ഇറങ്ങിപ്പോക്ക്.

ഇറങ്ങിപ്പോക്ക്.

ചെറുകഥ

നീതുപോള്‍സണ്‍

 ശങ്കറിനെ ഫോണിലും വാട്‌സാപ്പിലും,ഫെയ്‌സ്ബുക്കിലും കിട്ടാതായിട്ട് കുറെ ദിവസമായിരുന്നു.റീത്ത അയാളെ കുറിച്ചോര്‍ക്കുമ്പോഴൊക്കെ തലയില്‍ മുള്‍ക്കീരിടം ചൂടിയ യേശുവിന്റെ അലിവുള്ള കണ്ണുകളിലേക്ക് നോക്കി.അവള്‍ക്ക് വേദന ഇരട്ടിച്ചു.  അവള്‍ വാതിലിനു നേരെ നോക്കി കൊണ്ട് ഫോണില്‍ പിന്നെയും അയാളുടെ നമ്പര്‍ ഡയല്‍ ചെയ്തു. നോട്ട് റീച്ചബിള്‍ എന്ന് തന്നെ.വീടു വിട്ടു പോന്ന ആ ദിവസത്തെ റീത്ത ഓര്‍മ്മിച്ചു.മാര്‍ട്ടിനുമായി ഇനിയൊരു ജീവിതത്തിന് സാധ്യത ഉണ്ടാവുകയിലെന്നറിയാമായിരുന്നു. മ്യൂച്വല്‍ ഡിവോഴ്‌സിന് രണ്ടുപേരും ഒരു മനസ്സോടെയാണ് ഒപ്പിട്ടത്. ആറുവയസ്സോളം പ്രായമുള്ള എബിയെ വിട്ടുപേരേണ്ടി വന്നതില്‍ മാത്രമേ വേദനയുള്ളു.മമ്മി എപ്പോള്‍ വരുമെന്ന അവന്റെ ചോദ്യത്തിന് മുന്‍പിലെ പകച്ചു പോയുള്ളു.മാര്‍ട്ടിനുമായി വേര്‍പിരിഞ്ഞതോടെ അമ്മയും പപ്പയും കൈമലര്‍ത്തി.ഇളയവളായ അന്നയുടെ ഭാവിജീവിതത്തിന് തടസ്സമാകുമോ എന്ന ഭയം.

ഒരു ജോലി കിട്ടിയപ്പോള്‍ ലേഡീസ് ഹോസ്റ്റലിലേക്ക് മാറി.ആഴ്ചവസാനങ്ങളില്‍ എബിമോനെ കാണാന്‍ പോവുന്നതായിരുന്നു ഒരേയൊരു സന്തോഷം.ആ വേദനകളൊക്കെ മറന്നത് ശങ്കറിനെ കണ്ടുമുട്ടിയപ്പോഴാണ്.വീണ്ടും പ്രണയിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്തു.ജീവിക്കാനും സ്വപ്‌നം കാണുവാനും തുടങ്ങി. വിവാഹിതരാകാമെന്ന് പറഞ്ഞത് ശങ്കര്‍ തന്നെയാണ്.

' എനിക്ക് നിനക്ക് ഒരു മകനുള്ളതൊന്നും ഒരു പ്രശ്‌നമേയല്ല റീത്ത പക്ഷേ..അമ്മയെ പറഞ്ഞു മനസ്സിലാക്കണം അമ്മ നിന്നെ ഉള്‍കൊള്ളണം,അറിയാലോ ഒറ്റമകനാണ് ഞാന്‍  അച്ഛനേയും അമ്മയേയും പിണക്കി ഒരു ജീവിതം നമ്മുക്ക് വേണ്ട,അവര്‍ നിന്നെ അംഗീകരിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം'

പാര്‍ക്കിലെ, മഞ്ഞപൂവുകള്‍ നിറഞ്ഞ മരച്ചുവടെ ചാരുബെഞ്ചിലിരുന്നാണ് ശങ്കര്‍ പറഞ്ഞത്.വാരാന്ത്യമായതിനാല്‍ നല്ല തിരക്കുണ്ടായിരുന്നു.കുട്ടികള്‍ ഉത്സാഹത്തോടെ ഓടി നടക്കുന്നു.

'രണ്ടാകെട്ടുകാരിക്ക് ഡിമാന്റ് ഇല്ല, ശങ്കര്‍.'

 റീത്ത വല്ലായ്മയോടെ പറഞ്ഞു. 

'ഏയ് '

ശങ്കര്‍ മന്ദഹസിച്ചു. 

ശങ്കറിന്റെ പിങ്ക് ചുവരുകളുള്ള ഫ്‌ളാറ്റിലെ മൂന്നോ നാലോ രാത്രികളുടെ ഓര്‍മ്മകള്‍ റീത്തയെ ഒരു നിമിഷം ചുട്ടുപൊള്ളിച്ചു..

അപ്പോഴാണ് വാതില്‍ തള്ളിത്തുറന്ന് സീമ കയറി വന്നത്. 

'ശങ്കറിനെ വിളിച്ചിട്ട് കിട്ടിയോ...'

തലയണയില്‍ മുഖമമര്‍ത്തി കിടക്കുകയായിരുന്ന റീത്ത തലപൊക്കി അവളെ നോക്കി.

'ഇല്ല... വീടെടുക്കണം, ഫ്‌ളാറ്റ് ഒഴിയണം എന്നൊക്കെ പറഞ്ഞു പോയതാ.ശങ്കറിന് ഒന്ന് വിവരം പറഞ്ഞൂടേ എവിടേക്കാ പോണേന്ന്'

സീമ വെളുത്ത യൂണിഫോം ഊരി ഹാംഗറില്‍ തൂക്കി. അവളൊരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്.റീത്തയുടെ റൂംമേറ്റ്... അതിലുപരി നല്ല കൂട്ടുകാരി.

'ശങ്കറിന്റെ വീടറിയാമോ നെനക്കു.. എനിക്ക് രണ്ടു ദിവസം ഓഫാ...നമുക്ക് അന്വേഷിച്ചു പോയാലോ...'

റീത്ത നന്ദിയോടെ അവളെ നോക്കി.

'ഞാനും ഓര്‍ത്തായിരുന്നു...പിന്നെ തനിയെ പോവാനൊരു മടി...'

'വേറൊന്നുമല്ലെടീ ഒന്നാമതെ നീ ഡിവോഴ്‌സ്,ഒരു കൊച്ചിന്റെ അമ്മ,എനിക്ക് ശങ്കറിനെ തീരെ വിശ്വാസം പോരാ എനിക്ക് നിന്നെ ഉപദേശിക്കാന്‍ വല്ല വകുപ്പും ഉണ്ടായിരുന്നെങ്കില്‍ മാര്‍ട്ടിനുമായി ബന്ധം പിരിഞ്ഞത് തന്നെയാണ് ഏറ്റവും വലിയ മണ്ടത്തരം. ഇതിപ്പോ കാമുകനും ഇല്ല ഭര്‍ത്താവും ഇല്ല. വീട്ടുകാരും ഇല്ല.'

റീത്തയുടെ മുഖം ചുവന്നു. ആവശ്യം ഇല്ലാത്ത കാര്യങ്ങള്‍ ഓര്‍മ്മപ്പിക്കരുതെന്ന് പറയുമ്പോഴും റീത്തയുടെ ഉള്ളാകെ ഒരു ഭീതി നിറഞ്ഞിരുന്നു.

'ഒരു കാര്യം ചെയ്യാം നാളെ കാലത്ത് പോകാം.ആദ്യം അയാള്‍ ഫ്‌ളാറ്റിലുണ്ടോന്നറിയാലോ...പിന്നെ വീട്ടി പോകാം. മടങ്ങുന്ന വഴിയില്‍ എന്റെ വീട്ടില്‍ വരണം.എന്റെ അമ്മയേയും ചേച്ചിയേയും അച്ഛനേയും നീ കണ്ടിട്ടില്ലല്ലോ...'

സീമ പുഞ്ചിരിയോടെ അവളെ നോക്കി. റീത്ത വീണ്ടും ശങ്കറിന്റെ മൊബൈല്‍ നമ്പര്‍ ഡയല്‍ ചെയ്തു.പഴയ മറുപടി തന്നെ ആവര്‍ത്തിച്ചു. വല്ല അപകടവും പറ്റി കാണുമോ എന്നും റീത്ത ചിന്തിക്കാതിരുന്നില്ല. എത്ര തിരക്കുണ്ടെങ്കിലും ഒരു ദിവസം പോലും വിളിക്കാതിരുന്നിട്ടില്ല.ഇതിപ്പോ ഒരാഴ്ചയാവുന്നു.ഇന്നുവരും,നാളെ വരുമെന്നോര്‍ത്തങ്ങനെ,വീട്ടില്‍ ചെന്നാല്‍ ശങ്കറിന് അതിഷ്ടപ്പെടുമോ...എന്തിനാ പറയാതെ വന്നതെന്ന് ചോദിക്കുമോ? ഓഫീസിലെ സ്റ്റാഫാണെന്ന് പറയാം അല്ലെങ്കില്‍ സുഹൃത്ത്.. അങ്ങനെ എന്തെങ്കിലും ഒന്ന് പറഞ്ഞു നില്‍ക്കാം..തല്‍ക്കാലം തന്നെ വിളിക്കാത്തതിനുള്ള കാരണം മാത്രം അറിഞ്ഞാല്‍ മതിയല്ലോ.തീരെ ഉറങ്ങാതെ ഒരു വിധത്തിലാണ് അവള്‍ ആ രാത്രി കഴിച്ചു കൂട്ടിയത്. 

ഓറഞ്ച് അപ്പാര്‍ട്ട്മെന്റിലെ പതിനാലാം നമ്പര്‍ ഫ്‌ളാറ്റ് ശങ്കര്‍ ഒഴിഞ്ഞിട്ട് ദിവസങ്ങളായെന്ന് അറിഞ്ഞപ്പോള്‍ റീത്ത ഞെട്ടി പോയി.ശങ്കര്‍  ഒരു സൂചന പോലും തന്നില്ല.

' നീയറിഞ്ഞില്ലേ.അങ്ങേര് ഫ്‌ളാറ്റ് ഒഴിഞ്ഞതൊന്നും' സീമ അവളെ തറപ്പിച്ചു നോക്കി. റീത്തയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി...

കള്ളമാണ് പറഞ്ഞതൊക്കെയെന്ന് അംഗീകരിക്കാന്‍ അവളുടെ മനസ്സ് എന്നിട്ടും അനുവദിച്ചില്ല.ടാക്സി വിളിച്ചത് സീമ തന്നെയാണ്.റീത്ത വഴി പറഞ്ഞു കൊടുത്തു.ഒരിക്കല്‍ ആ വീടിനെ പറ്റി ചോദിച്ചറിഞ്ഞത് നന്നായെന്ന് തോന്നി അടുത്ത നിമിഷം അതും കള്ളമായിരിക്കുമോ എന്നൊരു ചിന്തയും അവളെ ഭരിച്ചു. 

നഗരത്തില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ഉണ്ടായിരുന്നു, പറഞ്ഞു കേട്ട പുല്‍പ്പാടി എന്ന സ്ഥലത്തേയ്ക്ക്... ഗ്രാമെന്നൊന്നും പറയാന്‍ കഴിയില്ല.അത്യാവശ്യം സൗകര്യങ്ങള്‍ എല്ലാം ഉണ്ട്.അടുത്ത് കണ്ട ഒരു കടയുടെ മുന്‍പില്‍ വണ്ടി നിര്‍ത്തി സീമ ഇറങ്ങി. പിന്നാലെ റീത്തയും. അവളുടെ ഹൃദയം ക്രമാതീതമായി മിടിക്കുന്നുണ്ടായിരുന്നു.

' ചേട്ടാ..ശങ്കര്‍ എന്ന് പറഞ്ഞൊരാളേ അറിയാമോ...'

'ഏതു ശങ്കര്‍.?'

കടയുടമ റീത്തയെ ചുഴിഞ്ഞു നോക്കി.

'കൃഷിഓഫീസില്‍ നിന്നും വിരമിച്ച സുകുമാരന്റെ മകന്‍.അമ്മയുടെ പേര് സുമംഗല,രണ്ടു പെങ്ങന്‍മാര്,വീട്ടുപേര്,'

'ഓ...മ്മടെ സുകുന്റെ മകന്‍,ആട്ടെ നിങ്ങള് കല്യാണത്തിന് വന്നതാണോ?

സീമയും റീത്തയും അയാളെ ഞെട്ടലോടെ നോക്കി.

'സുകുന്റെ മോന്റെ കല്യാണം അല്ലേ,നാളെ,ഓ നിങ്ങള്‍

അവന്റെ ഓഫീസില്‍ ജോലി ചെയ്യുന്നവരായിരിക്കും അല്ലേ...മ്മടെ പരിചയക്കാരന്റെ മകളെയാ അവന്‍ കെട്ടുന്നേ...'

കാലുകള്‍ കുഴയുന്നത് പോലെ റീത്തയ്ക്ക് തോന്നി,ഉടലാകെ വെന്തുരുകുന്നത് പോലെ

താന്‍ മരിച്ചു വീഴാന്‍ പോവുകയാണെന്ന് റീത്തയ്ക്ക് തോന്നി തിരികെ നടക്കുമ്പോള്‍ സീമ മുരണ്ടു.

'നീ വാ അവന്റെ വീട്ടില്‍ ചെല്ലണം നമ്മുക്ക് ആ വഞ്ചകന്റെ തനി സ്വരൂപം അറിയട്ടെ എല്ലാവരും...'

'വേണ്ടെടീ'

റീത്ത ഹൃദയം നുറുങ്ങിയ വേദനയോടെ ടാക്‌സിയില്‍ കയറി ഒരു നാണവുമില്ലാതെ അവള്‍ ഉറക്കെ പൊട്ടിക്കരഞ്ഞു കൊണ്ടേയിരുന്നു