മായാത്ത കൈയ്യക്ഷരങ്ങൾ

കാലം കയ്യേറിയ മറവിയുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്തി കൊണ്ടിരിക്കുന്നു ഇന്നിന്റെ കൈയ്യക്ഷരങ്ങൾ . എഴുത്ത് മോബൈൽ സ്ക്രീനിലേക്ക് ആവാഹിക്കപ്പെട്ടപ്പോൾ എല്ലാ എഴുത്തുകൾക്കും ഒരേ വലുപ്പം ഒരേ ആകാരം .

മായാത്ത കൈയ്യക്ഷരങ്ങൾ

          ജയശ്രീ രാജേഷ്

           മുംബൈ

.........................................................
      
ഒരു വട്ടം വരച്ചു വട്ടത്തിൻ്റെ ഒരു വശം മുഴുവൻ ചെവിയും മറുവശം പകുതി ചെവിയും വരച്ചാൽ *ക* ആയി . മനസ്സിലിപ്പോഴും ഒന്നാം ക്ലാസ് മുറിയിൽ  മീര ടീച്ചർ ന്റെ ശബ്ദം   മുഴങ്ങുന്നു . വക്ക് പൊട്ടിയ സ്ലേറ്റിൽ  ഉരുണ്ട പെൻസിൽ കൊണ്ട് കൈ പിടിച്ചു  ഉരുട്ടി ഉരുട്ടി  *അ* എഴുതിപ്പിച്ചിരുന്ന  മീര ടീച്ചറിൽ കണ്ടത് *അമ്മ* യുടെ രൂപമായിരുന്നു. കൈയക്ഷരം നന്നാവണം  ഒന്നാം ക്ലാസ് മുതലേ കേട്ടു തഴമ്പിച്ച ഒരു കാര്യം . അതിനായി  എത്ര എത്ര വെള്ളത്തണ്ടുകൾ  വക്ക്‌ പൊട്ടിയ സ്ലേറ്റിൽ ജീവത്യാഗം ചെയ്തു . ശങ്കരേട്ടന്റെ പീടികയിൽ ഉമി നിറച്ച  കൊച്ചു പെട്ടിയിൽ ഗമയോടെ ഇരുന്ന ഉരുണ്ട പെൻസിലുകൾ കഷ്ണങ്ങളായി പിടഞ്ഞു മരിച്ചു . 
സ്ലേറ്റിൽ നിന്ന്  നോട്ട്ബുക്കിലേക്കുള്ള സ്ഥാനക്കയറ്റം   എന്റെ വഴികളിലെ  വെള്ളത്തണ്ടുകളെയും ശങ്കരേട്ടന്റെ പീടികയിലെ സ്ലേറ്റ് പെന്സിലുകളെയും ഒട്ടൊന്നുമല്ല  സന്തോഷിപ്പിച്ചത് . പിന്നീടങ്ങോട്ട് കോപ്പി എഴുത്താണ് . നാലുവര കോപ്പിയും രണ്ടുവര കോപ്പിയും മത്സരിച്ചെഴുത്ത് .  എന്റെ  നിതാന്ത പരിശ്രമം കൊണ്ടു  കഷ്ടത്തിലായ കയ്യക്ഷരങ്ങൾ അവസാനം അങ്ങനെ എന്റെ വറുതിയിൽ നിൽക്കാൻ പാതി മനസ്സോടെ സമ്മതിച്ചു . വലിയ കുഴപ്പം ഇല്ലാത്ത ഒരു സഹകരണ മനോഭാവം  ....ഒരു തരം അഡ്ജസ്റ്മെന്റ് ,  ഇല്ലെങ്കിൽ ഇനിയും ഇനിയും എഴുതി നശിപ്പിച്ചു കളയും ഞാനെന്ന പേടി കൊണ്ടാകാം  ആ സഹകരണം ഉണ്ടായതെന്ന് തോന്നുന്നു .

കൈപ്പട .....ഒരു കാലത്ത് അത് വെറും അക്ഷരങ്ങൾ ആയിരുന്നില്ല . എഴുതിയവരുടെ മനസ്സ് ആയിരുന്നു ,  അവരുടെ സ്വഭാവം ആയിരുന്നു വെളിപ്പെ ടുത്തിയിരുന്നത്  .  ബഷീറിന്റെ സ്വന്തം കൈപ്പടയിലുള്ള കത്ത് ,  കക്കാട് സ്വന്തം കൈപ്പടയിൽ എഴുതി ഒരു പത്രാധിപർക്ക് അയച്ച കത്ത്  എന്നൊക്കെ നാം ഇന്ന് വളരെ അഭിമാനത്തോടെ പറയുന്നു , കേൾക്കുന്നു . തൃശ്ശൂരിൽ  അപ്പൻ തമ്പുരാൻ സ്മാരക ആനുകാലിക റഫറൻസ് ലൈബ്രറി യിൽ  ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട് വൈലോപ്പിള്ളി ശ്രീധരമേനോൻ , വി ടി ഭട്ടതിരിപ്പാട് , വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ കൈപ്പടകൾ . അതെല്ലാം വളരെ അഭിമാനത്തോടെ ആണ് നാം ഓരോ മലയാളിയും കാണുന്നതും അറിയുന്നതും . മലയാളത്തിന്റെ അഭിമാനങ്ങളായ മഹാ പുരുഷന്മാരുടെ സ്വന്തം കൈപ്പട   ഇന്നും കാലം സൂക്ഷിക്കുന്നു . 
കൈയക്ഷരങ്ങളുടെ വലുപ്പം , ചെരിവ് ,  ചില പ്രത്യേക ശൈലികൾ  എല്ലാം ഒരു കാലത്ത് അതെഴുതിയിരുന്ന ആളിനെ പ്രതിനിധാനം ചെയ്തിരുന്നു . 
കാലം കയ്യേറിയ മറവിയുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്തി കൊണ്ടിരിക്കുന്നു ഇന്നിന്റെ കൈയ്യക്ഷരങ്ങൾ .  എഴുത്ത് മോബൈൽ സ്ക്രീനിലേക്ക് ആവാഹിക്കപ്പെട്ടപ്പോൾ എല്ലാ എഴുത്തുകൾക്കും ഒരേ വലുപ്പം ഒരേ ആകാരം .ഡിജിറ്റൽ യുഗ പിറവിയോടെ എഴുത്തുകൾ കോപ്പി , പേസ്റ്റ് , പ്രിന്റ് എന്നീ വാക്കുകളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു . 
കലയുടെയും കഴിവിൻ്റെയും നേരിട്ട കയ്യൊപ്പുകളായിരുന്ന ബോർഡെഴുത്തുകളും ബാനർ എഴുത്തുകളും ,  ചുവരെഴുത്തുകളും. അവയുടെ സ്ഥാനത്ത്  ഇന്ന്  അച്ചടിച്ച ഫ്ളക്സ്കൾ തലയുയർത്തി നിൽപ്പുണ്ട് . 
ഒപ്പിടാൻ വേണ്ടി എടുത്തിരുന്ന പേന പോലും  സ്കാനിങ്ങിലൂടെ നിശ്ചലമായിക്കൊണ്ടിരിക്കുന്നു ഇൻസ്റ്റൻ്റ് യുഗത്തിൽ . 
എല്ലാം  ഓൺലൈൻ , എല്ലാം റെഡിമെയ്ഡ്, എല്ലാം ഇൻസ്റ്റൻ്റ് , എല്ലാം ക്ഷണികം. ....എല്ലാം കണ്ടും കേട്ടും കാലഹരണപ്പെട്ട ഒരു കാലത്തിന്റെ മൂകസാക്ഷിയായി നോക്കുകുത്തിപ്പോലെ മനസ്സിൽ മായാതെ കിടക്കുന്ന ചില കൈയ്യക്ഷരങ്ങൾ ........
.................................................................