കാല്‍ നൂറ്റാണ്ടായി തെരുവിലെ മക്കള്‍ക്ക് അന്നമൂട്ടി റ്റി എം സി അഥവാ തെരുവിലെ മക്കള്‍ ചാരിറ്റി

തെരുവില്‍ വിശക്കുന്നവര്‍ക്ക് അന്നം നല്കുന്ന ചാരിറ്റബിള്‍ സംഘടനയാണ് തെരുവിലെ മക്കള്‍ ചാരിറ്റി അഥവാ റ്റി എം സി

കാല്‍ നൂറ്റാണ്ടായി തെരുവിലെ മക്കള്‍ക്ക് അന്നമൂട്ടി റ്റി എം സി അഥവാ തെരുവിലെ മക്കള്‍ ചാരിറ്റി

തയ്യാറാക്കിയത് : ഒരിടം വെബ് ഡസ്‌ക്

..................................................

സിനിമകളിലൊക്കെ നാം കാണാറുണ്ട്, തറവാടിന്റെ പടിക്കലെത്തി അത്താഴ പഷ്ണിക്കാരുണ്ടോ എന്ന് വിളിച്ചു ചോദിക്കുന്ന പതിവ്.ഒരു കാലത്ത് കേരളത്തിലെ പ്രമുഖ തറവാടുകളിലെ പ്രൗഡി വിളിച്ചറിയിക്കാനുള്ള ഒരു രീതിയായിരുന്നു ഈ വിളിച്ചു ചോദ്യം.പഷ്ണികാരുണ്ടെങ്കില്‍ അകത്തേയ്ക്ക് ക്ഷണിച്ച് അന്നം ഊട്ടിയിട്ടുണ്ടോ എന്നറിയില്ല,എങ്കിലും തറവാട് ക്ഷയിച്ചിട്ടും ഈ പ്രൗഡി കാണിക്കല്‍ തുടര്‍ന്നു പോന്നു.എന്നാല്‍ ഇന്ന് തെരുവിലേയ്ക്കിറങ്ങി പട്ടിണിക്കാരുണ്ടോ എന്നന്വേഷിച്ച് തെരുവിലെ മക്കള്‍ക്ക് അത്താഴം മാത്രമല്ല ദിവസം മൂന്നു നേരവും വയറു നിറച്ച് ഊട്ടുകയാണ് ടിഎംസിയിലെ നിസ്വാര്‍ത്ഥരായ ഒരു പറ്റം മനുഷ്യ സ്‌നേഹികള്‍.തെരുവില്‍ വിശക്കുന്നവര്‍ക്ക് അന്നം നല്കുന്ന ചാരിറ്റബിള്‍ സംഘടനയാണ് തെരുവിലെ മക്കള്‍ ചാരിറ്റി അഥവാ റ്റി എം സി.കേരളത്തിലൂട നീളം ഗ്രാമങ്ങളിലും നഗരങ്ങളിലും സ്വന്തം കുടുംബങ്ങളാല്‍ ഉപേക്ഷിക്കപ്പെടുകയും,ഒറ്റപ്പെടുകയും,അവസാനം തെരുവോരങ്ങളില്‍ എത്തപ്പെട്ട് ഒരു നേരത്തെ ആഹാരത്തിന് ഗതിയില്ലാതെ ചികിത്സിക്കുവാന്‍ മാര്‍ഗ്ഗമില്ലാതെ ഉടുതുണിക്ക് മറുതുണിയില്ലാതെ,താലചായാന്‍ ഇടമില്ലാതെ പോയ ഒരു പറ്റം നിസ്സഹായരായ മനുഷ്യരെ ഏറ്റെടുത്തു സഹായിച്ചു വരികയാണ് ടിഎംസി.

കാല്‍ നുറ്റാണ്ടു മുമ്പാണ് റ്റി എം സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കം കുറിച്ചത്.കോഴിക്കോടിന്റെ തെരുവോരങ്ങളില്‍ പട്ടിണി കിടക്കുന്ന ആളുകളെ ശ്രദ്ധയില്‍പെട്ട,സാമൂഹിക പ്രവര്‍ത്തകനായ സലിം വട്ടക്കിണറാണ് ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടക്കത്തെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ,

' ഇങ്ങിനെയൊരു പ്രവര്‍ത്തനം തുടങ്ങുവാനുണ്ടായ കാരണവും അതിന്റെ സാഹചര്യവും പറയുമ്പോള്‍ കോഴിക്കോട് ജില്ലയില്‍ ആ കാലത്തൊക്കെ അനവധിയാളുകള്‍ തലചായ്ക്കാന്‍ ഇടമില്ലാതെയും പട്ടിണിയിലും രോഗത്തിലും തെരുവില്‍ കഷ്ടപ്പെടുകയായിരുന്നു.അത് എന്റെ മനസിനെ വളരെയധികം വേദനിപ്പിച്ചു ഇവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ചിന്ത മനസ്സില്‍ ശക്തമായി,എങ്ങിനെ തുടങ്ങണം എവിടെ തുടങ്ങണം എന്നന്നെും അറിയില്ലായിരുന്നു,ഇനി തുടങ്ങിയാല്‍ അത് നിന്നു പോകാതെ തുടര്‍ന്നു കൊണ്ടു പോകാന്‍ കഴിയുമോ എന്നും ആശങ്കയുണ്ടായി.''

എന്നാല്‍ ഈ ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും അതീതമായിരുന്നു സലിം വട്ടകിണര്‍ എന്ന മനുഷ്യ സ്‌നേഹിയുടെ നെഞ്ചിലെ കാരുണ്യം.പിന്നെ രണ്ടും കല്പിച്ച് കയ്യില്‍ ഭക്ഷണപൊതികളുമായി തെരുവിലേയ്ക്കിറങ്ങി.അതൊരു വലിയ പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു.കാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മലബാറിന്റെ ഈറ്റില്ലമായ കോഴിക്കോട് തെരുവീഥികളില്‍ ഒരു നേരത്തെ ആഹാര വിതരണത്തിലാരംഭിച്ച പ്രവര്‍ത്തനമിന്ന് കേരളത്തില്‍ മിക്ക ജില്ലകളിലേക്ക് വ്യാപിച്ചു.കൂടാതെ വിദേശ രാജ്യങ്ങളിലും ഈ സേവനം എത്തപ്പെട്ടു.ഇതിനകം ധാരാളം അംഗീകാരങ്ങളും അന്തര്‍ദ്ദേശിയ അവാര്‍ഡുകളും ലഭിക്കുകയുണ്ടായി.

തെരുവിലെത്തിപ്പെടുന്ന അധിക പേരും അവശരും രോഗികളും വയോജനങ്ങളുമാണെന്ന് സലിം വട്ടകിണര്‍ പറയുന്നു.കേരളത്തിലെ തെരുവോരങ്ങളിലെ അവരുടെ രോദനങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പൂര്‍ണ്ണ പരിഹാരത്തിനായി സര്‍ക്കാര്‍ സര്‍ക്കാരിതര സംവിധാനങ്ങളേയും വിവിധ സന്നദ്ധ സംഘടനകളേയും കോര്‍ത്തിണക്കിയാണ് റ്റിഎംസിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.ചികിത്സക്ക് വേണ്ടി സര്‍ക്കാര്‍ ആശുപത്രികളുടെ സഹകരണവും തേടുന്നു.തെരുവോരങ്ങളില്‍ നിന്ന് എറ്റെടുക്കുന്ന മനുഷ്യരെ വിവിധ അഭയ കേന്ദ്രങ്ങളില്‍ ഒഴിവുകള്‍ കണ്ടെത്തി പാര്‍പ്പിച്ച് സംരക്ഷിക്കുകയാണ് ചെയ്യുന്നത്.വിശപ്പിന്നു പരിഹാരം കണ്ടു കഴിയുമ്പോഴാണ് ഇവരുടെ നീറുന്ന ഒരു പാട് പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നതെന്ന് സലിം വട്ടകിണര്‍ പറയുന്നു.

എല്ലാം ഉടനെ തന്നെ പരിഹരിക്കുന്നതില്‍ വളരെ ശ്രദ്ധ ചെലുത്തുന്നു.തെരുവില്‍ താമസിക്കുന്നവരെ കുളിപ്പിച്ച് വേഷം മാറ്റി ഭക്ഷണം കൊടുത്ത ശേഷം അവര്‍ക്ക് ബന്ധുക്കളുണ്ടോ? വീടുണ്ടോ? വീടു വിടാന്‍ കാരണമെന്ത്? എന്നി കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുന്നു.ബന്ധുക്കളെ വരുത്തി കൂടെ അയക്കുന്നു.ബന്ധുക്കള്‍ വരാത്ത കേസില്‍ അവരെ അവിടേയ്ക്ക് കൊണ്ടു പോകുന്നു.ബന്ധുക്കള്‍ ഏറ്റെടുക്കാത്തവരെ അഗതി മന്ദിരത്തിലേക്കാക്കുന്നു.രോഗികളായവരെ ഗവണ്‍മെന്റ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നു.ഇതില്‍ മനോരോഗമുള്ളവരെ മെന്റല്‍ ഹെല്‍ത്തില്‍ പ്രവേശിപ്പിക്കുന്നു.രോഗം മാറുന്ന മുറയക്ക് പിന്നീട് വീണ്ടും തെരുവിലേക്കെത്താതെ ശ്രദ്ധിക്കുന്നു.ഇങ്ങനെയാണ് ടിഎംസിയുടെ പ്രവര്‍ത്തനം.

2018-ല്‍ റ്റിഎംസി  കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെ നാഷണല്‍ ഹൈവേയിലൂടെ കാല്‍ നടജാഥ സംഘടിപ്പിച്ച് ഒപ്പ് ശേഖരണവും ബോധവല്‍ക്കരണവും നടത്തിയിരുന്നു.കേരളത്തിലെ തെരുവോരങ്ങളില്‍ നിന്ന് യഥാര്‍ത്ഥരായ അനാഥരെ എറ്റെടുക്കണമെന്നും ഭിക്ഷാടനമാഫിയയെ നിരോധിക്കണമെന്നും ഒരു മനുഷ്യനും തെരുവോരങ്ങളില്‍ മരിച്ചു വിഴാന്‍ പാടില്ലാ എന്നും ആവശ്യപ്പെടുന്ന നിവേദനം കേരള മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇതിനൊരു അനുകൂലമായ നിലപാടുമുണ്ടായി എന്ന് സലിം വട്ടകിണര്‍ പറയുന്നു.ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തിലെ തെരുവുകളിലെ സകല മനുഷ്യരേയും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.അതേ സംവിധാനം നിലവില്‍ തുടരണമെന്നും ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ കാല്‍ നുറ്റാണ്ടിലേറെയായി റ്റിഎംസിയുടെ പ്രവര്‍ത്തനം സജീവമാണ് കൂടാതെ DLSA അതോററ്റിയുടെ 'ഒപ്പമുണ്ട് എപ്പോഴും'എന്ന പദ്ധതിയുമായും സഹകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു.കൂടാതെ പോലീസ് സാമൂഹ്യ നീതി വകുപ്പ് എക്‌സൈസ്സ് വകുപ്പ് തുടങ്ങിയവയുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.കൂടാതെ കുടുംബങ്ങളില്‍ നിന്നും മിസ്സായി തെരുവിലകപ്പെട്ടവരെ കണ്ടെത്തുന്നതിന് കോഴിക്കോട് അസ്ഥാനമായി ഇന്ത്യയിലുടനീളമായി പ്രവര്‍ത്തിച്ചു വരുന്ന 'മിസ്സിങ്ങ് കേരളയുമായും സഹകരിച്ച് പ്രവര്‍ത്തിച്ച് നഷ്ടപ്പെട്ടുപോയവരെ തിരികെ വീട്ടിലെത്തിക്കുന്നു.അതോടൊപ്പം പട്ടിണിക്കുള്ള പരിഹാരമെന്നോണം അന്നദാനത്തിനായ് നൂതന ആശയമായ 'സൗജന്യ ഫുഡ് ബാങ്ക് 'വഴി ജനമൈത്രി പോലീസുമായി സഹകരിച്ചും സ്വന്തം നിലയിലും വിവിധ ജില്ലകളില്‍ അന്നദാന പദ്ധതി നടപ്പിലാക്കി വരുന്നു.4 ചുമരുകള്‍ക്കുളളിലും അഴികള്‍ക്കുള്ളിലും മനുഷ്യരെ തളച്ചിടുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി, പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയില്‍ അഭയം നല്‍കുന്ന സ്‌നേഹാലയം പുനരധിവാസ പദ്ധതിയും നിലവിലുണ്ട്.

പരസ്യങ്ങള്‍ക്കും രചനകള്‍ പ്രസിദ്ധീകരിക്കാനും ബന്ധപ്പെടുക:

Phon: 8157000888, E- mail - helloashachechi@gmail.com