മാവേലി സ്പീക്കിങ് – 3

ആക്ഷേപഹാസ്യം - രാജൻ കിണറ്റിങ്കര

മാവേലി സ്പീക്കിങ് – 3

രാജൻ കിണറ്റിങ്കര

.................................................

ഹലോ, ഞാൻ മഹാബലിയാണ്,   പ്രജാ സമ്പർക്ക പരിപാടിയുടെ ഭാഗമായി വിളിക്കുകയാണ് 

പറയണം തിരുമനസ്സേ, എന്താണ് മുൻ വർഷങ്ങളിൽ ഇല്ലാത്ത ഒരു സമ്പർക്കം ?

അതേയ്, നോമിന്റെ ജനസമ്മതി കുറഞ്ഞു വരുന്നുണ്ടോ എന്നൊരു സംശയം, അതിനാൽ നേരിട്ട് ഇടപെട്ട് കാര്യങ്ങൾ മനസ്സിലാക്കാം എന്ന് കരുതി 

ഓണത്തിന് ഇനി കഷ്ടിച്ച് മൂന്നാഴ്ചയല്ലേ ഉള്ളൂ, ഇതൊക്കെ നേരത്തെ തുടങ്ങേണ്ടതല്ലേ 

അതെന്താ, ഞാൻ വൈകിപ്പോയോ 

ഇവിടെ ഒരേ പായയിൽ കിടന്നുറങ്ങുന്നവർക്ക് വരെ പരസ്പരം മനസ്സിലാക്കാൻ കഴിയുന്നില്ല,  പിന്നെയാ തിരുമേനി ഒരു ഫോൺ കാൾ കൊണ്ട് മനസ്സിലാക്കാൻ പോകുന്നത്. 

അതേയ്,  എല്ലാ വീടുകളിലും സഞ്ചരിക്കാൻ എനിക്കൊരു ടൂ വീലർ കിട്ടുമോ ?  

എന്നിട്ട്, ഹെൽമെറ്റ് കിരീടത്തിന്റെ മുകളിൽ വയ്ക്കുമോ ?

അതെന്താ ഹെൽമെറ്റ് ?

ഹെൽമെറ്റില്ലാതെ വണ്ടി ഓടിച്ചാൽ പിഴ അടക്കാനുള്ള നോട്ടീസ് പാതാളത്തിലെ അഡ്രസ്സിൽ അങ്ങ് വരും.  പിന്നൊരു കാര്യം, പഴയതുപോലെ നെഞ്ചും വയറും ഒക്കെ കാണിച്ച് പൊതുസ്ഥലത്ത് ഇറങ്ങി നടക്കേണ്ടട്ടോ

അതെന്താ, കാലങ്ങളായി നമ്മുടെ വേഷം അതാണല്ലോ.

പണ്ട് പലതും ചെയ്തിട്ടുണ്ടാവും.  ഇപ്പോൾ  ചീത്തപ്പേരുണ്ടാക്കാതെ പാതാളത്തിലേക്ക് തിരിച്ചു പോകണം എന്നുണ്ടെങ്കിൽ ഒരു മേൽമുണ്ട് ഇട്ടോളൂ ദേഹത്ത്. 

എയർപോർട്ടിൽ ചെക്കിങ് ഉണ്ടാകുമോ, എന്റെ സാധനങ്ങളൊക്കെ കസ്റ്റംസ് പിടിച്ചു വയ്ക്കുമോ ?   

എല്ലാം ഊരി  ബാഗിൽ വച്ചാൽ മതി,  ഇപ്പോൾ ബാഗ് ആരും കാര്യമായി ചെക്ക് ചെയ്യാറില്ല,  ആളുകൾ സ്വർണ്ണം കടത്തുന്നതൊക്കെ ശരീരത്തിലെ അറകളിലാ, അതുകൊണ്ട് ശരീരം മാത്രമേ പരിശോധിക്കൂ.

അവിടെ ഒരു ഗണപതി ക്ഷേത്രത്തിലെ കുളം നവീകരിക്കാൻ 64 ലക്ഷം കൊടുത്തൂന്ന് കേട്ടു,  നമ്മുടെ ക്ഷേത്രത്തിലേക്കും എന്തെങ്കിലും കിട്ടുമോ?

അതൊന്നും പ്രതീക്ഷിക്കണ്ട,  ആദ്യം കുളമാക്കും, പിന്നെ കുളം നന്നാക്കും.  അതിവിടുത്തെ ഒരു രീതിയാ.

ചുരുക്കത്തിൽ നാം അവിടെ ഉപേക്ഷിച്ചു പോന്ന സമത്വം ഒന്നും ഇല്ലാണ്ടായി അല്ലേ ?

മുഴുവൻ ഇല്ലാണ്ടായിട്ടില്ല, വൈകീട്ട് ബിവറേജസിന്റെ ക്യൂവിൽ ഇപ്പോഴും സമത്വവും സാഹോദര്യവും ഉണ്ട്.