അമ്മയറിയാന്‍.
ഡോ മിനി നരേന്ദ്രന്‍- അമ്മേ രാത്രിയായിരിക്കുന്നു നല്ല മഴ.അച്ഛനും ചെറിയമ്മയും മോനൂസും ദേവൂട്ടിയും ഇതുവരെ വന്നിട്ടില്ല ഒത്തിരി നേരമായി അവരു വരുന്നതും നോക്കി ഇരിക്കാന്‍ തുടങ്ങിയിട്ട്..
ഡോ മിനി നരേന്ദ്രന്‍.
..........................................
പുറത്തു ആര്‍ത്തലച്ചു പെയ്യുന്ന മഴയും ഇടിയും.
അച്ചൂട്ടന് ഒറ്റയ്ക്ക് ആ വലിയ വീട്ടില്‍ വല്ലാത്ത പേടി തോന്നി.
അവന്‍ അമ്മയുടെ ഫോട്ടോ മേശപ്പുറത്തു നിന്ന് എടുത്ത് നെഞ്ചോട് ചേര്‍ത്ത് അമ്മയോട് കരച്ചിലടക്കി സംസാരിയ്ക്കാന്‍ തുടങ്ങി
'അമ്മേ അമ്മ പോയതില്‍ പിന്നെ ഞാന്‍ ഇങ്ങനെയാണമ്മേ...
അടുക്കള പുറത്തുള്ള ഈ ചെറിയ മുറിയില്‍ ആണമ്മേ ഞാന്‍ കിടക്കുന്നത്..
ഇരുട്ടും മഴയും ഇടിമിന്നലും പേടിപ്പിക്കാനെത്തുന്ന രാത്രിയിലൊന്നും ഞാന്‍ ഉറങ്ങാറില്ലമ്മേ.
മഴ ആര്‍ത്തലച്ചു പെയ്യുമ്പൊഴൊക്കെ ഞാന്‍ പുതപ്പു തല വഴി മൂടി കണ്ണടച്ച് കിടക്കുമ്മമ്മേ..
രാത്രി ഉറങ്ങാതെ കണ്ണടച്ച് കിടക്കുമ്പോള്‍
അമ്മയെ ഓര്‍മ്മ വരും.. അമ്മയും അച്ഛനും നമ്മുടെ ആ കൊച്ചു വീടും
എന്തു രസമായിരുന്നു അല്ലേ അമ്മേ...
ഓണവും വിഷുവും അമ്മയോടും അച്ഛനോടും കൂടെയുള്ള സന്തോഷത്തിന്റെ ഉത്സവങ്ങളായിരുന്നു.. അമ്മ പോയതോടെ ജീവിതത്തില്‍ നിന്ന് ആഘോഷവും സന്തോഷവും ഒന്നുമില്ലമ്മേ.
എന്തുഭംഗിയാ എന്റെ അച്ചൂട്ടന്റെ ചിരിക്കെന്ന് അമ്മ പറയാറില്ലേ..
മറന്നു പോയി അമ്മേ..
അമ്മ പോയതോടെ ചിരിക്കാനൊക്കൊഞാന്‍ മറന്നു പോയമ്മേ
സ്‌കൂളില്‍ ചെല്ലുമ്പോള്‍ സീന ടീച്ചറും കൂട്ടുകാരും എല്ലാം കളിയാക്കും അച്ചൂട്ടന്‍ ചിരിക്കാത്ത കുട്ടിയാണോ..എന്നു ചോദിച്ച്
അമ്മേ സ്‌കൂള്‍ തുറക്കാറായി ദേവൂട്ടിക്കും മോനൂസിനും ഇന്നലെ
അച്ഛനും ചെറിയമ്മയു0 പുതിയ ബാഗും പുതിയ കുടയും.. പുതിയ ചെരിപ്പും വാങ്ങി.... അച്ചൂട്ടന് മാത്രം പഴയ ബാഗും പഴയ ചെരിപ്പും പഴയ കുടയും
പുതിയ ബാഗ് വേണമെന്ന് അച്ഛനോട് പറയാന്‍ പേടിയാണമ്മേ.. ചെറിയമ്മ അറിഞ്ഞാല്‍
വഴക്കു പറയും..
അമ്മേ..നമ്മുടെ അച്ഛന്‍ ഒത്തിരി മാറി പോയി.. അച്ചൂട്ടനോട് ഇപ്പോള്‍ മിണ്ടാറില്ല.. ചിരിക്കാറില്ല. അച്ചൂട്ടന്റെ അടുത്തു വന്നിരിക്കാറേയില്ല. സ്‌നേഹത്തോടെ ഒന്നു വിളിക്കാറു പോലുമില്ലമ്മേ
ദേവൂട്ടിയേയും മോനൂസിനേയും കൊണ്ടു അച്ഛനും ചെറിയമ്മയും പുറത്തു പോകുമ്പോള്‍ പോരുന്നോ എന്ന് ആരും ചോദിക്കാറില്ലമ്മേ
അവരു പോകുന്നത് കൊതിയോടെ കണ്ണു നിറഞ്ഞു നോക്കി നില്‍ക്കും..
അവരു പുറത്തുപോയ വിശേഷങ്ങളൊക്കെ ദേവൂട്ടിയും മോനൂസും പറഞ്ഞു കേള്‍ക്കുമ്പോ ള്‍ അച്ചൂട്ടന് സങ്കടം വരും.
അമ്മേ.. ഇന്നിവിടെ അച്ചൂട്ടന്‍ ഒറ്റയ്ക്കാണമ്മേ.. എല്ലാരും കൂടെ അച്ഛന്റെ ഏതോ ഫ്രണ്ടിന്റെ കല്യാണത്തിന്നു പോയതാ.. വൈകീട്ടെ വരൂ എന്ന് പറഞ്ഞിരുന്നു. വൈകുന്നേരം വരു മ്പോള്‍ അച്ചൂട്ടന് ബിരിയാണി കൊണ്ടുവരാന്ന് ദേവൂട്ടിയും മോനൂസും പറഞ്ഞിട്ടുണ്ട്.
പണ്ടൊരു ദിവസം പുറത്തു പോയി വന്നപ്പോള്‍ കൊണ്ടുവന്നാരുന്നമ്മേ.. അന്നു ദേവൂട്ടിയും മോനൂസും കഴിച്ചതിന്റെ ബാക്കി ചെറിയമ്മ എനിക്കും തന്നമ്മേ.. നല്ല രുചിയുണ്ടായിരുന്നു..! അച്ചൂട്ടന് ഇച്ചിരിയേ കിട്ടിയുളളൂ കഴിക്കാന്‍.. എന്നാലും നല്ല രുചിയുണ്ടായിരുന്നു..
അമ്മയോട് ഞാന്‍ പിണക്കമാണ് അമ്മേ.. അമ്മ എവിടെ പോയാലും അച്ചൂട്ടനേയും
കൊണ്ടു പോവുമായിരുന്നല്ലോ...
കല്യാണത്തിന്നു പോവുമ്പോള്‍...
പാര്‍ക്കില്‍ പോവുമ്പോള്‍...
ഡ്രസ്സ് എടുക്കാന്‍ പോവുമ്പോള്‍...
ആശുപത്രിയില്‍ പോവുമ്പോള്‍...എല്ലാം.
പക്ഷേ...
അമ്മ വെള്ള ഉടുപ്പിട്ട് യാത്ര പോലും പറയാതെ ഒരു ദിവസം ഇറങ്ങി പോയില്ലേ..
അന്നു മാത്രം എന്നെ കൂടെ കൊണ്ടു പോയില്ലല്ലോമ്മേ അതുകൊണ്ടല്ലേ അമ്മേ ഞാന്‍ ഇവിടെ
ഇങ്ങനെ ഒറ്റയ്ക്കായി പോയത്.
ചെറിയമ്മ മോനൂസിനേയും ദേവൂട്ടിയേയും കുളിപ്പിക്കുന്നതു കാണുമ്പോള്‍ ഡ്രസ്സ് ഇട്ടു കൊടുക്കുന്നതും ഭക്ഷണം വാരി കൊടുക്കുന്നതും കാണുമ്പോ ള്‍ അച്ചൂട്ടന്റെ കണ്ണു നിറഞ്ഞു സങ്കടം വരും..
അമ്മ ഉണ്ടായിരുന്നെങ്കില്‍ എന്നു അറിയാതെ കൊതിച്ചു പോവും.
ചെറിയമ്മ അച്ചൂട്ടനെ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ടെങ്കിലും.. കുത്തുവാക്കുകള്‍ പറഞ്ഞു കരയിപ്പിച്ചിട്ടുണ്ടെങ്കിലും.അവരുടെ ദേഷ്യം തീരുന്നതു വരെ ദേഹമാസകലം പൊതിരെ തല്ലി വേദനിപ്പിച്ചിട്ടുണ്ടെങ്കിലും അടികൊണ്ടു ശരീരം മുഴുവനും വേദനിച്ചു രാത്രി ഉറക്കം വരാതെ കിടക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ചെറിയമ്മയോട് പിണക്കം ഒന്നും ഇല്ലമ്മേ
ചിലപ്പോഴൊക്കെ ആ കൈ പിടിച്ചു നടക്കാനും ആ മടിയില്‍ കിടക്കാനും അച്ചൂട്ടാ അറിയാതെ കൊതിച്ചു പോവുന്നുണ്ട് അമ്മേ
അമ്മേ.. ഒരുപാട് ഒന്നും അവര്‍ എന്നെ സ്‌നേഹിക്കണ്ടമ്മേ......
അച്ഛന്‍ കൊണ്ട് വരുന്ന മസാലദോശയില്‍ നിന്ന് അല്പം വേണോ എന്ന് ചോദിച്ചാല്‍ മതിയായിരുന്നു.
കുളിച്ചു വരുമ്പോള്‍ ഒന്ന് തലതോര്‍ത്തി
ചൂട് ദോശ ചുടുമ്പോള്‍ ഒരെണ്ണം എടുത്തു ഒരല്പം പഞ്ചസാര ഇട്ട് തന്നാല്‍ മതിയായിരുന്നു അമ്മേ.
സ്‌കൂളില്‍ പോയി വരുമ്പോള്‍ വരാന്തയില്‍ ഒന്ന് കാത്തു നിന്നാല്‍ മതി.
ഒരല്പം താമസിച്ചാല്‍ ഒന്ന് സ്‌നേഹത്തോടെ വഴക്ക് പറയാന്‍ അമ്മ വേണം അച്ചൂട്ടന്.
ഒരു പനി വന്നാല്‍ നെറ്റിയില്‍ തൊട്ടൊന്നു നോക്കാന്‍
ഉറങ്ങികഴിയുമ്പോള്‍ ഞാന്‍ അറിയാതെ
ഒരു പുതപ്പ് മേലെ ഇട്ടൊന്നു തന്നാല്‍ മതി.
ഞാന്‍ ഉറങ്ങി എന്ന് വിചാരിച്ചു നെറ്റിയില്‍
ഒരു ചെറിയ ഉമ്മ തന്നാല്‍ മതി.
ഇതിനപ്പുറം ഒന്നും ഒന്നും അച്ചൂട്ടന് വേണ്ടമ്മേ.
അമ്മേ രാത്രിയായിരിക്കുന്നു നല്ല മഴ.അച്ഛനും ചെറിയമ്മയും മോനൂസും ദേവൂട്ടിയും ഇതുവരെ വന്നിട്ടില്ല ഒത്തിരി നേരമായി അവരു വരുന്നതും നോക്കി ഇരിക്കാന്‍ തുടങ്ങിയിട്ട്..
മുറ്റത്തു ഇരുട്ടു പരന്നു തുടങ്ങി വിശക്കുന്നുണ്ടമ്മേ.. ചെറിയമ്മ ഇല്ലാത്തതിനാല്‍ ഇന്നു ഉച്ചക്കു ഒന്നും കഴിക്കാന്‍ പറ്റിയിട്ടില്ല.
അമ്മേ....
അമ്മയെ കാണാന്‍ തോന്നുന്നമ്മേ..
അമ്മയുടെ മടിയില്‍ കിടക്കാന്‍ തോന്നുന്നമ്മേ..
കണ്ണടച്ച് കിടന്നാല്‍ അമ്മ വരുവോ? അച്ചൂട്ടന്റെ അടുത്തേക്ക്.
ഇത്തിരി നേരത്തേക്കെങ്കിലും. സ്വപ്നത്തിലെങ്കിലും....
ഒരിളം കാറ്റ് അപ്പോഴെയ്ക്കും അച്ചൂട്ടന്റെ കണ്ണുകളെ മെല്ലെ തഴുകി കടന്നുപോയിരുന്നു .




