ഞാന്‍ നീ (കവിത)
ഹരിതപണിക്കര്‍ - ചുരുള്‍മുടിയൊതുക്കി, നീ ഇന്നലേയും കൂടി കണ്ട ആ സ്വപ്നത്തെ കുറിച്ച് പറയൂ
ഹരിതപണിക്കര്‍
-----------
എനിക്കെന്നോടൊന്ന്
വര്‍ത്താനം പറയണം.
നിനക്ക് വയ്യേ, എന്താ
മുഖം വാടിയിരിക്കുന്നത്..?
മൂക്കുത്തി കല്ലടര്‍ന്നതും
പാദസര മണി പൊഴിഞ്ഞതും
നീ അറിഞ്ഞില്ലേ....
എന്തൊരു മറവിയാണിത്,
നോക്ക്, അടുപ്പിന്‍ ചോട്ടില്‍
ചുടാനിട്ട പുളിങ്കുരു
മുഴോനും കരിഞ്ഞു പോയി.
സുഖമാണോ നിനക്കെന്ന്
ചോദിക്കുന്നില്ല, കാണാണ്ടു
പോയ ചിരിയെ കുറിച്ചും
മിണ്ടുന്നില്ല...
ആ കണ്ണുകളെഴുതി പൊട്ടു
കുത്തുന്നതാണഴക്,
കറുപ്പ് മാറിത്തുടങ്ങുന്ന
ചുരുള്‍മുടിയൊതുക്കി,
നീ ഇന്നലേയും കൂടി കണ്ട ആ
സ്വപ്നത്തെ കുറിച്ച് പറയൂ...
ആകെ പൂത്തുലഞ്ഞ നാരക-
മുല്ല ചെടി പോലെ ആര്‍ദ്രമായി-
സന്തോഷവതിയായിരിക്കട്ടേ,
പറയാതെ പറയുന്ന ചിലതിന്റെ
ഭംഗിയില്‍, നിറവാകുന്ന നീയേ...
...........




