കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.കൃത്യമായി പറഞ്ഞാല്‍ 1924 ല്‍., മലയാളത്തില്‍ കൊല്ല വര്‍ഷം 1099 ല്‍.
ജൂലൈ മാസം പതിനാലാം തിയതി.മൂന്നാറിനടുത്തുള്ള കുന്നില്‍ ചെരുവിലെ പുരക്കുള്ളില്‍ ഇട്ടിര ഉറക്കമുണര്‍ന്നു.സമയം എത്രയായി കാണുമെന്നറിയാനുള്ള പരിശ്രമത്തില്‍ പുര മറച്ചിരിക്കുന്ന പനയോലയുടെ വിടവുകള്‍ക്കുള്ളില്‍ കൂടി സൂര്യകിരണങ്ങള്‍ നോക്കി ഇട്ടിര ചുറ്റി തിരിഞ്ഞപ്പോള്‍ കീറപ്പായയുടെ ഒരറ്റത്ത് കിടന്നിരുന്ന അച്ചാമ്മ മുരണ്ടു.
'നേരം വെളുത്തുപോലുമില്ല, എങ്ങോട്ടെങ്കിലും എഴുന്നുള്ളുവാണെങ്കില്‍ അനങ്ങാതെ അങ്ങ് പോകത്തില്ലേ മനുഷ്യാ !,ബാക്കിയുള്ളവരുടെ ഉറക്കം കൂടി കളഞ്ഞോളും'
പറഞ്ഞിട്ട് തിരിഞ്ഞു കിടന്നു കൂര്‍ക്കം വലിച്ച അച്ചാമ്മയുടെ ചന്തിക്ക് നേരെ ഓങ്ങിയ കാല്‍ ഒരു സ്വയം വിചാരം ഉണ്ടായത് പോലെ പിന്‍വലിച്ച് ഇട്ടിര പതുക്കെ പറഞ്ഞു.
'കോട്ടയംകാരിയായ ഇവളെ ഇടുക്കിക്ക് കെട്ടിക്കൊണ്ട് വന്നിട്ടും അഹങ്കാരത്തിന് ഒരു കുറവും ഇല്ലല്ലോ തമ്പുരാന്‍ കര്‍ത്താവെ !.'
പക്ഷേ ആത്മഗതം ഇച്ചിരി ഉച്ചത്തിലായിപ്പോയി.അച്ചാമ്മ വലതുതിരിഞ്ഞു കനപ്പിച്ച് ഒന്ന് നോക്കി.ഒറ്റമുറിയിലെ തഴപ്പായയില്‍ തലങ്ങനേയും,വിലങ്ങനെയുമൊക്കെ കിടന്നിരുന്ന ആറു മക്കളുടെ ഇടയില്‍ക്കൂടി ഇട്ടിര പുറത്തേക്കിറങ്ങി.
ഇവളുടെ സ്വഭാവം അറിയാതെയാണ് കേപ് ക്ലീന്‍ സായിപ്പ് ഇവളെക്കാണുമ്പോള്‍ ബ്യൂട്ടിഫുള്‍ ഗേള്‍ എന്ന് പറയുന്നത്.ബ്യൂട്ടിഫുളിന്റെ അര്‍ത്ഥം അറിഞ്ഞപ്പോള്‍ അച്ചാമ്മയുടെ തലയിലുണ്ടായിരുന്ന അഹങ്കാരം കഴുത്തിലോട്ടും വ്യാപിച്ചുവെന്ന് ഇട്ടിരക്കു തോന്നി.സായിപ്പിന്റെ ബ്യൂട്ടിഫുള്‍ പറച്ചിലില്‍ ഒരു ഏനക്കേട് ഇട്ടിരക്ക് തോന്നിയിട്ടുണ്ട്.തേയില എസ്റ്റേറ്റില്‍ പണിക്കു വരുന്ന തമിഴത്തിപെണ്ണുങ്ങളെ സായിപ്പ് വരുതിയിലാക്കുന്നത് ഇട്ടിരക്കറിയാം.സായിപ്പ് വരുമ്പോള്‍ മുന്നില്‍ വന്നു നില്‍ക്കല്ലന്ന് പറഞ്ഞാല്‍ ഈ പോത്തിന്റെ ചെവിയില്‍ കേറണ്ടേ.
മഴയും,കൂട്ടിന് മഞ്ഞും പെയ്തിറങ്ങുന്നതിനാല്‍ ഒന്നും കാണാന്‍ വയ്യ. പറമ്പില്‍ നിന്നും ഒരു ചേമ്പില ഒടിച്ചെടുത്തു തലയ്ക്കു മുകളില്‍ പിടിച്ചുകൊണ്ട് ഇട്ടിര കുന്നിറങ്ങി. മഴവെള്ളവും,ചുവന്ന മണ്ണും കൂടി ലയിച്ചുകിടന്ന ഇടവഴിയില്‍ക്കൂടി താഴേക്കു ഇറങ്ങുമ്പോള്‍ ഇട്ടിരയുടെ നെഞ്ചകം ഇടക്കൊക്കെ ഒന്ന് ചാടി ഇടിച്ചു.
പേടിയുണ്ടോന്ന് ചോദിച്ചാല്‍ ഭയങ്കര പേടിയാ.പക്ഷേ കേപ് ക്ലീന്‍ സായിപ്പ് പറഞ്ഞത്‌പോലെ,പേടിച്ചാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല.എപ്പോഴും സായിപ്പ് പറയാറുള്ള ഇംഗ്ലീഷ് വാക്ക് ഇട്ടിര ഒന്ന് നാക്കിനിടയില്‍ തപ്പി നോക്കിയെങ്കിലും പല്ലേല്‍ തട്ടി അത് വായിക്കകത്ത് തന്നെ കിടന്നു.
മണ്ണില്‍ ചവിട്ടി ഇറക്കം ഇറങ്ങുമ്പോള്‍ കാല് തെന്നുന്നുണ്ട്.പേടി കൊണ്ടാണോ? ഏയ് അല്ല !പേടി തോന്നിയാല്‍ ഇട്ടിര തന്റെ ഓലപ്പുരയെക്കുറിച്ച് ഓര്‍ക്കും,അച്ചാമ്മയേയും, മക്കളെയും കുറിച്ച് ഓര്‍ക്കും. സായിപ്പ് വാഗ്ദാനം ചെയ്ത ഇരുപത്തിഅയ്യായിരം രൂപയെക്കുറിച്ച് ഓര്‍ക്കും.
കാശ് കിട്ടിയാല്‍ ഓലപ്പുര പൊളിച്ചു പണിയണം.ഒരു പോത്തുവണ്ടി വാങ്ങണം. അതില്‍ കയറി മൂന്നാര്‍ മൊത്തം കറങ്ങണം. മക്കളേ സായിപ്പന്‍മാരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളില്‍ ചേര്‍ക്കണം.
കാലാവസ്ഥയും, ഭൂപ്രകൃതിയും അനുയോജ്യമായ മൂന്നാറിലും, സമീപത്തും ബ്രിട്ടീഷുകാര്‍ തേയില നട്ടുവളര്‍ത്തി.തേയിലകൃഷി വ്യാപകമായതോടെ മൂന്നാര്‍ ബ്രിട്ടീഷുകാരുടെ താവളം ആയി.ഇന്ത്യയിലെ ആദ്യത്തെ മോണോ റയില്‍പ്പാത മൂന്നാറിലെ ആയി. വൈദ്യുതിയും,നല്ല റോഡുകളും, സ്‌കൂളുകളുമൊക്കെ ആയപ്പോള്‍ ഏഷ്യയിലെ സ്വിറ്റ്‌സര്‍ലാന്‍ഡ് എന്ന പേര് മൂന്നാറിന് ചാര്‍ത്തപ്പെട്ടു.
തേയിലഫാക്ടറിയില്‍ മാനേജര്‍ ആയി വന്ന കേപ് ക്ളീന്‍ സായിപ്പ് അവിടത്തെ പണിക്കാരനായിരുന്ന ഇട്ടിരയുടെ മനസ്സില്‍ മോഹങ്ങളുടെ വിത്ത് ഇട്ടു.ഏക്കര്‍ കണക്കിന് പരന്നു കിടക്കുന്ന തേയില ചെടികള്‍ക്കിടയില്‍ കഞ്ചാവ് നടുക.ആരും പെട്ടെന്ന് കണ്ടുപിടുക്കാത്ത കുറച്ച് സ്ഥലം കണ്ടെത്തി ഇട്ടിര കൃഷി ചെയ്തു.വിളവെടുപ്പ് കഴിഞ്ഞ കഞ്ചാവ് ഉണക്കി പായ്ക്കറ്റുകളിലാക്കി വെച്ചിരിക്കുന്നു.ഇംഗ്‌ളണ്ടിന് തേയില കയറ്റി വിടുന്ന പെട്ടികള്‍ക്കുള്ളില്‍ ഈ കഞ്ചാവ് പായ്ക്കറ്റുകളും ആരുമറിയാതെ വെക്കണം.
കുണ്ടളവാലി റയില്‍വേ എന്നറിയപ്പെടുന്ന മൂന്നാറില്‍ നിന്നും കേരള -തമിഴ്‌നാട് അതിര്‍ത്തി, തേനി ജില്ലയിലുള്ള ടോപ്പ് സ്റ്റേഷന്‍ വരെ മോണോ റയില്‍ വഴി തേയിലപെട്ടികള്‍ എത്തിക്കും.അവിടെ നിന്നും അഞ്ചു കിലോമീറ്റര്‍ താഴെയുള്ള കോട്ടഗുഡിയിലേക്ക് റോപ്പ്വേ മാര്‍ഗ്ഗം. പിന്നെ റോഡ് വഴി തൂത്തുക്കുടി തുറുമുഖത്തു എത്തിക്കുന്ന സാധനം കപ്പലില്‍ നേരേ ഇംഗ്ലണ്ടിലേക്ക്.
ദിവാസ്വപ്‌നം കണ്ടു നടന്ന ഇട്ടിരക്കു മുന്നിലേക്ക് ഒരു കുതിരപ്പുറത്തു കേപ് ക്ളീന്‍ സായിപ്പ് എത്തി.
'ഗുഡ് മോര്‍ണിംഗ് '.
ഇട്ടിര തല കുലുക്കി സ്വീകരിച്ചു.
'നീ എന്താ തിരിച്ചു പറയാത്തത്. ഞാന്‍ പറഞ്ഞത് നീ കേട്ടില്ലേ? '.
ശരിയാ,പല പ്രാവശ്യം സായിപ്പ് പറഞ്ഞിട്ടുണ്ട്,ഗുഡ് മോര്‍ണിംഗ് പറയുമ്പോള്‍ തിരിച്ചു പറയണമെന്ന്.നാക്ക് ഉളുക്കുമെന്നതിനാല്‍ ഇട്ടിര അതിനു മുതിരാറില്ല.കേരളത്തില്‍ വന്നു സായിപ്പന്മാരൊക്ക മലയാളം പഠിച്ചത് നന്നായി എന്ന് ഇട്ടിര ഓര്‍ത്തു.
സായിപ്പ് തുടര്‍ന്നു.
'ഞാന്‍ ഇങ്ങോട്ട് വന്നത് നമ്മള്‍ സംസാരിക്കുന്നത് ആരും കാണാതിരിക്കാനാണ്.നാളെ തൂത്തുക്കുടിക്ക് ഉള്ള തേയിലപെട്ടികള്‍ പോകും.നമ്മുടെ സാധനവും ആ കൂടെ പോകണം.നാളെ ചരക്ക് പോകുന്ന കൂടെ നീയും പോകണം.തൂത്തുക്കുടിയില്‍ കപ്പലില്‍ എന്റെ ആള് ഉണ്ടാവും.കഞ്ചാവ് ഉള്ള പെട്ടി അയാളെ കാണിച്ചു കൊടുത്താല്‍ നിന്റെ ജോലി കഴിയും.തിരിച്ചു ഇവിടെ വരുമ്പോള്‍ കാശ് കയ്യില്‍ തരും.ഞാന്‍ പറഞ്ഞത് നിനക്ക് മനസ്സിലായോ?'.
ഓര്‍ത്തപ്പോള്‍ ഒരു വിറ ഉണ്ടെങ്കിലും ഇട്ടിര തല കുലുക്കി.സായിപ്പ് കുതിരയേ ഓടിച്ചു പോയപ്പോള്‍ ഇട്ടിര ധൈര്യം സംഭരിച്ചു ഫാക്ടറിയിലേക്ക് നടന്നു.ഇട്ടിര തൂത്തുക്കുടിക്ക് പോയതിന്റെ പിറ്റേദിവസം രാവിലെ കേപ് ക്ളീന്‍ സായിപ്പ് ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടുവന്ന വില കൂടിയ വൈറ്റ് റം രണ്ടെണ്ണം അകത്താക്കി.ബംഗ്ലാവില്‍ നിന്നും തന്റെ കുതിരപ്പുറത്തു കയറി കുന്നിന്‍ ചെരുവിലെ ഇട്ടിരയുടെ പുര ലക്ഷ്യമാക്കി നീങ്ങി.
മഴയുടെ ശക്തി ഓരോ ദിവസവും കൂടികൊണ്ടിരുന്നു. മക്കള്‍ സ്‌കൂളില്‍ നിന്നും വരുന്നതിനു മുന്‍പ് പുരയിലെ ചോര്‍ച്ച ഉള്ളിടത്ത് പനയോല തിരുകി അടക്കാനുള്ള ശ്രമത്തില്‍ ആയിരുന്നു അച്ചാമ്മ.
'അച്ചാമ്മ '.
പ്രതീക്ഷിക്കാത്ത സമയത്തുള്ള വിളി കേട്ട് തിരിഞ്ഞു നോക്കിയ അച്ചാമ്മ ഞെട്ടിപ്പോയി.
വാതില്‍ക്കല്‍ കേപ് ക്ളീന്‍ സായിപ്പ്.സായിപ്പിന്റെ മുഖത്തുള്ള വഷളന്‍ ചിരിയും, മദ്യത്തിന്റെ മണവും,..
ഇട്ടിര പലപ്പോഴും സായിപ്പിനെപ്പറ്റി പറഞ്ഞിട്ടുള്ളത് കൂടി ഓര്‍മ്മ വന്നപ്പോള്‍ ആറാം ഇന്ദ്രിയത്തില്‍ അപകട സൂചന മിന്നി. ഉള്ളില്‍ തോന്നിയ പേടി പുറത്തു കാണിക്കാതെ അച്ചാമ്മ ചോദിച്ചു.
'എന്താ സായിപ്പേ? ഇട്ടിര ഇവിടെ ഇല്ല. '
'ഇട്ടിര ഇല്ലന്ന് എനിക്കറിയാം.ഞാന്‍ ആണ് അവനേ തൂത്തുക്കുടിക്ക് പറഞ്ഞു വിട്ടത്.ഞാന്‍ വന്നത് അച്ചാമ്മയെ കാണാനാ.'
'എന്താ സായിപ്പിന്റെ ഉദ്ദേശം?'.
'ഹ.. ഹ.. സിമ്പിള്‍.അച്ചാമ്മയേ കണ്ട നാള്‍ മുതല്‍ എന്റെ മനസ്സില്‍ ഉള്ള ആഗ്രഹം. അതൊന്ന് സാധിക്കണം.നീ ഭയങ്കര സുന്ദരിയാ. ബ്യൂട്ടിഫുള്‍ ഗേള്‍. '
'അതിന് സായിപ്പ് വേറെ ആളേ നോക്ക്.തമിഴത്തി പെണ്ണുങ്ങളുടെ അടുത്ത ചെല്ലുന്നപോലെ എന്റെ അടുത്ത് വന്നാല്‍ ഈ അച്ചാമ്മ ആരാണെന്നു സായിപ്പ് അറിയും.'വിറച്ചുകൊണ്ട് അച്ചാമ്മ പറഞ്ഞു.
'ഇട്ടിരയേ അച്ചാമ്മക്ക് വേണോ?. തൂത്തുക്കുടിയില്‍ പോയ ഇട്ടിര തിരിച്ചു വരണമെങ്കില്‍ നീ എനിക്ക് വഴങ്ങണം.'
ശക്തനായ സായിപ്പിനെ നേരിടാന്‍ തന്നെക്കൊണ്ട് കഴിയില്ലന്ന് അച്ചാമ്മക്ക് മനസ്സിലായി.ഇയാള്‍ ഇവിടുള്ളടത്തോളം കാലം തങ്ങള്‍ക്കു സ്വസ്ഥതയും ഉണ്ടാകില്ല. പക്ഷേ എന്ത് ചെയ്യണമെന്ന് അച്ചാമ്മക്കു അറിയില്ലായിരുന്നു.ഈ സമയം ഇട്ടിര അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് അച്ചാമ്മ ആഗ്രഹിച്ചു.
'സായിപ്പ് ഇങ്ങോട്ട് ഇരിക്ക് '.
കാല്‍ ആടുന്ന ബഞ്ചിലെ പൊടി,ഉടുത്തിരുന്ന ചട്ടയുടെ അറ്റത്താല്‍ തുടച്ചിട്ട് അച്ചാമ്മ പറഞ്ഞു.
'ഗുഡ് ഗേള്‍. നിനക്ക് സൗന്ദര്യം മാത്രമല്ല ബുദ്ധിയും ഉണ്ട്. 'സന്തോഷത്തോടെ സായിപ്പ് പറഞ്ഞു.
ഇട്ടിരുന്ന കോട്ടിന്റെ പോക്കറ്റില്‍ നിന്നും ഒരു ചെറിയ ബോട്ടില്‍ എടുത്തു സായിപ്പ് ചുണ്ടിലേക്ക് അടുപ്പിച്ചു.
'സായിപ്പേ അങ്ങനെ കുടിക്കാതെ, ഞാന്‍ ഗ്ലാസ്സിലൊഴിച്ചു തരാം '.
'ഊം.. ഗുഡ്. ഇന്ന് എല്ലാം അച്ചാമ്മയുടെ ഇഷ്ടം '.
ചായ്പ്പിലേക്ക് ചെന്ന് സായിപ്പിന്റെ കയ്യില്‍ നിന്നും വാങ്ങിയ ബോട്ടില്‍ തുറന്ന് റം അച്ചാമ്മ സ്റ്റീല്‍ ഗ്ലാസ്സിലേക്ക് ഒഴിച്ചു. അപ്പോള്‍ തോന്നിയ ബുദ്ധിയില്‍ വാഴക്ക് ഇടാന്‍ വെച്ചിരുന്നതില്‍ നിന്നും അല്‍പ്പം കുരുടാനും കൂടെ ഇട്ടു കലക്കി.
പുരയിടത്തിനു താഴെയുള്ള ഓലിയില്‍നിന്നും വെള്ളം കോരി അച്ചാമ്മ തലയിലേക്ക് ഒഴിച്ചു കൊണ്ടിരുന്നു.ഇട്ടിരുന്ന ചട്ടയും, മുണ്ടും നനഞ്ഞു കുതിര്‍ന്നെങ്കിലും ഉള്ളിലേ ചൂട് കുറയുന്നില്ലന്ന് അച്ചാമ്മക്ക് തോന്നി.
കുളിച്ചിട്ടു വരാമെന്നു പറഞ്ഞാണ് സായിപ്പിന്റെ മുന്നില്‍ നിന്നും പോന്നത്.കുരുടാന്‍ ഇട്ട കള്ള് അയാള്‍ കുടിച്ചുകാണുമോ? കുടിച്ചാല്‍ താന്‍ ചെല്ലുമ്പോഴേക്കും സായിപ്പ് മരിച്ചിട്ടുണ്ടാവും.എങ്കില്‍ താമസിയാതെ പോലീസ് തന്നെ പിടിക്കും.ഇതൊക്കെ അറിയുമ്പോള്‍ ഇട്ടിരയും,മക്കളും തന്നെ വെറുക്കുമായിരിക്കും.സായിപ്പിന് വഴങ്ങേണ്ടി വന്നിരുന്നെങ്കില്‍ താന്‍ പിന്നെ ജീവിച്ചിരിക്കുമായിരുന്നില്ല. അതിലും നല്ലത് ഇപ്പോള്‍ ചെയ്തതാണന്ന് അച്ചാമ്മ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു.
സമയം പോകുന്തോറും അച്ചാമ്മയുടെ ഉള്ളില്‍ ആധി കൂടി.മഴ വീണ്ടും അലച്ചു പെയ്യാന്‍ തുടങ്ങി.മക്കള്‍ സ്‌കൂളില്‍ നിന്നും വരാറാകുന്നു.അതിന് മുന്‍പ് എന്തെങ്കിലും ചെയ്യണം.അച്ചാമ്മ പുരയിടത്തിലേക്ക് പതിയെ ചെന്നു.പുറത്ത് നിന്നുകൊണ്ട് അച്ചാമ്മ നോക്കുമ്പോള്‍ സായിപ്പ് ഇരുന്നിരുന്ന ബെഞ്ച് ശൂന്യം. ചങ്കിടിപ്പോട അകത്തേക്ക് കാലുകള്‍ വെച്ചു. ഉള്ളിലൊന്നും സായിപ്പ് ഇല്ല. സ്റ്റീല്‍ ഗ്ലാസ് കാലിയായി നിലത്ത് കിടപ്പുണ്ട്.അയാള്‍ രക്ഷപ്പെട്ടു കാണുമോ? അച്ചാമ്മ പുറത്തേക്കു ഇറങ്ങി.മുറ്റത്ത് സായിപ്പിന്റെ ഒരു ചെരുപ്പ് കിടക്കുന്നു.പതിയെ മുറ്റത്തുനിന്നും കുറച്ച് താഴേക്ക് ഇറങ്ങിയ അച്ചാമ്മ പെട്ടന്ന് നിന്നു.
ഇടവഴിയില്‍ അനക്കമില്ലാതെ സായിപ്പ് കിടക്കുന്നു.രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ ഇവിടെ വരെ എത്തിയതാവും.മുഖത്തും, കയ്യിലുമൊക്കെയുള്ള മുറിവുകളില്‍ നിന്നും വരുന്ന ചോര മഴവെള്ളത്തില്‍ അലിഞ്ഞൊഴുകുന്നു.എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ,സായിപ്പിന്റെ അടുത്തേക്ക് പോകാന്‍ മടിച്ച് അച്ചാമ്മ നിന്നു.
പെട്ടന്ന് മഴയുടെ ശക്തി കൂടി.ഉള്ളില്‍ ധൈര്യം സംഭരിച്ചു അച്ചാമ്മ സായിപ്പിന്റെ കാലുകളില്‍ പിടിച്ചു വലിച്ചു.കുറച്ചധികം പരിശ്രമത്തിനു ശേഷം പറമ്പിന്റെ കുറച്ച് ഉള്ളിലേക്ക് സായിപ്പിനെ വലിച്ചിട്ടു.കുറേ വാഴക്കച്ചകള്‍ വലിച്ച് പറിച്ച് ജീവന്‍ പോയ ആ ശരീരത്തെ മറച്ചു.ശക്തമായ മഴത്തുള്ളികള്‍ ദേഹത്തു പതിക്കുമ്പോഴും മനസ്സും, ശരീരവും ഒരുപോലെ പൊള്ളുന്നുണ്ടന്ന് അച്ചാമ്മക്ക് തോന്നി.
അന്ന് രാത്രി ഏറെ വൈകിയിട്ടും അച്ചാമ്മക്ക് ഉറക്കം വന്നില്ല.മക്കളേ മാറി, മാറി കെട്ടിപ്പുണര്‍ന്നു അച്ചാമ്മ നെഞ്ചുരുകി കരഞ്ഞു.ഇട്ടിര തിരിച്ചുവരുന്നതിനു മുന്‍പേ പോലീസ് തന്നെ കൊണ്ടുപോകുമെന്ന് അവള്‍ക്ക് തോന്നി.
ആ രാത്രി പ്രകൃതി കലിതുള്ളുകയായിരുന്നു.ശക്തമായ മഴയില്‍ മണ്ണിടിഞ്ഞും,മരങ്ങള്‍ കടപുഴകിയും മാട്ടുപ്പെട്ടിയില്‍ രണ്ട് മലകള്‍ ചേരുന്നിടത് ഒരു ബണ്ട് തനിയേ രൂപം കൊണ്ടു.
171.2 ഇഞ്ചളവില്‍ രാവും, പകലും പെരുമഴ പെയ്തപ്പോള്‍ പലയിടത്തും ഉരുള്‍ പൊട്ടലുണ്ടായി. ഒഴുകി വന്ന മണ്ണും, വെള്ളവും താങ്ങാനാവാതെ ബണ്ട് പൊട്ടി വെള്ളം കുത്തിയൊലിച്ചു.മുന്നില്‍ കണ്ടതൊക്കെ കടപുഴക്കി മുന്നേറിയ വെള്ളപ്പാച്ചിലില്‍ സമുദ്ര നിരപ്പില്‍ നിന്നും ആറായിരം അടി ഉയരത്തിലുള്ള മൂന്നാര്‍ പട്ടണം തകര്‍ന്നു തരിപ്പണം ആയി.മൂന്നാറിന്റെ അഭിമാനം ആയിരുന്ന കുണ്ടള വാലി റയില്‍വേ പൂര്‍ണ്ണമായും നശിച്ചു. റോഡുകള്‍ മിക്കതും ഒലിച്ചു പോയി.ഉയര്‍ന്ന പ്രദേശങ്ങളൊഴികെ സര്‍വ്വവും വെള്ളം മൂടി.
ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ വെള്ളം പതിയെ ഇറങ്ങിത്തുടങ്ങി.പുരയിടത്തിനു തൊട്ട് താഴെ വരെ വെള്ളം പൊങ്ങിയതിനാല്‍ അച്ചാമ്മ മക്കളുമായി പുരക്കുള്ളില്‍ തന്നെ കഴിച്ചുകൂട്ടുവായിരുന്നു. ഇട്ടിരയേപ്പറ്റി ഒരു വിവരവും ഇല്ല.പോലീസ് ഏത് നിമിഷവും കടന്നു വരാം.
കുന്നിന്‍ ചെരുവിലെ നായികയുടെ മനസ്സില്‍ ഭയാശങ്കകള്‍ നിറയുമ്പോള്‍ താഴെ മൂന്നാര്‍ പട്ടണത്തില്‍ കണക്കെടുക്കാനാവാത്തപോലെ മൃതശരീരങ്ങള്‍ ഒഴുകിനടന്നു. അതിലൊന്ന് അഴുകി തുടങ്ങിയ കേപ് ക്ലീന്‍ സായിപ്പിന്റേതായിരുന്നു