കവിത

സതി സതീഷ്
**************************
നിന്നോർമ്മയിൽ
മുന്നിലൊരു വസന്തം വിരിയുന്നു ..
അത്രമേൽ ആഴത്തിൽ
നമ്മൾ സ്നേഹിച്ചിരുന്നുവെന്നോ?
പ്രണയം മഷി എഴുതിയ
മിഴികളാൽ
എന്റെ സ്വപ്നതീരത്തേക്ക്
ഓർമ്മകളുടെ വെൺമേഘങ്ങൾക്കിടയിലൂടെ
നക്ഷത്രങ്ങളെ തേടി
ദൂരെ ഒരു സ്വപ്നലോകത്തേക്ക്
എനിക്കായ് പെയ്തൊഴിയാൻ കാത്തുനിന്ന
മാരിമുകിലുപോൽ
പകലിനെ വേർപിരിയുന്ന
സന്ധ്യയുടെ മൗനവും
അസ്തമനശോഭയിലെ
ചക്രവാളത്തിന്റെ മൗനവും .
രാവിനോട് വിടചൊല്ലുന്ന
രാക്കിളിയുടെ മൗനവും
മഴയെ കാത്തിരിക്കുന്ന
വേഴാമ്പലിന്റെ മൗനവും
എന്റെ സ്വപ്നങ്ങളിൽ
നടവഴികളിൽ ജീവനെടുത്താലും
അടർത്തിമാറ്റാനാവാത്ത
ഹൃദയത്തിൽ വിരിഞ്ഞൊരു
പൂവ് പ്രണയത്തിന്റെ
ഇതളുകൾ വിരിയിച്ച്
മധുപകർന്ന് സുഗന്ധം
പരത്തി നിൽക്കുന്നുവോ?