എന്റെ സമ്പാദ്യങ്ങൾ
കവിത - രാജൻ കിണറ്റിങ്കര
കവിത

രാജൻ കിണറ്റിങ്കര
.........................................
അക്ഷര തെറ്റുകൾ
അലങ്കാരമാക്കിയ
കുറെ കവിതകൾ ;
ഒഴുകിയിട്ടും
ഒഴുകിയിട്ടും
വറ്റാത്ത രണ്ട് കണ്ണുകൾ ;
തോറ്റുകൊടുത്ത്
ജയം നേടുന്നൊരു
തളരാത്ത മനസ്സ് ;
നടന്ന വഴികളിലെ
ചിതലരിക്കാത്ത
ചില ഓർമ്മകൾ ;
ചരൽ മുറ്റത്തെ
വീഴ്ചകൾ തീർത്ത
ബാല്യത്തിന്റെ മുറിപ്പാടുകൾ ;
വേദനയിലും
ഹാസ്യം വിടരുന്ന
വിരൽത്തുമ്പുകൾ ;
ചുളിവ് വീണ മുഖത്തെ
അമ്മയുടെ
ഉറവ വറ്റാത്ത സ്നേഹം;
ഓട്ടക്കീശയും
അതിനു പിന്നിൽ
തുളവീഴാത്തൊരു ഹൃദയവും ..
ഇത്രയേ ഉള്ളൂ
എന്റെ കരുതലുകൾ ..
ലോക്കറും
സുരക്ഷയും വേണ്ടാത്ത
സമ്പാദ്യങ്ങൾ ...




