അമ്മക്കിളി (കഥ)

അമ്മക്കിളി (കഥ)

കഥ

കാര്‍ത്യായനി കൃഷ്ണന്‍കുട്ടി

ലക്ഷ്മിക്ക് ഉറങ്ങുവാന്‍ കഴിഞ്ഞില്ല.ഇന്നേക്ക് ഈ വൃദ്ധസദനത്തിലെത്തിയിട്ട് ഒരു വര്‍ഷമാകുന്നു.ഇന്ന് തന്റെ ശശിയേട്ടന്‍ മരിച്ച ദിവസമാണ്.നാലു വര്‍ഷം മുമ്പാണ് തന്റെ മകള്‍ അമ്പലത്തില്‍ പോകാമെന്ന് പറഞ്ഞ് തന്നെ കൂട്ടികൊണ്ടുവന്ന് ഇവിടെ ആക്കിയിട്ട് പോയത്.എന്നിട്ട് തന്റെ മകള്‍ തന്നെ പരിചയപ്പെടുത്തിയത് 'വഴിയില്‍ നിന്ന് കിട്ടിയ ഒരമ്മയ്ക്ക് ഇവിടെ അഭയം തരപ്പെടുത്തണം' എന്ന നിലയിലാണ്.ഓരോ ഓര്‍മ്മയില്‍ ആ അമ്മയുടെ കണ്ണില്‍ നിന്നും ചുടുകണ്ണീരൊഴുകി.പെട്ടന്നാണ് മുറി തുറന്ന് വൃദ്ധ സദനത്തിന്റെ മേധാവി സിസ്റ്റര്‍ ജോസഫൈന്‍ വന്നത്.കരഞ്ഞുകൊണ്ട് കിടന്ന ലക്ഷ്മി പെട്ടെന്ന് എഴുന്നേറ്റ് മുഖം തുടച്ചു. 

''എന്താ ലക്ഷമിയമ്മേ.....എന്തുപറ്റി?  ഒന്നുമില്ല  സിസ്റ്റര്‍. 

''എന്താ മുഖം വല്ലാതെ, കരയുകയായിരുന്നോ? എന്തുപറ്റി,എന്താണെങ്കിലും എന്നോട് പറ''.

 

എന്റെ ഭര്‍ത്താവ് മരിച്ച ദിവസമാണിന്ന്.അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കണം എന്നു പറഞ്ഞ് എന്റെ മകള്‍ ഇവിടെ ആക്കിയിട്ട് പോയതാണ്.ഞാനിവിടെ എത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു.

''മകളോ''?  സിസ്റ്റര്‍ അതിശയത്തോടെ ചോദിച്ചു.ലക്ഷ്മിയമ്മയെ ഇവിടെ ആക്കിയത് മകളാണെന്നാണോ പറയുന്നത്? 

അതെ, എന്റെ മകള്‍ തന്നെ,എനിക്കും ശശിയേട്ടനും വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞുണ്ടായതാണ് അവള്‍- ശിവാനി.ഒരുപാട് ചികിത്സയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം ഉണ്ടായ ഞങ്ങളുടെ പൊന്നുമോള്‍.

ലക്ഷ്മിയമ്മയുടെ ഓര്‍മ്മകള്‍ പതുക്കെ കഴിഞ്ഞ കാലങ്ങളിലേയ്ക്ക് പോയി.അവര്‍ പറഞ്ഞു തുടങ്ങി. 

പച്ചപുതച്ച നെല്‍പ്പാടങ്ങളും ഹരിതാഭമാര്‍ന്ന കുന്നുകളും ചെറിയ തോടുകളും പിന്നെ നിഷ്‌കളങ്കരായ കുറെ നല്ല മനുഷ്യരും.കീരമ്പാറ- അവിടെയായിരുന്ന ശശിയും ഭാര്യ ലക്ഷ്മിയും വിവാഹശേഷം താമസിച്ചിരുന്നത്.ശശിക്ക് അവിടെത്തന്നെയുള്ള  കെ എസ് ഇ ബി യില്‍ പ്യൂണ്‍ ആയിട്ടായിരുന്നു ജോലി.വളരെ സംതൃപ്തി നിറഞ്ഞ കുടുംബജീവിതം. പക്ഷെ ഒരു ദു:ഖം മാത്രം.വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷമായിട്ടും അവര്‍ക്ക് കുട്ടികളില്ലായിരുന്നു.ആ ദു:ഖം ഒന്നും പരസ്പരം അറിയിക്കാതെ ആ ദമ്പതികള്‍ മത്സരിച്ച് സ്‌നേഹിച്ചു പോന്നു.

ഒരു ദിവസം ശശി ജോലി കഴിഞ്ഞ് വീട്ടില്‍ വന്നപ്പോള്‍ പതിവില്ലാതെ വീട്ടില്‍ ആളനക്കമൊന്നുമില്ല.''ലക്ഷ്മി'' എന്നയാള്‍ നീട്ടി വിളിച്ച് ബെഡ്‌റൂമില്‍ ചെന്നപ്പോള്‍ ലക്ഷ്മി കിടക്കുന്നു.അയാള്‍ ആന്തലോടെ അവളെ കുലുക്കി വിളിച്ചു.ലക്ഷ്മീ.....എന്തു പറ്റീ, നീയെന്താ പതിവില്ലാതെ കിടക്കുന്നത്?അയാള്‍ അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചു.

''എനിക്കറിയില്ല ശശിയേട്ടാ, ഭയങ്കര ക്ഷീണം''.

നമുക്ക് ആശുപത്രിയില്‍ പോവാം,നീ റെഡിയായി വാ. 

'അതൊന്നും വേണ്ട എട്ടാ....ഇത്തിരി കഴിയുമ്പോള്‍ മാറിക്കൊള്ളും.അതൊന്നും പറഞ്ഞാല്‍ പറ്റില്ല, നീ ഇറങ്ങ് വേഗം- അയാള്‍ ദേഷ്യപ്പെട്ടു.

ലക്ഷ്മി പെട്ടന്ന തന്നെ റെഡിയായി അടുത്തുള്ള ഹോസ്പിറ്റലില്‍ പോയി,ഡ്യൂട്ടി ഡോക്ടറെ കണ്ടു. ലക്ഷ്മിയെ അകത്തേക്ക് നേഴ്‌സ് വന്ന് കൂട്ടിക്കൊണ്ടുപോയി.പരിശോധനകള്‍ക്കു ശേഷം ഡോക്ടര്‍ ശശിയെ അകത്തേക്കു വിളിപ്പിച്ചു.പരിഭ്രാന്തിയോടെ ശശി എഴുന്നേറ്റ് ചെന്നു.ഡോക്ടര്‍ പുഞ്ചിരിയോടെ ''കണ്‍ഗ്രാറ്റ്‌സ്, നിങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടിരിക്കുന്നു,ലക്ഷ്മി ഗര്‍ഭിണിയാണ്''.ശശിക്ക് തന്റെ കാതില്‍ കുളിര്‍മഴ പെയ്യുന്നതു പോലെയാണ് തോന്നിയത്.

''വേറെ കുഴപ്പമൊന്നുമില്ല. തല്‍ക്കാലം വൈറ്റമിന്‍ ടാബ്‌ലറ്റ് തരാം,മാസചെക്കപ്പിന് വന്നാല്‍ മതി''.

 അവരിരുവരും സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങി. പിന്നെ ഇരുവര്‍ക്കും സന്തോഷത്തിന്റെ നാളുകളായിരുന്നു.ശശി ലക്ഷ്മിയെ പൊന്നുപോലെ നോക്കി. രാത്രിയാവുമ്പോള്‍ അരികില്‍ കിടക്കുന്ന ലക്ഷ്മിയുടെ നിറവയറില്‍  തലോടി ശശി പറയും. ''നമ്മുടെ തങ്കകുടത്തിനെ ഞാന്‍ പഠിപ്പിച്ചു ഡോക്ടറാക്കും.

ലക്ഷ്മി ഇതെല്ലാം ചിരിയോടെ, ഉള്‍പ്പുളകത്തോടെ കേട്ട് കിടക്കും.

മാസം തികഞ്ഞപ്പോള്‍ ലക്ഷ്മി പൊന്നുപോലൊരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞിനെ കയ്യിലെടുത്തപ്പോള്‍ ലോകം കീഴടക്കിയപോലെ തോന്നി.'ശിവാനി' അതായിരുന്നു ശശി തന്റെ പൊന്നുമോള്‍ക്ക് ഇട്ട പേര്.

നാളുകള്‍ നീങ്ങി. ശിവാനിയ്ക്ക് അഞ്ചു വയസ്സായി.പിറന്നാളാഘോഷം അച്ഛന്‍ വന്നിട്ടു മതിയെന്നാണ് ശിവാനിയുടേയും ലക്ഷ്മിയുടേയും തീരുമാനം.സദ്യയൊക്കെ ഒരുക്കി അമ്മയും മോളും ശശിയെ കാത്തിരുന്നു. 

''എന്താ അമ്മേ അച്ഛന്‍ വൈകുന്നത്? മോള്‍ക്ക് ഉറക്കം വരുന്നുണ്ട് കേട്ടോ...? ശിവാനി മോള്‍ പരിഭവിച്ചു. 

''അച്ഛന്‍ ഇപ്പോള്‍ വരും മോളേ....''ലക്ഷ്മി അവളെ സമാധാനിപ്പിച്ചു.ശശി വരാന്‍ വൈകുന്തോറും ലക്ഷ്മിയ്ക്കും ഭയാശങ്കയേറി. ഇതു പതിവില്ലാത്തതാണല്ലോ.അവളോര്‍ത്തു.

പെട്ടെന്നാണ് അയല്‍വക്കത്തുള്ളവരൊക്കെ ആ വീട്ടിലേയ്ക്ക് വരാന്‍ തുടങ്ങിയത്.എന്താ കാര്യമെന്നോര്‍ത്ത് ലക്ഷ്മി അന്ധാളിച്ചു.ആരുമാരും ഒന്നും മിണ്ടുന്നില്ല. ശിവാനിയുടേയും ലക്ഷ്മിയുടേയും മനസില്‍ ആധികേറി.'അച്ഛനെന്തുപറ്റീ....'അവള്‍ കരയാന്‍ തുടങ്ങി.

ഇത്തിരിനേരം കഴിഞ്ഞപ്പോള്‍ ഒരു ആംബുലന്‍സ് ആ മുറ്റത്തേക്ക് വന്നു നിന്നു.അതില്‍ നിന്ന് വെള്ളപുതച്ച ശശിയുടെ മൃതശരീരം ഇറക്കി.''ശശിയേട്ടാ.........''എന്നലറി വിളിച്ച് ബോധരഹിതയായി വീണു.ശിവാനി മോള്‍ എല്ലാം കണ്ട് പകച്ചു നിന്നു.ഓഫീസില്‍ വച്ച് നെഞ്ചുവേദന ഉണ്ടായത്രേ.ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. 

ശശിയുടെ അടക്കും മരണാനന്തര ചടങ്ങും കഴിഞ്ഞ് അമ്മയും മോളും ബാദ്ധ്യതയാകുമോ എന്ന് ഭയന്ന് ഓരോരുത്തരായി സ്ഥലം വിട്ടു. 

 

ഇനിയെന്ത് എന്ന ചോദ്യവുമായി ലക്ഷ്മി ഉഴറി നടന്നു.ശിവാനി മോള്‍ പതിയെ ശശിയുടെ അഭാവം മറന്നു തുടങ്ങി.തൊട്ടയല്‍പക്കത്തെ നാണിയമ്മ മാത്രമായി അവര്‍ക്ക് കൂട്ട്. നാണിയമ്മയ്ക്ക് ആശാവര്‍ക്കറായി ജോലിയുള്ളതുകൊണ്ട് അവര്‍ക്കു വേണ്ട എല്ലാ സഹായവും ചെയ്തു പോന്നു.മക്കള്‍ ഉപേക്ഷിച്ച നാണിയമ്മ മാത്രം ആ അമ്മയ്ക്കും മോള്‍ക്കും താങ്ങായി നിന്നു.നാണിയമ്മയുടെ നിരന്തര ഉപദേശത്താല്‍ ആശ്രിത നിയമനത്തിനുള്ള അപേക്ഷ ലക്ഷ്മി കെ.എസ്.ഇ.ബി ബോര്‍ഡില്‍ കൊടുത്തിരുന്നു.നല്ലവരായ രാഷ്ട്രീയ നേതാക്കന്‍മാരുടെ ശുപാര്‍ശ പ്രകാരം ലക്ഷ്മിക്ക് ആശ്രിതനിയമനം കിട്ടി.ലക്ഷ്മിയ്ക്ക് വളരെയധികം ആശ്വാസമായി.ശിവാനിമോളുടെ പഠനം ആരേയും ആശ്രയിക്കാതെ തുടര്‍ന്ന് കൊണ്ടു പോകാം.തന്റെ ശശിയേട്ടന്റെ ആത്മാവുറങ്ങുന്ന ഓഫീസില്‍ തനിക്കും ഒരു ജോലി.ലക്ഷ്മിക്ക് സാന്ത്വനമായി ഒരു കുളിര്‍കാറ്റ് ഒഴുകി വന്നു. 

ദിവസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. ലക്ഷ്മി ജോലി കഴിഞ്ഞ് വരുമ്പോഴേയ്ക്കും നാണിയമ്മയും ശിവാനിമോളും കഥയും കളിയുമായി കാത്തിരിക്കുന്നുണ്ടാകും.

വര്‍ഷങ്ങള്‍ പലതു കടന്നു പോയി.പഠിക്കാന്‍ മിടുക്കിയായ ശിവാനിമോള്‍ എല്ലാ ക്ലാസിലും ഒന്നാമതായി പഠിച്ചുവന്നു.പത്തിലും പ്ലസ്ടുവിനും എല്ലാത്തിനും എ പ്ലസോടുകൂടി ജയിച്ചു വന്ന ആ കൊച്ചുമിടുക്കിയെ എല്ലാവരും അഭിനന്ദിച്ചു.ശിവാനിയെകൊണ്ട് മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതിക്കാന്‍ ലക്ഷ്മിയെ അവരെല്ലാവരും ഉപദേശിച്ചു.തന്റെ ശശിയേട്ടന്റെ സ്വപ്‌നം,അത് സാക്ഷാത്കരിക്കാന്‍ അവളെന്തു ത്യാഗത്തിനും തയ്യാറായിരുന്നു.ഉള്ളതെല്ലാം സ്വരുക്കൂട്ടി ശിവാനിയെ എന്‍ട്രന്‍സ് പരിശീലനത്തിന് ചേര്‍ത്തു.ശിവാനിക്ക് എന്‍ട്രന്‍സ് പരിശീലനത്തിന് ഹോസ്റ്റലില്‍ നില്‍ക്കേണ്ടി വന്നു.ആ വേര്‍പാട് അമ്മക്കും മകള്‍ക്കും വേദനാ ജനകമായിരുന്നു.എങ്കിലും നല്ല ഭാവിക്കുവേണ്ടിയാണല്ലോ എന്നോര്‍ത്തു ഇരുവരും സമാധാനിച്ചു.ലക്ഷ്മിക്ക് ശിവാനിയുടെ അഭാവം മറക്കാന്‍ നാണിയമ്മയുടെ കരുതലും സ്‌നേഹവും ഏറെ ആശ്വാസദായകമായിരുന്നു.ഇടക്കിടെയുള്ള ഫോണ്‍വിളി മാത്രമായിരുന്നു ആ അമ്മയ്ക്കും മോള്‍ക്കും ആശ്വാസം.വളരെ മികച്ച രീതിയില്‍ തന്നെ എന്‍ട്രന്‍സ് പരീക്ഷയില്‍ വിജയിച്ച ശിവാനി തുടര്‍പഠനത്തിനായി കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ നേടി.അവളുടെ പഠനത്തിനായി ബാങ്കില്‍ നിന്നും വിദ്യാഭ്യാസ ലോണ്‍ കിട്ടിയത് ലക്ഷ്മിക്ക് ഏറെക്കുറെ ആശ്വാസദായകമായിരുന്നു.

ഉയര്‍ന്ന സാമ്പത്തികമുള്ള കുടുംബങ്ങളിലെ കുട്ടികളായിരുന്നു ശിവാനിയുടെ സഹപാഠികളിലേറേയും.അവരുടെ കൂടെ ചങ്ങാത്തം അവളുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ സൃഷ്ടിച്ചു.എളിമയും സ്‌നേഹവുമുള്ള പഴയ ശിവാനിയെ നഷ്ടമായതു പോലെ ലക്ഷ്മിയ്ക്ക് തോന്നി.അതൊക്കെ വെറും നിന്റെ തോന്നലാണെന്ന് പറഞ്ഞ് നാണിയമ്മ അവളെ ആശ്വസിപ്പിച്ചു.

ആയിടയ്ക്കാണ് നാണിയമ്മയുടെ അമ്മാവന്റെ മകന്‍ നാണിയമ്മയെ സന്ദര്‍ശിച്ചത്.ഏറെക്കാലമായി പട്ടാളത്തിലായിരുന്ന മഹാദേവന്‍ അവിവാഹിതനായിരുന്നു. 

ലക്ഷ്മിയുടെ കഥകള്‍ കേട്ടപ്പോള്‍ മുതല്‍ തന്റെ വിശ്രമജീവിതത്തിന് അവളും മകളും കൂട്ടാകുമെന്ന് അയാള്‍ കരുതി.പറ്റിയ ഒരു സന്ദര്‍ഭത്തില്‍ അയാള്‍ നാണിയമ്മയോട് ഇക്കാര്യം സൂചിപ്പിച്ചു.നാണിയമ്മയ്ക്ക് ഇതു കേട്ടപ്പോള്‍ വളരെയധികം സന്തോഷമാണ് തോന്നിയത്. തന്റെ കാലം കഴിഞ്ഞാല്‍ ലക്ഷ്മി ഒറ്റപ്പെട്ടു പോകും എന്ന തോന്നലില്‍ ആ വൃദ്ധഹൃദയം നൊമ്പരപ്പെട്ടിരുന്നു.നാണിയമ്മ തന്നെ ലക്ഷ്മിയുടെ മുമ്പില്‍ അവതരിപ്പിക്കാം എന്ന് മഹാദേവന് അവര്‍ വാക്കു കൊടുത്തു.ഒരു ദിവസം സന്ധ്യയ്ക്ക് നാണിയമ്മ ലക്ഷ്മിയോട് ഇക്കാര്യം സൂചിപ്പിച്ചു. പക്ഷെ ലക്ഷ്മിയുടെ മറുപടി ഇതായിരുന്നു.

'' ഈ ജന്‍മം മുഴുവനും ഓര്‍ക്കാനും ജീവിക്കാനും എനിക്ക് ശശിയേട്ടനോടൊപ്പമുള്ള ഓര്‍മ്മകള്‍ മാത്രം മതി നാണിയമ്മേ''

പക്ഷെ മോളെ....... എനിക്കും പ്രായമായി വരുന്നു.ശിവാനിമോള്‍ പഠിത്തം കഴിഞ്ഞ്  അവളുടെ ജീവിതം തേടിപ്പോകും.നീ ചെറുപ്പമല്ലേ...എത്ര കാലമെന്നു വച്ചാ ഒറ്റയ്ക്ക്? മഹാദേവന്‍ നല്ലവനാ,അവന്റെ കുടുംബത്തിനും കൂടപ്പിറപ്പുകള്‍ക്കും വേണ്ടിയാണ് അവന്‍ ജീവിതം ഹോമിച്ചത് ജീവിതത്തില്‍ ഒറ്റയ്ക്കായി പോയ അവന് മോള് ഒരു കൂട്ടായിരിക്കുമല്ലോ എന്നോര്‍ത്താ ഞാന്‍ പറഞ്ഞത്.ആ........സാരമില്ല ഞാന്‍ അവനോട് വേണ്ടപോലെ പറഞ്ഞോളാം........''.

ശിവാനിമോള് എന്നെ തനിച്ചാക്കില്ല നാണിയമ്മേ അവളുടെ കുഞ്ഞുങ്ങളെ നോക്കി എനിക്ക് ശിഷ്ടകാലം ജീവിക്കാമല്ലോ.ശശിയേട്ടന്റെ ആത്മാവ് എന്റെയൊപ്പമുണ്ട്.പിന്നെ ഞാന്‍ എങ്ങനെ തനിച്ചാകും എന്നുപറഞ്ഞു ചിരിച്ചു കൊണ്ട്  ലക്ഷ്മി അവരുടെ കവിളില്‍ നുള്ളി. 

നാണിയമ്മയില്‍ നിന്ന് കാര്യങ്ങള്‍ അറിഞ്ഞ മഹാദേവന് ലക്ഷ്മിയോടുള്ള ബഹുമാനം കൂടിയതേയുള്ളൂ.അവളുടെ അഭിപ്രായത്തെ മാനിച്ച് ഇക്കാര്യത്തെപ്പറ്റി സംസാരിക്കാന്‍ അയാള്‍ പിന്നെ മുതിര്‍ന്നില്ല.

പിന്നെയും നാളുകള്‍ കടന്നുപോയി. ശിവാനി ഉയര്‍ന്ന മാര്‍ക്കോടെ എം.ബി.ബി എസ് പാസായി.പിന്നെ അവള്‍ പീഡിയാട്രിക്കില്‍,ശിശുരോഗവിഭാഗത്തില്‍ എം ഡി എടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പീഡിയാട്രീഷനായി ജോലിയില്‍ പ്രവേശിച്ചു. വളരെ കുറച്ചുകാലം കൊണ്ട് മികച്ച ഡോക്ടറായി അവള്‍ പേരെടുത്തു.

ശിവാനിമോള്‍ക്ക് പലനല്ല കുടുംബങ്ങളില്‍ നിന്നും വിവാഹാലോചന വന്നുതുടങ്ങി അതില്‍ ഒരു ആലോചന ലക്ഷമിയ്ക്ക് കൊള്ളാമെന്ന് തോന്നി.'രാഹുല്‍' അതായിരുന്നു പയ്യന്റെ പേര്.നല്ല കുടുംബം, എഞ്ചിനീയറായി എറണാകുളത്ത് ഉയര്‍ന്ന കമ്പനിയില്‍ ജോലി ചെയ്യുന്നു.അച്ഛനുമമ്മയും രണ്ടുസഹോദരങ്ങളും അടങ്ങുന്ന കുടുംബം.അവര്‍ ശിവാനിമോളെ വന്നുകണ്ടു.ഇരുവര്‍ക്കും പരസ്പരം ഇഷ്ടമായി.ഏറ്റവുമടുത്ത മുഹൂര്‍ത്തത്തില്‍ വിവാഹവും നിശ്ചയിച്ചു.

വിവാഹ ദിവസമായി.ക്ഷണിക്കപ്പെട്ടവരും ബന്ധുക്കളും എല്ലാം എത്തി.വരനേയും ബന്ധുക്കളേയും സ്വീകരിച്ച് ഇരുത്തി. കല്യാണപുടവയുടുത്ത് സുന്ദരിയായി ശിവാനി മണ്ഡപത്തിലെത്തി.മുഹൂര്‍ത്തമായപ്പോള്‍ ലക്ഷ്മിതന്നെ ശിവാനിയുടെ കൈപിടിച്ച് രാഹുലിന് കൊടുത്തു.രാഹുലിന്റെ തീരുമാനമായിരുന്നു അത്.ഒറ്റയ്ക്ക് കഷ്ടപെട്ട് മകളെ ഡോക്ടറാക്കി വിവാഹം കഴിപ്പിച്ച അമ്മക്കുള്ള അംഗീകാരമായി അവനിത് കരുതി. രാഹുലിന്റെ പെരുമാറ്റവും കരുതലും ലക്ഷ്മിയുടെ മനസ് നിറച്ചു.വിവാഹം കഴിഞ്ഞ് ശിവാനി ഭര്‍തൃഗൃഹത്തിലേക്ക് യാത്രയായി.ഒപ്പം ചെല്ലാന്‍ എല്ലാവരും നിര്‍ബന്ധിച്ചിട്ടും തന്റെ പ്രിയതമനുറങ്ങുന്ന മണ്ണ് വിട്ട് പോകാന്‍ ലക്ഷമിക്കായില്ല.

നാണിയമ്മയുമായി കഥകളൊക്കെ പറഞ്ഞ് ലക്ഷ്മി തന്റെ വിഷമങ്ങള്‍ മറന്നു തുടങ്ങി.ശിവാനിമോള്‍ക്ക് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടി.രാഹുല്‍ എറണാകുളത്ത് ഒരു ഫ്‌ളാറ്റ് എടുത്ത് അവരിരുവരും താമസം തുടങ്ങി.നാളുകള്‍ കഴിഞ്ഞു. 

നാണിയമ്മയ്ക്ക് പ്രായമായി.വാര്‍ദ്ധക്യസഹജമായ ഒരു അസുഖത്താല്‍ ഒരു മഴക്കാലത്ത് അവരുടെ ജീവന്‍ ദേഹം വിട്ടകന്നു. ലക്ഷ്മി നാണിയമ്മയുടെ ശരീരം ചിതയിലേക്കെടുത്തപ്പോള്‍ അലറിക്കരയുകയായിരുന്നു.ശശിയേട്ടന്റെ വിയോഗം ഒരു തരത്തിലും തന്നെ ബാധിക്കാതെ കരുതലും സ്‌നേഹവുമായി വന്ന നാണിയമ്മയുടെ മരണം ലക്ഷ്മിക്ക് തീരാവേദനയായി മാറി.ആകെ തളര്‍ന്നുപോയ ലക്ഷമിയെ രാഹുലും ശിവാനിയും എറണാകുളത്തേക്ക് കൊണ്ടുപോയി.

മാസം തികഞ്ഞപ്പോള്‍ ശിവാനി ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി.കുഞ്ഞിന്റെ കളിചിരികള്‍ ലക്ഷ്മിയെ മാറ്റിയെടുത്തു.മോന് ഇപ്പോള്‍ മൂന്ന് വയസ്സായി.അവനെ അടുത്തുള്ള പ്ലേ സ്‌കൂളില്‍ ചേര്‍ത്തു.മോന്‍ സ്‌കൂളില്‍പോയാല്‍ പിന്നെ ലക്ഷ്മി ആ ഫ്‌ളാറ്റില്‍ ഒറ്റക്കായി. 

ശിവാനിക്കും നല്ല തിരക്കാണ്.ലക്ഷ്മിയുടെ അടുത്ത് വരുവാനോ ഒന്നു മിണ്ടാനോ ഒന്നിനും അവള്‍ വരാറില്ല.പ്രായത്തിന്റേയും ഷുഗറിന്റേയും പ്രഷറിന്റേയും അസ്വസ്ഥതകള്‍ ലക്ഷ്മിയെ വലച്ചു. ശിവാനിയുടെ ഒറ്റപ്പെടുത്തലും കൂടിയായപ്പോള്‍ ലക്ഷ്മി തീരെ അവശതയിലായിരുന്നു.ഇതും കൂടിയായപ്പോള്‍ ശിവാനിക്ക് എങ്ങനേലും അമ്മയെ ഒഴിവാക്കിയാല്‍ മതിയെന്നായി.ഇതിനെപ്പറ്റി സഹപ്രവര്‍ത്തകരുമായി ആലോചിച്ചപ്പോള്‍ 'സെന്റ് സേവ്യേഴ്‌സ് ഹോം' മിനെപ്പറ്റി അവര്‍ പറഞ്ഞു.സിസ്റ്റേഴ്‌സ് നോക്കി നടത്തുന്ന സ്ഥാപനമാണെന്നും ഒരേ പ്രായമുള്ള ആള്‍ക്കാരുമായുള്ള സഹവാസം അമ്മയ്ക്ക് ആശ്വാസദായകമായിരിക്കും എന്ന് അവര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ശിവാനി പിന്നെ മറ്റൊന്നുമാലോചിച്ചില്ല.

ഒരു ദിവസം രാവിലെ ശിവാനി അമ്മയോട് റെഡിയാകാന്‍ പറഞ്ഞു.ഇതു കേട്ടപ്പോള്‍ ആ അമ്മ  തന്നെയുംകൊണ്ട് ശിവാനിമോള്‍ ഹോസ്പിറ്റലില്‍ പോകുകയാണെന്നോര്‍ത്തു സന്തോഷിച്ചു.അന്ന് രാഹുല്‍ ജോലി സംബന്ധമായി ദൂരെ ഒരു നഗരത്തില്‍ മീറ്റിംഗില്‍ പങ്കെടുക്കുകയായിരുന്നു.റെഡിയായി വന്ന അമ്മയേയും കൊണ്ട് ശിവാനി വണ്ടിയില്‍ കയറി സെന്റ് സേവ്യേഴ്‌സ് ഹോമിലേക്ക് ഓടിച്ചു പോയി.ഏതാണ്ട് ഒന്നരമണിക്കൂര്‍ യാത്രയ്ക്ക് ശേഷം അവര്‍ ആ കെട്ടിടത്തിന്റെ കോമ്പൗണ്ടില്‍ എത്തിച്ചേര്‍ന്നു.കാറില്‍ നിന്നിറങ്ങിയ ലക്ഷ്മി 'സെന്റ് സേവ്യേഴ്‌സ് ഹോം'എന്ന ബോര്‍ഡ് കണ്ട് അന്ധാളിച്ചു നിന്നു.ശിവാനി അത് മൈന്‍ഡ് ചെയ്യാതെ ലക്ഷ്മിയെ കൂട്ടിക്കൊണ്ട് അകത്തേക്കു പോയി.സിസ്റ്റര്‍ ജോസഫൈന്റെ മുറിയിലെത്തിയ ശിവാനി 

''ഹലോ സിസ്റ്റര്‍,ഞാന്‍ ഡോക്ടര്‍ ശിവാനി. എനിക്ക് വഴിയില്‍ നിന്ന് കിട്ടിയതാണ് ഈ അമ്മയെ. ആരും ഇല്ലാത്തതാണെന്ന് തോന്നുന്നു.അത്യാവശ്യം ക്യാഷ് ഞാന്‍ തരാം.ഈ അമ്മയ്ക്ക് അഭയം കൊടുക്കണം''.

സിസ്റ്റര്‍ അത്ഭുതത്തോടെ ''ഓ  ദൈവമേ! ഇക്കാലത്തും ഇത്രയും നന്മയുളള മനുഷ്യരോ?തീര്‍ച്ചയായും ഞങ്ങള്‍ ഏറ്റെടുത്തോളാം ഈ അമ്മയെ....''.

ശിവാനി പറയുന്ന ഓരോ വാക്കുകളും ലക്ഷമിയുടെ ഉള്ള് പൊള്ളിച്ചുകൊണ്ടിരുന്നു. ഒരാശ്രയത്തിനെന്നവണ്ണം അവര്‍ കസേരയില്‍ മുറുകെ പിടിച്ചു.ശിവാനി ബാഗില്‍ നിന്ന് ക്യാഷ് എടുത്തു കൊടുത്തതിനു ശേഷം തിരികെ പോകാനിറങ്ങി.ലക്ഷമി തന്റെ മകളെ നോക്കിയതേയില്ല.അവളുടെ ചിന്താമണ്ഡലം ശൂന്യമായിരുന്നു.ആ മാതൃഹൃദയത്തില്‍ നിന്ന് ചോരചിന്തി, അത് കണ്ണീരായി ഒഴുകിയിറങ്ങി.

സിസ്റ്റര്‍ ലക്ഷ്മിയെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.ഒരു മുറി കാണിച്ചു വിശ്രമിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് പുറത്തേക്ക് പോയി.ആ അമ്മ കട്ടിലില്‍ കിടന്നുകൊണ്ട് ആര്‍ത്തലച്ചു കരഞ്ഞു.കഴിഞ്ഞ കാലങ്ങളിലെ ഓരോ സംഭവങ്ങളും അവരുടെ മനോമുകിരത്തില്‍ തെളിഞ്ഞുവന്നു.ഒരു കഷ്ടതയും അറിയിക്കാതെ വളര്‍ത്തിയ തന്റെ പൊന്നുമോളുടെ തിരസ്‌കരണം ആ മാതൃഹൃദയത്തെ തകര്‍ത്തു കളഞ്ഞു.

സമപ്രായക്കാരായ ആള്‍ക്കാരുമായുള്ള സഹവാസം ലക്ഷ്മിയുടെ ദു:ഖത്തെ ലഘൂകരിച്ചെങ്കിലും മാനസിക വ്യഥ അവരുടെ ശരീരത്തെ തകര്‍ത്തിരുന്നു.ഓരോ ദിവസം ചെല്ലുന്തോറും അവരുടെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്നു.തന്റെ കഥ മുഴുവന്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ കണ്ണീരോടെ അവളെ സമാശ്വസിപ്പിച്ചു.

അമ്മ എവിടെയെന്ന് പലതവണ രാഹുലും മോനും ചോദിച്ചെങ്കിലും ബന്ധു വീട്ടില്‍ വളരെ അത്യാവശ്യമായി താമസിക്കുകയാണെന്ന കള്ളം പറഞ്ഞ് ശിവാനി ഒഴിഞ്ഞുമാറി.ആയിടയ്ക്കാണ് കോവിഡ് എന്ന മഹാമാരി പടര്‍ന്നു പിടിച്ചത്.ശിവാനിക്കും ഹോസ്പിറ്റലില്‍ നിന്ന് അസുഖം പിടിപെട്ടു. മോനെ ഓര്‍ത്ത് അവള്‍ മറ്റൊരു ക്വാറന്റൈന്‍ കേന്ദ്രത്തില്‍ താമസിച്ചു.മോനെ ആദ്യമായി പിരിഞ്ഞതിലുള്ള വിഷമവും അസുഖത്തിന്റെ അസ്വസ്ഥതയും അവളെ വല്ലാതെ തളര്‍ത്തി. ആദ്യമൊക്കെ മോനെ വീഡിയോ കോള്‍ ചെയ്യുമ്പോള്‍ മോന്‍ വല്ലാത്ത വാശിപിടിച്ചു കരയുമായിരുന്നു.ഒരിറ്റ് സ്‌നേഹമോ പരിചരണമോ ലഭിക്കാതെ ശിവാനി വല്ലാതെ അസ്വസ്ഥതപെട്ടു.അന്നാദ്യമായി അവള്‍ അമ്മയുടെ സ്‌നേഹവും കരുതലും ഓര്‍ത്തു പോയി. തന്നെ കാണാതെ തന്റെ മകന്റെ കരച്ചില്‍ ഓര്‍ത്ത ശിവാനി അമ്മയെ ഓള്‍ഡേജ് ഹോമില്‍ വിട്ട നിമിഷത്തെ ശപിച്ചു പോയി.തന്റെ അമ്മ എത്രമാത്രം വിഷമിച്ചു കാണും,അച്ഛനില്ലാതെ തന്റെ ജീവിതം തന്നെ മാറ്റിവച്ച അമ്മ തനിക്കു വേണ്ടി എത്ര കഷ്ടപെട്ടിട്ടാണ് ഈ പദവിയില്‍ തന്നെ എത്തിച്ചത്. ഓര്‍ക്കുന്തോറും ശിവാനിയുടെ മനസ് കുറ്റബോധത്താല്‍ നീറിത്തുടങ്ങി.ഇവിടെ നിന്ന് അസുഖം ഭേദമായി പോയാലുടന്‍ അമ്മയെ തിരിച്ചുകൊണ്ടു വരണം.ആ കാല്‍ക്കല്‍ വീണ് മാപ്പ് ചോദിക്കണം.അവള്‍ കണ്ണീരോടെ മനസില്‍ ഒരു ഉറച്ച തീരുമാനം എടുത്തു.

ദിവസങ്ങള്‍ കഴിഞ്ഞു പോയി. അസുഖം മാറിയ ശിവാനി രാഹുലിനോട് പോലും പറയാതെ ഓള്‍ഡേജ് ഹോമിലെത്തി. സിസ്റ്റര്‍ ജോസഫൈന് അവളെ കണ്ടപ്പോള്‍ തന്നെ മനസിലായി. 

''എന്താ ഡോക്ടര്‍ വീണ്ടും ആരെയെങ്കിലും കൊണ്ടു വന്നതാണോ?''

സിസ്റ്ററിന്റെ മുഖത്തെ പുച്ഛച്ചിരി കണ്ട ശിവാനിയുടെ ശിരസ് കുറ്റബോധത്താല്‍ താണുപോയി.

അല്ല...ഞാ...ഞാന്‍ അമ്മയെ കൊണ്ടുപോകാന്‍ വന്നതാണ്. വിറച്ചുകൊണ്ടുള്ള അവളുടെ മറുപടിയില്‍ അവളുടെ മാനസിക വൃഥ മനസിലായ സിസ്റ്റര്‍ നിസഹായതയോടെ പറഞ്ഞു. 

''ലക്ഷ്മി മരിച്ചിട്ട് ഇന്നേക്ക് ആറുമാസമായി. ആരേയും അറിയിക്കാനില്ലാത്തതുകൊണ്ട് ഞങ്ങളുടെ മതാചാരപ്രകാരം അടക്കി. 

ഇതുകേട്ട ശിവാനിക്ക് തലയില്‍ കൂടംകൊണ്ട് ആരോ അടിച്ച അവസ്ഥയിലായി പോയി. തന്റെ അമ്മ ജീവിച്ചിരിപ്പില്ല എന്ന വാര്‍ത്ത അവളെ തകര്‍ത്തുകളഞ്ഞു.പശ്ചാത്താപം കൊണ്ടും പാപഭാരം കൊണ്ടും അവള്‍ ഒരു ഭ്രാന്തിയെപ്പോലെ അലറിക്കരഞ്ഞു.

'' ഞാനിനി ഏതു പാപനാശിനിയില്‍ മുങ്ങിയാലാണ് എന്റെ പാപം കഴുകി കളയാന്‍ പറ്റുക എന്റെ ഈശ്വരന്‍മാരേ...... അവള്‍ സിസ്റ്ററിന്റെ കാല്‍ക്കല്‍ വീണ് പൊട്ടിക്കരഞ്ഞു. 

അവളുടെ അവസ്ഥകണ്ട് മനസലിവ് തോന്നിയ സിസ്റ്റര്‍ അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചുകൊണ്ട്  പറഞ്ഞു.

'നിന്റെ അമ്മയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക, ആ ആത്മാവിനെങ്കിലും മോക്ഷം കിട്ടട്ടെ.'.

അവിടെ നിന്ന് ശിവാനി പതറിയ കാലടികളോടെ കാറില്‍ കയറി.അവളുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ധാരധാരയായി ഒഴുകി.ആ കാര്‍ അകന്നകന്ന് പോകുന്നത് സിസ്റ്റര്‍ ജോസഫൈന്‍ ഇടര്‍ച്ചയോടെ നോക്കി നിന്നു. തന്റെ മകള്‍ തേടിവന്നത് ലക്ഷ്മിയുടെ ആത്മാവ് അറിഞ്ഞു കാണുമോ?അങ്ങ് അനന്തവിഹായസില്‍ രണ്ടാത്മക്കള്‍ക്ക് ആശ്വാസം കിട്ടിക്കാണുമോ? അറിയില്ല. 

ജീവിച്ചിരിക്കുമ്പോള്‍ കൊടുക്കാത്ത കരുതലും സ്‌നേഹവും മരിച്ച് കഴിഞ്ഞ് പ്രകടിപ്പിച്ചിട്ടെന്തുകാര്യം.?മാതാപിതാക്കള്‍ നമ്മുടെ പുണ്യമാണ്.അവരെതിരസകരിക്കാതിരിക്കുക.

പരസ്യങ്ങള്‍ക്കും രചനകള്‍ പ്രസിദ്ധീകരിക്കാനും ബന്ധപ്പെടുക

PH. 8157000888,helloashachechi@gmail.com