അന്നൊരു യാത്രയില്‍
ഏതോ ഉള്‍പ്രേരണയില്‍ ഒരു കുഞ്ഞിനെയെന്ന പോലെ ഞാനയാളുടെ മുതുകില്‍ തട്ടിക്കൊടുത്തു.ഒരു ഞെട്ടല്‍ അയാളിലൂടെ കടന്നുപോയി കാണണം

സുനില്‍ ജലീല്‍
...................................................
അന്നൊരു യാത്രയിലായിരുന്നു.കൈവിട്ടതും കടലെടുത്തതുമൊന്നുമോര്‍ക്കാതെ കാഴ്ചകള്‍ തെളിഞ്ഞ് സ്വച്ഛമായിരുന്നു.ഛണ്ഡീഗഢിലൊരിടത്ത് ഇനിയും പുറപ്പെടാത്ത ഒരു ബസ്സില്‍ ഡ്രൈവര്‍ക്ക് പിന്നിലെ സീറ്റില്‍ ഞാനിരിക്കുകയാണ്.
ഭൂമിയിലെ എഴുന്നൂറു കോടിയില്‍,ഇന്ത്യയിലെ നൂറ്റിമുപ്പത് കോടി മനുഷ്യജീവത്തരികളില്‍ ഒന്ന്.എന്റെ വലതുവശത്തും ഒരു ജീവത്തരിയിരിപ്പുണ്ട്.ഒരു സര്‍ദാര്‍ജി.ലോകത്തെ എഴുനൂറു കോടിയില്‍ ഏതോ രണ്ടുപേര്‍ കണ്ടുമുട്ടാനുള്ള അത്രയും സാധ്യത മാത്രമുള്ള രണ്ട് മനുഷ്യര്‍.
സൗഹൃദത്തിന്റെ ലാഞ്ചന പോലുമില്ലാത്ത മുറുകിയ മുഖം.തൊട്ടടുത്തിരുന്നിട്ടും പഞ്ചാബിലെ ഏതോ ഗ്രാമത്തില്‍ നിന്ന് കൊച്ചിയിലേക്കുള്ള ദൂരം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു കാണും.സെക്ടര്‍ 43-ലേക്കാണ് എനിക്ക് പോകേണ്ടിയിരുന്നത്.
കണ്ടക്ടര്‍ വന്നപ്പോള്‍ അടുത്തിരിക്കുന്നയാളും അങ്ങോട്ട് തന്നെയെന്ന് മനസ്സിലായി.ഇന്ത്യയിലെ പ്ലാന്‍ഡ് സിറ്റിയാണ് ചണ്ഡീഗഡ്.കൃത്യമാര്‍ന്ന പ്ലാനിംഗോടെയുള്ള കെട്ടിടങ്ങള്‍.അന്യോന്യം ചതുരംഗക്കളം കണക്കെ കിറുകൃത്യമായി ഊടും പാവുമിട്ട് കടന്നുപോകുന്ന മികച്ച റോഡുകള്‍.പഞ്ചാബിന്റെ റോഡുകളില്‍ അത്യാധുനിക ആഢംബര വാഹനങ്ങള്‍ക്കൊപ്പം ആളുകളെയും കാര്‍ഷികവിഭവങ്ങളെയും നിര്‍മാണ സാമഗ്രികളെയും കുത്തിനിറച്ച ട്രാക്ടറുകള്‍ തിക്കിത്തിരക്കുന്നു.അടിക്കടിയുള്ള സിഗ്‌നലുകളിലെ ചുവപ്പുവട്ടത്തിന് ചുവട്ടില്‍ ഉഷ്ണത്തില്‍ ആളുകള്‍ അക്ഷമരാവുന്നു.
പച്ച തെളിയുന്ന നിമിഷം ഹോണുകള്‍ ആര്‍പ്പുവിളിക്കുന്ന തിരക്കിന്റെ ഉത്സവം.വണ്ടി ഓടിത്തുടങ്ങുകയായി.അടുത്തിരുന്ന സര്‍ദാര്‍ അസ്വസ്ഥനാവുന്നതും കയ്യില്‍ കരുതിയ പ്ലാസ്റ്റിക് കവറെടുത്ത് നിവര്‍ത്തുന്നതും ഞാന്‍ കാണുന്നുണ്ട്.
അയാള്‍ അതിലേക്ക് ഓക്കാനിക്കുകയും ഛര്‍ദ്ദിക്കുകയുമാണ്.തൊണ്ടക്കുഴിയെ കീറിമുറിക്കുന്ന അന്നനാളത്തിന്റെ വിരുദ്ധചലനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ മുതുകിലൊന്ന് തട്ടാന്‍ ആരുമില്ലാതെ അങ്ങനെയൊരവസ്ഥയില്‍ നിങ്ങള്‍ ആയിരുന്നിട്ടുണ്ടോ?
എന്തൊരസ്വസ്ഥതയാണതെന്നോ.ഏതോ ഉള്‍പ്രേരണയില്‍ ഒരു കുഞ്ഞിനെയെന്ന പോലെ ഞാനയാളുടെ മുതുകില്‍ തട്ടിക്കൊടുത്തു.ഒരു ഞെട്ടല്‍ അയാളിലൂടെ കടന്നുപോയി കാണണം.ജാള്യതയോ അപരിചിതത്വമോ കൊണ്ടാകാം കുറച്ചിട കഴിഞ്ഞപ്പോള്‍ 'മതി'യെന്ന് അയാള്‍ ഇടറിയ സ്വരത്തില്‍ പറഞ്ഞു.
ബസിന്റെ ഓരോ ഉലച്ചിലും അയാളെ ബാധിക്കുന്നുണ്ടായിരുന്നു.വീണ്ടും അയാള്‍ കവറിലേക്ക് മുഖം പൂഴ്ത്തി.ഇത്തവണ ഞാന്‍ എത്ര തട്ടിക്കൊടുത്തിട്ടും അയാള്‍ തടുത്തില്ല.ആ അജാനുബാഹു ഒരു പൂച്ചക്കുഞ്ഞിനെ പോലെ മെരുങ്ങിയിരുന്നു.ഒരുവിധം ശാന്തനായപ്പോള്‍ എന്റെ ബാഗില്‍ നിന്ന് ഒരു കവര്‍ ഞാനയാള്‍ക്ക് കൊടുത്തു.അയാള്‍ ചിരിച്ചു നന്ദി പറഞ്ഞു.എത്ര പെട്ടെന്നാണ് മഞ്ഞുമലകള്‍ ഉരുകി മാറുന്നത്.ഞാന്‍ കേരളത്തില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ എങ്ങോട്ട് പോകുന്നുവെന്നായി.ലേയിലേക്ക് എന്നറിഞ്ഞപ്പോള്‍ അയാള്‍ അദ്ഭുതത്തോടെ എന്നെ നോക്കി.
''ങ്ങളൊക്കെ എന്തിന് പോകുകയാണങ്ങോട്ട്?ലേയില്‍ എന്തുണ്ടായിട്ടാണ്. ? വെറും ചത്തഭൂമിയാണത്.മനുഷ്യരെയും അത് കൊല്ലും.'
ഞാന്‍ എതിര്‍ക്കാതെ ചിരിച്ചു.അയാളോട് മറ്റു വിശേഷങ്ങള്‍ തിരക്കി.അയാള്‍ ഫയര്‍ഫോഴ്‌സിലാണ്.പഞ്ചാബില്‍ നിന്നും ലേയിലേക്ക് ട്രാന്‍സ്ഫര്‍ ആയിട്ട് ആറുമാസമാകുന്നു.ഇടയ്ക്ക് ഒരു ലീവൊപ്പിച്ച് കുടുംബത്തെ കാണാന്‍ ഓടിവരുന്ന വഴിയാണ്.'വീടും നാടും വിട്ട് ഇത്രയകലെ കഴിയുന്നത് വിഷമമാണ്.കുടുംബം ഇവിടെയായിരിക്കുമ്പോള്‍ എങ്ങനെ സമാധാനമായി നില്‍ക്കാനാണ്.
പഞ്ചാബികള്‍ വികാരജീവികളാണെന്ന് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ.നിറഞ്ഞു വരുന്ന അയാളുടെ കണ്ണുകള്‍ അത് വെളിവാക്കിത്തന്നു.ആ പരുക്കനായ മനുഷ്യന് അത് ചേരുന്നില്ലായിരുന്നെങ്കിലും അയാളുടെ മനസ്സിന്റെ നിര്‍മ്മലത അതിലൂടെ കാണാമായിരുന്നു.അയാള്‍ ലേയെ വെറുക്കുന്നതിന്റെ കാരണം എനിക്ക് മനസ്സിലായി.

ചക്രവാളത്തോളം കടുംനീലയായ ആകാശവും വെള്ളിമേഘങ്ങളെ നെഞ്ചോടുചേര്‍ത്ത് പുണരുന്ന ഉന്നത ഹിമശൃംഗങ്ങളും ഇന്ദ്രനീലം പടരുന്ന നദികളൊഴുകുന്ന വിസ്തൃതമായ സമതലങ്ങളും കോടി നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്ന കരിമഷിക്കറുപ്പണിഞ്ഞ രാത്രികളും അയാളെ സന്തോഷിപ്പിക്കില്ല.അയാള്‍ അപ്പോഴൊക്കെ ഒരു ഗോതമ്പുപാടത്തിനരികെയൊരു വീട്ടില്‍ ചുട്ട റൊട്ടിയും സബ്ജിയുമായി ഒരു പിച്ചളക്കോപ്പയില്‍ ലസ്സിയും നുകര്‍ന്നിരുന്ന ഓര്‍മ്മകളിലാവും.എരുമക്കൂട്ടങ്ങളെ തെളിച്ചുവരുന്ന കര്‍ഷകരുടെ ആരവങ്ങളാവും ലേയിലെ ഹിമക്കാറ്റിന്റെ ഇരമ്പത്തിനിടയിലും അയാള്‍ കേള്‍ക്കുക.ഓര്‍ക്കുന്നത് മാത്രം കാണുന്ന വിചിത്രജീവിയാണ് മനുഷ്യന്‍.
ഞാന്‍ ചുറ്റും നോക്കി.ബസ്സില്‍ നിറയെ ആളുകള്‍.ഓരോ ലോകങ്ങളിലേക്കാണ് ഓരോരുത്തരും യാത്ര പുറപ്പെട്ടിരിക്കുന്നതെന്ന് മുഖങ്ങള്‍ കൊണ്ട് മനസ്സിലാവുന്നുണ്ടായിരുന്നു.അനേക ദിശകളിലേക്ക് ഭ്രാന്തെടുത്തോടുന്ന കനവുകളിലിരിക്കുന്ന മനുഷ്യരെ ഉള്ളിലടക്കിയാണ് വാഹനം മുന്നോട്ടോടുന്നത്.അതില്‍ നിന്നിറങ്ങി ഒരുടല്‍ മരണവീട്ടിലേക്കും മറ്റൊരുടല്‍ കുട്ടിയുടുപ്പൊന്ന് വാങ്ങാന്‍ കടയിലേക്കും കയറും.

ഒന്ന് പ്രണയിക്കടുത്തേക്കോടുമ്പോള്‍ മറ്റൊന്ന് ഏകാന്തമായൊരു വഴി തെരയുകയാവും.ഒന്നൊരു നാഭി തിരയുമ്പോള്‍ മറ്റൊന്നൊരു ചുമല്‍ തേടുകയാവും.മനസ്സുകളോ,അവ നേരത്തെ തന്നെ അവിടെത്തി കാത്തിരിക്കുകയാവും.സെക്ടര്‍ 43-ല്‍ ഇറങ്ങുമ്പോള്‍ ഗാഢമായൊരു ഹസ്തദാനം കൊണ്ട് എന്റെ വലതുകൈ മൂടിയ ശേഷം അയാള്‍ വിടപറഞ്ഞു.
ഒരു സ്പര്‍ശം കൊണ്ട് ഞാനൊരു കടം നല്‍കിയിരിക്കുകയാണല്ലോ.അയാള്‍ ആ കടം വീട്ടാതെയാണ് പോയിരിക്കുന്നത്.
അത് വീട്ടപ്പെടേണ്ടതല്ലേ?ദിവസങ്ങള്‍ക്കപ്പുറം ഹിമാചലിന്റെ ഏതോ മലമടക്കുകളിലൊന്നില്‍ കറങ്ങിത്തിരിഞ്ഞ് കയറിച്ചെന്നത് മലയിടിഞ്ഞ് കുടുങ്ങിപ്പോയ വണ്ടികള്‍ കാത്തുകിടക്കുന്നതിന്റെ വാലിലേക്കാണ്.

അടുത്ത പട്ടണം ആറുകിലോമീറ്റര്‍ മാത്രം അപ്പുറം.പിന്നിലൊരു കട കടന്നുവന്നിട്ട് കിലോമീറ്ററുകള്‍ കഴിഞ്ഞിട്ടുണ്ട്.പട്ടാളത്തിന്റെ വാഹനങ്ങള്‍ ചേര്‍ന്ന് കല്ലിടിച്ച് പൊട്ടിക്കുന്നതിന്റെ ഘോരമായ ശബ്ദം. കാഴ്ചകള്‍ കണ്ട് വന്ന ലഹരിയില്‍ അടങ്ങിക്കിടന്ന വിശപ്പ് കാത്തുകിടപ്പിന്റെ വിരസതയില്‍ കത്തിക്കാളി പുറത്തുവന്നു.വെള്ളം കൊണ്ട് കെടുത്താനാവാത്ത തീയാണ് വിശപ്പിന്റേത്.പുറത്തിറങ്ങി അരികുഭിത്തിയില്‍ കയറിയിരിക്കുമ്പോള്‍ തൊട്ടടുത്ത് കിടക്കുന്ന കാറില്‍ നിന്ന് ഒരു കൈ നീളുന്നു.
നാലു ചെറുപ്പക്കാരില്‍ ഒരാള്‍.'ഭായ്.. യേ ലോ...'നീട്ടിയ കൈകളില്‍ ഹിമാചലിന്റെ മധുരവും കുളിരുമടക്കിയ ഗോള്‍ഡന്‍ ആപ്പിളുകള്‍.വാങ്ങുന്തോറും നിറച്ച് വീണ്ടും ആപ്പിളൂട്ടുന്ന കൈകള്‍.വയര്‍ നിറഞ്ഞു.കണ്ണിലൊരു തുള്ളി തീര്‍ച്ചയായും നിറഞ്ഞിട്ടുണ്ടാവും.
ചണ്ഡീഗഡില്‍ വെച്ച് എനിക്ക് കിട്ടേണ്ട കടം പലിശയും ചേര്‍ത്ത് തീര്‍ന്നിരിക്കുന്നു.ഈ ചെറുപ്പക്കാര്‍ എനിക്ക് പുതിയൊരു കടം വരുത്തിയാണ് കൈവീശി കടന്നുപോകുന്നത്.അതിനിയെന്നാണ് അവര്‍ക്ക് വീട്ടിക്കിട്ടുക.




