ഒരു അത്യന്താധുനിക പ്രണയത്തിന്‍റെ അന്ത്യം
-----------------------------------------------------------
അസ്തമയ സൂര്യന്‍റെ കിരണങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന കടപ്പുറം. പകലത്തെ ഗര്‍ജ്ജനം അടക്കി ശാന്തമായി കിടക്കുകയാണ് കടല്‍. അതിനെ ആശ്വസിപ്പിക്കാനെന്നവണ്ണം പതുക്കെ വീശിയടുക്കുന്ന മന്ദമാരുതന്‍. ചുവന്നു തുടുത്ത ആകാശം ഒരു നവ വധുവിന്‍റെ കവിളിലെ ചുവപ്പ് രാശിപോലെ തിളങ്ങി.
ദൂരെ ..കനത്തുവരുന്ന ഇരുട്ടിനുമപ്പുറം, മണ്ണില്‍ ചരിച്ചു ഇട്ടിരിക്കുന്ന ഒരു വഞ്ചി. അതില്‍ ചാരിയിരുന്നു സല്ലപിക്കുന്ന രണ്ടു യുവ മിഥുനങ്ങള്‍ !! പ്രേമ പരവശയായ യുവതി ..എന്തോ പറയാനുണ്ടെന്ന ഭാവത്തില്‍ വിടര്‍ന്ന അവളുടെ അധരങ്ങള്‍... പ്രകൃതിയിലെ ചുവപ്പുരാശി മുഴുവന്‍ കടമെടുത്തോ എന്ന് തോന്നും . അവളുടെ മടിയില്‍ തലചായിച്ചു നിര്‍വൃതിയില്‍ അലിഞ്ഞു കിടക്കുന്ന താടിക്കാരന്‍ കാമുകന്‍ ..!
കണ്ണുകളില്‍ ഉറ്റുനോക്കി സകലതും വിസ്മരിച്ച അവര്‍ സന്ധ്യ നിലാവിന് വഴിമാറിക്കൊടുത്തതും , താരങ്ങള്‍ തങ്ങളെ നോക്കി പുഞ്ചിരിക്കാന്‍ തുടങ്ങിയതും ഒന്നും അറിഞ്ഞതേയില്ല..
മൌനം വാചാലമായ നിമിഷങ്ങള്‍ ... കഥ പറയുന്ന ആ കണ്ണുകളില്‍ ലോകം പിടിച്ചടക്കിയ ഭാവം ... ഒടുവില്‍ വൈരങ്ങള്‍ വാരിയെറിഞ്ഞത് പോലെ ആകാശം നിറയെ നക്ഷത്രങ്ങള്‍ കണ്ടപ്പോള്‍ സ്വതേ വിടര്‍ന്ന യുവതിയുടെ കണ്ണുകള്‍ അല്‍പ്പം കൂടി വിടര്‍ന്നു. ഒരു കള്ളച്ചിരിയുടെ അകമ്പടിയോടെ അവള്‍ മടിയില്‍ കിടക്കുന്ന യുവാവിനോട് ചോദിച്ചു ...
"പ്രാണനാഥാ .. ഈ നക്ഷത്രങ്ങള്‍ക്ക് ഭൂമിയില്‍ നിന്നും എത്ര ദൂരം..."?
ഏതോ അത്ഭുതം കേട്ടപോലെ യുവാവ് ഒരു നിമിഷം നിശ്ചലനായി. പിന്നെ , അവളുടെ മുഖം തന്‍റെ കൈക്കുംബിളിലോതുക്കി , ആ വിടര്‍ന്ന മിഴികളിലേക്ക് ഉറ്റു നോക്കിക്കൊണ്ടു പറഞ്ഞു..
." പ്രിയേ......കയ്യെത്തും ദൂരം മാത്രം ."
*********************************************
വര്‍ഷങ്ങള്‍ക്കുശേഷമുള്ള മറ്റൊരു സായാഹ്ന്നം .. അതേ കടപ്പുറം... പ്രകൃതിയെ പൊന്നാട ചാര്‍ത്തിയ അസ്തമയ സൂര്യന് അന്നത്തെ അതേ ഭാവം .. അതേ യുവമിഥുനങ്ങള്‍ ..നക്ഷത്രങ്ങളുടെ കണ്ണുകള്‍ക്ക് അതേ കുസൃതി ഭാവം , അത് തെല്ലും വകവെക്കാതെ സ്വല്‍പ്പം ഗൌരവത്തോടെ പൂര്‍ണ ചന്ദ്രന്‍
ആകാശത്തിലെ അനന്തതയിലേക്ക് തുറിച്ചു നോക്കി കഞ്ചാവിന്റെ പുക ആസ്വദിക്കുകയാണ് അയാള്‍, പണ്ടത്തെ താടിക്കാരന്‍ കാമുകന്‍.. താടിയും മുടിയും വളര്‍ന്നു ഒരു വികൃത രൂപം! തൊട്ടടുത്തായി ഒരു പേക്കോലം പോലെ ആ യുവതിയും ഉണ്ട്.. വീര്‍ത്ത വയറും ഒട്ടിയ കവിളുമായി ദൈന്യത ഉളവാക്കുന്ന ഭാവം ..കുഴിയിലാണ്ട കണ്ണുകള്‍ .. അവര്‍ക്ക് ചുറ്റുമായി ഓടിനടക്കുന്ന ശോഷിച്ച കൈകാലുകളും വീര്‍ത്ത വയറും ഉള്ള രണ്ടു കുട്ടികള്‍ !
ആകാശത്തിലെ വിടര്‍ന്ന നക്ഷത്രങ്ങള്‍ അവളില്‍ ഗതകാല സ്മരണകള്‍ ഉണര്‍ത്തി ..എങ്ങു നിന്നോ കൈവന്ന ആശയോടെ അവള്‍ അയാളോടെ ചോദിച്ചു ..
"പ്രാണനാഥാ.. ഈ നക്ഷത്രങ്ങള്‍ക്ക് ഭൂമിയില്‍ നിന്നും എത്ര ദൂരം..."?
അവളുടെ ശബ്ദം പൂഴി മണലില്‍ വീണു ചിതറി. അയാള്‍ കഞ്ചാവ് ബീഡി ഒന്ന് ആഞ്ഞു വലിച്ചു .. അനന്തരം ഉറക്കാത്ത ശിരസ്സോടെ അവളെ ഒന്ന് നോക്കി ചിറി കോട്ടി ....അഞ്ചു നിമിഷം മാത്രം..പിന്നെ മത്തു പിടിപ്പിക്കുന്ന പുകമണത്തോടൊപ്പം അവ്യക്തമായ അയാളുടെ ഉത്തരം പുറത്തേക്ക വന്നു ..
" കണ്ണെത്താ ദൂരത്തോളം .."
-----------------------------------------------------------------------------------------
പദ്മാ കണ്ണൻതൊടിയിൽ