പ്രണയപ്പെയ്ത്ത്
കവിത മുജീബ് റഹ്‌മാന്‍- എന്റെ ഹൃദയാന്തരങ്ങളിലേക്ക് നിലയ്ക്കാത്ത കര്‍ക്കിടമഴയായി നീയിങ്ങനെ പെയ്തമരുന്നതെന്തിനാണ്.?

കവിത

മുജീബ് റഹ്‌മാന്‍
9495251547, 7907050159
നിന്റെ
പ്രണയപ്പെയ്ത്തില്‍,
കുതിര്‍ന്ന
ആകാശച്ചോട്ടിലെ
അനാഥമായ
ഒറ്റമരം പോലെ
ഞാനിപ്പോഴും
ചോര്‍ന്നൊലിക്കുകയാണ്.
അടരുന്ന
ശിശിരം കണക്കെ
പൊഴിഞ്ഞുതുടങ്ങിയ
എന്റെ
ഹൃദയാന്തരങ്ങളിലേക്ക്
നിലയ്ക്കാത്ത
കര്‍ക്കിടമഴയായി
നീയിങ്ങനെ
പെയ്തമരുന്നതെന്തിനാണ്.?
ഉറഞ്ഞുതുള്ളുന്ന
നിന്റെ
പ്രളയപ്പെയ്ത്തില്‍
ഒരുദിനം ഞാന്‍
തണുത്തു മരവിക്കും.
അനന്തരം
നനഞ്ഞുകുതിര്‍ന്ന
നിന്നില്‍
തണുത്തുമരിച്ച
എന്നെയുമടക്കും.
കരഞ്ഞുവീര്‍ത്ത
ഇടവപ്പാതിയായി
നീ
മേഘപ്പുതപ്പിനുള്ളിലേക്ക്
പതിയെ മടങ്ങും.
എങ്കിലും,
ഓരോ തുലാവര്‍ഷപ്പെയ്ത്തിലും
കുഴിമാടപ്പറമ്പില്‍
വിരിഞ്ഞ
നിരവധിപ്പൂക്കളില്‍
ഞാന്‍ നിന്നെത്തിരയും.
മീസാന്‍ കല്ലിലിരുന്ന്
പാടുന്ന
വണ്ണാത്തിപ്പുള്ളിന്റെ
തേങ്ങലില്‍
നിര്‍ത്താതെ കരഞ്ഞ
ഒരു കാലവര്‍ഷമായി
നിന്നെ ഞാനോര്‍ക്കും.
മീനത്തിലെ
പനിച്ചുപൊള്ളുന്ന
വെയില്‍ച്ചിരിയിലും,
ഹേമന്തഋതുവിലെ
നിറഞ്ഞ
നീലക്കണ്‍ തടാകങ്ങളിലും
അന്നും
നീയുണ്ടായിരിക്കും.
പാലപ്പൂക്കളടര്‍ത്തി
ആ
പ്രേത കുടീരത്തിലൂടെ
കിതച്ചുപായുന്ന
പിശറന്‍കാറ്റില്‍
നിന്റെ
വിയര്‍പ്പുഗന്ധം
ഞാന്‍ തിരിച്ചറിയും.
അപ്പോള്‍
മണ്ണടരില്‍ നിന്നും
ഒരു
നിശ്വാസം ഉയര്‍ന്നു വരും.!
ഒരു മിന്നല്‍പ്പിണര്‍
മാനത്തിന്റെ മാറിലൂടെ
ഭൂമിയെപ്പുണരും.



