മാവേലി സ്പീക്കിങ് - 2
രാജൻ കിണറ്റിങ്കര - ആക്ഷേപഹാസ്യം
രാജൻ കിണറ്റിങ്കര
ഹലോ, ഞാൻ മഹാബലിയാണ് പാതാളത്തിൽ നിന്ന്
ഓ, അതിന് ഞാനെന്ത് വേണം. ?
ഒന്നും വേണ്ട, ഓണത്തിന് അങ്ങോട്ട് വരും മുന്നേ എല്ലാവരെയും വിളിച്ച് കുശലം അന്വേഷിക്കാം എന്ന് വിചാരിച്ചു.
പാതാളത്തിൽ തക്കാളി കിട്ടുമോ, ഒരഞ്ചാറ് കിലോ വേണമായിരുന്നു
അയ്യോ, ഇവിടെ കൃഷി ഒന്നും ഇല്ല, ഇത് പാതാളമല്ലേ, പുറമ്പോക്കല്ലല്ലോ
പിന്നെ അവിടെ ചീപ്പായി കിട്ടുന്നത് എന്താ ഉള്ളത് ?
സത്യവും സമത്വവും ഇവിടെ നിർല്ലോഭം ഉണ്ട്, അത് മതിയോ ?
അയ്യേ, ആർക്ക് വേണം ഈ എക്സ്പയറി ഡേറ്റ് കഴിഞ്ഞ സാധനങ്ങൾ .
പിന്നേയ്, കഴിഞ്ഞ തവണ വന്നപ്പോൾ എന്റെ കിരീടം പോലീസുകാർ പിടിച്ചു വച്ചിരുന്നു, അത് തിരിച്ചു കിട്ടുമോ ?
അതൊന്നും ഇനി കിട്ടാൻ പോകുന്നില്ല, തിരുമേനി വേറൊരെണ്ണം സംഘടിപ്പിച്ചോ.
അയ്യോ, ഇവിടെ കിരീടവും ചെങ്കോലും ഒന്നും കിട്ടില്ല, ഇത് നാട്ടിലേക്ക് വരുമ്പോൾ ധരിക്കാൻ വേണ്ടി ഞാൻ പ്രത്യേകം സൂക്ഷിച്ചതായിരുന്നു
തിരുമേനി ഒരു കാര്യം ചെയ്യ്, ആമസോണിൽ കിരീടം എന്ന് ടൈപ്പ് ചെയ്ത് ഒരെണ്ണം വാങ്ങിക്കോ, നാലഞ്ച് ദിവസത്തെ കാര്യമല്ലേ ഉള്ളൂ.
അപ്പോൾ എന്റെ സ്വർണ്ണത്തിന്റെ ഒറിജിനൽ കിരീടമോ ?
അതൊക്കെ വിറ്റ് കാശാക്കി കാണും, ഇവിടെ ആകെമൊത്തം കടം കയറി ഇരിക്കാ.
നിങ്ങളിങ്ങനെ എന്നെ കൊള്ളയടിക്കാൻ തുടങ്ങിയാൽ ഞാനങ്ങോട്ടുള്ള വരവ് തന്നെ നിർത്തും
അയ്യോ, അങ്ങനെ ഒന്നും പറയല്ലേ. ഉത്രാട സന്ധ്യയിലെ വില്പനയിലാണ് സർക്കാരിന്റെ മുഴുവൻ പ്രതീക്ഷയും.
എന്റെ ചില അപരന്മാർ നാട്ടിൽ ഇറങ്ങിയിട്ടുണ്ട് എന്ന് കേൾക്കുന്നു, ശരിയാണോ ?
ഇവിടെ അപരന്മാരെ ഉള്ളൂ, ഒറിജിനൽ കാണാൻ പ്രയാസമാ. അതുകൊണ്ട് തിരുമേനി ആരെങ്കിലും പേര് ചോദിച്ചാൽ കെ മഹാബലി എന്ന് പറയണം.
എന്താ ഈ കെ.മഹാബലി ?
കേരളത്തിന്റേത് മാത്രമായതിനെ ഒക്കെ തിരിച്ചറിയാൻ വേണ്ടി ഞങ്ങൾ ആദ്യം കെ.എന്ന് ചേർക്കും. കെ.റെയിൽ കെ.ഫോൺ ഇതൊക്കെ ഇപ്പോഴേ നിലവിലുണ്ട്.
അപ്പോൾ നമ്മുടെ ഐഡന്റിറ്റി കാർഡിൽ പ്രശ്നമാകുമോ, മഹാബലി, എക്സ് എമ്പറർ, കേരള എന്നാണ് അതിൽ ഉള്ളത്.
ആര് ചോദിക്കാനാ ഐഡന്റിറ്റി കാർഡൊക്കെ. . ഇവിടെ മലയാളികളേക്കാൾ കൂടുതൽ ബംഗാളികളും ബീഹാറികളുമാ . അവരൊക്കെ കാർഡുണ്ടായിട്ടാണോ ?




