ആകാശവാണിക്കൊപ്പം കാല്‍ നൂറ്റാണ്ട്; കേരളത്തിന്റെ സാന്ത്വന സ്വരമായി ആശേച്ചിയും ബാലേട്ടനും

റേഡിയോ 100 വര്‍ഷം പിന്നിടുമ്പോള്‍ കാല്‍ നൂറ്റാണ്ട് റേഡിയോയ്‌ക്കൊപ്പം ചേര്‍ന്നു നിന്ന് ജനമനസ്സുകളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു വ്യക്തിയും മറ്റൊരു പ്രോഗ്രാമും ഇല്ലെന്നു തന്നെ പറയാം

ആകാശവാണിക്കൊപ്പം കാല്‍ നൂറ്റാണ്ട്; കേരളത്തിന്റെ സാന്ത്വന സ്വരമായി ആശേച്ചിയും ബാലേട്ടനും

ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുമ്പോള്‍ പ്രക്ഷേപണ രംഗത്തെ നൂറു വര്‍ഷമാണ് പിന്നിടുന്നത്..1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ആദര സൂചകമായാണ് അംഗ രാജ്യങ്ങള്‍ ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നത്. 1923 ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്. അന്നേ വരെ ഇന്ത്യന്‍ ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ശ്രവ്യ മാധ്യമത്തിന്റെ പുതിയ അനുഭവം ആളുകളിലേക്ക് എത്തിച്ചത് റേഡിയോ ക്ലബ് ഓഫ് ബോംബെ എന്നൊരു കൂട്ടായ്മയാണ്. പിന്നീട് 1927 ജൂലൈ 23ന് ഇത് പുനര്‍നാമകരണം ചെയ്ത് ഓള്‍ ഇന്ത്യ റേഡിയോ ആയി മാറി. 1957 ല്‍ ഔദ്യോഗിക നാമം ആകാശവാണി എന്നാക്കി.2011 ല്‍ തീരുമാനിച്ച പ്രകാരം 2012 ഫെബ്രുവരി 13 മുതല്‍ യുനെസ്‌കോ ലോക റേഡിയോ ദിനം ആചരിച്ചു തുടങ്ങി.യു എന്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങളും ഈ ദിവസം റേഡിയോ ദിനമായി ആചരിക്കുവാന്‍ നിര്‍ദേശം വരികയുണ്ടായി.

മാറുന്ന കാലത്ത് റേഡിയോയുടെ പ്രസക്തി കുറയുന്നില്ല എന്ന് തിരിച്ചറിയുമ്പോഴാണ് റേഡിയോ എന്ന മാധ്യമത്തിന് ജന മനസ്സിലുള്ള സ്വാധീനം മനസിലാകുന്നത്. മലയാളിക്ക് അന്നും ഇന്നും എന്നും ഗൃഹാതുരത്വം നല്‍കുന്ന ഓര്‍മ്മയാണ് റേഡിയോ നല്‍കുന്നത്. ദൈനംദിന ജീവിതത്തില്‍ റേഡിയോ ഇല്ലാത്ത ഒരു ദിവസത്തെപ്പറ്റി ചിന്തിക്കാന്‍ പോലും കഴിയാത്ത മലയാളികള്‍ ഇന്നുമുണ്ട്.ദൃശ്യമാധ്യമങ്ങളുടെ വരവോടെ  ഒരുപാട് മാറ്റം സംഭവിച്ചെങ്കിലും റേഡിയോ ഓണ്‍ലൈനിലും ലഭ്യമായതോടെ അനുദിനം ശ്രോതാക്കളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023 രണ്ടു ലക്ഷം റേഡിയോ ആണ് കൊച്ചിയില്‍ നിന്നു തന്നെ വിറ്റു പോയത്. 

നാടകം,പാട്ട്,സിനിമാ വിശേഷങ്ങള്‍.വാര്‍ത്തകള്‍ തുടങ്ങി വ്യത്യസ്ഥ ഭാവത്തിലും താളത്തിലുമായി ശ്രോതാക്കളുടെ അകത്തളത്തില്‍ പടര്‍ന്നുപിടിച്ച ശ്രവ്യാനുഭവമാണ് ആകാശവാണി. ഒരു തലമുറയ്ക്ക് അറിവും വിനോദവും ഒരുപോലെ നല്‍കി പകലും രാത്രിയും കടന്നുപോയ ഘടികാര തുല്യമായ സംവേദനം.അതിവേഗം വളരുന്ന പുത്തന്‍ മാധ്യമലോകത്ത് റേഡിയോ ഒരു ഓര്‍മ്മപ്പെടുത്തലാണ്.എങ്ങനെയായിരുന്നു കഴിഞ്ഞുപോയ തലമുറയുടെ അറിവ് നേടലും വിനോദവും വാര്‍ത്ത അറിഞ്ഞതുമൊക്കെയെന്ന്.

കത്തുവായിച്ചും ഫോണ്‍ വിളിച്ചും കാല്‍ നൂറ്റാണ്ടിന്റെ റെക്കോഡ്‌

ലോക റേഡിയോ ദിനം ആചരിക്കുന്ന വേളയില്‍ ഒരു സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം അല്ലായിരുന്നെങ്കില്‍ റേഡിയോ പ്രക്ഷേപണ രംഗത്ത് ഏറെ ആദരിക്കപ്പെടേണ്ട...ഒരാളാണ് ആശാലത എന്ന മലയാളികളുടെ ആശേച്ചി. റേഡിയോ 100 വര്‍ഷം പിന്നിടുമ്പോള്‍ കാല്‍ നൂറ്റാണ്ട് റേഡിയോ യ്‌ക്കൊപ്പം ചേര്‍ന്നു നിന്ന് ജനമനസ്സുകളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു വ്യക്തിയും മറ്റൊരു പ്രോഗ്രാമും ഇല്ലെന്നു തന്നെ പറയാം. റേഡിയോ എന്ന മാധ്യമത്തിന് ഒപ്പം ചേര്‍ന്നു നിന്ന്  കാല്‍ നൂറ്റാണ്ടിന്റെ ആ റെക്കോഡ് ഭേദിക്കപ്പെടാനാവില്ല.

 ആശേച്ചി എന്ന പേരിനൊപ്പം ബാലേട്ടന്‍ കൂടി ചേരുമ്പോഴാണ് ഈ പ്രോഗ്രാമിന് ഒരു പൂര്‍ണ്ണത വരുന്നത്.സത്യന്‍  ശാരദ, ഷീല നസീര്‍, ജയന്‍ സീമ എന്നീ താര ജോഡികളെ പോലെ ആശേച്ചി ബാലേട്ടന്‍ എന്ന ജോഡികളും ഒരു ശ്രവ്യമാധ്യമത്തിലൂടെ ജനശ്രദ്ധപിടിച്ചു പറ്റുന്നു.ലോക ചരിത്രത്തില്‍ ഇത്രയധികം ഫോണ്‍ കോളുകള്‍ അറ്റന്‍ഡു ചെയ്ത വ്യക്തി എന്ന റെക്കോഡും ഒരു പക്ഷെ ആശേച്ചിക്ക് തന്നെ ആയിരിക്കും എന്ന് നിസംശയം പറയാം. ലോക ചരിത്രത്തില്‍ ഇത്രയധികം കത്തുകള്‍ വായിച്ച അവതാരകര്‍ എന്ന ക്രെഡിറ്റും ആശേച്ചിക്കും ബാലേട്ടനും തന്നെ.ശ്രോതാക്കളെഴുതിയ ലക്ഷകണക്കിന് കത്തുകളാണ് ഇരുവരും ആകാശവാണിയിലൂടെ വായിച്ചത്. കത്തെഴുത്തിന്റെ കാലം കഴിഞ്ഞിട്ടും ഇപ്പോഴും ഈ പ്രോഗ്രാമിലേക്ക് ധാരാളം കത്തു വരുന്നു എന്നറിയുന്നതു തന്നെ അത്ഭുതമാണ്.

ആശേച്ചിയുടെ നേതൃത്വത്തില്‍ ബാലേട്ടന്‍,രഘുരാജ്,ഡാനി ജയിംസ് എന്നി കൂട്ടുകെട്ടിലുള്ള ഈ പരിപാടി സാങ്കേതിക കാരണങ്ങളാലല്ലാതെ ഒരിക്കല്‍ പോലും മുടങ്ങിയിട്ടില്ല. ഒരു സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം, ഒരിക്കലും ഒരാളെ പോലും വെറുപ്പിക്കാതെ,ബോറടിപ്പിക്കാതെ കാല്‍ നൂറ്റാണ്ട് കൊണ്ടുപോകുക എന്നു പറയുന്നത് ചെറിയ കാര്യമല്ല.ഓരോ ദിവസവും പുതിയത് എന്നു പറയുന്നത് പോലെ തന്നെ ഓരോ ദിവ സത്തേയും പരിപാടികള്‍   പുതുമ നിറഞ്ഞതാണ്.അതിനാല്‍ ഓരോ ദിവസവും പുതിയതായി എന്തായിരിക്കും ആശേച്ചി കൊണ്ടു വരുന്നത് എന്ന ആകാംക്ഷയിലായിരിക്കും ശ്രോതാക്കള്‍ റേഡിയോ ഓണ്‍ചെയ്യുന്നത്.ആകാശവാണി എന്ന മാധ്യമത്തെ ഇത്രമാത്രം ജനപ്രിയമാക്കാന്‍ ആശേച്ചിയുടെ പ്രോഗ്രാം വഹിച്ച പങ്ക് വളരെ വലുതാണ്.ബാലേട്ടന്റെ അഭാവത്തില്‍ വന്നു പോയ സനലേട്ടന്‍ എന്ന സനല്‍ പോറ്റിയും ജനമനസുകളില്‍ ശ്രദ്ധപിടിച്ചു പറ്റിയ അവതാരകനാണ്. 

വിനോദവും,വിജ്ഞാനവും,കോര്‍ത്തിണക്കി,തമാശയും,ചിരിയും, കളിയും കാര്യവുമൊക്കെയായി ആശേച്ചിയും ബാലേട്ടനും മറ്റ് അണിയറ പ്രവര്‍ത്തകരും പ്രാഭാതങ്ങളെ ധന്യമാക്കുമ്പോള്‍   ആ ഒരു ദിവസത്തെ മാത്രമല്ല ഒരു ജീവിതകാലം മുഴുവനുമുള്ള പോസിറ്റീവ് ഊര്‍ജ്ജമാണ് കേള്‍വിക്കാര്‍ക്കു ലഭിക്കുന്നതെന്ന് ശ്രോതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.രണ്ടു അവതാരകരുടെ ഔപചാരികതയില്ലാതെ രണ്ടു സുഹൃത്തു ക്കളെ പോലെ പരസ്പരം കളിയാക്കിയും കൂടപ്പിറപ്പുകളെ പോല അടിയുണ്ടാക്കിയും ബാലേട്ടനും ആശേച്ചിയും നടന്നു കയറിയത് ലക്ഷകണക്കിന് ശ്രോതാക്കളുടെ ഹൃദയത്തിലേയ്ക്കാണ്. 

അമ്മയുടെ വാത്സല്യം വേണ്ടവര്‍ക്ക് നിറഞ്ഞ വാത്സല്യമായും,ചേച്ചിയുടെ ശാസനം വേണ്ടവര്‍ക്ക് കരുതലുള്ള ശാസനമായും,പെങ്ങളുടെ കുറുമ്പ് വേണ്ടവര്‍ക്ക് അതായും,സുഹൃത്തിന്റെ സാന്ത്വനം വേണ്ടവര്‍ക്ക് ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന വിശ്വസ്ത സുഹൃത്തായും ആ    സ്വരം മാറുമ്പോള്‍,പ്രതിസന്ധികളില്‍ തകര്‍ന്നു പോകാവുന്ന ജീവിതങ്ങള്‍ തന്നെയാണ് ആത്മധൈര്യത്തോടെ നിവര്‍ന്നു നില്‍ക്കുന്നത്.തെറ്റു തെറ്റാണെന്നും ശരി ശരിയാണെന്നും തുറന്നു പറയുന്ന ആര്‍ജ്ജവമാണ് ആശേച്ചിയും ശ്രോതാക്കളും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കെട്ടുറപ്പ്. 

ആര്‍ക്കും വേണ്ടിയും,അല്ലെങ്കില്‍ എന്തു വിചാരിക്കും എന്ന് കരുതി ശരിയായതിന് നേരെ മുഖം തിരിക്കാതെ നിശിതമായ എന്നാല്‍ സത്യ സന്ധമായ തുറന്നു കാട്ടലുകളിലൂടെ ഒരു വ്യക്തിയെ അവനവനിലേയ്ക്കു തിരിഞ്ഞു ചിന്തിപ്പിക്കാനും,തന്നിലുള്ള കുറവുകളെയും തെറ്റു കുറ്റങ്ങളേയും സ്വയം തിരിച്ചറിയാനും കഴിവുള്ളവരാക്കുന്ന സമീപനമാണ് ആശേച്ചിയുടേത്. ആദ്യം വേദനിച്ചാലും പിന്നീടത് വലിയ ജീവിത സത്യമായി അവരുടെ ജീവിതത്തെ  പുതിയ കാഴ്ചപാടുകളിലൂടെ പ്രകാശമാക്കി മാറ്റുന്നു.അത്മാവിനെ തൊടുന്ന, മാറ്റം വരുത്തുന്ന വാക്കു കളാല്‍ മനുഷ്യമനസ്സുകളെ വലിയ മാറ്റങ്ങളിലേയ്ക്ക്,അവര്‍ കൈപിടിച്ചുയര്‍ത്തുന്നു. പരന്ന വായനയും, ആഴത്തിലുള്ള ചിന്തകളും, ധ്യാനവുമാണ് ഇത്തരത്തിലുള്ള അത്മദര്‍ശനങ്ങളുടെ പൊരുള്‍.

 

ആശയ സമ്പുഷ്ടമായ വാക്കുകളിലൂടെയും, നിറചിരിയോടെയുള്ള  ഇടപെടലുകളിലൂടെയും  ഈ ആശാകിരണം നമ്മളില്‍ വര്‍ണ്ണ വിസ്മ യങ്ങളുടെ സൂര്യ കിരണങ്ങളാണ് പ്രതിഫലിപ്പിക്കുന്നത്.പുഞ്ചിരി പോലും ധന്യമാണ് എന്ന് പറഞ്ഞ പോലെ തന്നെ ശ്രവിക്കുന്നവര്‍ക്ക് ആ സന്ദേശങ്ങള്‍ ഒരു ആശ്വാസവചനങ്ങള്‍ തന്നെയാണ്. സ്വരമാധുരി കൊണ്ട് രാഗമാലതീര്‍ക്കുമ്പോഴും നര്‍മ്മരസം കലര്‍ത്തിയുള്ള സംഭാ ഷണങ്ങളിലൂടെ ജനഹൃദയങ്ങളില്‍ നിത്യ ഹരിതയായി തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.ശാന്തസുന്ദരമായൊഴുകുന്നരുവി പോലെ. അതു കൊണ്ടാണ് ആറു വയസുകാരിക്കും അറുപത് വയസുകാരിക്കും ആശാലത ആശേച്ചിയായത്. 

ആശേച്ചിയുടെ റേഡിയോ പ്രോഗ്രാം കേള്‍വിക്കാര്‍ക്ക് എന്നും ഒരു അനുഗ്രഹം തന്നെയാണ്.കാരണം അത്ര എനര്‍ജറ്റിക്കാണ് ആ വോ യിസ്.ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരു ജാഡയുമില്ലാതെ കൂട്ടുകൂടി സംസാരിച്ച് എത്തുന്നത് ജനഹൃദയങ്ങളിലേക്കാണ്.തന്റെ ശബദ്ധത്തിന്റെ ഗാംഭീര്യവും മാധുര്യവും കുറിക്കു കൊള്ളുന്ന തമാശകളുമായി കുഞ്ഞനുജനും കൂട്ടുകാരനുമായി ബാലേട്ടന്‍ കൂടി ഒപ്പം ചേരുമ്പോള്‍ എറ്റവും ജനപ്രീയ ജോഡികളുടെ ആറാട്ടാണ് ആകാശവാണിയില്‍ അനുഭവവേദ്യമാകുന്നത്.

ആശേച്ചി, ബാലേട്ടന്‍ ഡാനി ജയിംസ്, രഘുരാജ് ഈ കൂട്ടുകെട്ടിന്റെ കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഇനിയും അവസാനിക്കരുതേ... ഈ പ്രോഗ്രാം എന്നാണ് ലക്ഷകണക്കിന് ശ്രോതാക്കളുടെ പ്രാര്‍ത്ഥന