ആദ്യമഴ കുതിര്‍ന്ന് നഗരം
രാജന്‍ കിണറ്റിങ്കര - ഘടികാര സൂചിയുടെ ടിക് ടിക് ശബ്ദത്തിനൊപ്പം മഴ ജനാലവാതിലില്‍ താളം ചവിട്ടി. പുഞ്ചപ്പാടത്തിന്റെ നനവുള്ള കാറ്റുപോലെ വാതില്‍പ്പാളികള്‍ക്കിടയിലൂടെ മഴത്തുള്ളികള്‍ അകത്തേക്ക് എത്തിനോക്കി.
രാജന്‍ കിണറ്റിങ്കര

36 ഡിഗ്രി ചൂടില്‍ തിളച്ചിരുന്ന നഗരത്തിന്റെ ആകാശച്ചെരുവില്‍ രാത്രിയുടെ ഏതോ യാമത്തില്‍ പെട്ടെന്നാണ് മഴമേഘങ്ങള്‍ ഉരുണ്ടുകൂടിയത്. മഴക്കാലത്തിന്റെ ഗ്രാമഭംഗിയെ ഓര്‍മ്മിപ്പിക്കും വിധം മഴത്തുള്ളികള്‍ പെരുമ്പറയായി പെയ്തിറങ്ങി.റോഡുകള്‍ നീര്‍ച്ചാലുകള്‍ തീര്‍ത്തു.നിരത്തിലൂടെ പോകുന്ന വാഹനങ്ങളില്‍ വൈബ്രേറ്ററുകള്‍ ചലിച്ചു. തണുപ്പിന്റെ അന്ധകാരം നഗരത്തെ മൂടിയത് പെട്ടെന്നായിരുന്നു.ഒരു മഴത്തുള്ളിക്ക് ശമിപ്പിക്കാനുള്ള ചൂട് മാത്രമേ എന്നും നഗരഹൃദയത്തിനുള്ളൂ എന്ന ഓര്‍മ്മപ്പെടുത്തല്‍.
ഘടികാര സൂചിയുടെ ടിക് ടിക് ശബ്ദത്തിനൊപ്പം മഴ ജനാലവാതിലില്‍ താളം ചവിട്ടി. പുഞ്ചപ്പാടത്തിന്റെ നനവുള്ള കാറ്റുപോലെ വാതില്‍പ്പാളികള്‍ക്കിടയിലൂടെ മഴത്തുള്ളികള്‍ അകത്തേക്ക് എത്തിനോക്കി. പുലരാറായപ്പോഴേക്കും മഴക്ക് വീണ്ടും ശക്തികൂടി.അവിചാരിതമായി പെയ്ത മഴയില്‍ ആളുകള്‍ കടകള്‍ക്ക് മുന്നിലും മരച്ചോട്ടിലും മഴയെ ചെറുക്കാന്‍ അഭയം തേടി. ചിറകു നനഞ്ഞ പക്ഷികള്‍ ഇലക്ട്രിക് കമ്പികളിലും കേബിള്‍ ലൈനുകളിലും ഇരുന്ന് ആദ്യമഴയുടെ രസം നുണഞ്ഞു. വേലിപ്പടര്‍പ്പിലെ പേരറിയാ പുഷ്പങ്ങള്‍ ജലകണങ്ങളാല്‍ മുഖം മറച്ചു.
മഴ ശമിക്കും എന്ന് കരുതി കുടയെടുക്കാതെ ജോലിക്കിറങ്ങിയ എന്റെ പ്രതീക്ഷകളെ കൊഞ്ഞനം കുത്തിക്കൊണ്ട് പെരുവഴിയില്‍ പെരുമഴ താണ്ഡവമാടി.കൈകാണിച്ച റിക്ഷകളിലെ ഡ്രൈവര്‍മാര്‍ ശത്രുവിനെ എന്നപോലെ എന്നെനോക്കി വാഹനത്തിന് വേഗത കൂട്ടി അകന്നുപോയി. മഴത്തുള്ളികള്‍ നരകയറിയ മുടിയിഴകളിലൂടെ മുഖസൗന്ദര്യം കവര്‍ന്നെടുത്ത് ഷിര്‍ട്ടിനുള്ളില്‍ നെഞ്ചിന്റെ ചൂടിലമര്‍ന്നു.
വിഷുകഴിഞ്ഞുള്ള ആദ്യമഴപോലെ പുതുമണ്ണിന്റെ ഗന്ധം അന്തരീക്ഷത്തില്‍ അലയടിച്ചു.കരിയിലകള്‍ ഒഴുക്കില്‍പ്പെട്ട് ഏതോ തുരുത്തില്‍ കാലത്തിന്റെ കഥകള്‍ പരസ്പരം പങ്കുവച്ചു.അവര്‍ പഴുത്തയില വീണപ്പോള്‍ ചിരിച്ച പച്ചയിലയുടെ ക്ഷണിക ധാര്‍ഷ്ട്യത്തിന്റെ അഹങ്കാര സീമകളെക്കുറിച്ച് സഹതപിച്ചു.
റെയില്‍പാളങ്ങള്‍ക്കിടയിലെ ചാലുകളില്‍ വെള്ളം കെട്ടി,ട്രെയിനിന്റെ വാതിലുകള്‍ അടഞ്ഞു.ട്രെയിനിന്റെ പരുഷ ശബ്ദത്തില്‍ മഴയുടെ ആര്‍ദ്രനാദം രാത്രിയുടെ നിറവില്‍ ഏതോ കുടിലില്‍ നിന്നും മുലപ്പാലിനുവേണ്ടി കരയുന്ന കൈക്കുഞ്ഞിന്റെ കരച്ചില്‍ പോലെ ഉയര്‍ന്നും താണും അകത്തേക്കൊഴുകിയെത്തി.
സമയത്തിന് നേരെ മുഖം മറയ്ക്കാത്ത നഗരം പെരുമഴയില്‍ തെരുവിലേക്കിറങ്ങി,നഗരത്തിന് മഴയില്ല, വെയിലില്ല,പ്രളയമില്ല,കര്‍മ്മ ബോധങ്ങങ്ങളുടെ അച്ചുതണ്ടില്‍ കറങ്ങുന്ന മഹാനഗരത്തിന് കാലഭേദങ്ങളില്ല.
പെയ്‌തൊഴിഞ്ഞിട്ടും ഒഴുകി ഉലഞ്ഞിട്ടും വീര്‍ത്തുകെട്ടി മുഖം വീര്‍പ്പിച്ച് പിന്നെയും നഗരവാനം.ഒരു ചെറുകാറ്റിന്റെ സ്പര്‍ശനത്തില്‍ വീണ്ടും പതംപറഞ്ഞ് കരയാന്‍.നഗരം അതൊന്നുമറിയാതെ ചലിക്കുകയാണ്. ഇരുമ്പുചക്രങ്ങളില്‍ കുരുക്കപ്പെട്ട ഒരിക്കലും പെയ്യാത്ത അവന്റെ സ്വപ്നങ്ങളുടെ മാറാപ്പുമായി.
രചനകളയക്കാനുള്ള വിലാസം - helloashachechi@gmail.com





