ഓര്‍മ്മയില്‍ ഒരു നാള്‍
ഈ കര്‍പ്പൂരപ്പെട്ടികള്‍ തുണികള്‍ വയ്ക്കുന്ന അലമാരയില്‍ വെച്ചാല്‍ എന്ത് മണമാണെന്നോ.അത് വെറുതെ തുറന്നു നോക്കി പഴയകാല കളഭത്തിന്റെ വാസനകള്‍ ഇന്നും അതില്‍ അടച്ചു വച്ചിരിക്കുന്നു.

സുധാ കെ പ്രസാദ് കോയമ്പത്തൂര്‍
...........................................
കാറ്റ് താളം പിടിക്കുമ്പോള്‍ ഞെട്ടിയൊതുങ്ങുന്ന തൊട്ടാവാടി ചെടികളെ വകഞ്ഞു മാറ്റി ഞാന്‍ ആ ചെറിയ ഇടവഴിയിലൂടെ നടന്നു നീങ്ങി.
മുട്ടോളം എത്തുന്ന കോമ്പുല്ലുകള്‍ മുളച്ചിരിക്കുന്ന ഉമ്മറ മുറ്റത്തെത്തി.അവ തന്നോട് സ്‌നേഹം കാട്ടി തന്റെ പച്ച സാരിയില്‍ ഉമ്മ വെച്ചു.പായല്‍ നിറഞ്ഞ അര മതിലുകളില്‍ ചേവാലിപ്പട്ടികള്‍ സുഖനിദ്രയിലാണ്.
ഉള്ളില്‍ ഭയം ഉണ്ടായിരുന്നു.എങ്കിലും രണ്ടുമൂന്ന് ഉരുളന്‍ കല്ലുകള്‍ കയ്യിലെടുത്ത് അവയുടെ നേരെ വീശാന്‍ തുടങ്ങിയപ്പോഴേക്കും കാല്‍ പെരുമാറ്റം കേട്ടിട്ടാവാം അവ ഉണര്‍ന്നു.തങ്ങളുടെ സാമ്രാജ്യത്തില്‍ ശല്യം ഉണ്ടാക്കാനായി വന്നതാര് എന്ന ഭാവത്തില്‍ ഒന്ന് നോക്കി.എന്തോ തന്റെ നിസംഗതാഭാവം കണ്ടിട്ടാവണം അവ മതില്‍ ഒഴിഞ്ഞു പോയി.ഉമ്മറ കോലായില്‍ കാലെടുത്തു വച്ചപ്പോള്‍ വക്കുപൊട്ടിയ ടൈല്‍ കഷണങ്ങള്‍ ഇളിച്ചുകാട്ടി.അവ തനിക്കു നേരെ കോക്രി കാട്ടുന്നത് പോലെ തോന്നി.
ചിതലുകള്‍ വാസസ്ഥലമാക്കി മാറ്റിയിരുന്ന കട്ടളപ്പടികള്‍ താങ്ങി നിര്‍ത്തിയിരുന്ന പ്രധാന വാതിലിന്റെ പൂട്ട് തുറക്കുവാന്‍ താക്കോല്‍ പരതി എടുക്കുമ്പോള്‍ ഇനി തുറക്കുവാന്‍ ഈ താക്കോലുകള്‍ ഒന്നും വേണ്ടി വരില്ല എന്നോര്‍ത്തു.
വലിയ ചരലുകള്‍ വിരിച്ച് സുന്ദരമാക്കിയിരുന്ന തന്റെ മുറ്റം ഇന്ന് കറുകപുല്ലുകളും,ഏതൊക്കെയോ മുള്‍ചെടികളും സ്വന്തമാക്കിയിരിക്കുന്നു.പടര്‍ന്നു പന്തലിച്ചു നിന്ന വേപ്പ് മരത്തിനെ പ്രണയിച്ചു നിന്ന നിത്യകല്യാണി ചെടികള്‍ പൂക്കാന്‍ മറന്നിരിക്കുന്നു.
മതിലിനോട് ചേര്‍ന്ന് വരിയായി നിന്നിരുന്ന കോഴിവാലന്‍ ചെടികള്‍ മറക്കാതെ തന്റെ വാലുകള്‍ കാറ്റത്ത് ആടിയിളക്കി കൊണ്ടിരിക്കുന്നത് ആശ്വാസം തന്നുവോ.അത് എന്റെ അച്ഛന്‍ ഇഷ്ടപ്പെട്ടിരുന്ന ചെടികളില്‍ ഒന്നാണ്.പിന്നെ പല തരത്തിലുള്ള വിവിധ വര്‍ണ്ണങ്ങളിലെ കണ്ണാടിച്ചെടികളും. മഞ്ഞയും വെള്ളയും ചുവപ്പും ഓറഞ്ചും തരത്തിലുള്ള ചെമ്പരത്തി പൂക്കള്‍.നിത്യവും സുഗന്ധം പരത്തുന്ന ഒരു വലിയ ഗന്ധരാജന്‍ മരവും ഉള്ള തന്റെ പൂന്തോട്ടം മനസ്സിലേക്ക് ഓടിയെത്തി.വലിയ കണ്ണുകള്‍ വിടര്‍ത്തി നോക്കുന്ന പിങ്ക് നിറമുള്ള ചെമ്പരത്തിയും ദിവസവും ധാരാളം പൂക്കള്‍ വിരിയുന്ന ചുവന്ന ചെമ്പരത്തിയും പൂന്തോട്ടത്തിലെ താര റാണികള്‍ ആയിരുന്നു.
പൂക്കളെപ്പോലെ തന്നെ അച്ഛന്‍ താലോലിച്ചു വളര്‍ത്തിയ ഒരു കൊച്ചു തത്തമ്മയും ഒരു അണ്ണാന്‍ കുഞ്ഞും.അച്ഛന്‍ വീട്ടില്‍ ഉള്ളപ്പോള്‍ ഈ അണ്ണാന്‍ കുഞ്ഞ് വന്ന തോളത്തും കൈകളിലൂടെ ഒക്കെയുമായി ഒരു സഞ്ചാരമുണ്ട്. അവന് കിട്ടേണ്ട ഒരു മുറി പഴം കൈക്കലാക്കി കഴിഞ്ഞാല്‍ ചില്ലിചില്‍ എന്ന് ശബ്ദമുണ്ടാക്കി മുറ്റത്തെ പേര മരക്കൊമ്പിലേക്ക് ചാടിക്കയറും.അച്ഛന്റെ തത്തമ്മ സുന്ദരിയാണ്. കഴുത്തിന് ചുറ്റും ചുവന്ന ചരടില്‍ ഒരു മാലയും വളഞ്ഞ ചുണ്ടും കണ്ണിനു ചുറ്റുമുള്ള കറുത്ത വരകളും അവളെ സുന്ദരിയാക്കുന്നു.
അപ്പുറത്തെ വീട്ടിലെ നാരായണേട്ടനും സരസീച്ചിയും മുറ്റത്തേക്ക് വന്നു.സരസീച്ചിയേം നാരായണേട്ടനെയും ആണ് മുറ്റത്ത് പുല്ല് ചെത്തി വൃത്തിയാക്കുവാനും മച്ച് വൃത്തിയാക്കാണും ഒക്കെയായി ഏര്‍പ്പെടുത്തിയിരുന്നത്, താക്കോല്‍ തുരുമ്പെടുത്തിരുന്നതിന്നലാവാം തുറന്നതും ചിതല്‍ മഴപെയ്തതും ഒരുമിച്ചായിരുന്നു.ഉള്‍ഭാഗം കാണാനാവാതെ മാറാല പിടിച്ചു കിടക്കുന്നു.
"നാരായണേട്ടാ ഒക്കെ വേണ്ടപോലെ വൃത്തിയാക്കി കൊടുക്കു " എന്ന് സരസേച്ചി പറയുന്നുണ്ടായിരുന്നു.
"ഞാന്‍ നിനക്ക് കുറച്ചു സംഭാരവും ആയിട്ട് വരാം കേട്ടോ" എന്ന് പറഞ്ഞ് അവര്‍ പോയി.ഒരു കൊലപാതകിയുടെ ക്രൂരത നിറഞ്ഞ ചുവന്ന കണ്ണുകള്‍ ജ്വലിക്കുമാറ് ഉച്ചവയില്‍ ആഞ്ഞു കത്തുകയാണ്.
ചൂടിന്റെ തീക്കനലാഴി ഒന്ന് കെട്ടടങ്ങുവാന്‍ സംഭാരം തന്നെ നല്ലത്.ഉള്ളിലെ മേശമേല്‍ താനും അച്ഛനും അമ്മയും ചേട്ടനും അടങ്ങിയ ഫാമിലി ഫോട്ടോ.ഞങ്ങളുടെ ഗ്രാമത്തില്‍ ആദ്യമായി സ്റ്റുഡിയോ തുടങ്ങിയ വിജയന്‍ ചേട്ടന്റെ കട ഉദ്ഘാടനത്തിനു പോയപ്പോള്‍ എടുത്തതാണ്.പിന്നില്‍ താജ്മഹലിന്റെ കര്‍ട്ടന്‍,അതിനു മുന്‍പിലായി ഞങ്ങളെ ഇരുത്തിയെടുത്ത ഫോട്ടോ,പിന്നെയും ഒരാഴ്ച കഴിഞ്ഞു ഫോട്ടോ കോപ്പി കയ്യില്‍ എത്തുവാന്‍, കിട്ടിയപ്പോഴോ അഞ്ചാം ക്ലാസിലെ ചരിത്ര പുസ്തകങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ആ ലോകാത്ഭുതങ്ങളില്‍ ഒന്നിന്റെ മുന്‍പില്‍ ഞങ്ങളുടെ കുടുംബം.
അച്ഛന്‍ പറയുന്നത് കേട്ടു;
''നിയും താജ്മഹല്‍ കാണാന്‍ കൊണ്ടുപോയിട്ടില്ല എന്ന് ആരും പറയരുത് തെളിവ് സഹിതം ഇവിടെയുണ്ട്.''
അതിനുശേഷം ഏതാണ്ട് പതുമുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്നും ആ ഒരു കൊച്ചു ഫ്രെയിമില്‍ ആ ഫോട്ടോയ്ക്ക് മാത്രം ഒരു പഴക്കവും വരാതെ ഇരിക്കുന്നു.അത് വെറുതെ കയ്യിലെടുത്തു അടുത്ത കിടന്ന ഒരു പഴയ തുണികൊണ്ട് നന്നായി തുടച്ചു.ഇന്ന് തന്റെ കൂടെ നില്‍ക്കുന്ന മൂന്നുപേരും തന്നെ തനിച്ചാക്കി അവര്‍ ഒന്നായി.തന്റെ വിയര്‍പ്പിന്റെ നനവിന് കട്ടികൂടിയോ?കൂടെ കണ്ണുനീരിന്റെ നനവ് കൂടി ചേര്‍ന്നതിനാല്‍ ആണെന്ന് തിരിച്ചറിയാന്‍ കുറച്ചുനേരം എടുത്തു.
ഫോട്ടോയിലെ രൂപങ്ങള്‍ ഞാന്‍ ഒഴികെ അവ്യക്തമാകുന്നത് ഞാനറിഞ്ഞു.കണ്ണ് തുടച്ചുകഴിഞ്ഞു നോക്കിയിട്ടും മാറിയതേയില്ല ആ അവ്യക്തത.
''ഞ്ഞ ഈ വലിയ ഉപ്പുമാങ്ങ ഭരണി ഒന്ന് പിടിക്കുവാന്‍ ഒരു കൈത്താങ്ങ് വേണം.''
നാരായണേട്ടന്റെ ശബ്ദം തന്റെ ഓര്‍മ്മകളെ മുറിവേല്‍പ്പിച്ചു.മാങ്ങ അച്ചാറിന്റെയും പഴം മാങ്ങാ കറി ഉണ്ടാക്കിയതിന്റെയും ഒക്കെ രുചിയിലേക്കാഴ്ന്നിറങ്ങി.തന്റെ തൊടിയിലെ നാട്ടുമാവിന്റെ പേര് മൈലാപ്പൂ എന്നാണ്.എന്തൊരു മണമാണ് എന്തൊരു സ്വാദാണ് ..മാവ് നിന്നിരുന്ന സ്ഥലം ജനാലയിലൂടെ ഒന്ന് നോക്കി മാറാമ്പും കാട്ടുവേന പച്ചയും കൊണ്ട് നിറഞ്ഞിരിക്കുന്നു.
നീലമേഘങ്ങളെ കാറ്റ് തള്ളി നീക്കി കൊണ്ടുവരുന്ന കാഴ്ച നോക്കി.തെങ്ങോലകള്‍ കരിം പച്ച തിരമാലകളെ പ്പോലെയിളകുന്നതു കണ്ടു.ഒരു പെരുമഴയുടെ വരവുണ്ടെന്ന് തോന്നിക്കും വിധം ആകാശത്ത് കറുത്തമേഘങ്ങള്‍ ഉരുണ്ടുകൂടുന്നത് കണ്ടു.കൂടെ ഒരു പെരുമ്പറ മുഴക്കം,വെയിലിന്റെ ചൂട് കണ്ടപ്പോഴേ തോന്നിയതാണ് കുഞ്ഞേ ഇന്ന് മഴ ഉണ്ടാവുമെന്ന്.താന്‍ സ്വപ്‌നം കണ്ടിരുന്ന നേരം അല്ല,എന്റെ കുട്ടിക്കാലം എന്നിലേക്ക് കിനാവായി പടര്‍ന്നു കയറിയ നേരം കൊണ്ട് നാരായണേട്ടന്‍ ഒരുമാതിരി ഒക്കെ വൃത്തിയാക്കിയിരിക്കുന്നു.
എന്റെ കൊച്ചു കാല്‍പ്പെട്ടി തുടക്കുകയായിരുന്നു അദ്ദേഹം.അതിനുള്ളില്‍ ഞാന്‍ നിധി പോലെ കാത്തു വച്ചിരുന്ന എത്രയെത്ര കാര്യങ്ങളാണ്.കുന്നിക്കുരു മഞ്ചാടി മണികളും വളപ്പൊട്ടുകള്‍ കൂടെ സിനിമ കൊട്ടകയില്‍ നിന്നെടുത്ത കളയുന്ന ഫിലിം റോളുകളും കൂട്ടത്തില്‍ മുത്തച്ഛന്റെ കടയില്‍ നിന്ന് എടുത്തു കൊണ്ടുവരുന്ന കാലി-ക്കര്‍പ്പൂര പെട്ടികളും അങ്ങനെയങ്ങനെ....
ഈ കര്‍പ്പൂരപ്പെട്ടികള്‍ തുണികള്‍ വയ്ക്കുന്ന അലമാരയില്‍ വെച്ചാല്‍ എന്ത് മണമാണെന്നോ.അത് വെറുതെ തുറന്നു നോക്കി പഴയകാല കളഭത്തിന്റെ വാസനകള്‍ ഇന്നും അതില്‍ അടച്ചു വച്ചിരിക്കുന്നു.കാറ്റിനെ ചൂളം പിടിപ്പിച്ച് അടുപ്പുകൂട്ടുവാന്‍ തുടങ്ങിയ നട്ടുച്ചയിലേക്ക് കുളിരുപോലെ പെയ്തിറങ്ങിയ മഴയില്‍ നിറങ്ങള്‍ കൊണ്ട് തൊടാതെ എഴുതുന്ന വര്‍ണ്ണചിത്രം പോലെയും,വാക്കുകളില്ലാതെ വര്‍ണ്ണിക്കുന്ന ഒരു കാവ്യം പോലെയും,എന്റെ താതന്റെ സ്‌നേഹം അറിഞ്ഞ കുറച്ചു നിമിഷങ്ങള്‍ എപ്പോഴും ഒരു കയ്യെത്തും ദൂരത്ത് ഒരു സഹോദരന്റെ കരമുണ്ടായിരുന്ന കാലം.
അമ്മയുടെ കൈകള്‍ കൊണ്ട് തേച്ചുതന്നിരുന്ന ആ കാച്ചണ്ണയുടെ സുഗന്ധം പോലെ,കാലം പച്ചമഷികളാല്‍ കോറിയിടപ്പെട്ട ഒരോ ഓര്‍മ്മകളും നെഞ്ചിലേറ്റി അമ്മിഞ്ഞപ്പാലിനോളം മധുരം ഉള്ള താതന്റെ നെഞ്ചിലെ ചൂടിനായ് ദാഹിച്ചു.ഒരിക്കല്‍ കൂടി ആ പടിയിറങ്ങുമ്പോള്‍ ആ പഴയ ഫോട്ടോയിലെ മൂന്നുപേരും വന്ന യാത്ര പറയുന്നത് ഞാനറിഞ്ഞു.
നിറഞ്ഞ നേത്രങ്ങളില്‍ നിന്നും തുള്ളികള്‍ അടര്‍ന്നു വീഴുന്നത് നാരായണേട്ടന്‍ കണ്ടുവോ ആവോ,കുഞ്ഞേ പുറപ്പെടുകയല്ലേ ഇനി എന്നാ ഒരു വരവ് നാരായണേട്ടന്റെ ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം കൊടുക്കുവാന്‍ ആയില്ലെങ്കിലും പറഞ്ഞു.വരാമേട്ടാ വരാതെ പറ്റില്ലല്ലോ.പൊട്ടിയ ഒതുക്കുകല്ലുകളില്‍ തട്ടി വീഴാതെ പടിയിറങ്ങുമ്പോള്‍ ചാവേലിപ്പട്ടികള്‍ തിരികെ വന്നോട്ടെ എന്ന് അനുവാദം ചോദിക്കുന്നത് പോലെ തോന്നി.
.................................................................




