അവളും ചിന്തകളും

രചന : നസീറഷാജി കാളിയാര്‍ -ഭാര്യയുടെ ഏറ്റവും നല്ല സുഹൃത്ത് ഭര്‍ത്താവും ഭര്‍ത്താവിന്റെ ഏറ്റവും നല്ല സുഹൃത്ത് ഭാര്യയും ആയിരിക്കണം.എങ്കില്‍ ആ ദാമ്പത്യ വല്ലരിയില്‍ വിരിയുന്ന പൂക്കളും സുഗന്ധം നല്‍കുന്നതായിക്കും

അവളും  ചിന്തകളും
രചന

നസീറഷാജി കാളിയാര്‍

അന്ന് പതിവിലും നേരത്തെ അവളെഴുന്നേറ്റു. പ്രഭാത കൃത്യങ്ങള്‍ക്ക്‌ശേഷം തന്റെ ജോലികള്‍ ഓരോന്നായി ആരംഭിച്ചു.എല്ലാം ഓരോന്നായി ഒതുക്കി.എല്ലാം റെഡിയായിക്കഴിഞ്ഞപ്പോള്‍ അവള്‍ തന്റെ പ്രിയതമനെയും മക്കളെയും വിളിച്ചുണര്‍ത്തി.ഇത്തിരി മടിയോടെയാണെങ്കിലും എല്ലാരും എഴുന്നേറ്റു വന്നു. നേരത്തെ എഴുന്നേറ്റതിന്റെ ആലസ്യം എല്ലാവരിലും പ്രകടമായിരുന്നു.

സമയം 6.30ആയുള്ളൂ.ചെറിയ ചാറ്റല്‍മഴയുണ്ട്.അവളോര്‍ത്തു കാലം തെറ്റിയുള്ള മഴ.എങ്കിലും ഒരു രസമുണ്ട് കാണാന്‍.കുറച്ചു നേരം ജാലകത്തിലൂടെ അവളത് നോക്കിനിന്നു.മക്കളുടെ വിളിയൊച്ച അവളെ ചിന്തകളില്‍ നിന്നുണര്‍ത്തി. അവരും പ്രഭാത കൃത്യങ്ങളെല്ലാം കഴിഞ്ഞ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ തയ്യാറായി നില്‍ക്കുന്നു. 

അവള്‍ എല്ലാവര്‍ക്കുമുള്ള ഭക്ഷണം എടുത്തുവെച്ചു.ഒന്നിച്ചിരുന്നു അവര്‍ ഭക്ഷണം കഴിച്ചു.അതിനുശേഷം എല്ലാവരും പോകാന്‍ തയ്യാറായി വന്നു.ചേട്ടന്‍ ഓഫീസില്‍ പോകുന്ന വഴി മക്കളെ സ്‌കൂളില്‍ വിടും.തന്നെയും ഓഫീസില്‍ ഇറക്കും.എല്ലാവരും സന്തോഷത്തോടെ വന്നു വണ്ടിയില്‍ കയറി.പോകുന്ന വഴി കുട്ടികളെ സ്‌കൂളില്‍ ഇറക്കി.ചാറ്റല്‍ മഴ നനയാതിരിക്കാന്‍ അവര്‍ വരാന്തയിലേക്ക് ഓടിക്കയറി.തിരിഞ്ഞു നിന്ന് പുഞ്ചിരിയോടെ കൈവീശി കാണിച്ചു. പിന്നെ അവളും വഴിക്ക് ഓഫീസില്‍ ഇറങ്ങി.വണ്ടി തിരിച്ചു കോമ്പൗണ്ട് വിട്ടിറങ്ങുന്നതുവരെ അവള്‍ നോക്കിനിന്നു.പിന്നെ പതിയെ തിരിഞ്ഞു നടന്നു സ്റ്റെപ്കള്‍ കയറാന്‍ തുടങ്ങി

അഞ്ചു നിലകളുള്ള ആ കെട്ടിടത്തില്‍ രണ്ടാം നിലയിലായിരുന്നു അവളുടെ ഓഫീസ്.ചുരുക്കം ചിലരെ അപ്പോള്‍ എത്തിയിട്ടുള്ളു. പഞ്ചു ചെയ്ത് അവള്‍ തന്റെ സീറ്റില്‍ ചെന്നിരുന്നു.സമയം കഴിയുന്തോറും ആളുകള്‍ വന്നുതുടങ്ങി.കുശലം പറച്ചിലും ജോലിയുമായി സമയം കടന്നു പൊയ്കൊണ്ടിരുന്നു.

ഉച്ചഭക്ഷണത്തിന് ശേഷം ഹാഫ്‌ഡേ ലീവ് എടുത്ത് അവള്‍ അവിടെനിന്നിറങ്ങി. സ്‌കൂളില്‍ പേരെന്റ്‌സിനുള്ള മീറ്റിംഗ് ഉണ്ട്.ചെന്നില്ലെങ്കില്‍ മക്കള്‍ പ്രശ്‌നമുണ്ടാക്കും.അവള്‍ വേഗം ഒരു ഓട്ടോ വിളിച്ച് സ്‌കൂളില്‍ എത്തി.അവിടെ അപ്പോഴേക്കും ക്ലാസ്സ് തുടങ്ങിയിരുന്നു.അവള്‍ ചെന്ന് പുറകില്‍ ജനലിന്റെ അടുത്ത് ഒരു സീറ്റില്‍ സ്ഥാനം പിടിച്ചു.

ക്ലാസ്സ് എടുക്കാന്‍ വന്നയാള്‍ അന്നും ഇന്നും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് വാചലമായി പറഞ്ഞുകൊണ്ടിരുന്നു.ബന്ധങ്ങളുടെ വില നാട്ടിന്‍പുറത്തിന്റെ നന്മ അങ്ങനെ ഓരോന്നും ഇന്നത്തെ കുട്ടികള്‍ക്ക് നഷ്ടമാവുന്ന ഗ്രാമീണാന്തരീക്ഷവും,കൂട്ടുകുടുംബവും,സൗഹൃദങ്ങളും,അങ്ങനെ ഓരോന്നായി അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.സോഷ്യല്‍മീഡിയയുടെ അതിപ്രസരവും,ആവശ്യമുള്ളത് ഉള്‍ക്കൊള്ളാനും തള്ളി ക്കളയേണ്ടത് തള്ളിക്കളയാനുമുള്ള കഴിവ് കുട്ടികള്‍ക്ക് വേണ്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു.

നാട്ടിന്‍പുറത്തിന്റെ നന്മയും ബന്ധങ്ങളും പറഞ്ഞു തുടങ്ങിയപ്പോള്‍ അവള്‍ പതിയെ തന്റെ ഭൂതകാലത്തിലൂടെ ഒരു യാത്ര പോയി.അവളുടെ മനസ്സില്‍ ഒരുഫ്രെയിമില്‍ എന്നപോലെ ഒരു കൊച്ചുഗ്രമവും അവിടുത്തെ ചുറ്റുപാടുകളും തെളിഞ്ഞുവന്നു.പാടവും തോടും കൈവഴികളുമായി ഹരിതാഭമായ പ്രദേശം.ചെറിയ ചായക്കടകളും കുഞ്ഞു കുഞ്ഞു ആരാധനാലയങ്ങളും വിദ്യാലയങ്ങളും എല്ലാം നിറഞ്ഞസ്ഥലം.പല പണികളിലായി ഏര്‍പ്പെടുന്ന ശുദ്ധരായ ഗ്രാമീണര്‍.വിരലിലെണ്ണാവുന്നവര്‍ മാത്രമേ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആയുള്ളൂ. 

ബാക്കിയെല്ലാം കൃഷിയും കൂലിപ്പണികളുമായി ജീവിച്ചു പോകുന്നു.ചുരുക്കം ചില ഗള്‍ഫുകാരും,അങ്ങനെ എല്ലാമത വിഭാഗങ്ങളും ഒന്നിച്ചുകഴിയുന്ന ഗ്രാമം.എല്ലാ ആഘോഷങ്ങളും ഒന്നായി കൊണ്ടാടിയ കാലം.അന്ന് ചുരുക്കമായിരുന്നു നാട്ടില്‍ പത്രവിതരണം.അത്രയും സമ്പന്നമായ വീട്ടിലോ ചായക്കടകളിലോ മാത്രമായിരുന്നു പത്രപാരായണവും ചര്‍ച്ചകളും സജീവമായിരുന്നത്. നാട്ടിലെ എല്ലാവിവരങ്ങളും പങ്കുവെച്ചിരുന്നതും റേഡിയോ വാര്‍ത്തകള്‍ കേട്ടിരുന്നതും അല്ലറ ചില്ലറ പരദൂഷണങ്ങളും ഇത്തിരി കുശുമ്പും എല്ലാം കൂടി ബഹളമയമായിരുന്നു ചായക്കടകള്‍. ആര്‍ക്കെങ്കിലും കത്ത് വന്നിട്ടുണ്ടെങ്കില്‍ അതും പോസ്റ്റുമാന്‍ ഏല്പിച്ചിരുന്നത് ഇങ്ങനെയുള്ള ചായക്കടക്കളിലായിരുന്നു.

അവളോര്‍ത്തു ഇന്ന് കത്തെഴുതാന്‍ആര്‍ക്കാണ് നേരം. എല്ലാ ബന്ധങ്ങളും മൊബൈലില്‍ മാത്രമായി ചുരുങ്ങി.അന്നൊക്കെ സ്വന്തബന്ധങ്ങളെല്ലാം ഊഷ്മളമായിരുന്നതിന്റെ ഒരു പ്രധാന പങ്ക് കത്തുകള്‍ക്കായിരുന്നു.അതിലൂടെയുള്ള വിശേഷം പറച്ചിലെല്ലാം ഒരു ആശ്വാസം ആയിരുന്നു.പലരുടെയും പ്രണയങ്ങള്‍ പൂത്തുവിടര്‍ന്നതും സ്വപ്നങ്ങള്‍കൈമാറിയിരുന്നതും എഴുത്തിലൂടെയായിരുന്നു.

അതൊക്കെ ഒരു കാലം.വിശാലമായ പാടവും പറമ്പുകളും മതിലകെട്ടുകളില്ലാത്ത വീടുകള്‍.ചെമ്മണുനിറഞ്ഞ പാതകള്‍.അങ്ങനെ ഒരിക്കലും തിരിച്ചുവരാത്ത സുന്ദരമായ ബാല്യ  കൗമാര യൗവനം.അപ്പൂപ്പന്‍ താടിപോലെ പറന്നുനടന്ന ബാല്യം.മഞ്ഞുമഴ പെയ്യുന്ന പോലെ സുന്ദരമായ കൗമാരം.പെയ്തിറങ്ങുന്ന മഴത്തുള്ളിപോലെ രോമാഞ്ചമണിയുന്ന യൗവനം.മഴയും മഞ്ഞും വെയിലും എല്ലാം തൊട്ടറിഞ്ഞുള്ള ജീവിതം.ഒരു വളപ്പൊട്ടിനോ കല്ലുപെന്‍സിലിനോ മഷിത്തണ്ടിനോ അല്ലെങ്കില്‍ ഒരു മയില്‍പീലിയ്‌ക്കോ വേണ്ടിയുള്ള കുഞ്ഞു കുഞ്ഞു പിണക്കങ്ങള്‍.നടന്നുള്ള യാത്രകള്‍ പുല്ലിനോടും പൂവിനോടും പൂത്തുമ്പിയോടും കിളികളോടും കിന്നാരം പറഞ്ഞുനടന്ന കാലം കുട്ടികള്‍ തമ്മില്‍ എന്തുസ്‌നേഹമായിരുന്നു. 

എല്ലാം പങ്കുവെച്ചു കഴിച്ചു കഴിഞ്ഞനാളുകള്‍.അതിപ്പോ സന്തോഷം ആയാലും സങ്കടം ആയാലും അന്ന് എല്ലാം തുറന്നു പറയാന്‍ പറ്റിയ നല്ല സൗഹൃദങ്ങളും ഉണ്ടായിരുന്നു.കൂട്ടുകുടുംബം ആയതുകൊണ്ട് ബന്ധുബലം ശക്തമായിരുന്നു.ഇന്നാണെങ്കില്‍പണക്കാര്‍ക്ക് എല്ലാത്തിനും ആളുണ്ട്.പാവങ്ങള്‍ക്ക് അവരവര്‍ മാത്രം.പെട്ടെന്നവള്‍ സ്‌നേഹബന്ധങ്ങളില്‍ വന്ന വിള്ളലുകളെക്കുറിച്ചോര്‍ത്തു. പണ്ട്  വിവാഹമോചനം വഴി അച്ഛനമ്മമാരുടെ സ്‌നേഹം കിട്ടാത്ത കുട്ടികള്‍ സ്‌കൂളില്‍ ഒന്നോ രണ്ടോ മാത്രമായിരുന്നു.എന്നാല്‍ ഇന്ന് അത് ഒരു ക്ലാസ്സില്‍ തന്നെ രണ്ടും മൂന്നും ആയി മാറിയിരിക്കുന്നു.വിട്ടുവീഴ്ചക്ക് ആരും തയ്യാറല്ല. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ മൂന്നാമതൊരാള്‍ ചിലയിടങ്ങളിലെങ്കിലും ഇതിനു കാരണം ആവുന്നു.ഒരിക്കലും പങ്കാളികള്‍ക്കിടയില്‍ മൂന്നാമതൊരാള്‍ ഉണ്ടാവരുത്.അത് വല്യ കുടുംബപ്രശ്‌നങ്ങള്‍ക്കിടയാക്കും.

ഭാര്യയുടെ ഏറ്റവും നല്ല സുഹൃത്ത് ഭര്‍ത്താവും ഭര്‍ത്താവിന്റെ ഏറ്റവും നല്ല സുഹൃത്ത് ഭാര്യയും ആയിരിക്കണം.എങ്കില്‍ ആ ദാമ്പത്യ വല്ലരിയില്‍ വിരിയുന്ന പൂക്കളും സുഗന്ധം നല്‍കുന്നതായിക്കും.അങ്ങനെ ഓരോന്നും ഓര്‍ക്കവേ തങ്ങളുടെ കാലത്ത് ലഭ്യമായ പലതും ഇന്നത്തെ തലമുറക്ക് നഷ്ട്ടമാവുന്നതോര്‍ത്തപ്പോള്‍ അവള്‍ക്കു വേദന തോന്നി.

അങ്ങനെ ചിന്തകള്‍ കാടുകയറവെ ക്ലാസ്സെടുക്കുന്ന സര്‍ മേശയില്‍ തട്ടുന്ന ശബ്ദമാണ് അവളെ ചിന്തയില്‍ നിന്നുണര്‍ത്തിയത്.അവള്‍ ചുറ്റും നോക്കി.പലരും ക്ലാസ്സ് തീര്‍ന്നെങ്കില്‍ പോകാമായിരുന്നു എന്നമട്ടിലാണിരിപ്പ്. തമ്മില്‍ നോക്കുമ്പോള്‍ ഒന്ന് പുഞ്ചിരിക്കാന്‍ പോലും ആരും തയ്യാറല്ല.ഏകദേശം ക്ലാസ്സ് അവസാനിക്കാറായിരിക്കുന്നു.ആനുകാലികമായ പല കാര്യങ്ങളും കോര്‍ത്തിണക്കി സര്‍ ക്ലാസ്സ് അവസാനിപ്പിച്ചു. 

എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം ഇറങ്ങാന്‍ തുടങ്ങി.ഏറ്റവും പിറകിലായി അവളും പടികള്‍ ഇറങ്ങാന്‍ തുടങ്ങി.അപ്പോഴും പുറത്ത് ചാറ്റല്‍മഴ പെയ്യുന്നുണ്ടായിരുന്നു.അപ്പോള്‍ അവളുടെ മനസ്സില്‍ പഴയതും പുതിയതുമായ ചിന്തകളും ആശയങ്ങളും കൂടിക്കലര്‍ന്ന് ഇനിയും നല്ല നാളുകള്‍ സ്വപ്‌നംകാണാനും അതെല്ലാം സാക്ഷാല്‍കരിക്കാനും കഴിയണേ എന്ന പ്രാര്‍ത്ഥനയായിരുന്നു.അപ്പോഴേക്കും അവള്‍ പടികളിറങ്ങി താഴെയെത്തി.അതേസമയം അവളെ കൂട്ടിക്കൊണ്ടുപോകാന്‍ അവളുടെ പ്രിയനും അവിടെ എത്തിയിരുന്നു.മഴ ചാറുന്ന ഇടവഴിയിലൂടെ അവര്‍ സഹര്‍ഷം മുന്നോട്ടു നീങ്ങി.

രചനകളയക്കാനുള്ള വിലാസം : helloashachechi@gmail.com