മരിച്ചവരിലേക്കുള്ള കുറുക്കുവഴികൾ
കവിത
രാജൻ കിണറ്റിങ്കര

........................................
മരിച്ചു പോയവരുടെ
അടുത്തെത്താൻ
ചില ഊടുവഴികളുണ്ട്..
അച്ഛനും അമ്മയ്ക്കും
സുഹൃത്തുക്കൾക്കും
പ്രത്യേകം പ്രത്യേകം
വഴികളാണ്..
അച്ഛന്റെ അടുത്തെത്താൻ
എല്ലുന്തിയ
നെഞ്ചിൻ കൂട്ടിലെ
കരുതലിന്റെ
ഹൃദയമിടിപ്പുകളെ
കാതോർത്ത് നടക്കണം ,
വിയർപ്പിൽ കുതിർന്ന
മേൽ മുണ്ടിന്റെ
ഗന്ധമറിഞ്ഞ്
അടികൾ മെല്ലെ വയ്ക്കണം...
സുഹൃത്തിനടുത്തേക്ക്
ചെറുപുഞ്ചിരിയോടെ
പരിഭവങ്ങളെ
കനലിലെറിഞ്ഞ്
എന്നാലും നീയിത്ര നേരത്തെ
എന്ന പതിവ് പല്ലവി
വഴിയിലുപേക്ഷിച്ച്
കളിച്ചു ചിരിച്ച പഴയ
സന്ധ്യകളുടെ
നിഴൽ നോക്കി നടക്കണം...
അമ്മയ്ക്കടുത്തേക്ക്
അടുക്കളപ്പുറത്തൂടെ
മുഖത്ത് ചാലുകൾ വീഴ്ത്തിയ
കണ്ണീർ പാടുകളുടെ
ഓരം ചേർന്ന്
എരിവും ഉപ്പും പുളിയും
കൃത്യത പകർന്ന
വിരലറ്റങ്ങളിലെ
സ്നേഹച്ചൂടേറ്റ് നടക്കണം ,
തട്ടി വീഴുമ്പോഴും
മുൾമുന കൊള്ളുമ്പോഴും
അമ്മേ എന്ന്
വീണ്ടും വിളിക്കണം..
തിരിച്ച്
പോരുമ്പോഴുമുണ്ട്
ചില രീതികൾ ..
അച്ഛനോട്
യാത്ര പറയുമ്പോൾ
ആത്മാവായിട്ടും
ആത്മബന്ധം വിടാത്ത
നെഞ്ചിലേക്ക്
ഊർന്നിറങ്ങണം...
സുഹൃത്തിനോട്
തോളിൽ പതിഞ്ഞ
മായാത്ത വിരൽപ്പാടുകളെ
വീണ്ടും തഴുകി
യാത്ര പറയാതെ
പടിയിറങ്ങണം...
അമ്മയെ പിരിയുമ്പോൾ
പത്ത് മാസം കൂടൊരുക്കിയ
ചുളിവ് വീണ വയറിൽ
മുഖം അമർത്തി
ശരീരം കൊണ്ടും
മനസ്സ് കൊണ്ടും
വാക്കു കൊണ്ടും
സ്നേഹിക്കുന്ന
ഒറ്റമൂലിയുടെ
രഹസ്യമറിയണം. .




