അനർഘം
ഉമാദേവി ഏ.എസ്.കുന്നന്താനം നിൻ മടിത്തട്ടിൽ തലവച്ചു ഞാനൊന്നു മയങ്ങട്ടെ .
ഉമാദേവി ഏ.എസ്.
കുന്നന്താനം
പച്ചപ്പട്ടുടുത്തിട്ടുന്മേഷത്തിലാറാടി –
പുത്തനുണർവേകി നില്ക്കും സുന്ദരീ
നീലിമ നിറഞ്ഞ അപ്പൂപ്പൻ താടിക്കൂട്ടം
ഓടിക്കളിക്കും വിഹായസ്സിൽ കീഴെ
ആനന്ദത്തിലാറാടി നില്ക്കും
നിന്റെ യൗവനം മദാലസം
മോഹിപ്പിക്കുന്നെന്നെയൊത്തിരി
...........................................
നിൻ മടിത്തട്ടിൽ തലവച്ചു
ഞാനൊന്നു മയങ്ങട്ടെ ....
പൊടിതുപ്പും ശകടങ്ങൾ തൻ
ഘോർഗർജ്ജനം, വാതുറന്ന –
ലറും രാക്ഷസന്റെ ആക്രോശം
ഒന്നുമിന്നെന്നെയലട്ടാനില്ല
നിന്റെ മാന്ത്രിക സാമീപ്യം
ഒന്നു മാത്രം മതിയെനിക്കാനന്ദിക്കാൻ
നിന്നിലലിഞ്ഞില്ലാതാകാൻ
കൊതിക്കുന്നെൻ മനമെന്നും .
അനർഘമാകട്ടെ ഈ നിമഷം
എന്നെന്നും അനർഘമാകട്ടെ.



