പരിഹാസ നിഘണ്ടു

നിമിഷ. സി. കെ - നാടിനും വീടിനും വേണ്ടാതെ, ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും ആവോളം ഏറ്റുവാങ്ങിയവന്റെ പേരും ചുക്ക്!

പരിഹാസ നിഘണ്ടു

നിമിഷ. സി. കെ

(ഗവേഷക വിദ്യാഭ്യാസ വിഭാഗം

യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്)

............................................

വെയിലേറ്റ് നിറം മാറി 

തൊലി ചുക്കിചുളിഞ്ഞപ്പോള്‍

ഇഞ്ചിയുടെ പേര് ചുക്ക്!

നാടിനും വീടിനും വേണ്ടാതെ,

ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും

ആവോളം ഏറ്റുവാങ്ങിയവന്റെ പേരും ചുക്ക്!

ഒരു ചുക്കുമില്ലെന്നും 

ഒരു ചുക്കുമറിയില്ലെന്നും

ഒരു ചുക്കും വേണ്ടെന്നും 

ഒരു ചുക്കിനും കൊള്ളില്ലെന്നും 

മനുഷ്യര്‍ പഴികേള്‍ക്കുമ്പോള്‍,

മൂല്യവും വിലയും ഏറെയുണ്ടായിട്ടും,

അടുക്കളുടെ മൂലയില്‍ 

ചുക്കിചുളിഞ്ഞിരിക്കുന്ന,

ചുക്ക് ചൂളിപോയിരിക്കാം..

ഇനിയൊരു ജലദോഷപ്പനി

വരുമ്പോള്‍

കാണിച്ചു തരാമെന്ന മട്ടില്‍ 

പിണങ്ങിയിരിക്കുകയുമാകാം...

ചുക്കിന്റെ  അവസ്ഥ കണ്ട്,

പണ്ട് ഊറി ചിരിച്ചിരുന്ന വിഖ്യാതനായ

തേങ്ങയുടെ സ്ഥിതിയും ഇന്നു മറിച്ചല്ല!

ഒരു തേങ്ങയുമില്ലെന്നും 

തേങ്ങാക്കൊലയെന്നും

തേങ്ങാപിണ്ണാക്കെന്നും 

നിസാരവത്കരിച്ച്

തേങ്ങക്കു തന്നെ 

തനാരുമല്ലാതായ 

പോലെ തോന്നിയിട്ടുണ്ടാക്കാം..

മാങ്ങാത്തൊലിയും അണ്ടിപൊട്ടനും 

ചേമ്പും തുടങ്ങി

പരിഹാസ നിഘണ്ടുവില്‍ 

ചെറുതല്ലാത്ത ഇടം കിട്ടി

ചെറുതായി പോയവര്‍ വേറെയുമുണ്ട്!.