കാലം കടന്ന് പോകും മുന്‍പ് സ്‌നേഹിച്ചോളൂ?
നിങ്ങള്‍ സ്‌നേഹിക്കുന്നുവെങ്കില്‍ അവര്‍ ആരായാലും നിങ്ങള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടവരാണെന്നു പറയാന്‍ ഒരു മടിയും വേണ്ട,പിന്നീടു നിങ്ങള്‍ക്കൊരു സാഹചര്യം കിട്ടില്ലെന്ന് ആരറിഞ്ഞു.

ലേഖനം - മിനി നരേന്ദ്രന്‍
തിരുവനന്തപുരം
.............................................................................
പലരുടെയും സ്‌നേഹം പലവിധത്തിലാണ്,ചിലര്‍ അത് ആവോളം പ്രകടിപ്പിക്കുമ്പോള്‍ ചിലര്‍ ഉള്ളില്‍ അടക്കിപ്പിടിക്കും.പക്ഷേ നിങ്ങള്‍ ജീവനിലേറെ സ്‌നേഹിക്കുന്നയാളോട് ആ ഇഷ്ടം പ്രകടിപ്പിക്കാന്‍ ഒട്ടും വൈകരുത്,കാരണം കാലം കാത്തുവെക്കുന്നത് ചിലപ്പോള്‍ പ്രിയപ്പെട്ടവയുടെ നഷ്ടങ്ങള്‍ ആയാലോ?
എന്റെ ആരുമല്ലെങ്കിലും എന്റെ ആരൊക്കയോ ആയവരുടെ എന്റെ ഹൃദയത്തെ സ്പര്‍ശിച്ച ഒരു സന്ദേശമാണ് ഇത്തരം ചിന്തകളിലേക്ക് സഞ്ചരിക്കാന്‍ ഇടനല്‍കിയത്.
എന്റെ ഫ്‌ലാറ്റിന് അടുത്തായി സ്ഥിരമായി കപ്പലണ്ടി വില്‍ക്കുന്ന വൃദ്ധ ദമ്പതികളുണ്ടായിരുന്നു.വൃദ്ധന് കണ്ണിന് നേരിയ കാഴ്ചയെ ഉണ്ടായിരുന്നുള്ളു കപ്പലണ്ടി സഞ്ചിയും തോളിലേറ്റി അപ്പൂപ്പന്റെ കയ്യും പിടിച്ചു അമൂമ്മ നടക്കും
വടിയും കുത്തി മുഹമ്മദ് റാഫിയുടെയോ എ.എമ്മം.രാജയുടെയോ ബ്രഹ്‌മാനന്ദന്റെയോ ഒക്കെ പാട്ടുകള്‍ പാടി അവരങ്ങനെ നടന്നുപോകുന്നത് പലപ്പോഴും ഞാന്‍ നോക്കി നിന്നിട്ടുണ്ട്.സ്‌നേഹത്തിന്റെ പ്രതീകമായ താജ് മഹാലിന് പോലും ഇല്ലാത്ത ഒരു പ്രണയ സൗന്ദര്യം അവരുടെ കണ്ണീരുവറ്റിയ കണ്ണുകളിലും നേര്‍ത്ത പുഞ്ചിരിയിലും ചേര്‍ത്തുപിടിച്ച ശോഷിച്ച കൈകളിലും ഞാന്‍ കണ്ടിരുന്നു.
അമ്മൂമ്മയായിരുന്നു കപ്പലണ്ടി വിറ്റിരുന്നതും പൈസവാങ്ങിയിരുന്നതും. പലപ്പോഴും വൈകിട്ട് സ്‌കൂളില്‍ നിന്ന് വരുന്നവഴി കപ്പലണ്ടി കഴിക്കാന്‍ ഇഷ്ടമായിട്ട് ഒന്നുമായിരുന്നില്ല പകരം പരസ്പരം താങ്ങായി പരിഭവങ്ങള്‍ ഇല്ലാതെ ജീവിത സായാഹ്നത്തില്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പങ്കുവച്ച് സ്‌നേഹത്തോടെ അവരെ അങ്ങനെ കാണുവാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നതിനാലായിരുന്നു എന്നത് വാസ്തവം.പിന്നെ വാര്‍ദ്ധക്യത്തിലും ഭിക്ഷയാചിക്കാതെ അധ്വാനിച്ചു ജീവിക്കാനുള്ള അവരുടെ മനസിനോട് വല്ലാത്തൊരു ബഹുമാനവും എനിക്ക് തോന്നിയിരുന്നു.അവരോട് കൂടുതല്‍ അടുത്തപ്പോള്‍ വയനാട്ടില്‍ നിന്നാണ് രണ്ടുപേരും എന്നും അവര്‍ക്ക് അവര്‍ മാത്രമാണ് ബന്ധുക്കളും സ്വന്തക്കാരും രക്ഷിതാക്കളും എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
അവരെ ഒന്നിച്ചല്ലാതെ ഒരിക്കലും ഞാനെന്നല്ല ആരും തന്നെ കണ്ടിട്ടുണ്ടാവില്ല.എന്റെ താമസസ്ഥലത്തിനടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റിലെ ബില്ലിംഗ് സെക്ഷനില്‍ ഇരിക്കുന്ന കുട്ടിയാണ് ഇന്നലെ ഹൃദയഭേദകമായ ആ വാര്‍ത്ത എന്നെ അറിയിച്ചത്.സൂപ്പര്‍ മാര്‍ക്കറ്റിന്റെ മുന്നിലായിരുന്നു അവര്‍ വില്‍പ്പന നടത്തിയിരുന്നത്.പലപ്പോഴും ആ കുട്ടിയില്‍ നിന്ന് ചില്ലറ തരപ്പെടുത്തിയായിരുന്നു കപ്പലണ്ടി വാങ്ങിയിരുന്നത.്പിന്നീട് ചോദിക്കാതെ ചില്ലറ തരുന്ന പതിവ് ആ കുട്ടിയും,എനിക്കുവേണ്ടി കപ്പലണ്ടി പൊതിഞ്ഞു അവരും എന്റെ സൂപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശനവേളയിലും ഭാഗഭാക്കായി മാറി എന്നതാണ് സത്യം.
എന്റെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിക്കൊണ്ട് ഇന്നലെ സൂപ്പര്‍ മാര്‍ക്കറ്റിലെ കുട്ടി പറഞ്ഞത് ഇങ്ങനെ,
'കഴിഞ്ഞ ദിവസം സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ പതിവ് ബണ്‍ പായ്ക്കറ്റും പാലും എടുത്തുവച്ചു
'രണ്ടുമൂന്നു ദിവസമായി കാണുന്നില്ലല്ലോ കൂട്ടുകാരി എവിടെ' ? എന്ന് തമാശ രൂപേണ തിരക്കിയപ്പോള്‍ അദ്ദേഹം 'എന്റെ ഭാര്യ മരിച്ചു,അവളുടെ ബണ്‍ തിരിച്ചെടുത്തോളൂ അവള്‍ക്കായിരുന്നു ഇത് ഇഷ്ടം,അവള്‍ക്കുവേണ്ടിയാണ് ഞാന്‍ ഇഷ്ടമാണ് എന്ന് പറഞ്ഞു ഇത് വാങ്ങിയിരുന്നത് ഞാന്‍ കഴിച്ചില്ലങ്കില്‍ അവള്‍ കഴിക്കില്ലന്നറിയാം അതുകൊണ്ടാണ് ഇഷ്ടമല്ലെങ്കില്‍ കൂടി
ഞാന്‍ കഴിച്ചിരുന്നത്'
ഫ്‌ലാറ്റിലെ ടീച്ചര്‍ ഇനി എന്ന് വരും മോളെ'
രണ്ടുപേരും ഇടക്ക് ഇടക്ക് ചോദിക്കാറുണ്ടായിരുന്നു എന്നുകൂടി കേട്ടതൊടെ നിറഞ്ഞ കണ്ണുകള്‍ ആരും കാണാതെ മറയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍.
അതെ ഇതല്ലേ സ്‌നേഹം? നമ്മുടെ ഇഷ്ടങ്ങള്‍ മാറ്റി വച്ച് നമ്മള്‍ ഏറെ സ്‌നേഹിക്കുന്നവരുടെ ഇഷ്ടങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന സ്‌നേഹം.എന്നാല്‍ സമയവും കാലവും പരിഗണിക്കാതെ പ്രിയപ്പെട്ടവരുടെ ഇഷ്ടങ്ങളിലേക്ക് സഞ്ചരിക്കാന്‍ നമ്മില്‍ എത്രപേര്‍ക്ക് കഴിയുന്നുണ്ടാവും.
പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒരു കപ്പ് കാപ്പിയോ ചായയോ വേണ്ട ഒരു ചിലവുമില്ലാതെ ഇഷ്ടപ്പെട്ട ഇടങ്ങളില്‍ അല്‍പനേരം അവരുടെ വാക്കുകളെ ശ്രദ്ധയോടെ കേട്ടിരിക്കാന്‍ കഴിയാറുണ്ടോ.?ഒരു അസ്തമനം അല്ലെങ്കില്‍ ഒരു പ്രഭാതസവാരി,വേണ്ട ഒരു ദേവാലയ സന്ദര്‍ശനം...
ഒന്നിനും സമയംകിട്ടുന്നില്ല,വല്ലാത്ത തിരക്കാണ് ഞാനുള്‍പ്പടെ എല്ലാവര്‍ക്കും ഒരേ ഒരു ഉത്തരം ഇതിനെല്ലാം കൂടി.പക്ഷേ നമ്മള്‍ അറിയാതെ നമ്മുടെ കരം പിടിക്കാന്‍ ആഗ്രഹിച്ച നമ്മുക്കൊപ്പം നടക്കാന്‍ കൊതിച്ച ഇഷ്ടങ്ങള്‍ നാം പോലും അറിയാതെ നിനച്ചിരിക്കാത്ത നേരങ്ങളില്‍ കാല്‍ച്ചുവട്ടിലൂടെ ഊര്‍ന്നു പോകുന്ന മണല്‍ തരികള്‍ ആണെന്ന് ആരും തന്നെ തിരിച്ചറിയുന്നതേയില്ല.
നിങ്ങള്‍ സ്‌നേഹിക്കുന്നുവെങ്കില്‍ അവര്‍ ആരായാലും നിങ്ങള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടവരാണെന്നു പറയാന്‍ ഒരു മടിയും വേണ്ട,പിന്നീടു നിങ്ങള്‍ക്കൊരു സാഹചര്യം കിട്ടില്ലെന്ന് ആരറിഞ്ഞു.നാം പ്രാണനു തുല്യം സ്‌നേഹിക്കുന്നവരോട് എപ്പോഴൊക്കെ അതു പ്രകടിപ്പിക്കണമെന്നു തോന്നുന്നുവോ അപ്പോഴെല്ലാം അതു തുറന്നു പറയണമെന്നു വ്യക്തമാക്കുന്നതാണ് ഈ വൃദ്ധ ദമ്പതികളുടെ ജീവിതം.നാളെയൊരിക്കല്‍ രണ്ടുപേരിലൊരാള്‍ ഇല്ലാതാകുമ്പോള്‍ പശ്ചാത്താപത്തോടെ ഉരുകി ജീവിക്കാന്‍ ഇട നല്‍കാതെ ഇഷ്ടങ്ങളെ പ്രകടിപ്പിക്കാന്‍ ഇനിയെങ്കിലും ശീലിക്കാം.
എന്നും എന്റെ മനസ്സിന്റെ കോണില്‍ മായാതെ ഉണ്ടാവും സനേഹം പൊതിഞ്ഞ കപ്പലണ്ടി പൊതികള്‍, കണ്ണീര്‍ നനവോടെ...കൂട്ടത്തില്‍ നാല് സ്‌നേഹം തുടിക്കുന്ന കണ്ണുകളും
..................................................................................




