ഓർമ്മകളുടെ നിറവ്

നീതു പോള്‍സണ്‍- അവര്‍ നന്നേ ചെറുപ്പത്തില്‍ വിവാഹിതയായവളായിരുന്നു.പ്രേമത്തിന്റെ മധുരം കയ്ച്ചു തുടങ്ങിയപ്പോള്‍ ഒക്കത്തൊരു കുഞ്ഞുമായി,തന്റെ ഇടിഞ്ഞു തൂങ്ങിയ വീടിന്റെ നരച്ച മുറിയിലേക്ക് വന്നു ചേര്‍ന്നവള്‍.

ഓർമ്മകളുടെ നിറവ്

നീതു പോള്‍സണ്‍

......................................................

ചഞ്ചലയ്ക്ക്,തേങ്ങയും മുളകും ചെറുള്ളിയും ചതച്ചു ചേര്‍ത്ത,പച്ചവെളിച്ചണ്ണ തൂവിയ പപ്പായ തോരന്റെ മണമാണെന്ന് തോന്നാന്‍ മറ്റൊരു കാരണവുമില്ല.അവളെ പകര്‍ത്തി വെയ്ക്കാന്‍, ഓര്‍മ്മിക്കാന്‍ മറ്റൊന്നും തന്നെയില്ല.

ചഞ്ചലയുടെ ഇടിഞ്ഞു തൂങ്ങിയ വീട്ടിലെ  അടുക്കളയെന്ന് പറയാവുന്നതായിയൊന്നുമില്ല. ചായപ്പൊടിയും മുളകുമൊക്കെ സൂക്ഷിക്കുന്ന ശൂന്യമായ ടിന്നുകള്‍.അവസാനത്തെ, പഞ്ചാരത്തരിയും ചില്ലുകുപ്പിയില്‍ പരതുന്ന ഉറുമ്പുകള്‍.തട നിവര്‍ത്തിയ ചോറിന്റെ വെന്ത മണം നിറഞ്ഞ അടുക്കള.

ചഞ്ചലയുടെ സഹോദരി പച്ച പപ്പായയുടെ തൊലി ചെത്തി അരിയുന്നത് ഞാന്‍ കൗതുകത്തോടെ നോക്കി നിന്നു.അവരുടെ മഞ്ഞയില്‍ വെളുത്ത പൂക്കള്‍ വിതറിയ അയഞ്ഞ  വസ്ത്രം.ഉയര്‍ത്തി കെട്ടിയ മുടി.പ്രാരാബ്ദത്തിന്റെ നിഴല്‍ വീണ തെളിച്ചമില്ലാത്ത മുഖം.അവര്‍ നന്നേ ചെറുപ്പത്തില്‍ വിവാഹിതയായവളായിരുന്നു.പ്രേമത്തിന്റെ മധുരം കയ്ച്ചു തുടങ്ങിയപ്പോള്‍ ഒക്കത്തൊരു കുഞ്ഞുമായി,തന്റെ ഇടിഞ്ഞു തൂങ്ങിയ വീടിന്റെ നരച്ച മുറിയിലേക്ക് വന്നു ചേര്‍ന്നവള്‍.

ചഞ്ചല,ഞാന്‍ ചോദിച്ച പുസ്തകം,കട്ടിലിന് കീഴെയും മറ്റും പരതി നിന്ന നേരം കൊണ്ട്  അവര്‍ പപ്പായ അരിഞ്ഞെടുത്തു.തേങ്ങ ചിരവി,കാന്താരിയും ഉപ്പും മഞ്ഞളും ചേര്‍ത്ത്  തിരുമ്മി അടുപ്പില്‍ കയറ്റി.അല്പസമയത്തിനകം തേങ്ങ വെന്ത മണം അവിടമാകെ നിറഞ്ഞു.  പുസ്തകം പരതുന്നതിനിടെ ചഞ്ചല മൂക്കു വിടര്‍ത്തി മണം പിടിച്ചു കൊണ്ട് ചോദിച്ചു.

'ഞാനിച്ചിരി ചോറ് തിന്നേച്ച് നിന്റെ ബുക്ക് നോക്കി തന്നാ മതിയോ'

 'ഹാ...'

ഞാന്‍ ഇളകി തുടങ്ങിയ ബെഞ്ചിന്റെ ഒരറ്റത്ത് വീഴുമോയെന്ന് പേടിച്ചിരുന്നു.കഴുകി വെച്ച പാത്രങ്ങളിലൊന്നെടുത്ത് ചഞ്ചലയ്ക്ക് ചോറു വിളമ്പി നല്‍കുന്നതിനിടെ അവര്‍ പറഞ്ഞു.

'ഞാനെടുത്തു തരാം.ഇച്ചിരി കറിയേയുള്ളു.അമ്മയ്ക്ക് വേണം.'

 ചഞ്ചല പറഞ്ഞു.

'എനിക്ക് ഇച്ചിരി കൂടി താടീ.'

'പോ പെണ്ണേ...'

 ചഞ്ചല പരവേശത്തോടെ ചോറു കഴിയ്ക്കുന്നതിടെ വല്ലായ്മയോടെ അവര്‍ പറഞ്ഞു.

'ഇവിടെ ഒന്നും ഇല്ലായിരുന്നു.ഇന്നലെയാണ് ആഴ്ചകള്‍ കൂടി ഇച്ചിരി എണ്ണേം ചായപ്പൊടിയും വാങ്ങുന്നേ.കൊച്ചിന് ഇത്തിരി ചോറെടുക്കട്ടെ...'

 ആ ഇല്ലായ്മയില്‍ നിന്നും പങ്കു പറ്റാന്‍ എനിക്ക് തോന്നിയില്ല.തിരിഞ്ഞു നടക്കുമ്പോള്‍ ചഞ്ചലയുടെ സ്വരം എന്റെ കാതില്‍ വീണു.

'ഒത്തിരി കറി കൂട്ടി ഇച്ചിരി ചോറുണ്ണാന്‍ കൊതിയാവുന്നെടീ ചേച്ചി, യെനിക്ക് ഇച്ചിരി കൂടി കറി താ....താടീ...'

ഓര്‍മ്മകള്‍ക്കിപ്പോള്‍ തേങ്ങ വേവുന്ന മണമാണ്

രചനകള്‍ അയക്കേണ്ട വിലാസം

helloashachechi@gmail.com

.....................................................................