ആത്മഗതമാണ് ; ആത്മപീഢ തരുന്ന അനുഭവവുമാണ്
ജോഷി മാത്യു ഓടയ്ക്കല്‍ - ഇന്നലെ കുഞ്ഞുങ്ങള്‍ വന്ന ഉടനെ എറണാകുളത്തു നിന്ന് അനിത വിളിച്ചു.കുഞ്ഞുങ്ങള്‍ ഇല്ലാത്ത തന്റെ ആങ്ങളക്ക് വേണ്ടി ദത്തെടുക്കേണ്ടുന്നതിനു വേണ്ടുന്ന നിയമനടപടികള്‍ എല്ലാം കഴിഞ്ഞ് കാത്തിരിക്കുകയാണ് എന്ന വാര്‍ത്തയോടെ.ആകാംക്ഷയോടെ അനിത ചോദിച്ചു ഞങ്ങള്‍ അങ്ങ് വന്നാല്‍ രണ്ടുപേരില്‍ ഒരാളെ ആരും അറിയാതെ ഞങ്ങള്‍ക്ക് തരാമോ എന്ന്.
ജോഷി മാത്യു ഓടയ്ക്കല്‍
.........................
ഇന്നലെയും ഇന്നും വ്രണിത ഹൃദയത്തോടെയാണ് ഞാന്‍ ഇവിടെയുള്ളത് മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷനില്‍.ഇന്നലെ കൊണ്ടുവന്ന രണ്ടു കുഞ്ഞുവാവകളെ കൂടി കൂട്ടി ഇപ്പോള്‍ ശ്രേയസ് ഫൗണ്ടലിംഗ് ഹോമില്‍ 31 കുഞ്ഞുവാവകള്‍ ഉണ്ട് ആറു വയസിനു താഴെ. ഒരു വയസ്സ് തികയാത്ത 11 പേരും.ഇന്നലെ വന്ന തങ്കക്കുടങ്ങള്‍ക്ക് മൂന്നു ദിവസവും നാല് ദിവസവും മാത്രമേ പ്രായമുള്ളൂ.ശിഘ മോള്‍ വന്നിട്ടും ആഴ്ച ഒന്ന് തികയുന്നതേ ഉള്ളു. അച്ഛനും അമ്മയും ഉപേക്ഷിച്ച കുഞ്ഞു മോള്‍ക്ക് നമ്മള്‍ തന്നെയാണ് പേര് ഇട്ടത്.ആരോടും ഒരു പരിഭവവുമില്ലാതെ വളരെ നിസ്സംഗതയോടെയണ് ട്ടോ ഞാനീ വരികള്‍ കുറിക്കുന്നത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്നും നല്ല അമ്മത്വം ഉള്ള ശ്രേയസിലെ സോഷ്യല്‍ വര്‍ക്കര്‍ ജെമിയ രണ്ടു പൊന്നുമണികളെയും ഇവിടെ വീട്ടില്‍ കൊണ്ടുവന്നു.രണ്ടും ആണ്‍തരികള്‍. ആദം എന്നും ആര്‍ദ്രവ് എന്നും രണ്ടുപേര്‍ക്കും ഞങ്ങള്‍ പേരിട്ടു.എത്ര നിര്‍ഭാഗ്യവാന്മാര്‍ അല്ലേ? ജനിപ്പിച്ച അച്ഛനോ അമ്മയോ ഒരു പേരിടാന്‍ പോലും കൂടെയില്ല.ഇവര്‍ രണ്ടുപേരും ജീവിച്ചു മരിക്കുവോളം അവരുടെ അച്ഛനാരെന്നോ അമ്മയാരെന്നോ അറിയാന്‍ കഴിയാതെ പോകുന്ന നിസ്സഹായത.ഈ കുഞ്ഞുങ്ങള്‍ എന്തു പിഴച്ചു?

നിഷ്‌കളങ്കത തുളുമ്പുന്ന നൈര്‍മല്യം വിതറേണ്ടുന്ന ഇവരുടെ ശൈശവ ബാല്യങ്ങള്‍ ആരു കവര്‍ന്നു? അച്ഛന്റെ കൈവിരല്‍ തുമ്പ് പിടിച്ചു നടക്കേണ്ടുന്ന അവരുടെ അവകാശം ആര് നിഷേധിച്ചു? അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങുന്ന കളി ചിരിയുടെ ഓര്‍മ്മകള്‍ ആര് അപഹരിച്ചു? കൂട്ടുകാരോടും സഹോദരങ്ങളോടും ഒപ്പം ഓടിക്കളിക്കേണ്ടുന്ന ബാല്യം ആര് തല്ലി കെടുത്തി? പൂവിറത്തും തുമ്പിയെ പിടിച്ചും പൂമ്പാറ്റയോടൊപ്പം ഓടിക്കളിച്ചം ഉല്ലസിക്കേണ്ടുന്ന ശൈശവബാല്യ കൗമാരങ്ങള്‍ ആര് നശിപ്പിച്ചു?ആരെയാണ് പഴിക്കുക?പിതൃത്വം എന്തെന്നോ മാതൃത്വം എന്തെന്നോ അറിയില്ലാത്ത ഒരു പുരുഷനും ഒരു സ്ത്രീയും പിതൃത്വം എന്തെന്നോ മാതൃത്വം എന്തെന്നോ അവരെ പഠിപ്പിക്കാത്ത അവരുടെ അച്ഛനും അമ്മയും.നമ്മള്‍ അവരെ പഴിക്കണോ? ഒരു പുരുഷനെയും ഒരു സ്ത്രീയെയും പിതൃത്വം എന്തെന്നും മാതൃത്വം എന്തെന്നും പഠിപ്പിക്കേണ്ട കൂട്ടുത്തരവാദിത്വം സമൂഹത്തില്‍ എല്ലാ മനുഷ്യര്‍ക്കും ഉണ്ട്.ധാര്‍മിക മൂല്യങ്ങളെയും കുടുംബ സംവിധാനങ്ങളെയും മുറിയരുതാത്ത ബന്ധങ്ങളെയും കുറിച്ച് ബോധവാന്മാരും ബോധവതികളും ആകേണ്ടുന്ന കാലം അതിക്രമിച്ചു കഴിഞ്ഞു.അമ്മിഞ്ഞപ്പാല്‍ നുണയാനോ പെറ്റമ്മയുടെ നെഞ്ചിലെ ചൂരോ ചൂടോ അറിയാനോ കഴിയാത്ത നിസ്സഹായത.
അമ്മയുടെ ഉദരത്തില്‍ രൂപം കൊണ്ടപ്പോഴേ മുതലുള്ള തിരസ്‌കരണം.വേണ്ടായിരുന്നു വേണ്ടായിരുന്നു എന്ന അമ്മയുടെ ആത്മഗതം എത്രയോ വലിയ പീഠയായി ഈ കുഞ്ഞു മനസ്സുകളില്‍ പതിഞ്ഞിട്ടുണ്ടാവാം.ഈ ഭൂമിയുടെ മനോഹാരിതയിലേക്ക് ജനിച്ചുവീണപ്പോഴും.സ്‌നേഹ നിരാസം തന്നെ.200 രൂപ മുദ്ര പത്രത്തില്‍ മാതൃത്വം പണയപ്പെടുത്തി പോകുന്ന അമ്മമാര്‍. തങ്ങളുടെ പിതൃത്വത്തിന്റെ ഉത്തരവാദിത്തങ്ങള്‍ എത്രയോ മുന്നേ ഉപേക്ഷിച്ചു പോയ അച്ഛന്മാര്‍.മനുഷ്യകുലത്തോട് കാണിക്കുന്ന സ്‌നേഹരാഹിത്യം എത്ര ഭീകരമാണെന്ന് ഈ കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ പാതയില്‍ മാത്രമേ നമുക്ക് തിരിച്ചറിയാനാകു.അച്ഛന്റെയോ അമ്മയുടെയോ നെഞ്ചത്ത് സ്വച്ഛന്തശാന്തത അനുഭവിക്കേണ്ടുന്ന മക്കള്‍ കണ്ണടയ്ക്കുമ്പോഴും തുറക്കുമ്പോഴും ആരുടേതും അല്ലല്ലോ എന്ന ഭീകര തിരസ്‌കരണം.ഈ സ്‌നേഹ നിരാസം അവസാനശ്വാസം വരെയും സഹിക്കേണ്ടുന്ന നിഷ്‌കളങ്ക ശിശുക്കള്‍.എന്റെ ദൈവമേ ഇതെന്തുകൊണ്ട് എന്തുകൊണ്ട് എന്ന ഉത്തരം കിട്ടാത്ത ചോദ്യം അറിയാതെ ഇങ്ങനെ അന്തരാത്മാവില്‍ മുഴങ്ങിക്കൊണ്ടിരിക്കും.മനസാക്ഷിയുള്ള എല്ലാ മനുഷ്യരുടെയും കൂട്ടുത്തരവാദിത്വമാണ് നമ്മുടെ സമൂഹത്തില്‍ ഇങ്ങന ഒന്നും ഒരിക്കലും സംഭവിക്കാതിരിക്കാനുള്ള ക്രിയാത്മക പ്രവര്‍ത്തികള്‍.മത നേതാക്കള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സമുദായ നേതാക്കള്‍ക്കും സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ക്കും എന്തിനേറെ നമുക്ക് ഓരോരുത്തര്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാന്‍ ഉണ്ട്.
സ്വര്‍ഗീയമായ പരിപാലനയുടെ,വ്യവസ്ഥകള്‍ ഇല്ലാത്ത സ്‌നേഹത്തിന്റെ അനുഭവങ്ങള്‍ ആയിരുന്നു ഇന്നലെ മുഴുവന്‍.
സ്‌നേഹയുടെ ചേച്ചി സോഫി ''നിനക്ക് ഒത്തിരി കുഞ്ഞു മക്കള്‍ ഉള്ളതല്ലേ ഈ വെള്ളത്തുണികള്‍ എല്ലാം നീ എടുത്തോളൂ'' എന്നു പറഞ്ഞ് വീട്ടില്‍ ഉണ്ടായിരുന്നിടത്തോളം വെള്ളത്തുണികള്‍ ഇവിടെ കൊണ്ടുവന്നു തന്നു.അമ്മിഞ്ഞപ്പാല്‍ നുകരാന്‍ ഭാഗ്യമില്ലാതെ പോകുന്ന ഈ ശിശുക്കള്‍ക്കായി ചെറുപുഷ്പം ദീപു 15,000 രൂപയുടെ ലാക്ടോജന്‍ ഇന്നലെ വാങ്ങിത്തന്നു.കുഞ്ഞുവാവകള്‍ക്കൊരു മാസത്തേക്കുള്ള ന്യൂട്രീഷ്യസ് ഫുഡ്.രണ്ട് കുഞ്ഞുങ്ങള്‍ കൂടി ഇന്നലെ വന്നപ്പോള്‍ സ്‌നേഹക്കും ജെമിയയ്ക്കും ശ്രേയസിലെ ആയ മാര്‍ക്കും ഒത്തിരി ഒത്തിരി സന്തോഷമായി എങ്കിലും രണ്ടുപേരുടെയും കൂടി അധിക ഉത്തരവാദിത്വം എങ്ങനെ നിറവേറ്റും എന്ന് ചിന്തിച്ചിരിക്കുമ്പോള്‍ ജോസ്‌ന എന്ന ഒരു മോള്‍ നേഴ്‌സ് ആയി ഇന്ന് ജോയിന്‍ ചെയ്തു.

ഇന്നലെ കുഞ്ഞുങ്ങള്‍ വന്ന ഉടനെ എറണാകുളത്തു നിന്ന് അനിത വിളിച്ചു.കുഞ്ഞുങ്ങള്‍ ഇല്ലാത്ത തന്റെ ആങ്ങളക്ക് വേണ്ടി ദത്തെടുക്കേണ്ടുന്നതിനു വേണ്ടുന്ന നിയമനടപടികള്‍ എല്ലാം കഴിഞ്ഞ് കാത്തിരിക്കുകയാണ് എന്ന വാര്‍ത്തയോടെ.ആകാംക്ഷയോടെ അനിത ചോദിച്ചു ഞങ്ങള്‍ അങ്ങ് വന്നാല്‍ രണ്ടുപേരില്‍ ഒരാളെ ആരും അറിയാതെ ഞങ്ങള്‍ക്ക് തരാമോ എന്ന്.
എന്തൊരു വൈപരീത്യം.
വേണ്ടുന്നവര്‍ക്ക് തമ്പുരാന്‍ മക്കളെ കൊടുക്കുന്നില്ല വേണ്ടാത്തവര്‍ക്ക് വാരിക്കോരി കൊടുക്കുന്നു.ഒരുപക്ഷേ മാനുഷികമായ തെറ്റുകളെ കുറവുകളെ പോരായ്മകളെ ദുഷ്ടതകളെ ദൈവീകമാക്കുന്ന തമ്പുരാന്റെ സ്‌നേഹ പദ്ധതി.ഭൂമിയില്‍ മനുഷ്യര്‍ക്കല്ലേ തെറ്റ് പറ്റൂ.ഈ മാനുഷിക തെറ്റുകളെ ദൈവികമായ ശരികള്‍ ആക്കുന്ന പുണ്യ പദ്ധതിയാണ് ദത്തെടുക്കല്‍.സ്‌നേഹനിരാസത്തില്‍ തിരസ്‌കരിക്കപ്പെട്ട ഈ കുഞ്ഞുങ്ങളെ എത്ര വാത്സല്യത്തോടെയാണ് അവര്‍ നെഞ്ചോട് ചേര്‍ക്കുന്നത്.ഒരു കുഞ്ഞികാലു കാണുവാന്‍ കണ്ണുനീരോടെ കാത്തിരുന്ന എത്രയോ വര്‍ഷങ്ങള്‍.ആ കാത്തിരിപ്പിന്റെ പരിസമാപ്തിയാണ് നൊന്തു പെറ്റതല്ലെങ്കിലും കൈകളില്‍ സ്വീകരിച്ച് നെഞ്ചോട് ചേര്‍ക്കപ്പെടുന്ന നിഷ്‌കളങ്ക ജന്മങ്ങള്‍.
ഒന്നുമാത്രം എനിക്ക് ആശ്വാസമായിട്ടുണ്ട്.അവരുടെ കൈകളില്‍ ഈ കുഞ്ഞുമക്കള്‍ എന്നും സുരക്ഷിതരായിരിക്കും എന്ന പ്രത്യാശ




