സ്ത്രീയുടെ അസാധാരണമായ മനഃശക്തിയുടേയും ഉള്ളുറപ്പിന്റയും നേര്‍ക്കാഴ്ച - ഏകരാഗം

കൂളായി ചിരിച്ചു കൊണ്ട് ആരംഭിച്ചിടത്തു നിന്ന് നാളിന്നു വരെ ആശാലത എന്ന ബാലിക /മകള്‍/അമ്മ/ഗായിക/സ്ത്രീ...കടന്നു വന്ന ജീവിതവഴികള്‍ തെല്ലൊരു ആശ്ചര്യത്തോടെയേ നമുക്ക് വായിക്കാനാവൂ.

സ്ത്രീയുടെ അസാധാരണമായ മനഃശക്തിയുടേയും ഉള്ളുറപ്പിന്റയും   നേര്‍ക്കാഴ്ച - ഏകരാഗം

പുസ്തക ആസ്വാദനം

ശ്രീലക്ഷ്മി

..................

പുസ്തകം   : ഏകരാഗം

രചന         : ആശാലത, ഗായിക, റേഡിയോ അവതാരക

പേജ്          : 124

വില         : 200

പ്രസാധകര്‍  : ലോഗോസ് ബുക്‌സ്

ആശാലത എന്ന ആശേച്ചി കേവലം ഒരു റേഡിയോ അവതാരക മാത്രമായല്ല ജനഹൃദയങ്ങളില്‍ നില കൊള്ളുന്നത്.കേരളക്കരയുടെ ലക്ഷകണക്കിന് വരുന്ന  റേഡിയോ ശ്രോതാക്കള്‍ക്ക് രണ്ടു ദശാബ്ദങ്ങളായി ശബ്ദത്തിലൂടെ മാത്രം പകരുന്ന സ്‌നേഹത്തിനും,ആശ്വാസത്തിനും,സൗഹൃദത്തിനും അളവില്ല.പ്രായഭേദമന്യേ പലരും ആശേച്ചി എന്നു വിളിക്കുന്നതില്‍ അത്ഭുതപ്പെടാനുമില്ല.

ഒരു സാധാ റേഡിയോ അവതാരകയ്ക്കപ്പുറം ഒരു സുഹൃത്തായി,അമ്മയായി,മകളായി,സഹോദരിയായി ഒരു വേദിയിലെന്ന പോലെ ആശേച്ചി നടത്തിപോരുന്ന ഭാവപകര്‍ച്ചകള്‍ എത്രയോ മൂല്യമേറിയതാണ്.റേഡിയോ അവതാരകര്‍ നിരവധിയുള്ള നമ്മുടെ നാട്ടില്‍ ഇത് ആശേച്ചിക്ക് മാത്രം കൈവന്ന  ഭാഗ്യമായിരിക്കുമെന്ന് ഉറപ്പാണ്.

ആശേച്ചിയുടെ ജീവിത വഴിയിലെ ഓരോ നാഴികക്കല്ലുകളും,വേര്‍പാടുകളും,സന്തോഷങ്ങളും,സന്താപങ്ങളും, സൗഭാഗ്യങ്ങളും മുത്തുകള്‍ പോലെ സുന്ദരമായി കോര്‍ത്തിണക്കിയ ജീവിത കഥാപുസ്തകമാണ് ഏകരാഗം.അമ്മയുടെ ഉദരത്തിലിരിക്കെ തന്നെ ജീവിതം അതിന്റെ പരീക്ഷണങ്ങള്‍ കൊണ്ടു ഭയപ്പെടുത്തിയിടത്തു നിന്ന് കൂളായി ചിരിച്ചു കൊണ്ട് ആരംഭിച്ചിടത്തു നിന്ന് നാളിന്നു വരെ ആശാലത എന്ന ബാലിക /മകള്‍/അമ്മ/ഗായിക/സ്ത്രീ...കടന്നു വന്ന ജീവിതവഴികള്‍ തെല്ലൊരു ആശ്ചര്യത്തോടെയേ നമുക്ക് വായിക്കാനാവൂ.

കണ്ണീരോടെ ആശേച്ചിയോട് സംസാരിച്ചു തുടങ്ങി പുഞ്ചിരിയോടെ അവസാനിക്കുന്ന എത്രയോ ഫോണ്‍ സംഭാഷണങ്ങള്‍ ഞാനുള്‍പ്പെടുന്ന ശ്രോതാക്കള്‍ കേട്ടിരിക്കുന്നു.ജീവിതത്തിന്റെ കയ്പും മധുരവും,ഉയര്‍ച്ചയും താഴ്ചയും, യാഥാര്‍ത്ഥ്യങ്ങളും അനുഭവിച്ചറിഞ്ഞ ഒരാള്‍ക്ക് മാത്രമേ മറ്റുള്ളവരുടെ പ്രശ്‌നങ്ങളെയും സന്തോഷങ്ങളെയും വേണ്ട രീതിയില്‍ നോക്കി കാണാനും പങ്കു ചേരാനും, ആശ്വാസവും വെളിച്ചവും പകരാനും കഴിയുകയുള്ളൂ.

ഒരു പിന്നണി ഗായികയുടെ,റേഡിയോ അവതാരകയുടെ,പ്രോഗ്രാം പ്രൊഡ്യൂസറുടെ ആത്മകഥ?എന്നതിനൊപ്പം,ഇതൊരു സാധാണക്കാരിയായ സ്ത്രീയുടെ അസാധാരണമായ മനഃശക്തിയുടേയും ഉള്ളുറപ്പിന്റയും കൂടി നേര്‍ക്കാഴ്ചയാണ്.ആശേച്ചിയുടെ തന്നെ വാക്കുകളില്‍ ആത്മപ്രകാശത്തിന്റെ പ്രസരണം ആണ് ഏകരാഗം.അത് പകരുന്ന വെളിച്ചം ഏറ്റു വാങ്ങേണ്ടത് നമ്മള്‍ ശ്രോതാക്കളുടെ കടമ കൂടിയാണ്.ആ വെളിച്ചം ജീവിതവഴികളില്‍ എവിടെയെങ്കിലുമൊക്കെ നമ്മെ ഇരുളില്‍ നിന്ന് പുറത്തേക്കൊരു വഴി കാണിച്ചേക്കാം.ഹൃദയപൂര്‍വ്വം ആശംസകള്‍...ഏകരാഗ'ത്തിനായി പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം.

........................................................................

ജീവിതയാത്രയിൽ  ധൈര്യവും പ്രചോദനവും പകരുന്ന ഈ പുസ്തകം സ്വന്തമാക്കാനായി 

താഴെയുള്ള ആമസോൺ ലിങ്കിലോ,വാട്സാപ്പ് ലിങ്കിലോ ക്ലിക് ചെയ്ത് ഓർഡർ ചെയ്യുക.

ആമസോൺ ലിങ്ക്

https://amzn.in/d/8u6KAc6

വാട്സാപ്പ് ലിങ്ക്

https://wa.me/7510995588