ചില മാവോര്‍മ്മകള്‍

.ഉച്ചക്ക് ഏകദേശം ഒരു മണിയോടെ ക്ലാസ് കഴിഞ്ഞു,രണ്ടു കിലോമീറ്റര്‍ നടന്നു വീട്ടില്‍ എത്തുമ്പോള്‍ വല്ലാത്ത വിശപ്പ് ആണ്.മഴയുള്ള സമയത്ത് വീട്ടില്‍ വരുമ്പോള്‍ അമ്മ വിളമ്പിത്തരാറുണ്ടായിരുന്ന,ആവി പറക്കുന്ന മാമ്പഴപുളിശ്ശേരിയും,കുത്തരി ചോറും മുളക് കൊണ്ടാട്ടവും,ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ''അതൊരു വേറെ 'വൈബ് 'തന്നെ.

ചില മാവോര്‍മ്മകള്‍

സുജാ മേപ്പാടി

ഇന്ന്,  ഉച്ചയ്ക്ക് മുന്‍പുള്ള വീട്ടുപണികളെല്ലാം ചെയ്തു കഴിഞ്ഞ് അടുക്കളയിലെ സ്റ്റൂളില്‍ ഇരുന്ന എന്റെ നോട്ടം ചെന്ന് പെട്ടത് അവിടെ ഇരിക്കുന്ന പഴുത്ത മാങ്ങയില്‍ ആണ്. വിശപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ചക്കയും മാങ്ങയുമൊന്നും കിട്ടിയാല്‍ ഞാന്‍ ഒഴിവാക്കാറില്ല.അങ്ങനെ ഒരെണ്ണം എടുത്തു.'ജൂസ് അടിക്കണോ'വേണ്ട അല്ലേ? തൊലിയോട് കൂടി കടിച്ചുപറിച്ചു, കൈവിരലുകള്‍ക്കിടയിലൂടെയും താടിയിലൂടെയും അതിന്റെ ചാറും ഒലിപ്പിച്ചു കഴിക്കാന്‍ തോന്നി.പക്ഷേ തൊലിപ്പുറത്ത് ഉള്ള 'വിഷം ' ഉള്ളിലേക്ക് എത്താതെയിരിക്കാന്‍ തൊലി മാറ്റി.പിന്നെ ഒരു ആക്രാന്തം. അവസാനം മാങ്ങാണ്ടിയുടെ പുറംതോട് എന്നെ തോല്‍പ്പിച്ചു കളഞ്ഞു. 

 രണ്ടു മൂന്നു മാസങ്ങള്‍ക്കു മുന്‍പ് ഞാന്‍  ആനപ്പാറ വീട്ടില്‍ (ജനിച്ചു വളര്‍ന്ന വീട് )പോയിരുന്നു.ഒരു കുടുംബസുഹൃത്തിന്റെ പിതാവ് മരണപ്പെട്ടപ്പോള്‍ അവിടെ പോയി കുടുംബാംഗങ്ങളെകാണാന്‍ തോന്നി.ആദ്യം എന്റെ വീട്ടില്‍ പോയിട്ട് അവരുടെ വീട്ടില്‍ പോകാം എന്ന് തീരുമാനിച്ചു.അങ്ങനെ എന്റെ സ്വന്തം വീട്ടില്‍ എത്തിയപ്പോള്‍ മുറ്റത്ത് ഒരു ട്രാക്‌റ്റെര്‍ ഉണ്ട്. 

'ഓ, ഇതിപ്പോ എന്താ പരിപാടി 'ഞാന്‍ മനസ്സില്‍ ഓര്‍ത്തുകൊണ്ട് വീടിനകത്ത് കയറി.

'''രൂ........ '''''എന്ന് വിളിച്ചു (ചെറിയമ്മയുടെ പേരിന്റെ ആദ്യാക്ഷരം ). മറുപടിയും ആളും ഒന്നിച്ചു വന്നു. 

ഇതെന്താ വണ്ടി ഇവിടെ?? അത് മരം കൊണ്ട് പോകാന്‍ വന്നതാ.നമ്മുടെ കുറച്ചു മാവുകള്‍ വിറ്റു.എന്ന് പിന്നേയും മറുപടി.മുറ്റത്ത് നിന്നും ഞാന്‍ പറമ്പിലേക്ക് നോക്കി.മാമയുടെ (അമ്മാവന്‍)വീട്ടിലേക്ക് ഇറങ്ങിപ്പോകുന്ന വഴിയില്‍ ഉള്ള അഞ്ചാറു പ്രായം ചെന്ന (നമ്മുടെ നോട്ടത്തില്‍ ) മാവുകള്‍വിറ്റു.

ഈ സമയം ഞാന്‍ അറിയാതെ ചെരുപ്പ് ഊരി  എന്റെ കാലിനടിയില്‍ ഒന്ന് തൊട്ട് നോക്കി.ഒരു മുറിവിന്റെ പാട് കയ്യില്‍ തടഞ്ഞു.ഇത്കണ്ടു കാലില്‍ എന്താ എന്ന് മേമ ചോദിച്ചു.'പണ്ടത്തെ മുറിവിന്റെ അടയാളം 'എന്ന് കേട്ടപ്പോള്‍ തന്നെ അവര്‍ പറഞ്ഞു 

'ആാാ....കുപ്പിചില്ല് കയറിയത് അല്ലേ. ആ മാവും മുറിച്ചു ട്ടോ ''

നിങ്ങള്‍ക്കൊന്നും മനസിലായില്ലല്ലേ,അത് മറ്റൊരു കഥ.എന്റെ കുട്ടിക്കാലത്ത് (ഏഴു എട്ടു വയസ്സ് വരെ )വൈക്കോല്‍ മേഞ്ഞ,ഞങ്ങളുടെ പഴയ വീടിന്റെ മുറ്റത്തു കൂടി താഴെ വയലുവരെയുള്ള വഴി ഉണ്ടായിരുന്നു. വയലിനക്കരെയുള്ള കുന്നിലെ ആളുകളും കുട്ടികളും ചുള്ളിയോട് ചന്തയിലും സ്‌കൂളിലും പോകാനും തിരിച്ചുപോകാനും ഈ 'കുറുക്കുവഴി 'ഉപയോഗിച്ചിരുന്നു.ഒരു വെക്കേഷന്, ഈ വഴിവക്കത്തുള്ള മാവില്‍ ഞാന്‍ വലിഞ്ഞു കയറി.അന്നൊക്കെ പെണ്‍കുട്ടികള്‍ മരത്തില്‍ കയറുന്നത് നിഷിദ്ധമല്ലേ???അങ്ങനെ മാവില്‍ കയറിയപ്പോള്‍,കുന്നില്‍ മുകളിലെ വഴിയിലൂടെ ആരോ ഇറങ്ങി വരുന്നു.ഈ വഴിയോരത്താണ് ഞാന്‍ കയറിയ മാവ്.ആളു വരുന്നതുകണ്ട് ഞാന്‍ പിന്നെ ഒന്നും ആലോചിച്ചില്ല ഒറ്റ ചാട്ടം. അത് പൊട്ടിയ ഒരു കുപ്പിയുടെ മുകളിലേക്ക് ആയിരുന്നു.പോരേ പൂരം.ശബ്ദം കേട്ട് മേമയാണ് ആദ്യം വന്നത്.പുറകെ മറ്റുള്ളവരും (ചേച്ചി, അനിയത്തി, അമ്മമ്മ).അമ്മ അവിടെ ഉണ്ടായിരുന്നില്ല. അമ്മ വന്നപ്പോള്‍ കണക്കിന് കിട്ടി. പിന്നെ പറയേണ്ടല്ലോ!ബാക്കി സങ്കല്‍പ്പിക്കൂ.

പേരറിയാത്ത ഒരുപാട് മാവുകള്‍ ഞങ്ങളുടെ പറമ്പില്‍ ഉണ്ടായിരുന്നു. തേയില കൃഷിക്കു വേണ്ടി കുറേ മുറിച്ചുമാറ്റി.പടര്‍ന്നു പന്തലിച്ചു നിന്നവയെ 'സ്ഥലംമുടക്കി 'എന്നപേരില്‍ വില്‍പ്പന നടത്തി.വര്‍ഷംതോറും കൃഷിക്ക് വേണ്ടി കുറേഎണ്ണം കൊമ്പുകളും ഇലകളും വെട്ടിമാറ്റിയതിനാല്‍ കായ്ക്കാതെയായി.എന്നാലും ആഞ്ഞുവീശിയകാറ്റിനും ആര്‍ത്തലച്ചു പെയ്ത ഇടവമാസമഴയ്ക്കും ശേഷം കുട്ടകള്‍ കണക്കിന് പഴുത്തതും പഴുക്കാത്തതുമായ മാങ്ങകള്‍ പെറുക്കി കൂട്ടിയത് മറക്കാന്‍ കഴിയില്ല. 

പലയിനം പുളിമാങ്ങകള്‍, ഗോമാങ്ങ, സേലം,കിളി ചുണ്ടന്‍,  മൂവാണ്ടന്‍ തുടങ്ങി, ''ഹോ ''അങ്ങനെ എത്രയെത്ര തര മാങ്ങകള്‍ കൊണ്ട്  സുലഭമായിരുന്നു ഞങ്ങളുടെ പറമ്പ്.എന്നാലും 'ഉമ്മമ'യുടെ തൊടിയിലെ പേരയ്ക്കാമാങ്ങയും,'മാഷേ'ട്ടന്റെ തൊടിയിലെ ചക്കര മാമ്പഴവും പെറുക്കിയെടുക്കാന്‍ മത്സരിച്ചു ഓടിയ കാലം.

വര്‍ഷത്തിലെ എല്ലാമാസങ്ങളും ഓരോ വിളകള്‍കൊണ്ട് സമ്പന്നമാണ്. എന്നാലും ഏറെ പ്രിയം ഏപ്രില്‍ മെയ് മാസങ്ങള്‍ തന്നെ.വിവിധ പഴങ്ങള്‍ ഏറ്റവും കൂടുതല്‍ പാകമാവുന്നതു ഈ മാസങ്ങളില്‍ ആണെന്ന് തോന്നുന്നു. കണ്ണിമാങ്ങമുതല്‍ മാമ്പഴം വരെ മാങ്ങയുടെ ഓരോ പ്രായവും കുട്ടികള്‍ക്കാണ് ഏറെ പ്രിയം.സ്‌കൂളിലേക്കുള്ള കാല്‍നട യാത്രയില്‍ (അന്ന് രണ്ടു കിലോമീറ്റര്‍ദൂരം),റോഡരികില്‍ ആരുടെയൊക്കെ പറമ്പുകള്‍ ഉണ്ടെന്നും,ഏതെല്ലാം മാവുകള്‍ ഉണ്ടെന്നും അറിയാമായിരുന്നു.വേലികളിലൂടെ  (കോണ്‍ക്രീറ്റ് മതിലും കമ്പിവേലിയും അല്ല)  കണ്ണിമാങ്ങാ പെറുക്കാന്‍ നുഴഞ്ഞുകയറുന്ന മിടുക്കന്‍മാര്‍.പച്ചമാങ്ങ ഉപ്പ് കൂട്ടി എത്ര വേണേലും കഴിക്കാം. പിന്നെ പല്ലുകള്‍ കൂട്ടിപിടിച്ചു വായ്ക്കുള്ളിലേക്ക് കാറ്റൊന്ന് ആഞ്ഞു വലിക്കണം 

'ശ്ശൊ, പല്ല് പുളിക്കുന്നു, എനിക്കിനി വേണ്ട 'എന്ന് പറയും. 

എന്നാല്‍ അടുത്തിരി ക്കുന്ന ആള്‍ ഈ കലാപരിപാടി തുടരുമ്പോള്‍, നമ്മുടെ കൈ നാം അറിയാതെ വീണ്ടും ഒരു കഷ്ണം എടുക്കും.വായില്‍ വെള്ളം വരുന്നു.ഇപ്പോള്‍ കുട്ടികള്‍ക്ക് അങ്ങാടിയില്‍ നിന്നും വാങ്ങുന്ന മാമ്പഴം കഴുകി,തൊലി ചെത്തി കൊടുക്കണം.എന്നാലേ അവര്‍ കഴിക്കൂ.അതും ഇഷ്ടപ്പെട്ടവ മാത്രം.എങ്കില്‍  അത് ഒറ്റയ്ക്ക് കഴിക്കാന്‍ 'കരാര്‍ 'എടുക്കുകയും ചെയ്‌തോളും . ഇല്ലെങ്കില്‍ അതവിടെ ചീഞ്ഞുപോകുന്നതുവരെ ഇരിക്കുകയേ ഉള്ളൂ.പഴുത്ത നാടന്‍പുളിമാങ്ങ,തൊലി പൊട്ടാതെ,മെല്ലെ മുട്ടി മുട്ടി പതം വരുത്തും.അവസാനം ഉള്ളില്‍ നീര് നിറഞ്ഞു കഴിഞ്ഞാല്‍,അതില്‍ ചെറിയ ഒരു ദ്വാരമിട്ടു നീര് പതുക്കെ വലിച്ചു കുടിക്കും. 

ഓ..... കൊതിയാവുന്നു.ഓരോ മാമ്പഴക്കാലവും എനിക്ക് അമ്മയെ വല്ലാതെ 'മിസ്സ് 'ചെയ്യാറുണ്ട്.സ്‌കൂളില്‍ ഷിഫ്റ്റ് സമ്പ്രദായം ഉള്ളപ്പോള്‍ ആണ് ഞാന്‍ പഠിച്ചതു.അന്ന്, അഞ്ചു  മുതല്‍ പത്താം ക്ലാസ്സ് വരെ രാവിലെയാണ് പഠനസമയം.ഉച്ചക്ക് ഏകദേശം ഒരു മണിയോടെ ക്ലാസ് കഴിഞ്ഞു,രണ്ടു കിലോമീറ്റര്‍ നടന്നു വീട്ടില്‍ എത്തുമ്പോള്‍ വല്ലാത്ത വിശപ്പ് ആണ്.മഴയുള്ള സമയത്ത് വീട്ടില്‍ വരുമ്പോള്‍ അമ്മ വിളമ്പിത്തരാറുണ്ടായിരുന്ന,ആവി പറക്കുന്ന മാമ്പഴപുളിശ്ശേരിയും,കുത്തരി ചോറും മുളക് കൊണ്ടാട്ടവും,ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ''അതൊരു വേറെ 'വൈബ് 'തന്നെ.

തൊലി കളഞ്ഞ മാമ്പഴം മുഴുവനോടെ ആണ് പുളിശ്ശേരിയില്‍ ഇടുക.അത് കൈക്കുള്ളില്‍ വച്ചു പിഴിഞ്ഞെന്നാല്‍ ചാറു മുഴുവന്‍ പുറംകയ്യിലൂടെ ഒഴുകും. അതിന്റെ മധുരം, പുളി, എരിവ് എല്ലാം ഒന്ന് ആസ്വദിച്ചു കഴിക്കണം. നാലഞ്ചു തലമുറക്ക് മധുരം നല്‍കിയ മാവുമുത്തശ്ശികളെ ഓര്‍ത്ത്നിന്ന്, ഞാന്‍ കഴിച്ച മാമ്പഴത്തിന്റെ ബാക്കി കയ്യില്‍ ഉണങ്ങിപ്പിടിച്ചിരിക്കുന്നു

രചനകള്‍ അയക്കാനുള്ള വിലാസം : helloashachechi@gmail.com 

whatsapp: +91 80758 86342