ചിരിക്കുന്നവര്‍ മരിച്ചാല്‍

ചിരിക്കുന്നവരും ചിരിപ്പിക്കുന്നവരും നരകത്തിലാണത്രെ എത്തിപ്പെടുക.

ചിരിക്കുന്നവര്‍ മരിച്ചാല്‍

കവിത

  രാജന്‍ കിണറ്റിങ്കര

ചിരിക്കുന്നവരും

ചിരിപ്പിക്കുന്നവരും

നരകത്തിലാണത്രെ

എത്തിപ്പെടുക.

ദേഷ്യവും പകയും

പ്രതികാരവുമില്ലാത്ത

അവരുടെ വഴികളില്‍

സ്വര്‍ഗ്ഗം വാതില്‍

തുറന്ന് കിടക്കും.

വാതില്‍ക്കല്‍

ഉന്തും തള്ളുമുണ്ട്

അമ്പലത്തിലിട്ടതിന്റേയും

പളളിക്ക് കൊടുത്തതിന്റേയും

കണക്ക് പറഞ്ഞ്

ഉള്ളില്‍ കയറാന്‍. 

കരഞ്ഞു കൊണ്ട്

മരിക്കുന്നവര്‍

അധികമാരേയും

ദു:ഖിപ്പിച്ചിട്ടില്ല

ചിരിച്ചു മരിച്ചവരാണ്

മറ്റുള്ളവരെ

കരയിച്ചതൊക്കെയും.

സ്വര്‍ഗ്ഗത്തിന് നേരെ

മുഖം തിരിച്ച്

നരകത്തിലേക്ക്

ചിരിച്ചു കൊണ്ട്

നടക്കുന്നവരാണ്

ഹാസ്യം വിളമ്പുന്നവര്‍.

അവര്‍ക്ക്

ഏതു നരകവും

സ്വര്‍ഗ്ഗമാക്കാനറിയാം

വാതില്‍ക്കല്‍

കലഹിക്കുന്നവരൊക്കെ

ഏത് സ്വര്‍ഗ്ഗത്തേയും

നരകമാക്കുന്നവരാണ്.