എന്റെ പ്രിയപ്പെട്ട നീ
കവിത -ഷിവിനാ വിക്ടര്‍
കവിത
ഷിവിനാ വിക്ടര്‍
.......................................
ഒരുമിച്ചു നാം പോയൊരിടവഴിയിലും
തേടുന്നു മൊട്ടിട്ട മുല്ലകള്‍ നമ്മെ
നീ ചേര്‍ത്തു പിടിച്ചാ കരങ്ങളിന്നു -
മെന്നില്‍ അടരാതെ പടര്‍ന്നിരിപ്പുണ്ടെന്നോ
ആരാരും കാണാതെ ചുംബിച്ച കണ്‍തട-
ങ്ങളിലിന്നു ചുടു കണ്ണീര്‍ വറ്റാത്തതെന്തേ
നീ തഴുകി തലോടിയ മുടിയിഴകള്‍ ഞാന്‍
ഇന്നു ചീകിയൊതുക്കാന്‍ മറക്കുന്നുവെന്നോ
നീയന്നു മൂളിയാര്‍ദ്രമാം വരികളോരോന്നും
ഞാനെന്ന പൂവിന്റെ ഇതളുകളായ് തീര്‍ന്നിട്ടും
ആ വിരലുകളില്‍ തട്ടിത്തടഞ്ഞു ഞാന്‍
ചൊല്ലിയതൊക്കെയും മറന്നങ്ങു നീ പോയില്ലേ
അന്നെന്റെ അധരത്തില്‍ നീ തന്ന
ചെറു മുറിവുണങ്ങിയെന്നാകിലും
നീറുന്ന നിന്നോര്‍മ്മകള്‍ ഇന്നുമെന്‍
ഇടനെഞ്ചിലെ മായാത്ത അക്ഷരത്തെറ്റു തന്നെ !




