കവിത
ഹരിത പണിക്കർ
...........................
അവളാണ് വിഡ്ഢി;
പൊട്ടിക്കാനാവാതായ
കൽപ്പ്യൂപ്പക്കകത്തിരുന്ന്
സ്വാതന്ത്ര്യത്തിന്റെ
പല നിറ പൂമ്പാറ്റ
ചിറകടിക്കുന്നതിനെ
പറ്റി വാതോരാതെ
വർത്തമാനിച്ചവൾ.
ഉള്ള് നിറച്ച് ഒഴുകിയ
ഓർമ്മപ്പുഴയിലാണ്
നമ്മുടെ ജീവിതം.
വക്കു പൊട്ടിയ
പിച്ചള പാത്രത്തിലേക്ക്
നാലുകെട്ടിന്റെ
ഓട്ടിറമ്പിലൂടെയൂറി
വീണു ചിതറുന്ന
മഴശബ്ദ ചിത്രം.
അങ്ങനെയാണു
ചിലർ; നമ്മൾ
നീലക്കടലിലേക്ക്
ഓവുക്കീറിക്കൊടുത്താലും
വറ്റിത്തുടങ്ങിയ
വയൽക്കഴുവയിൽ
സ്വയം പൊലിയുന്നവർ.
കാലം പറയട്ടേ
കയ്ക്കുന്ന കാഴ്ചകൾക്കപ്പുറം,
കരിവീട്ടിപോലെ
കാമ്പുള്ള കിനാവുകൾ,
കാറ്റിൽ പറത്തിയ
ചില നാടകങ്ങൾ..
ഞാനെന്ന മഴയപ്പോഴും
നിലംമുട്ടിയ ചില്ലയായ്
വേരിനെ ചുംബിച്ചു
പെയ്തുതീരാതെ
പെയ്തുതീരാതെ...