു ചെറിയ പെട്ടി.നടുവില്‍ നിറയെ കുഞ്ഞു ദ്വാരങ്ങള്‍ ഉള്ള ഒരു വൃത്തം.അരികിലായി ചെറിയ ചില്ലുകൂട്ടില്‍ നീങ്ങുന്ന ചുവന്ന സൂചി. അതിനടുത്ത് രണ്ടുമൂന്നു കുറ്റികള്‍.ഒന്ന് തിരിക്കുമ്പോള്‍ ടും...എന്ന ശബ്ദത്തില്‍ അത് ശബ്ദിക്കും.അടുത്തതെല്ലാം തിരിക്കുമ്പോള്‍ പലതരം അപശബ്ദങ്ങളും,വര്‍ത്തമാനങ്ങളും,പാട്ടും
ഹോ എന്താ ഒരു അത്ഭുതം ആ ഭാഗത്തെ സാധാരണക്കാരുടെ വീടുകളില്‍ ആദ്യം റേഡിയോ എത്തിയത് എന്റെ വീട്ടില്‍.ആ പവറും അഭിമാനവും അല്പം അമ്പരപ്പും കണ്ണുകളില്‍ നിറച്ച് ഞാന്‍ റേഡിയോ കാണാന്‍ വരുന്ന അടുത്ത വീട്ടിലെ കുട്ടികള്‍ക്ക് മുന്‍പില്‍ ആളാവും.
വ്യക്തമായി കേട്ടിരുന്ന തൃശ്ശൂര്‍ ആകാശവാണിയിലെ വാര്‍ത്താവായനയും, സംസ്‌കൃത വാര്‍ത്തയും എല്ലാം ഇമിറ്റേറ്റ് ചെയ്ത് ഞാന്‍ കാണിക്കും.എല്ലാം വീണ്ടും വീണ്ടും എന്നെക്കൊണ്ട് പറയിപ്പിച്ച് വീട്ടുകാരെല്ലാവരും ചിരിക്കും.എനിക്ക് ഒരു വല്ലാത്ത സംശയം ഉണ്ടായിരുന്നു അന്ന്.ഇതെല്ലാം പറയുന്നവരും പാടുന്നവരും എല്ലാം എങ്ങനെയാണ് ഇത്രയും ചെറിയ പെട്ടിക്കുള്ളില്‍ ഇരിക്കുന്നത് എന്ന്.?
അത് തുറന്നു ചോദിക്കാന്‍ എന്റെ അഹങ്കാരമോ ചമ്മലോ സമ്മതിക്കുന്നുമില്ല.അത്യാവശ്യം വലിയ ഒരു ഓലപ്പുരയായിരുന്നുവെങ്കിലും,വീട്ടില്‍ അന്ന് ഒരു സ്റ്റാന്‍ഡ് ഒന്നും ഉണ്ടായിരുന്നില്ല.ഒരു ദിവസം മേശപ്പുറത്ത് ഇരുന്ന ആ പെട്ടിയുടെ തുളകളില്‍ സൂക്ഷിച്ചു നോക്കി ക്കൊണ്ട് ആരും ഇല്ലാത്ത തക്കം നോക്കി ഞാന്‍ പരിശോധിക്കാന്‍ തുടങ്ങി.തിരിച്ചും മറിച്ചും,അടിയിലും മുകളിലും, ഒക്കെ കൈകൊണ്ട് പരതി ക്കൊണ്ട്.പിന്നെ അതെടുത്ത് ഒന്ന് കുലുക്കി. പെട്ടെന്ന് എന്റെ കയ്യില്‍ നിന്നും അത് താഴെ വീണു.പേടിച്ചു ഞാന്‍ പുറത്തേക്ക് ഓടി.പക്ഷേ അത് ആരും അറിഞ്ഞില്ല. പിന്നീട് വലിയോപ്പ വന്ന് അതെടുത്ത് സ്ഥാനത്ത് വെച്ചെങ്കിലും റേഡിയോ മിണ്ടുന്നില്ല.! എല്ലാവര്‍ക്കും വലിയ സങ്കടം ആയി. എന്തു പറ്റിയെന്നോ,അത് നന്നാക്കാന്‍ പറ്റുമെന്നോ ആര്‍ക്കും അറിയില്ലായിരുന്നു.
ചില്ലറ വിക്രസ് പണിയൊക്കെ അറിയാമായിരുന്ന വല്ല്യോപ്പ,പിന്നെ ഫുള്‍ ടൈം അതിന്മേല്‍ പണി പഠിക്കാന്‍ തുടങ്ങി.ഒടുവില്‍ അതിനെ ചരിച്ചു വെച്ച് കൈകൊണ്ട് വോളിയം ബട്ടന്റെ അടുത്ത് ഒന്ന് ചെറുതായി തട്ടിയാല്‍ സാധനം മിണ്ടിത്തുടങ്ങി.അങ്ങനെ ആ ചെറിയ ഫിലിപ്‌സ് റേഡിയോയിലൂടെ ഞങ്ങള്‍ എല്ലാവരും തന്നെ അതിലെ എല്ലാ പരിപാടികളും ഭാഷാഭേദമില്ലാതെ കേട്ടു.കാരണം അന്ന് മലയാളം പരിപാടികള്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ.കാലങ്ങള്‍ക്ക് ശേഷം ഈ ശബ്ദങ്ങളൊക്കെ എവിടെനിന്നു വരുന്നു എന്ന് അത്ഭുതപ്പെട്ട എനിക്ക്, എന്റെ ശബ്ദവും ആകാശത്തിലൂടെ ഒഴുകിവന്ന ആ ചെറിയ പെട്ടിയില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞു..2016 ന് ശേഷം കഥ വായിച്ചും, പാട്ടുകള്‍ അവതരിപ്പിച്ചും, പരിപാടികളെ പറ്റി പറഞ്ഞു എല്ലാം,...ഇന്നും അടുക്കളയില്‍ എനിക്ക് കൂട്ടായി റേഡിയോ ഉണ്ട്. വിരസമായ അടുക്കളപ്പണികള്‍ സരസമാക്കിക്കൊണ്ട് ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്വല്പം കരയിച്ചും....




