അമ്മനിലാവ്
ഒരു ചേമ്പിലക്കീറിന് ചുവട്ടിൽ മഴനനയാതെ എങ്ങനെ നാല് കുട്ടികൾക്ക് നിൽക്കാം എന്ന് പഠിപ്പിച്ചത് അമ്മയായിരുന്നു. ചേമ്പിലയും വാഴയിലയും ആയിരുന്നു അമ്മയുടെ പോപ്പിയും ജോൺസണും എല്ലാം.


രാജൻ കിണറ്റിങ്കര
..............................................................
സന്ധ്യ ഇരുട്ടുവീഴ്ത്തുന്ന ഇടനാഴിയിലെ മുനിഞ്ഞുകത്തുന്ന നിലവിളക്കിൽ ഒരു വിളക്കുതിരി അണയാതെ കത്തുന്നുണ്ട്. ആറുമണി കഴിഞ്ഞാൽ സന്ധ്യായില്ലേ, വിളക്ക് വയ്‌ക്കേണ്ട എന്ന ഒരു ആവലാതി ഇടനാഴിയിൽ നിന്നും അടുക്കളയിലേക്കും അവിടെ നിന്ന് സൂര്യാസ്തമനത്തിലേക്കും പീള ഉരുണ്ടുകൂടിയ കണ്ണുകൾ പായിക്കും, പിന്നെ ആരോടെന്നില്ലാതെ പറയും
"എനിക്കൊന്നും കാണണില്യ. കുട്ട്യോളെ ആ ചുമരിലെ ക്ളോക്കിലേക്ക് ഒന്ന് നോക്ക് , വലിയ സൂചി എത്രയിലാന്ന്".
പതിവ് വേവലാതികളെ ഗൗനിക്കാതെ അടുക്കളയിൽ പാത്രങ്ങൾ കലപില കൂടും, ഉമ്മറ മുറ്റത്ത് മാങ്ങകൾക്ക് കല്ലേറുകൾ തുടരും.
വീടുണരും മുന്നേ ഉണരുന്ന അമ്മ, അമ്മയ്ക്കും ആട്ടുകല്ലിനും കിണറ്റുകരയിലെ തൊട്ടിക്കും മനഃപാഠമായ അമ്മയുടെ പാദചലനങ്ങൾ. കൈയിലിട്ട റബ്ബറുവളകൾ ഇടക്കിക്കെ പിടിച്ചു നോക്കി നെടുവീർപ്പിടുന്ന അമ്മ, ഒരു സ്വർണ്ണവള ഇടാനുള്ള മോഹത്തെ മനസ്സിലടക്കി വച്ച് വീടിന്റെ സന്തുലതയ്ക്ക് കാവൽ ഇരുന്നു. വെയിലത്ത് ഉണക്കാനിട്ട നെല്ലിനും തൊഴുത്തിലെ പശുവിനും വടക്കോറത്തെ കാന്താരി മുളകിനും അമ്മയുടെ സ്പർശനത്തിൽ ഏതോ മുജ്ജന്മ സുകൃതത്തിന്റെ സായൂജ്യം.
പെരുമഴപ്പെയ്ത്തിൽ മാങ്ങകൾ വീണു പൊട്ടിയ ഓടിനിടയിലൂടെ അകത്തേക്ക് വീഴുന്ന വെള്ളത്തെ പനയോലകൊണ്ട് തടഞ്ഞു നിർത്തുന്ന രാത്രി സഞ്ചാരിക്ക് പകൽ വിയർപ്പിന്റെ തളർച്ചകൾ ഉണ്ടായിരുന്നില്ല. ചെറിയ ചോർച്ചകളെ ഓലക്കീറു കൊണ്ടും വലിയ ചോർച്ചകളെ ചെമ്പുപാത്രങ്ങൾ വച്ചും തടഞ്ഞു നിർത്തുന്ന കരവിരുതിൽ വെള്ളത്തിൽ കുതിരാതെ രക്ഷപ്പെട്ടത് മുറികളിലും ഇടനാഴികയിലും തലങ്ങും വിലങ്ങും ഉറങ്ങുന്ന വീട്ടിലെ മറ്റംഗങ്ങൾ ആയിരുന്നു.
ഏപ്രിലിന്റെ വേനൽ പെയ്ത്തിൽ സ്നേഹത്തിന്റെ കുളിരുമായി ഉമ്മറപ്പടി ചാരി നിൽക്കുന്ന അമ്മ, എത്ര കഴിച്ചാലും
“ ന്റെ കുട്ടി ഒന്നും കഴിച്ചില്ലല്ലോ”
എന്ന പതം പറച്ചിലിലേക്ക് വീണ്ടും ഓർമ്മകൾ പിന്തിരിഞ്ഞു നടക്കുമ്പോൾ പ്രായമേറെ ആയിട്ടാണെങ്കിലും കാലം കെടുത്തിക്കളഞ്ഞ ആ സ്നേഹവിളക്കിൽ ഇന്നും തിരിയണഞ്ഞിട്ടില്ല. ചില ഓർമ്മകൾ ഏകാന്തതയുടെ ഇരുൾക്കൂട്ടിലേക്ക് ചിറകടിച്ചു വരുന്ന കൂട്ടം തെറ്റിയ അന്തിപക്ഷികളാകും. ആ ഓർമ്മകളിൽ വേനലും പെരുമഴക്കാലവും കൊയ്ത്തു പാടവും പൂരപ്പറമ്പുകളും മഞ്ഞണിഞ്ഞു പൂത്തുല്ലസിച്ച് നിൽക്കും.
ആരാവണം എന്നോ എന്താകണം എന്നോ തീരുമാനിക്കാതെ കളിച്ചു തീർത്ത ഒരു ബാല്യത്തിന് മുന്നിൽ ഇന്നത്തെ വെക്കേഷൻ ക്‌ളാസുകളിലും കോച്ചിങ് ക്‌ളാസുകളിലും കളിചിരി മറന്നൊരു തലമുറയുടെ നെഞ്ചിടിപ്പിന്റെ ദ്രുതതാളങ്ങൾ. ഡോക്ടറും എൻജിനീയറും വക്കീലും സി.എ. യും ഒക്കെ ആകാനുള്ള തിടുക്കത്തിൽ മനുഷ്യനാവാൻ മറക്കുന്നവർക്ക് മുന്നിൽ തറയിലിരുന്ന് തറ എന്നെഴുതാൻ പഠിച്ച ആ സ്‌കൂൾ കാലം കാലത്തിന്റെ മോഹക്കാഴ്ചകളിൽ മനസ്സ് പതറാതെ നെഞ്ചുവിരിച്ച് നിൽക്കുന്നു.
അവസാന പരീക്ഷ കഴിഞ്ഞ് വീടിന്റെ ഏതോ മൂലയിലേക്ക് വലിച്ചെറിയുന്ന പുസ്തകക്കെട്ടുകൾ, പിന്നെ അത് തിരയുന്നത് പരീക്ഷാഫലം വരുന്ന ദിവസം മാത്രം. കുത്തഴിഞ്ഞ പുസ്തകക്കെട്ടുകളെ തുന്നിക്കെട്ടി ഭദ്രമായി അലമാരയിൽ വയ്ക്കുന്ന അമ്മക്ക് പക്ഷെ മകന്റെ റിസൾട്ടിനെ കുറിച്ചായിരുന്നില്ല ആവലാതി, അടുത്ത വീട്ടിലുള്ളവർ താഴെ ക്ളാസുകളിലുള്ള അവരുടെ മക്കൾക്ക് വേണ്ടി പഴയ പുസ്തകം വാങ്ങാൻ വരുമ്പോൾ ഏടുകൾ കീറിയ,തുന്നൽ വിട്ട പുസ്തകം എങ്ങനെ കൊടുക്കും എന്നായിരുന്നു. അതിനാലാണ് പുസ്തകം ഭദ്രമായി അലമാരയിലോ പത്തായത്തിനുള്ളിലോ വയ്ക്കുന്നത്.
ഒരു ചേമ്പിലക്കീറിന് ചുവട്ടിൽ മഴനനയാതെ എങ്ങനെ നാല് കുട്ടികൾക്ക് നിൽക്കാം എന്ന് പഠിപ്പിച്ചത് അമ്മയായിരുന്നു. ചേമ്പിലയും വാഴയിലയും ആയിരുന്നു അമ്മയുടെ പോപ്പിയും ജോൺസണും എല്ലാം. സ്വയം നനഞ്ഞാലും കൂടെ നിൽക്കുന്നവരെ നനയാതെ നോക്കുന്ന സൗഹൃദത്തിന്റെ മേച്ചിൽപ്പുറങ്ങളിൽ ഇന്ന് ഇളം പുല്ലുകൾ കരിഞ്ഞുണങ്ങിയിരിക്കുന്നു. സ്വാർത്ഥതയുടെ മത്സരപരീക്ഷകളിൽ വിജയം തീർക്കുന്നവർ തോറ്റുമടങ്ങുന്ന ജീവിതത്തിന്റെ സത്യാന്വേഷണ പരീക്ഷകൾ. ഒരു നോട്ടത്തിലും ഒരു ശാസനയിലും തളർന്നു പോകുന്ന ഇന്നത്തെ തലമുറക്ക് ജീവിതം പഠിപ്പിക്കാൻ ഗുരുക്കളോ മാതാപിതാക്കളോ ഇല്ല, ജീവിതം ഭദ്രമാക്കാനുള്ള തത്രപ്പാടിൽ സമ്പാദ്യങ്ങളുടെ കൂട്ടിക്കിഴിക്കലുമായി അവർ കാലത്തിനു മുന്നേ ചരിക്കുന്നു.
ഏപ്രിലിന്റെ അവസാന പാദത്തിൽ അവധിക്കാലത്തിന്റെ ആദ്യ പകുതിക്ക് വിട ചൊല്ലാനൊരുങ്ങുമ്പോൾ മഹാനഗരത്തിന്റെ ഏകാന്തമായ മറ്റൊരു അന്തിച്ചോപ്പിൽ ചുക്കി ചുളിഞ്ഞ കവിളുകളുമായി ഇടയ്ക്കിടെ മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണുകൾ തുടച്ച് ഒരു രൂപം കൂനിക്കൂനി ഓർമ്മകളിലേക്ക് നടന്നു നീങ്ങുന്നു.
നിഴലുകളില്ലാത്ത ആത്മാവിന്റെ നിശായാത്രകളിൽ സാന്ത്വനത്തിന്റെ തലോടലുമായി അമ്മയുടെ സാമീപ്യം.ആ മടിയിൽ മുഖമമർത്തി ബാല്യത്തിന്റെ ബാക്കിവച്ച സുഖലാളനകളെ ഒപ്പിയെടുക്കുമ്പോൾ അകലെ ഇരമ്പുന്ന ഉരുക്കു ചക്രങ്ങളുടെ ശബ്ദം മഹാനഗരത്തിന്റെ യാഥാർഥ്യങ്ങളെ തൊട്ടുണർത്തുന്നു. നഗരവീഥികളിൽ ഹോമിക്കപ്പെട്ട യൗവനത്തിന്റെ ഹരിതഭംഗികളെ വീണ്ടും ഓർമ്മപ്പെടുത്തി മുടിയിഴകളിലൂടെ വിരലോടിച്ച് അമ്മയുടെ ആത്മഗതം,
"ന്റെ കുട്ടീടെ തല മുഴുവൻ നരച്ചൂലോ" .
പകലും രാത്രിയും ഒടുങ്ങുമ്പോഴും ചില ഓർമ്മകൾ മാത്രം അടങ്ങാതെ പെയ്തുതിരുന്നു.





